Sakrariyil Ninnu

സക്രാരിയിൽ നിന്ന്


ദ്ധ്വാനിച്ചും ഭാരമെടുത്തും 

          വലയുന്നവരെല്ലാ-

മെത്തീടണമെന്നരികിൽ, സാന്ത്വന 

          മരുളാമേവർക്കും

പാർത്തലമൊരു ചുടുകണ്ണീർത്താഴ് വര

          യല്ലോ ചിന്തിച്ചാൽ

മർത്യനു പറുദീസായുടെ വാതില

          ടഞ്ഞദിനം മുതലേ.

 

ഒഴുകും മിഴിനീരൊപ്പിത്തരുവാൻ 

          സ്നേഹിതരില്ലെന്നോ?

 തഴുകിച്ചേർത്തതുചെയ്‌വതിനായ് ഞാൻ 

          നോക്കിയിരിക്കുന്നു

വഴിയിൽ ക്ഷീണിതരായ് നിലകൊള്ളും

          യാത്രികരേ, നിങ്ങൾ

കുഴയും കാലുകൾ തളരും മുമ്പിഹ

          വരികെൻ സവിധത്തിൽ

 

ദാഹം തീർക്കാൻ, ക്ഷീണം തീർക്കാൻ,

          ക്ഷുത്തു ശമിപ്പിക്കാൻ,

 സ്നേഹംതന്നെ പകർന്നുതരാം ഞാൻ

            മതിയാകും വരെയും

 സ്നേഹസരസ്സിന്നടിയിലിറക്കാം

          കൈക്കു പിടിച്ചീടാം

സ്നേഹിതനാണെന്നറിയുക നിങ്ങൾ

          ക്കെല്ലാവർക്കും ഞാൻ.

 

സ്വാർത്ഥതയറ്റു സുഹൃത്തിനെയാരാ

          ഞ്ഞെവിടെയുഴന്നാലും

സത്യമുരയ്ക്കാം, വിജയം നേടുക

          വിഷമം ലോകത്തിൽ

ഹൃത്തിലെ രക്തത്തുള്ളികൾ പോലും 

          തന്നൊരു മിത്രത്തേ

മാത്രം തേടുകിൽ വരികില്ലല്‌പ

          നിരാശയുമപജയവും.

 

ആരുമൊരാശ്രയമില്ലാത്തതിനാൽ

          നെടുവീർപ്പിടുവോരേ,

ആരെക്കാളും നിങ്ങൾക്കഭയം

          നല്കുമുദാരൻ ഞാൻ

വേദനയുണ്ടോ? യാതനയുണ്ടോ?

          ശാന്തി വരുത്തീടാം

ചോദിച്ചീടുക നിസ്സന്ദേഹം

          വേണ്ടുന്നവയെല്ലാം.

 

മുട്ടുന്നവനു തുറക്കും വാതിൽ 

          ഞാനെന്നറിയേണം,

കിട്ടും വേണ്ടതുചോദിക്കുന്നവനെ

          ന്നിൽ നിന്നു സദാ, 

ആരായുന്നവനെന്നെക്കാണും,

          വിശ്വാസത്തോടേ

യാരാകിലുമിങ്ങെത്തുക, നിങ്ങളെ

          നോക്കിയിരപ്പൂ ഞാൻ.

(സമർപ്പിത, സെപ്തംബർ, 1968)