Anbhuvam Palatharam

അനുഭവം പലതരം


വിശറിക്കു നാമുണ്ടാ കാറ്റു നല്കീടുന്നു?

വിശറി നമ്മെയെല്ലാം വീശുന്നില്ലേ? 

ലവണത്തിന്നാരാനുമുറയുണ്ടോ നല്കുന്നു

ലവണമെല്ലാറ്റിനുമുറ കൂട്ടുന്നു.

പ്രഭയുണ്ടോ നല്കുന്നു ദീപത്തിന്നാരാനും?

പ്രഭവീശീടുന്നല്ലോ ദീപമാർക്കും. 

കുസുമത്തിന്നാരു നല്കീടുന്നു സൗരഭ്യം? 

കുസുമത്തിന്റെ സൗരഭ്യം ലഭ്യമാർക്കും. 

സലിലത്തേയാരാനും സ്നാനം ചെയ്യിക്കുന്നോ? 

സലിലത്തിലെല്ലാരും സ്നാനം ചെയ്യും.

വെയിലിന്നു നാമുണ്ടോ ചൂടു നല്കീടുന്നു? 

വെയിലിൽനിന്നെല്ലാർക്കും ചൂടുകിട്ടും. 

 

തൃണമല്ലേ പശുവിന്നു നല്കുന്ന ഭോജന-

മതു നല്കീടുന്നതോ ക്ഷീരമല്ലോ.

തവിടു നാം കോഴിക്കു നല്കിയാൽ മുട്ടയാ-

ണതിൽ നിന്നു കിട്ടുന്നതോർത്തിടേണം.

ചെളിയുള്ള കണ്ടത്തിൽ വിതറുന്നു വിത്തു നാം.

വിളയുന്നു കതിരിന്മേൽ നല്ല ധാന്യം. 

മധുമാകന്ദത്തിന്റെയടിയിൽ നാം ചവറിട്ടാൽ 

മധുവോലും ഫലജാലം മുകളിൽ കായ്ക്കും.

 

മഹിഷത്തിൽ കർണ്ണത്തിൽ വേദാന്തം മന്ത്രിച്ചാ –

ലഹിതം വന്നെത്തീടും, വെട്ടു കിട്ടും. 

കനലിന്മേൽ പിടയുന്ന ഭുജഗത്തെ രക്ഷിച്ചാൽ 

കനിവില്ലാതതു നമ്മെ വിഷമേല്പിക്കും.

വരടത്തിൻ കൂട്ടിലെക്കരടുതാൻ നോക്കിയാൽ

പൊറുതികേടാവോളം കൂത്തുകിട്ടും. 

ഗണികയ്ക്കു ചൂട്ടു മിന്നീടുന്ന പുരുഷൻ 

ഗുണവാനെന്നാലും ദുഷ്പേരു കേൾക്കും.

ഇനിയും നോക്കീടുകിലിതുപോലെ ലോകത്തി –

ലനുഭൂതി വിവിധത്വം കാണുമേറെ. 

ചിലതെല്ലാമാദർശമാക്കണം; ചിലതിൽ നി-

ന്നകലേണം; വിജയിക്കും മർത്ത്യജന്മം.

                                      (അല്മായ പ്രേഷിതൻ, ഫെബ്രുവരി, 1967)