തീരം സമീപിക്കാറായി

കാലത്തിരയടിത്തള്ളലിൽപ്പെട്ടിട്ടു
ചാലേവിദൂരത്തുപോയ്മറഞ്ഞ
പാവനമായൊരാസുപ്രഭാതത്തേ നാം
ജീവിതയാത്രയിലോർമ്മിക്കേണം.
അന്നല്ലോ രാജാധിരാജന്റെ രാജ്ഞിമാ-
രെന്നു ലോകം നമ്മേയാദരിച്ചു.!
അന്നല്ലോ നമ്മുടെ സ്നേഹത്തിൻ കാണിക്ക
വന്ദ്യനാമദ്ദേഹം സ്വീകരിച്ചു.!
അന്നല്ലോ സ്വന്തമാം സമ്പത്തു നിശ്ശേഷം
തന്നു തൻ പത്നികളാക്കി നമ്മേ!
10
അങ്ങയിൽ മാത്രം നാമാശ്രയിച്ചീടുവാ-
നങ്ങുകല്പിച്ചതുമെന്നുതന്നെ.
മറ്റെങ്ങും ചഞ്ചലചിത്തകളായി നാം
ചുറ്റിത്തിരിഞ്ഞു നടന്നീടൊല്ലാ!
വാരാശിയിൽനിന്നും ശീകരമാരുത-
നാരാലണഞ്ഞതിശാന്തനായി
ചേവടി സേവചെയ്തിടും വിഭാതത്തിൽ
ദേവദേവൻ ദയാമൂർത്തി നാഥൻ
കുങ്കുമംതൂകിയ വെൺപട്ടുപോൽ നല്ല
പൊൻകിരണങ്ങളാൽ ശോഭിതമാം
20
വെള്ളിത്തരിമണൽ തീരത്തുഗൗരവം
കൊള്ളുന്ന പുഞ്ചിരിതൂകി നിന്നു.
കല്ലോല ബാഹുക്കൾ നീട്ടി തൃപ്പാദങ്ങൾ
മെല്ലെത്തലോടുന്ന സാഗരത്തെ
പ്രേമത്തിരത്തള്ളലുള്ളിലൊതുക്കി നാം
സാമോദം നോക്കി രസിച്ചുനിന്നു.
തീരത്തുചേർന്നുകിടന്നൊരു വഞ്ചിയെ-
ക്കരണപൂരുഷനൊന്നുനോക്കി
തൽക്ഷണം ശാന്തിയും സ്നേഹവും ചേർന്നൊരാ
വീക്ഷണം നമ്മുടെ നേർക്കണഞ്ഞു.
30
സഞ്ചിതഭാഗ്യമേ! നാഥനുമൊന്നിച്ചു
വഞ്ചിയിൽ യാത്രയെന്നോർത്തുപോയ് നാം.
ആഴമേറീടുമാഹത്തിലേയാശയ-
മൂഴിയിലേതൊരാൾ കണ്ടിടുന്നു!
തൻകരമാലംബമേകീട്ടാവഞ്ചിയിൽ
പങ്കവിനാശ്ൻ ചേർത്തുനമ്മേ.
ഓമനക്കുഞ്ഞിനെത്തൊട്ടിലിലാക്കീട്ടു
സാമോദം മാതാവുതള്ളിടുമ്പോൽ
സാവധാനം വഞ്ചിമുന്നോട്ടു തള്ളിക്കൊ-
ണ്ടീവചോരത്നങ്ങൾ താൻ പൊഴിച്ചു.
40
“പോവുകമുമ്പോട്ടുവാരാശി പിന്നിട്ടു
കേവലം ഭീരുക്കളായിടാതെ
നിങ്ങളെപ്പാർത്തു ഞാനക്കരെ നിന്നിടും
മംഗളം നിങ്ങൾക്കായ് പ്രാർത്ഥിച്ചീടും
കോപിച്ചു വാരിധി കോളുകൊണ്ടീടുകി-
ലാപത്തെന്നോർത്തു നിരാശ വേണ്ട.
