Pinnitta Kalsathabdum

പിന്നിട്ട കാൽശതാബ്ദം


കേരളമാദ്യംകണ്ട കർദ്ദിനാൾ തിരുമേനി! 

പേരുകേൾക്കുമ്പോളെന്റെ കൈകളഞ്ജലിയാകും. 

പണ്ഡിതൻ, പുണ്യശ്ലോകൻ, സജ്ജനസമാരാധ്യൻ, 

ഗണ്യമാം പ്രശസ്തികൾ ചൂഴുന്ന മഹാശയൻ, 

മാർ ജോസഫ് പാറേക്കാട്ടിൽ രൂപതാദ്ധ്യക്ഷനായി-

ട്ടാർജിത പ്രഭാവത്തിൽ പിന്നിട്ടു കാൽശതാബ്ദം.

ദൈവമേ, കൃതജ്ഞത കഴിഞ്ഞകാലങ്ങൾക്കായ്, 

കൈവരാനിരിക്കുന്ന ഭാസുരഭാവിക്കായും 

ഭാവികണ്ടതാരെന്നു ചോദ്യമുണ്ടാകാ,മെന്റെ

ഭാവന തന്നേ കണ്ടു വ്യക്തിദിവ്യനാകയാൽ.

 “സത്യദീപത്തിൻ  പത്രാധിപരായിരിക്കവേ- 

യോർത്തിരിക്കാത്തനേരത്തൊരു സുപ്രഭാതത്തിൽ 

മെത്രാനായ് തിരുസ്സിംഹാസനത്തിന്റെ വിളിവന്നു.

പത്രത്തിന്നഭിമാനം! രൂപതയ്ക്കത്യാഹ്‌ളാദം! 

മണിദീപമായ് മെത്രാസനത്തിൽ ശോഭിക്കവേ

മണിനാദംപോൽ വിളി കർദ്ദിനാൾ സ്ഥാനത്തേയ്ക്കായ്

കരുണാമഹാവൃഷ്ടി കണക്കില്ലാതെയേവം 

ചൊരിയുന്നല്ലോ നമ്മിൽ പരമോന്നതൻ ദൈവം. 

ഇരുനൂറുകൊല്ലങ്ങൾ പിന്നിട്ട പരേതനാം

കരിയാറ്റി മെത്രാനെയ ത്ര ഞാൻ സ്മരിക്കുന്നു.* 

എട്ടുകൊല്ലത്തെയാത്ര സുസ്ഥിര പ്രതിജ്ഞനായ്, 

കിട്ടുവാൻ വേണ്ടീട്ടൊരു സ്വന്ത ജാതി മെത്രാനെ. 

കഷ്ടതയേറും യാത്ര പരദേശവാസവു- 

മൊട്ടുമേയുദാസീനനാക്കിയില്ലദ്ദേഹത്തെ.

തിരുസ്സിംഹാസനത്തിലുപവിഷ്ടനായന്നു 

ഭരിക്കും മാർപ്പാപ്പയെ റോമയിൽ ചെന്നുകണ്ടു. 

കരുതിപ്പോയ കാര്യം കുറവില്ലാതെ നേടി 

കുരിശും പൊന്മാലയും ധരിച്ചു തിരിച്ചെത്തി.

കാളപാനിയെപ്പിന്നിട്ടെത്തിയസ്ഥലം “ഗോവാ

നാളുകൾ നീണ്ടില്ലേറെ….ബാക്കിയെന്തോതേണ്ടു ഞാൻ!

പറഞ്ഞിടട്ടെയെല്ലാം ചരിത്രഗ്രന്ഥം തന്നെ, 

തുറന്നു വായിച്ചാലും “വർത്തമാനപ്പുസ്തകം’** 

പുണ്യപുരുഷനന്നാ  പൂർവ്വികൻ ചെയ്ത മഹാ- 

പുണ്യമൊക്കെയിൽ നിന്നുമുളച്ച പാരിജാതം 

പൂവണിഞ്ഞതാണിന്നു നമുക്കു ധാരാളമായ്

കൈവരും വിലപ്പെട്ട ക്ഷേമദാനുഭൂതികൾ 

ഒരു മെത്രാനെക്കാണാൻ കണ്ണുകൾ പാരം കൊതി-

ച്ചിരുന്ന നമുക്കിപ്പോളെത്ര മെത്രാന്മാരായി!

ഇന്നുമെത്രാഭിഷേകജൂബിലി ഘോഷിക്കുമ-

ത്യുന്നതകർദ്ദിനാളും പൂർണ്ണചന്ദ്രനെപ്പോലെ

പാലൊളിവീശിക്കണ്ണും കരളും കുളിർപ്പിച്ചു 

ചേലൊടേ ശോഭിക്കുന്നു നല്ലൊരു പിതാവായ് 

ഞാനപദാനങ്ങളെയധികം കീർത്തിക്കുന്നി-

ല്ലാനയ്ക്കുമണികെട്ടൻ തുനിയുന്നവൻ ഭോഷൻ

ആയുരാരോഗ്യഭാഗ്യ സാകല്യമവിടത്തേ-

യ്ക്കായി ഞാൻ സർവ്വേശ്വനോടർത്ഥിച്ചീടുന്നു; ശുഭം.

                             (കർദ്ദിനാൾ പാറേക്കാട്ടിൽ മെത്രാഭിഷേക രജതജൂബിലി

സ്മരണിക, 1978)