Unniyum Johnium

ഉണ്ണിയും ജോണിയും


മനക്കുഞ്ഞുണ്ണി, കന്യകാമേരിതൻ

പ്രേമനിക്ഷേപമാമേകബാലൻ

കോമളാകാരത്താൽ സോമനേ വെല്ലുന്നോൻ, 

കാമിതദായകൻ, കാരുണ്യാബ്ധി

തച്ചനാം ജോസഫിൻ നിർമ്മലവാത്സല്യം 

വച്ചു സൂക്ഷിക്കുന്ന കൊച്ചുചെല്ലം 

രാവിലേ വന്നെന്റെ വാതിലിൽ കാവലായ് 

പാവനശാശ്വതസ്നേഹബദ്ധൻ.

“നേരം വെളുത്തിട്ടും ജോണിയുണർന്നില്ലേ 

സ്വരമായിപ്പൊഴും കൂർക്കമാണോ?

എന്നുള്ള ചോദ്യത്തോടൊന്നിച്ചു വാതിലിൽ 

മന്ദംമന്ദം രണ്ടു മുട്ടുകേട്ടു.

ആരെന്നറിഞ്ഞു ഞാനൊറ്റക്കുതികൊണ്ടു 

പാരാതെ മെത്തയേവിട്ടെണീറ്റു

വാതിലും തട്ടിത്തുറന്നു നോക്കീടവേ

പ്രീതനായ് പുഞ്ചിരിതൂകി നില്ക്കും

ഉണ്ണിതന്നാനനത്തുമൃദുപങ്കജം

കണ്ണുകൾക്കാനന്ദപീയുഷമായ്

കണ്ടൊരു മാത്രയിൽ സ്നേഹിതന്മാർ ഞങ്ങൾ

രണ്ടുപേരും തമ്മിലാശ്ലേഷിച്ചു

അത്രയല്ലന്യോന്യം ചുംബനവർഷവു-

മൊത്തപോൽ നല്കി കൃതാർത്ഥരായി

തങ്കഭാസ്സോലുമാ നെറ്റിത്തടത്തിലും 

പൂങ്കവിൾ രണ്ടിലും മിന്നി നില്ക്കും

സ്വേദബിന്ദുക്കളായ മുത്തുകൾ കണ്ടു ഞാൻ 

സാദരം ചോദിച്ചു സ്നേഹപൂർവ്വം 

“ഓടിയതെന്തിനാണോമനത്തൂമുഖം 

വാടിവിയർത്തതായ്ക്കാണുന്നല്ലൊ?” 

കേവലം ചോദ്യത്താൽ തൃപ്തനാകാതെയാ

 പാവനരത്നങ്ങൾ ഭക്തിപൂർവ്വം 

തൂത്തുതുടച്ചെന്റെ കൈകളിലാക്കീട്ടു

പേർത്തുമാപൊന്മുഖത്തുമ്മവച്ചു. 

പാറിപ്പറന്നുകിടന്നൊരു പൂഞ്ചായൽ 

കൂറൊടേ ചന്തമായ് കോതിവച്ചു,

 “ഇന്നതിരാവിലേ വന്നതുസന്തോഷ-

മൊന്നിച്ചു കാപ്പി കുടിക്കാമല്ലൊ. 

ഇന്നലെയപ്പച്ചൻ വാങ്ങിച്ച ബിസ്ക്കറ്റി-

ലൊന്നും ഞാൻ തിന്നില്ല വച്ചിട്ടുണ്ട്. 

കണ്ണൻ പഴമുണ്ടു, വെണ്ണയും റൊട്ടിയും 

കണ്ണമ്മപ്പൈയിന്റെ ചൂടുപാലും

വേറെയുമുണ്ണിക്കുവേണ്ടുന്നതൊക്കെയും 

വേറൊരു വാക്കില്ല തന്നുകൊള്ളാം 

എത്രനാളായി ഞാനാശിക്കുമിക്കാര്യ –

മൊത്തുവന്നിന്നെന്റെ ഭാഗ്യപൂരം!

എന്താണുമിണ്ടാതെ തേനോലും പുഞ്ചിരി 

ചിന്തുന്നതെന്നു ഞാൻ ചോദിച്ചപ്പോൾ 

ഓമനക്കുട്ടനെൻ ജീവിതസർവ്വസ്വം 

സാമവചസ്സുകളേവമോതി.

“കാപ്പിക്കുനേരമായില്ലല്ലൊ, സാമോദ-

മിപ്പോൾ നമുക്കൊന്നു ലീലയാടാം.

ഞാനൊന്നൊളിക്കട്ടെ, ജോണി പിടിക്കുമോ?” 

സാനന്ദ“മാവാമെന്നോതി ഞാനും. 

ഓടിമറഞ്ഞുടനോമൽക്കുമാരകൻ 

തേടി ഞാൻ പിന്നാലേ യാത്രയായി. 

