Saragasamrajyam

 സരഘസാമ്രാജ്യം


രഘേ,യൊരു തെല്ലു നില്ക്കുമോ?

സരസം നിന്നോടു സല്ലപിച്ചിടാൻ

പെരുകുന്നൊരു വാഞ്ഛയാർന്നു ഞാൻ 

ചിരകാലം കഴിയുന്നുമക്ഷികേ.

 

ഒരു വിശ്രമമില്ലയോ നിന-

ക്കൊരുനേരത്തു, മിതേവിധം സദാ

വിരിയും സുമതല്ലജങ്ങളെ-

ത്തിരയും ജോലിയിൽ ജാഗരൂകയോ?

 

പലമാതിരി വർണ്ണകാന്തിയും

നലമേറുന്ന സുഗന്ധപൂരവും

അവ നിന്റെ സമാഗമത്തിനാ-

യരുളും സ്വാഗതമായിരിക്കുമോ?

 

നറുതേൻ ചെറുതുള്ളിയുള്ളറ –

യ്ക്കകമേയുണ്ടു വിരുന്നു നല്കുവാൻ

മൃദുഭോജനമാം പരാഗവും,

സുഖസല്ക്കാരമതാസ്വദിക്ക നീ.

 

അമിതഭ്രമമില്ല ഭക്ഷണാ-

ദിയിൽ, നീയോ തൊഴിലാളിയല്ലയോ?

ശുചിയായ് മധുവും പരാഗവും

പരിചിൽ സദ്മനി സംഭരിക്കയാം. 

അണിയായതീർത്തു തേൻ നിറ-

ച്ചൊരു തേൻകട്ടകളെത്ര മോഹനം? 

ഒരു ശില്പിയുമിത്രപാടവം

കലയിൽ കാട്ടിയതില്ലിതേവരേ.

 

മതിശാലി മനുഷ്യനെങ്കിലും

മധുകോശങ്ങളവന്റെ ദൃഷ്ടിയിൽ

കലയിൽ കലയാണു, വിസ്മയം

ഹൃദയത്തിനരുളുന്ന കാഴ്ചയും.

 

രസനയ്ക്കു രസിക്കുമാദ്രവം 

മനുജൻ തെല്ലൊരു കൂസലെന്നിയേ 

കവരുന്നതുകഷ്ടമോർക്കുകിൽ; 

ശരി, നിൻ സങ്കടമാരു കേൾക്കുവാൻ!

 

ബലവാൻ ബലഹീനനേയധഃ 

കൃതനാക്കുന്നെവിടേയുമെപ്പൊഴും 

ഉലകത്തിലതാണു നാടകം,

ഫലമില്ലായതു ചർച്ചചെയ്യുകിൽ. 

 

“മടിയൻ’ കുടിപാർത്തുകൊണ്ടതി-

ന്നിടയിൽ നിൻമസൽഫലങ്ങളാൽ 

തടിയൻ, സുഖഭോഗി, സദ്യയു-

ണ്ടിടുമക്കാര്യമതും സഹിപ്പതോ? 

 

വെളിയിൽ തലകാട്ടുകില്ലവൻ 

പണിയെന്തെന്നറിയുന്നതില്ലവൻ 

പദസേവനമാണു റാണിതൻ 

സവിധേ നിന്നകലാതെയെപ്പോഴും. 

 

ഇതിലൊന്നിലുമില്ലമർഷവും 

ബതമാത്സര്യവികാരവും, സദാ 

സമയം കളയാതെ ജോലി ചെ- 

യ് വതു നിൻജീവിതലക്ഷ്യമുത്തമം.

 

ക്ഷമതൻ ബലവും വിശിഷ്ടമാം 

സമയത്തിന്റെ വിലയും ഗ്രഹിച്ചനീ

നിലപാരമുയർന്നദേശികാ- 

ഗണിയാണൂഴിയിലാകെ നോക്കുകിൽ. 

