Engane Sahichidum

എങ്ങനെ സഹിച്ചീടും


 ങ്ങനെ സഹിച്ചീടുമെങ്ങനെ ക്ഷമിക്കും ഞാൻ

സംഗതിയോർക്കുന്തോറും ഹൃദയം വെന്തീടുന്നു. 

നീതിമാന്മാരേ, മഹാത്മാക്കളേ, മാലോകരേ, 

കാതു നല്കണേ മമ സങ്കടം കേട്ടീടണേ!

അന്തരാത്മാവിൽ തിങ്ങിക്കവിയും ദുഃഖം ഞാനി –

ന്നെന്തൊരു വാക്കാലൊന്നു വെളിയിൽ വിട്ടീടേണ്ടൂ?

ഞാനൊരു ചെറുകിളി, നിങ്ങളൊക്കെയുമെന്റെ

ഗാനമാധുരിയാലേ പുളകം കൊണ്ടിട്ടുണ്ടാം

മാനസോല്ലാസത്തോടെ മാമകാരാമം തന്നിൽ 

ഞാനിരിപ്പതും നിങ്ങൾ പലരും കണ്ടിട്ടുണ്ടാം

കണ്ടുകണ്ടാനന്ദിച്ചും കൗതുകത്തോടേയെന്റെ

ചുണ്ടിലേ ഗാനം കേട്ടു രസിച്ചും സന്തപ്തരായ് 

നിന്നതല്ലാതെയെന്നെ സ്പർശിച്ചു വിനോദിക്കാൻ 

വന്നതില്ലാർക്കും ധൈര്യം, നന്മയോ സാധുദ്രോഹം 

ഇന്നൊരു മഹാദുഷ്ടൻ, നിന്ദ്യനാമൊരുവ്യാധൻ

വന്നൊരു മര്യാദയും മാനുഷത്വവും വിനാ 

കടന്നിട്ടാരാമത്തെ തകർത്തു പിടിച്ചെന്നെ 

യെടുത്തുകാട്ടിന്നുള്ളിൽ കടത്തിബന്ധിച്ചിട്ടു 

കടുത്ത ദുഷ്കൃത്യങ്ങൾ കണക്കില്ലാതെയേവം 

മിടുക്കു കാണിപ്പാനോ ചെയ്തവൻ മഹാപാപി!! 

ചിൽപ്പുമാനെന്റെ മെയ്യിൽ ചേർത്തലങ്കരിച്ചൊരു

പപ്പുകൾ പറിച്ചവൻ പറപ്പിച്ചൊന്നൊന്നായി 

ചുണ്ടിലും കരിതേച്ചു കറുത്ത തൂവൽ തന്നേ

കൊണ്ടുവന്നെന്റെ മെയ്യിലാകവേ ധരിപ്പിച്ചു,

മാനുഷാധമൻ മനം തിങ്ങിടുമസൂയയാൽ

ഹീനവായസവേഷമണിയിച്ചെന്നെയിത്ഥം

അളവില്ലാത്ത ജ്ഞാനസാഗരമതിൻ തീര-

ത്തൊളിയേന്തിക്കൊണ്ടെന്നും വിലസും മാണിക്യങ്ങൾ

പെറുക്കി കളിയാടും ബാലസംഘത്തിന്റെ മദ്ധ്യേ-

യെറിഞ്ഞാനെന്നെപ്പാപി, മറഞ്ഞുനിന്നാനവൻ. 

നിഷ്കളങ്കരാം കൊച്ചുകുട്ടികളെന്നെക്കണ്ടു 

നോക്കിയും പിന്മാറിയും പിന്നെയും സമീപിച്ചും

“എന്തൊരു ജീവിയിതെ”ന്നങ്ങനെ പരസ്പരം 

ചിന്തപൂണ്ടോരോന്നൊക്കെ പറഞ്ഞും നിന്നീടുന്നു

മാനസശരീരങ്ങൾ വ്യഥയാൽ ക്ലേശിച്ചേറ്റം

ദീനരോദനത്തോടെ കിടന്നീടുന്നു ഞാനും 

നീതികേടിനേപ്പറ്റി സങ്കടം ബോധിപ്പിക്കാ-

നേതൊരു കച്ചേരിയിൽ പോകുമിച്ചെറുജീവി?

നീതിയുമനീതിയും സത്യവുമസത്യവു-

മേതുമേ ഭേദംവിനാ ലോകരേ ഗ്രഹിപ്പിക്കാൻ

താണു ഞാൻ യാചിക്കുന്നു സജ്ജനങ്ങളോടായി

കാണികൾക്കെന്റെ സത്യം ബോദ്ധ്യമായ് വന്നാൽ മതി.

അരികിൽ തന്നേ തെല്ലു മറഞ്ഞു പൈശാചിക-

ചിരിയും ചിരിച്ചു നിന്നീടുന്ന മഹാപാപി,

ഒന്നു ഞാൻ ചോദിക്കുന്നു, കേൾക്കണം ശ്രദ്ധാപൂർവ്വ-

മിന്നു നീയെന്നോടിത്ഥം ചെയ്തൊരു കൈയേറ്റത്തി-

ലെന്തൊരുലാഭം കിട്ടി നിനക്കു, കാൽപൈസയോ?

ഹന്തഭക്ഷണത്തിനായരയ്ക്കാൽ കഴഞ്ചുള്ള

തുച്ഛമായൊരു മാംസക്കഷണം പോലും നിന-

ക്കിച്ഛപോൽ കൈയിൽ വന്നോ? പിന്നെയെന്തിനീ വേല? 

ഒളിവിൽ നിന്നു നിന്റെ വക്രതയേറും തല

വെളിയിൽ കണ്ടാൽ പക്ഷേ പറന്നു കൂട്ടം കൂടി

ത്തോണ്ടുവാനാലോചിച്ചു വൃക്ഷശാഖകൾ തോറു-

മുണ്ടു പൈങ്കിളിക്കൂട്ടമേകയല്ല ഞാൻ ലോകേ. 

അതിലും മേലായൊന്നു നീയറിഞ്ഞിരിക്കണം

സതതം നിന്നെ മഹാപതിതനായിത്തന്നേ

എണ്ണിടും, പഴിച്ചിടും, മൂന്നുലോകവുമതു 

നിർണ്ണയം; നിസ്സാരമിക്കാര്യമെന്നോർത്തീടൊലാ. 

തുടരെപ്പറഞ്ഞീടാൻ പലതും തിങ്ങിപ്പൊങ്ങി-

ത്തടസ്സം കൂടാതിപ്പോൾ വരുന്നുണ്ടുള്ളിൽ നിന്നും

ഒക്കെ ഞാൻ നിയന്ത്രിച്ചു വച്ചുകൊണ്ടൊന്നോ രണ്ടോ

വാക്കുകൾകൊണ്ടു കാര്യം സംഗ്രഹിച്ചോതീടുന്നു. 

താപകോപങ്ങൾ ഹൃത്തിൽ കവിഞ്ഞുവന്നാലും മേ 

ശാപവാക്കുകൾ നാവിലുദിക്കാതിരിക്കട്ടെ! 

അല്പമല്ലാതെന്നോടു ചെയ്ത ദുഷ്ടതയെല്ലാ

മെപ്പൊഴും ഞാൻ നിന്നോടു ശാന്തയായ്  ക്ഷമിക്കുന്നു.

നീതിമാൻ സനാതന കാരുണ്യസ്വരൂപനും

പ്രീതനായ്  ക്ഷമിക്കട്ടെ, എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

                                                                       (പൗരകാഹളം, ജൂലായ് 29, 1951)