നോക്കണം മുമ്പോട്ടു തേജസ്വരൂപമൊ-
ന്നക്കരെ നില്ക്കുന്നതായിക്കാണാം.
ആയതനേത്രങ്ങൾ സുസ്ഥിരമായ് നിങ്ങ-
ളായതിൽത്തന്നേ പതിച്ചിടേണം.
50
ഗർജ്ജിച്ചു പൊങ്ങിമറിയും സമുദ്രത്തോ-
ടൂർജ്ജിതം കൈവെടിയാതെ നിങ്ങൾ
ചെയ്യുന്നയുദ്ധത്തെ ശ്രദ്ധിച്ചുനോക്കി ഞാൻ
തയ്യാറായി നിന്നീടും സമ്മാനിക്കാൻ.”
കൊള്ളാമീവാക്കുകളേതൊരുനേരത്തു-
മുള്ളിൽ നാം ഭദ്രമായ് സൂക്ഷിക്കേണം.
ആണികളേറ്റിട്ടു ശോണിതമോലുമാ-
പാണികളിൽ നിന്നു പങ്കായത്തേ-
അന്നു നാം സാദരം കൈക്കൊണ്ടു, സിന്ധുവേ
വെന്നിടാനൂന്നിത്തിരിച്ചതല്ലോ.
60
“എങ്ങുനാമദ്ധ്വാനം ചെയ്താലെന്തംഭോധി
പൊങ്ങിക്കലങ്ങി മറിഞ്ഞാലെന്ത്?
തീരം സമീപിക്കാറായി നാം, തൂമന്ദ-
സ്മേരനായ് നാഥനും നോക്കിനില്പ്പൂ!”
ഓർത്താലിതിന്നിടയ്ക്കെത്രയോ മാറ്റങ്ങൾ
വ്യത്യസ്തരംഗങ്ങൾ, നൂതനങ്ങൾ
കണ്ടുനാ,മെത്രയോ ഭീകരരാത്രിക –
ളിണ്ടലേകീടുന്ന വാസരങ്ങൾ!
ഒട്ടേടം ഫേനത്തിൽപെട്ടു കുഴങ്ങിനാ-
മൊട്ടേടമോളത്തിൽ പൊങ്ങിത്താണു.
70
ഘോരാന്ധകാരത്താലാവൃതരായി നാം
സൂരാതപത്താൽ നാം തപ്തരായി.
ഗംഭീരമാരിയും മഞ്ഞും കൊടുങ്കാറ്റും
സംഭൂതമായ് വന്നുകൂടക്കൂടെ.
പാരിച്ച ഭീതിയാൽ ചിന്തിച്ചുപോയിനി-
ത്തീരം നാം കാണുകില്ലെന്നുപോലും.
നേരിട്ട രംഗങ്ങൾ സുസ്ഥിരമായ് നില്ക്കാ-
തോരോന്നും പെട്ടെന്നു മാറിപ്പോയി.
അന്നു നാം കാണുമാ തേജോരൂപം മാത്രം
80
മങ്ങാതെ മാറാതെ ശോഭിക്കുന്നു.
“എങ്ങുമദ്ധ്വാനം ചെയ്താലെന്തം ഭോധി
പൊങ്ങിക്കലങ്ങി മറിഞ്ഞാലെന്ത്?
തീരം സമീപിക്കാറായി നാം തൂമന്ദ-
സ്മേരനായ് നാഥനും നോക്കിനില്പ്പൂ!”
പിന്നിട്ടരംഗങ്ങൾ തീപ്പെട്ടിക്കോലിന്റെ
മിന്നൽപോൽ ശീഘ്രം കഴിഞ്ഞുപോയി
അക്ഷമരായി നാമാശിക്കും ഭാവിയും
പക്ഷിവേഗത്തോടിങ്ങെത്തിച്ചേരും.