മുറ്റങ്ങൾ നാലിലും പൂവാടി തന്നിലും 

ചുറ്റിത്തിരഞ്ഞുഞാനക്ഷണത്തിൽ 

കാലിത്തൊഴുത്തിലും വാഴത്തോട്ടത്തിലും 

വേലിക്കിടയിലുമൊക്കെ നോക്കി. 

വണ്ടിപ്പുരയിലും വള്ളപ്പുരയിലും 

വീണ്ടുമാരാഞ്ഞു ഞാൻ പിൻതിരിഞ്ഞു. 

തിങ്ങിവളരുന്ന വള്ളിപ്പടർപ്പുകൾ 

പൊങ്ങാതെനില്ക്കുന്ന ചാമ്പത്തൈകൾ

എല്ലാം കുലുക്കിയിളക്കിമറിച്ചിട്ടും 

കല്യനാം കുട്ടനേ കണ്ടതില്ല.

മാവിന്റെ പിന്നിലും പ്രാവിന്റെ കൂട്ടിലും

ലാവണ്യപു ഞാൻ തിരഞ്ഞു. 

ക്ഷീണിതനായ് പരമെങ്കിലും കുട്ടനേ 

കാണാതെ മാറുകില്ലെന്നുറച്ചു. 

പാരിച്ച വിസ്തൃതി ചേരും പുരയിടം 

കാര്യമായ് ചുറ്റി ഞാൻ വീണ്ടും വീണ്ടും 

വല്ലാതെ വാടിത്തളർന്നു വിയർത്തങ്ങു 

ചെല്ലുമ്പോളമ്മച്ചിയെന്നെക്കണ്ടു.

മട്ടോലും നല്ലൊരു മന്ദസ്മിതത്തോടേ 

കെട്ടിപ്പിടിച്ചെന്നെയുമ്മവച്ചു. 

മാറോടുചേർത്തുകൊണ്ടേറ്റം നിഗൂഢമായ്

 കൂറൊടെ കാര്യമൊന്നോതി കാതിൽ.

വീടുമുഴങ്ങുമാറാഹ്‌ളാദഘോഷത്തോ –

ടോടി ഞാൻ വീണും പിടഞ്ഞെണീറ്റും 

സത്വരം ചെന്നെത്തി ശയ്യാഗാരത്തിലെൻ 

മെത്തയിൽ, ഭദ്രമായ് നിശ്ചലനായ് 

കണ്ണുമടച്ചു പുതച്ചുകിടക്കുന്നോ- 

രുണ്ണിയേ കണ്ടെത്തി; രണ്ടുപേരും 

പൊട്ടിച്ചിരിച്ചുപോയ് മാനസം തിങ്ങിടു-

മൊട്ടല്ലാതുള്ളാരു സന്തോഷത്താൽ

വീണു ഞാൻ തൽക്ഷണം മെത്തയിലേക്കെന്റെ 

പ്രാണസഖാവിന്റെ കൂടെത്തന്നേ.

കൈയൊടുകൈകോർത്തു സ്നേഹിതന്മാർ ഞങ്ങൾ 

മെയ്യോടുമെയ്‌ചേർന്നു വിശ്രമിച്ചു.

ശാശ്വതപാവനസ്‌നേഹത്തിൻ മാധുരി

നിശ്ശേഷമന്നു ഞാനാസ്വദിച്ചു. 

വന്ദ്യനാമാബാലമിത്രത്തിൻ ഹൃത്തട- 

സ്പന്ദനമേറ്റന്റെയന്തരംഗം

ആയിരം സ്വർഗ്ഗങ്ങളൊന്നിച്ചാൽ കിട്ടാത്ത 

സായുജ്യഭാഗ്യത്തിൽ മഗ്നമായി.

ദേഹങ്ങൾ രണ്ടുതാനെങ്കിലും ഹൃത്തുകൾ

സ്നേഹാഗ്നിജ്വാലയിൽ വെന്തുരുകി

ഒന്നായിത്തീർന്നുടനാകയാൽ ചിന്തയു- 

മൊന്നല്ലാതില്ലെന്നായ് രണ്ടുപേർക്കും.

വാണിയുമാസ്ഥിതി പൂർണ്ണമായ്‌ വർണ്ണിക്കാൻ

ത്രാണിയില്ലാതെ കുഴങ്ങിടുന്നു.

കാപ്പിയും ചായയുമമ്മയെത്തന്നെയു-

മല്‌പവും പിന്നെ ഞാനോർമ്മിച്ചില്ല.

ഉത്തമമായൊരു മൈത്രിയേ വെല്ലുന്നു 

നിസ്തുലസൗഭാഗ്യമെന്തുവേറെ! 

ജീവിതസാഫല്യം, ഭാവുകസർവ്വസ്വം 

കൈവശമായി ഞാൻ ധന്യനായി.

വീതവിശങ്കം ഞാനോതുന്നു, വേറൊരു 

ഭൂതിയെനിക്കിനി വേണ്ട വേണ്ട.

                                         (ദി ഏഞ്ചൽ ഓഫ് ദി ഫാമിലി, കോഴിക്കോട്, 1941)