സാഹിത്യപ്പൂങ്കാവനം

‘പാരിജാത’മെന്നൊരു ദിവ്യവൃക്ഷത്തെപ്പറ്റി
ഭാരതീയരാകവേ കേട്ടറിഞ്ഞിരിക്കുന്നു.
ആരുമീ വൃക്ഷത്തിന്റെ നിഴലും കണ്ടിട്ടില്ല
പാരിലല്ലതു ദേവലോകത്തിലാണുപോലും.
ചെറുപ്പം മുതൽക്കെന്റെ ഗുരുഭൂതരിൽനിന്നും
കുറച്ചല്ലതേപ്പറ്റിക്കേട്ടിരിപ്പതു ഞാനും.
ഒന്നു കാണുവാനുള്ള മാർഗ്ഗമെന്തെന്ന ചിന്ത
വന്നലട്ടി, ഞാനൊരു സ്വപ്നലോകത്തിലായി.
പത്തുകൾ സാവധാനം നീക്കി നീക്കിവച്ചു ചെ-
ന്നെത്തി ഞാൻ നല്ലോരുപവനത്തിൽ, സന്തുഷ്ടയായ്.
ചുറ്റിലും നോക്കി, നല്ല വസന്തവിലാസത്താ-
ലേറ്റവും ഹൃദ്യം കരൾ കവരും പൂങ്കാവനം.
നന്ദനോദ്യാനം തന്നെയായിരിക്കുമോയിതെ-
നൊന്നു ഞാൻ ശങ്കിച്ചുപോയത്രമലാകർഷകം.
മണ്ണിനെ സ്പർശിക്കാതെ, മഴത്തുള്ളിയേല്ക്കാതെ,
വിണ്ണിൽനിന്നുള്ള സൂര്യരശ്മികൾ ഗ്രഹിക്കാതെ,
വളരും മഹീരുഹനിരകൾ മനോഹരം
പുളകം കൊള്ളിച്ചെന്റെ മെയ്യിലാപാദചൂഡം.
പഴുത്ത പത്രങ്ങളെക്കണ്ടതില്ലൊന്നിൽ പോലും
കൊഴിഞ്ഞുകിടപ്പതും കാൺമതില്ലൊരേടത്തും
തൂശനിൽ വിളമ്പിയ വിഭവങ്ങളെപ്പോലെ
പേശലപത്രങ്ങളിൽ ലസിപ്പൂ പ്രസൂനങ്ങൾ.
പൂങ്കുല പ്രത്യേകമില്ലവയ്ക്ക, പത്രങ്ങളി
ലങ്കുരിച്ചിടും പൂക്കൾ വാട്ടമെന്നിയേ നില്പൂ.
തൂമധുതുളുമ്പുന്നു, സുഗന്ധം സ്രവിക്കുന്നു,
തൂമയേറുമീ സൂനതല്ലജങ്ങളിൽ നിന്നും
ഇന്ദ്രചാപത്തെ വെല്ലും വർണ്ണവൈചിത്ര്യത്തോടേ
വന്നുകൂടുന്നു നൃത്തം ചെയ്യുന്നു പൂമ്പാറ്റകൾ,
നിറയെക്കുടിച്ചാലും വിട്ടുമാറുകില്ലവ
കുറയുന്നില്ല തെല്ലും പൂക്കളിൽ മരന്ദവും.
പാടിടും മധുപങ്ങളാടിടും ലതകളെ-
ത്തേടിയാശ്ലേഷിക്കുന്നു പൂമധു നുകരുന്നു.
വല്ലികൾ വൃക്ഷങ്ങളും ജാതിയൊന്നത്രേ,ഭേദം
തെല്ലുമില്ലിലകളും പൂക്കളും നോക്കീടുമ്പോൾ.
കണ്ടുകണ്ടകതാരിലാനന്ദത്തിരത്തള്ളൽ
കൊണ്ടുഞാനറിയാതെ പതുക്കെപ്പാടിപ്പോയി.
കൊണ്ടലിൽനിന്നു മഴത്തുള്ളികൾ വീഴുമ്പോലെൻ
ചുണ്ടിലേയ്ക്കുടൻ വീണു മകരന്ദത്തുള്ളികൾ.
ദൃഷ്ടി ഞാൻ മേലോട്ടൊന്നു തിരിച്ചു, കാണാമപ്പോൾ
സ്പഷ്ടമായ് പഞ്ചാക്ഷരസുന്ദരമൊരു പദം
“സാഹിത്യാരാമം”….. കണ്ണു തുടച്ചു വായിച്ചു ഞാൻ
‘സാഹിത്യാരാമം’തന്നേ; ശങ്കതീർന്നാവർത്തിച്ചു.
മണ്ണിനെ സ്പർശിക്കാത്ത ലതകൾ വളർന്നെത്തി
വിണ്ണിലീവിധം നിലകൊള്ളുന്നു ലിപികളായ്.
അവയിൽനിന്നു ചോർന്ന മധുബിന്ദുക്കളാണെ-
ന്നധരങ്ങളിലെത്തുപെട്ടെതെന്നറിഞ്ഞു ഞാൻ.
ഉയർന്ന കമാനമാണായതു, കൈലാസത്തെ
ക്കടത്തും കീഴിൽക്കൂടി വേണ്ടിവന്നീടുന്നെങ്കിൽ.
പിന്നെയുമധരങ്ങൾ പാടുവാൻ വിടർന്നപ്പോൾ
വന്നൊരു ഗാനാലാപം, നല്ലൊരു പ്രക്ഷേപണി.
