ആരങ്ങു? ദിവാകരദേവനോ?

ദൂരെനിന്നെത്തിയെത്തി നോക്കുന്നതാരാണിങ്ങു
ചാരത്തുവരാമല്ലൊ പറയാമല്ലൊ കാര്യം.
ആരങ്ങു “ദിവാകര’ദേവനോ? ക്ഷമിക്കണേ!
പേരിനുപോലും വേണമാദരാഞ്ജലിയെന്നും.
മന്നിലേയ്ക്കെത്തിനോക്കിപ്പതുക്കെപ്പൊങ്ങുമങ്ങേ
പൊന്നൊളിത്തിരുമുഖം കണ്ടതിപ്പൊഴാണു ഞാൻ.
എന്തിനു ശങ്കയങ്ങേ മുഖദർശനത്താലീ
വൻതമസ്സാകെ നീങ്ങും ഭൂതലം പ്രകാശിക്കും.
അവിടുന്നങ്ങേവശത്തടങ്ങിപ്പാർത്തീടുകി-
ലിവിടെത്തെളിവുള്ള മുഖങ്ങൾ കണ്ടീടുമോ?
ഇന്നലെയീനേരത്തു വന്നിരുന്നില്ലേ ഭവാ-
നെന്നല്ല മിനിയാന്നും വന്നതായോർമ്മിക്കുന്നു.
അവിടുന്നൊന്നു ചുറ്റി നോക്കിയാലനുഗ്രഹ-
മവനീദേവിക്കെത്ര മാത്രമെന്നെന്തുചൊല്ലാം!
ഏതൊരു മഹാനിധി തിരയുന്നുവോ, കരം
ഭൂതലം സ്പർശിപ്പതായ് കാണ്മതുണ്ടെന്നേരവും.
കിട്ടിയില്ലാരായുന്ന വസ്തുവെന്നാലോ ഭവാൻ
പെട്ടുഴന്നു പോകുമോ ഭീകരനൈരാശ്യത്തിൽ?
അല്ലല്ല, ചോദ്യംതന്നെ യബദ്ധ,മീലോകത്തെ
വെല്ലുവാൻ പോരുന്നോനെ നൈരാശ്യം തീണ്ടീടുമോ?
ഗൃധ്രദൃഷ്ടിയോടങ്ങുന്നന്തരീക്ഷത്തിൽ പൊങ്ങി-
ട്ടിദ്ധരാതലമാകെസ്സൂക്ഷ്മ വീക്ഷണം ചെയ്ത്
പതുക്കെപ്പടിഞ്ഞാറേ കടലിന്നടിതപ്പാൻ
പതിക്കുന്നതു കാണാമതിലേക്കെന്നും തന്നേ.
അവിടുന്നൊരുപക്ഷേ നേട്ടമല്ലാശിക്കുന്ന-
തഖിലലോകത്തിന്റെ ക്ഷേമമാണെന്നും വരാം.
എന്നുമാ പടിഞ്ഞാറേ കടലിൽ മുങ്ങീടുന്ന-
തന്നന്നു സായന്തനസ്നാനത്തിന്നായിട്ടാവാം.
സന്തപിപ്പിച്ചീടുന്നു ലോകത്തെ ഭവാനെന്നു
ചിന്തയില്ലാത്ത ജനം പഴിക്കുന്നുണ്ടെങ്കിലും
താവകകരങ്ങളെപ്പിൻ വലിച്ചീടുന്നെങ്കിൽ
ഭൂവിലെ സ്ഥിതി പാരം ദയനീയമായ് വരും
ഭൂമിദേവിയാൾ ചാർത്തും പച്ചപ്പട്ടുടയാട
ശ്യാമസുന്ദരമായ നെയ്ത്തില്ലാത്ത പൂഞ്ചേല
കാവ്യകൃത്തുക്കൾക്കെല്ലാം കൺകുളുർമ്മയേകുന്ന
നവ്യത നശിക്കാത്ത മേന്മയേറും മേലാട
നാമാവശേഷമാകും നാമവും കേൾക്കാതാകും
പൂമാതു പിന്നീടിങ്ങോട്ടെത്തിനോക്കാതെയാകും
ജീവജാലങ്ങൾ പിന്നെ വല്ലതും ശേഷിക്കുമോ?
ഭൂവൊരു മരുഭൂമി തന്നെയായ്തീരുകില്ലേ?
വിജ്ഞരാം ജനങ്ങൾക്കീ കാര്യങ്ങളജ്ഞാതമ-
ല്ലജ്ഞരോടോതീടിലും ഫലമില്ലേതും തന്നേ.
എന്തുമാകട്ടെ, ഭവാനുദ്ദിഷ്ടകാര്യം നേടാ-
നന്തരംഗത്തിൽ സദാ സുസ്ഥിര പ്രതിജ്ഞനായ്
വിശ്രമം വിനാ ചരിച്ചീടുക, നിരാശ്രയർ-
ക്കാശ്രയം നല്കീടുകിൽ ജന്മസാഫല്യം ദൃഢം.
(മലബാർ മെയിൽ, നവംബർ 1962)
