Elakatha Bhavanam

ഇളകാത്ത ഭവനം


മാമകനിലയനമേറ്റ മുറച്ചൊരു

          പാറയിലത്രേ നിലകൊള്ളുന്നു.

വ്യോമത്തിന്നളവറിയാൻ ശീർഷ

          മുയർത്തിയമാതിരിയാണതിനുയരം

ഭൂമികുലുങ്ങി പലപ്പൊഴുമെന്നാൽ

          പാറകുലുങ്ങിയതില്ലെൻ ഗൃഹവും.

ഭൂമിയെ മുഴുവൻ പ്രളയം മൂടി

          പാറ നനഞ്ഞില്ലാ മന്ദിരവും.

ചുഴലിക്കാറ്റു കറക്കിധരിത്രിയെ

          മുഴുവനുമെന്നാലാ ചെറുഭവനം

ചലനംകൂടാതങ്ങനെ നിന്നു

          പാറയുമതിനെത്താങ്ങിയിരുന്നു.

ഭീതികലർന്നുവിറച്ചു ജീവിക

          ളെല്ലാംതന്നെ, മനുജരുമെന്നാ

ലാഭവനത്തിലെ ജീവികൾ ഞങ്ങൾ

          രണ്ടാൾക്കും ഭയമുണ്ടായില്ല.

ആരോ ഭീകരനൊരുവൻ വാതി

          ലടഞ്ഞുകിടന്നതിലൂക്കൊടുതട്ടീ-

ട്ടാരും തെല്ലും വകവച്ചില്ല

          വാതിൽ തുറന്നുകൊടുത്തതുമില്ല.

മധുരപ്പുഞ്ചിരികൊണ്ടു പരസ്പര

          മാശയവിനിമയകാര്യം സാധി

ച്ചങ്ങനെ നിന്നൊരുനിമിഷം ഞങ്ങൾ

          ഞാനാതൃക്കരവലയത്തിലുമായ്

ആവലയത്തിനകത്തു സുരക്ഷിത

          ഞാനെന്നകമേ ബോദ്ധ്യംവന്നു.

പാവനമക്കരതാരിണയെന്നെ

          സ്പർശിച്ചതിനാൽ ധന്യയുമായ് ഞാൻ

അങ്ങനെ നില്‌ക്കെസ്സൂര്യൻ ചന്ദ്രൻ

          നക്ഷത്രങ്ങളുമത്തിരുമുമ്പിൽ

വന്നിട്ടദ്ദേഹത്തെ നമിക്കും

          കാഴ്ചയിലേറ്റം വിസ്മിതയായ് ഞാൻ

വാർമഴവില്ലുകൾ നൃത്തം ചെയ്തു

          വാനവർഗാനാലാപനമായി

ജലധരവൃന്ദംതബലയടിച്ചു

          പലപലഘോഷം പരമാനന്ദം!

ഇച്ചെറുഭവനം തൃക്കരവലയം

          സ്വർഗ്ഗമെനിക്കീയനുഭൂതികൾ നില-

നില്ക്കാൻ പ്രാർത്ഥനയഖിലാണ്ഡത്തി

          ന്നുടയവനേ, കൃപ ചെയ്തീടണമേ.

                                           (പ്രേഷിതകേരളം, ഡിസംബർ, 1981)