Aa Nalla Rathri

ആ നല്ല രാത്രി


ന്നത്തെയാരാത്രിയിന്നും സ്മരണയിൽ

വന്നെന്നെ രോമാഞ്ചം കൊള്ളിക്കുന്നു. 

എന്തൊരുയാമിനി! വർണ്ണിപ്പാൻ വാക്കില്ല 

ചിന്തയിൽ കേവലമാസ്വദിപ്പൂ.

 

പഞ്ചമിയായിരുന്നെങ്കിലും കണ്ടില്ല 

പഞ്ചമിച്ചന്ദ്രനേയംബരത്തിൽ.

പക്ഷേ ഞാനാകാശം കണ്ടില്ലാരാത്രിയിൽ 

അക്ഷികളത്രയ്ക്കടഞ്ഞിരുന്നോ! 

 

ഝില്ലിഝങ്കാരവും കേട്ടില്ല, മാമര-

ച്ചില്ലകൾപോലും ചലിച്ചുമില്ല.

ഇപ്രപഞ്ചം പാടേ സ്തംഭിച്ചിതോ, നിശാ 

പുഷ്പങ്ങൾപോലും വിരിഞ്ഞില്ലെന്നോ! 

 

അല്ലല്ല, നാസിക സാക്ഷിച്ചു വായുവി-

ലുല്ലസത്പൂമണമുള്ളതായി.

വാനവർ പാടുമ്പോൾ മാധുരിയാർന്നൊരു

ഗാനവിശേഷവും കേട്ടിരുന്നു.

 

പള്ളിയിലാണു ഞാൻ, ചുറ്റിലുമാളുക –

ളുള്ളതും തൽക്ഷണമോർമ്മവന്നു

നേരേയിരിക്കുന്ന പൊന്നരുളിക്കായിൽ 

കാര്യമായ് നോക്കി ഞാൻ നിർന്നിമേഷം 

 

ആരേ ഞാൻ കാണുന്നിത്തങ്കത്തിരുമുഖ-

മാരുടേതെന്നു ഞാനമ്പരന്നു. 

ആരാധ്യനീശോയേ-ബാലകനീശോയേ-

നേരേഞാനീക്കണ്ണാൽ കാൺകയെന്നോ!

 

ആരാധിക്കുന്നു ഞാൻ! ആരാധിക്കുന്നു ഞാൻ!! 

ആരാധിക്കുന്നു ഞാനാത്മനാഥാ!

കണ്ണിമയ്ക്കാതെ ഞാൻ നോക്കിയ നോട്ടത്തി –

ലെണ്ണാതെ മാത്രകളേറെ നീങ്ങി-

 

കണ്ടുകണ്ടോരോന്നുമാഞ്ഞുമാഞ്ഞാദ്യമേ

കണ്ടവമിക്കതും കാണാതായി 

മിന്നിത്തിളങ്ങിക്കതിരൊളിവീശിയ

പൊന്നരുളിക്കയുമസ്പഷ്ടമായ്

 

വെണ്മയേറീടുമാപൂപത്തെ മാത്രമെൻ 

കണ്മണിയപ്പോഴും കണ്ടിരുന്നു. 

വൃത്തം തികഞ്ഞാരാപിഷ്ടകതല്ലജം 

മാത്രം പ്രശോഭിച്ചു, മേല്ക്കുമേലായ്. 

 

ശാരദനീരദതുല്യമെന്നോതിയാൽ

പോരാത്ത മോഹന ശുഭ്രവർണ്ണം 

മന്ദം മന്ദം നവജീവചൈതന്യവും 

വന്നതിൽ ചേരും പ്രതീതിയായി

 

പെട്ടെന്നൊരത്ഭുതദർശനം! ഞാനെന്റെ 

ദൃഷ്ടികൾ നന്നായ് തുടച്ചുനോക്കി

ബാലകനേശുവി, നാനനപുഷ്കരം

ചേലൊടേകണ്ടു ഞാ, നപ്പമല്ല 

 

ഓമനക്കണ്ണുകൾ, ആ ചെറുനാസിക,

 വായ്മലർ, ചുണ്ടിലെപ്പുഞ്ചിരിയും

സ്പഷ്ടമായ്ക്കണ്ടു ഞാൻ, ജന്മസാഫല്യമെൻ

ദൃഷ്ടികൾക്കുണ്ടായി സത്യമായും.

 

ശാന്തിയും സ്നേഹവുമോലുമാനോട്ടമെ-

ന്നന്തരംഗത്തിൽ ചുഴിഞ്ഞിറങ്ങി

ഉള്ളിന്റെയുള്ളിൽ വിജ്യംഭിച്ചൊരാനന്ദ

ത്തള്ളലാൽ വിഭ്രാന്തചിത്തയായ് ഞാൻ

 

പുഞ്ചിരിതൂകുമാപിഞ്ചധരങ്ങളെ

ചഞ്ചലിപ്പിക്കവേ, ശബ്ദമെന്യേ

മാധുരിയോലുന്ന സല്ലാപം വന്നെന്റെ

ചേതസ്സിലിമ്പമായ് വീണമീട്ടി.

 

“ശാന്തി! നിനക്കെന്നും ശാന്തി”യെന്നീധ്വനി

യന്തരംഗത്തിൽ മുഴങ്ങിനിന്നു

“ശാന്തിയോ? ശാന്തിയോ? പോരു,മെൻ കൂപ്പുകൈ!

സംതൃപ്തയാണു ഞാ,നാത്മനാഥ.”

 

ഇല്ലമറ്റൊന്നിലുമാശയെനിക്കിനി 

യെല്ലാം തികഞ്ഞതിലെന്റെ ഭാഗ്യം! 

മാനസം തിങ്ങിക്കവിഞ്ഞു തുടർന്നേവം 

സാനന്ദസല്ലാപം ഞങ്ങൾ തമ്മിൽ 

 

ഓമനക്കണ്ണുക,ളാച്ചെറുനാസിക

വായ്മലർ, ചുണ്ടിലെ പുഞ്ചിരിയും

ഇന്നുമെൻ ദൃഷ്ടിയിൽ സ്പഷ്ടമായി കാണ്മൂ ഞാൻ,

എന്നാളും കാണുമാറായ് വരട്ടെ!

                                                                                     (1978)