ആദ്യത്തെ പ്രേഷിത

മരിച്ചടക്കപ്പെട്ടവനീശോ കല്ലറയിൽ നിന്നും
തിരിച്ചെണീറ്റു മൂന്നാം ദിവസ,മതാരുമറിഞ്ഞില്ല.
മികച്ചതേജസ്സോടേവെളിയിൽ നില്ക്കും രക്ഷകനെ
പകച്ചുനോക്കി,യടുത്തുകണ്ടവൾ മറിയം മഗ്ദലനാ.
ആരാണവിടുന്നെൻ തിരുനാഥനെയന്വേഷിപ്പൂ ഞാൻ
വൈരികളദ്ദേഹത്തെയെവിടെ മറച്ചിട്ടുണ്ടാവാം.
സംഗതിയങ്ങേയ്ക്കറിയാമെങ്കിൽ ദയവായി പറയണമേ
ഞങ്ങളെടുത്താ തിരുമെയ് ഭദ്രതയോടേ സൂക്ഷിക്കാം.
വീണാക്വണിതം, സ്നേഹത്തൂമധുവൊഴുകുമൊരാഹ്വാനം
“മേരി’ എന്നവൾ കേട്ടു, കാതും കരളും കുളിരുകയായ്
സത്വരമവളതൃച്ചേവടികളിലർപ്പിച്ചൊരു നമനം
കർത്താവാജ്ഞാപിച്ചതുപോലവളുടനേയെഴുന്നേറ്റു.
എല്ലാവരുമറിയേണ്ടും കാര്യമിതറിയിക്കേണ്ടതിനായ്
നല്ലാർമണിയാളുടനേയോടി ജരുശലമിൻ നേരേ,
കല്ലറയിങ്കലെ വസ്തുതയെല്ലാം ശിഷ്യരെയറിയിച്ചു
നല്ലവൾ മറിയം മഗ്ദലനായവളാദ്യപ്രേഷിതയായ്!
(ജീവജ്വാല, ഏപ്രിൽ 1983)