സർവ്വേശനിർദ്ദിഷ്ടമായുള്ള നമ്മുടെ
ജീവിതാവസ്ഥയാം വഞ്ചി തന്നിൽ
90
കൈവരും വ്യത്യസ്തജോലികളാകുന്ന
പാവനനൂതനപങ്കായങ്ങൾ
താഴത്തുവയ്ക്കാതെ, ദിവ്യപ്രമാണമാം
പാഴറ്റമാർഗ്ഗത്തേയാശ്രയിച്ച്
ഇക്ഷിതിയാകുമീ സാഗരം താങ്ങുവാ-
നക്ഷീണം ജോലി നാം ചെയ്തിടേണം.
ഏറീടുമദ്ധ്വാനം നാം ചെയ്യും വേളയിൽ
വേറൊരാൾ വഞ്ചിയിൽ സ്വസ്ഥയായി
സ്വേച്ഛപോൽ നിദ്രചെയ്തീടിലുമായതി-
ലാശ്ചര്യമസ്വാസ്ഥ്യമൊന്നും വേണ്ട.
100
അദ്ദേഹം സർവ്വജ്ഞനാവ്യക്തിക്കാശ്വാസം
നിർദ്ദേശിച്ചെന്നേ നാമോർത്തിടേണ്ടൂ.
ചിന്മയൻ നമ്മുടെ നാഥൻ നമുക്കെന്നും
നന്മയല്ലാതൊന്നും ചെയ്യുകില്ല.
സംപ്രീതരായി നാം യത്നിക്ക; നിശ്ശങ്കം
മുമ്പോട്ടുപോയിടും യാനപാത്രം
താമസം കൂടാതെ ചാരിതാർത്ഥ്യത്തോടേ
നാമെല്ലാം നിർദ്ദിഷ്ടദിക്കിലെത്തും.
നോക്കുക മുമ്പോട്ടു സ്നേഹസ്വരൂപന്റെ
തൃക്കഴൽത്തങ്കച്ചെന്താമരകൾ
തന്നിൽ വഹിച്ചിട്ടു പൂഞ്ചിരിതൂകുമ്പോൽ
മിന്നുമാവെണ്മണൽത്തീരദേശം!
സന്തതം നാം വസിച്ചാനന്ദിപ്പാനുള്ള
ബന്ധുരദേശ,മാനിത്യഗേഹം!
സാഗരം പിന്നിട്ടു നാമങ്ങുചെല്ലുമ്പോ-
ളാഗമക്കാതലായുള്ള നാഥൻ
സാമോദമാശ്ലാഷിച്ചോതുന്ന സ്വാഗതം!
പ്രേമത്തിൻ ശാശ്വതനവ്യരംഗം!
വാനവസേവിതനാം മഹാരാട്ടിന്റെ
മാനനീയമഹാരാജ്ഞി സ്ഥാനം!
120
കന്യകാവല്ലഭനാമങ്ങേ സന്തത –
സാന്നിദ്ധ്യം നിസ്തുലഭാഗധേയം!
വാക്കിനാൽ വർണ്ണിക്കാനാർക്കുമേവയ്യാത്തോ-
രുത്കൃഷ്ടഭാവിയേമാനസേനാം
ചിന്തിക്ക,ചിന്തിക്കഗാഢമായി ചിന്തിക്ക
സന്തോഷിച്ചീടുക, പാടുക നാം.
പാടി നാം പങ്കായമാഞ്ഞുവലിക്കുക
സാടോപം; മറ്റൊന്നും നോക്കിടേണ്ട.
ഓരോ വിനാഴികപോയിടുമ്പോഴും നാം
വാരിധി പിന്നിട്ടു നീങ്ങിടുന്നു.
“എങ്ങുനാമധ്വാനം ചെയ്‌താലെന്തം ഭോധി
പൊങ്ങിക്കലങ്ങിമറിഞ്ഞാലെന്ത്?
തീരം സമീപിക്കാറായി നാം തൂമന്ദ-
സ്മേരനായ് നാഥനും നോക്കിനില്പ്പൂ!!”
(മധ്യസ്ഥൻ, ജനുവരി, 1938)
