Darppanamenthu Cheythu

ദർപ്പണമെന്തുചെയ്തു?


ണ്ണാടിയിൽ കരിതളിക്കരുതെന്റെ കുഞ്ഞേ,

മണ്ണാലെറിഞ്ഞതു മലീമസമാക്കിടൊല്ല. 

ണ്ണാണുമോശ,മതുനിൻ ജനനത്തിലേ കോ- 

ങ്കണ്ണായിരുന്നതിനു ദർപ്പണമെന്തു ചെയ്തു? 

 

ചേറല്ലയോ വികൃതി, നിന്റെ മുഖത്തുപോലും?

പാറുന്നു നിന്നരികിൽനിന്നൊരനിഷ്ടഗന്ധം. 

വേറൊന്നുമല്ല; കളിയോടയിലായിരുന്നോ?

ചീറുന്നതുണ്ടകമെനിക്കധികപ്രസംഗീ!

 

ആ നല്ലദർപ്പണമെറിഞ്ഞു തകർത്തുകൊണ്ടാ-

ലീ നിന്റെ ദേഹമതിസുന്ദരമാകുമെന്നോ? 

ഞാനെന്തുചെയ്യുമിവനെ, സ്സഹികെട്ടു; പോയി 

സ്നാനം കഴിച്ചിടുക നീയൊരു നൂറുവട്ടം.

 

കാണേണ്ട നിന്നെയിതുമട്ടിലെനിക്കു, വീട്ടി- 

ലൂണിന്നു കിട്ടിടുകയില്ല കുളിച്ചിടാതെ. 

തൂണിന്റെ മട്ടവിടെ നില്ക്കുകയോ? കുറച്ചൊ-

രാണത്വമെങ്കിലു- മതെങ്ങനെ കുത്തിവയ്ക്കും?

 

എന്താണു നീ മുറുമുറുക്കുവതെന്റെ നേരേ? 

താന്തോന്നി, നല്ല തറവാട്ടിൽ ജനിച്ചവൻ നീ 

ചന്തക്കിടാങ്ങളൊടു കൂട്ടുപിടിച്ചുപോയി 

ബന്ധുക്കളും ബത പഴിക്കുവതെന്നെയല്ലേ? 

 

എന്നോമനേയരുതു നീയതെറിഞ്ഞിടല്ലേ 

നിന്നോടു ഞാൻ പറകയാണതു താഴെവയ്ക്കൂ. 

നന്നായ്ക്കുളിച്ചു ശരിയായ് മുഖവും തുടച്ചു 

വന്നിട്ടുവേണമതുനിന്നുടെ കൈയിലേന്താൻ. 

 

അല്ലേയെറിഞ്ഞതു തകർത്തു കഴിഞ്ഞുവോ നീ? 

തല്ലിന്റെ ചൂടുമുടനേയറിയേണ്ടതത്രേ

വല്ലാത്ത സന്തതികൾ!- മൂക്കുമുറിഞ്ഞുചോര-

യല്ലേയൊലിക്കുവതു ചില്ലുതെറിച്ചുകൊണ്ടോ? 

 

കഷ്ടം!… നിനക്കിതു വരേണ്ടതുതന്നെ, യെന്നാൽ 

പൊട്ടുന്നുഹൃത്തടമെനിക്കിവൾ തള്ളയല്ലേ? 

ശിഷ്ടം കിടയ്ക്കുമിനിയും ജനകൻ വരുമ്പോൾ 

കിട്ടേണ്ടതെങ്ങനെയിടയ്ക്ക് തടഞ്ഞുമാറും?

 

ആരാകിലെന്തവനവന്റെ മുഖത്തിനുള്ള

പോരായ്മകണ്ടറിയുവാനിടവന്നിടുമ്പോൾ

ആരാഞ്ഞിടേണമുടനേ കരണീയമെന്തെ-

ന്നാരാധ്യനാണതു ശരിക്കറിയിച്ചിടുന്നോൻ. 

 

നൂറ്റൊന്നു ദർപ്പണമുടയ്ക്കുകിലെന്തു? കോങ്ക-

ണ്ണെറ്റം വിരൂപമതുനില്ക്കുമതേവിധത്തിൽ. 

മാറ്റാം പലേതരമശുദ്ധികൾ, രണ്ടുനേര-

മാറ്റിൽ കുളിച്ചിടുക വിഡ്ഢി കളിച്ചിടാതെ.

                                                               (ദീപിക, 17 സെപ്തംബർ 1961)