 

ചെറുകുട്ടികൾ വൃദ്ധരുംപരം

ധനമേറുന്നവരും ദരിദ്രരും

ഒരു പോൽ സരസം രുചിച്ചു പു-

ഞ്ചിരിതൂകുന്നിതു നിന്റെ തൂമധു. 

 

കവികൾക്കുപമാന വസ്തുവായ് 

പുതുപൂന്തേനധികം പ്രിയംകരം

മധുവും മധുവാണിയും വിനാ

കഥയും കാവ്യവുമില്ല ഭാഷയിൽ 

 

പരനന്മയതിന്നുഴിഞ്ഞുവ-

ച്ചൊരു ജന്മം തവകീർത്തനീയമാം 

പരമാർത്ഥം; അതിൽ കവിഞ്ഞു മ-

റ്റൊരു കാര്യം പറയേണ്ടതുണ്ടഹോ!

പരിശുദ്ധബലിക്കു വേദിയിൽ

തിരികത്തേണ്ടതാവശ്യമെങ്ങുമേ

മതിയാവുകയില്ലതിനു വൈ-

ദ്യുതദീപങ്ങൾ നിരന്നുനില്ക്കിലും.

 

ചെറുഷൾപദമേ, യകം തെളി-

ഞ്ഞഭിമാനിക്കുക ഡംഭുവിട്ടുനീ

തവമെയ്യതിൽ നിന്നുറന്നിടും

മധുജംതാനതിനുള്ള സാധനം.

 

ശരദംബുദതുല്യവെണ്മയിൽ

തിരിവാർക്കുന്നതുകൊണ്ടു മാനുഷർ

അധിരാട്ടിനെയംഗരക്ഷക- 

പ്രഭവത്തോടവ കാത്തുനിന്നിടും.

 

എരിയുന്നിതു വാനദൂതരും

തിരിയും ‘സ്നേഹ’ നിതാന്തവായ്പിനാൽ 

തിരുവോസ്തിയിൽ വാഴുമീശനെ-

പ്പരിസേവിച്ചൊരുപോലെയെപ്പോഴും. 

 

തവ കൊച്ചു നികേതനത്തിലേ

ഭരണം പാർക്കിലതും പ്രശസ്തമാം 

പരമുന്നതമണ്ഡലങ്ങളും 

തലതാഴ്ത്തീടുമതൊന്നു കാണുകിൽ. 

 

ഭരണാധിപ റാണിയേകയു-

ണ്ടവളെത്തെല്ലുമനാദരിക്കുവാൻ 

തലപൊക്കിടുകില്ലൊരാൾ; ജന- 

വ്രജമെല്ലാമൊരു കക്ഷിതന്നെയാം. 

 

അവളേതൊരു പോട്ടിലാകിലും 

പ്രജകൾക്കില്ല ഹിതം വിഭിന്നമായ് 

അവളോടൊരുമിച്ചു തന്നെയാ

ചെറുസാമ്രാജ്യമിരിക്കുമെപ്പോഴും.

പുതുതായൊരു പാർപ്പിടം തിര-

ഞ്ഞവളന്യത ഗമിക്കുമെങ്കിലോ

ഭരണീയരുമക്ഷണം പറ-

ന്നിളകും റാണിയൊടൊത്തു പോയിടും.

 

ഒരു കോടതിയില്ല കേസുമി-

ല്ലൊരു പോലീസഥവാ പരാതിയും

ഒരിടത്തുമൊരാത്മഹത്യയി-

ല്ലൊരു നൈരാശ്യവുമാർക്കുമൊന്നിലും.

 

ജനസേവന, മീശസേവനം,

തൊഴിൽ ചെയ്തുള്ളൊരു നിത്യവൃത്തിയും,

നിരുപദ്രവശീലവും, മഹാ-

ജനലോകത്തിനു മാതൃകാപരം.

 

നരരുന്നതബുദ്ധിജീവികൾ 

സരഘേ, നിന്മഹനീയ ജീവിതം 

ശരിയായവിധം പകർത്തുകിൽ 

നരലോകം സുരലോകമായ് വരും.

                                                             

                                                                  (കേരളധ്വനി, ജൂൺ 3, 1962)