“ആരുനീ? നിനക്കെന്തു വേണ,മീ ദിവ്യസ്ഥലം
സൂരികൾ കളിയാടും സാഹിത്യപ്പൂങ്കാവനം.
എങ്ങനെ കടന്നു നീ വന്നതീയാരാമത്തിൽ?
ഇങ്ങുവന്നെത്തുന്നവരിവിടം വിടാറില്ല.
നോക്കുക, കാണുന്നില്ലേ ‘കല്പ’വൃക്ഷങ്ങൾ? കീഴിൽ
നില്ക്കുകിൽ സർവശ്രീയും നല്കിടും സൽഗ്രന്ഥങ്ങൾ.
പ്രതങ്ങൾ പ്രതങ്ങളാണവയിൽ പൂക്കൾപോലെ
നിസ്തുല മനോജ്ഞത ചേർപ്പതു ലിപികളും.
അവസാനിക്കാതുള്ള സുധയായ് സദാ നിറ-
ഞ്ഞവയിൽ തുളുമ്പുന്നതാശയവിശേഷങ്ങൾ.
ഈ വിശിഷ്ടമാം സുധ സേവിച്ചാലമർത്യത
കൈവരും നിസ്സംശയം നീയെന്തു ചിന്തിക്കുന്നു?
രണ്ടുതുള്ളികൾകൊണ്ടു സംതൃപ്തയായ് നില്ക്കയോ?
വേണ്ടിടത്തോളം കിട്ടും വായൊന്നു തുറക്കുകിൽ
പിന്നെ നീയീസംസാരസാഗരം കടക്കുവാൻ
ഖിന്നയായ് നാലുപാടുമുഴന്നോടേണ്ടതില്ല.
പാടുക, നിന്റെ വായിൽ തൂമധു വന്നുവീഴും
തൂമധുസേവിക്കുമ്പോൾ പിന്നെയും പാടീടും നീ.
പൂക്കളെച്ചുറ്റിപ്പറ്റി പറന്നു പാടിക്കളി-
ച്ചാർക്കുന്ന പൂമ്പാറ്റകൾ വിജ്ഞരാമാചാര്യന്മാർ.
അവർക്കു ശിഷ്യപ്പെട്ടാൽ ചിരഞ്ജീവിയായ് മുദാ
നിനക്കു ജീവിച്ചിടാം നല്ലൊരീയാരാമത്തിൽ.
എവിടെപ്പോകുന്നു നീ പാരിജാതത്തെത്തേടി?
ഇവിടെത്തന്നേയതു വളരുന്നെക്കാലവും.
ഓർക്കണം സൽഗ്രന്ഥങ്ങൾ ദിവ്യവൃക്ഷങ്ങൾ തന്നേ
ദിക്കെങ്ങും പരിമളം വീശുന്ന മന്ദാരങ്ങൾ.
ദുർഗ്ഗന്ധം വമിക്കുന്ന ജാതിയോടടുക്കൊലാ
നിർഗ്ഗമിപ്പിക്കുമവ ഭീകരകാകോളത്തെ.
ദൂരെയക്കരിമ്പുക പൊങ്ങിടുമിടങ്ങളിൽ
ശാഖികൾ നില്പു കാരസ്കരംപോൽ ധാരാളമായ്
അഴുക്കെന്നുള്ളതെല്ലാമെട്ടുദിക്കിലേയ്ക്കു മാ-
യൊഴുക്കിപ്പരത്തീടുമോടകൾ തത്രകാണാം.
അവിടെപ്പോകുന്നവർ ദുസ്സഹദുർഗ്ഗന്ധത്താ
ലവശന്മാരായ് ശ്വാസം തടഞ്ഞു മരിച്ചുപോം.
ഇത്രയും നിനക്കൊരു സന്ദേശ പ്രക്ഷേപണം;
ഉത്തരം വേറെ വേണ്ട നീയൊന്നു പാടീടുക.
ആലപിക്കുക നല്ല കളപഞ്ചമരാഗം
ചേലോടേ പ്രക്ഷേപണം ചെയ്യുവാൻ നില്ക്കുന്നു ഞാൻ.”
ആകാശവാണി കേട്ടിട്ടമ്പരന്നല്പം നിന്നു
നാകലോകത്തിലാണോ ഞാനെന്നു ശങ്കിച്ചുപോയ്
തറയിൽ പദങ്ങളേയൂന്നി നിന്നിരുന്ന ഞാൻ
പറന്നതറിഞ്ഞില്ല ലതകൾ താങ്ങുന്നെന്നെ.
അവയിൽ പൂമ്പാറ്റയെ പ്പോലെ ഞാനിരുന്നിട്ടു
സരസനൃത്തങ്ങളും പലമട്ടാരംഭിച്ചു.
ഞാനറിയാതെതന്നെ ചുണ്ടുകൾ വിടർന്നൊരു
ഗാനവും പുറപ്പെട്ടു, നാലുവാക്കുകൾ മാത്രം:
“സാഹിത്യപ്പൂങ്കാവനം, സൽഗ്രന്ഥപാരിജാതം
സൗഭാഗ്യഭണ്ഡാഗാരം നിത്യവും ജയിക്കട്ടെ!”
ഇപ്പൊഴുമതുതന്നേ പാടി ഞാൻ രസിക്കുന്നു
സ്വപ്നമാകിലുമെത്ര സുവർണ്ണസ്വപ്നം! ശുഭം!
(സാഹിത്യപരിഷത്, ഒക്ടോബർ 1963)
