അറിയും നിന്നെ ഞാൻ

ചെവിയിൽ പാടുന്ന ഗായകാ നീയൊരു
ചെറിയ മാന്ത്രികനെന്നല്ലോ തോന്നുന്നു.
ഉറച്ചുപാടാത്തതെന്തു നീ ? രാഗങ്ങൾ
മറിച്ചും മാറ്റിയും പാടുമാറില്ലയോ?
അതു കിടക്കട്ടെ, രാത്രിയിൽ നീയെന്റെ –
യുറക്കറയ്ക്കുള്ളിൽ വന്നതു ഭംഗിയോ?
അപമര്യാദയിച്ചെയ്തതെന്നോർക്കണ –
മരവിനാഴിക നില്ക്കാതെ പാടാതെ –
യിറങ്ങു തൽക്ഷണമില്ലെങ്കിലച്ഛനേ
വിളിച്ചുണർത്തും ഞാൻ, തല്ലു നീ കൊണ്ടിടും,
അഥവാ നീയൊരു തസ്കരൻ തന്നെയാ-
ണറസ്റ്റുചെയ്തുടൻ ഠാണാവിലാക്കിടും
വെറുതേ നീയെന്നെക്കുത്തിവച്ചീടുന്നോ?
കിറുക്കു ബാധിച്ച ഡോക്ടരോ നീ സഖേ!
പിടിച്ചു നിന്നെ ഞാൻ.. പിന്നെയും കുത്തുന്നോ?
പലരുണ്ടോ നിങ്ങൾ? സംഘടിച്ചീവിധം
പരദ്രോഹവ്രതം നേർന്നൊരു കൂട്ടരോ ?
പകലൊരിക്കലും സഞ്ചരിക്കാത്തതെ-
ന്തറിയും നിന്നെ ഞാൻ പണ്ടുപണ്ടേ നിന്റെ
കുലവും കേട്ടറിവുണ്ടെടോ ഗായകാ.
മലമ്പനി പിന്നെ മന്തുമെല്ലാം നിന്റെ
കുലവ്യവസായമെന്നറിയുന്നു ഞാൻ.
കുറച്ചുകൂത്താടിപ്പിള്ളേരേ ദുർഗന്ധം
വമിക്കും വെള്ളത്തിലാപ്പനങ്കുറ്റിയിൽ
വളർത്തിടുന്നതു നീയല്ലേ? വേണ്ടപോൽ
മനസ്സിലായി നിൻ ഗൂഢതന്ത്രങ്ങളും.
അനുസരിക്കാത്ത വർഗ്ഗമോ ഹാ! നിങ്ങൾ?
മുഖത്തും കൈയിലും പിന്നെയും കുത്തുന്നോ?
കരുണയില്ലാത്ത രാക്ഷസജാതികൾ !
നരകുലത്തിന്റെ ചൂടുചെഞ്ചോരയിൽ!
കൊതിപെരുത്തുപോയ്, ദുഷ്ടത മൂത്തുപോയ്,
കിടന്നുറങ്ങുവാൻ സമ്മതിയ്ക്കില്ലല്ലൊ!
പഠിപ്പിക്കാം നാളെ നല്ലപാഠം നിന്നെ-
യിരുട്ടു തെല്ലൊന്നു നീങ്ങട്ടെ രാത്രിയും.
(ദീപിക, 19 ആഗസ്റ്റ് 1958)
