കാശേ, നീയൊരു വിഷമക്കാരൻ

കാശേ, നീയൊരു വിഷമക്കാരൻ “
കശപിശ പറയും പ്രകൃതക്കാരൻ.
കാശില്ലാഞ്ഞാല്ലെല്ലാം വിഷമം
കാശുണ്ടായാലതിലും വിഷമം
കാശും കാശും കൂടിയുരഞ്ഞാൽ
“കശപിശ’’ പിന്നെപ്പറയാനില്ല.
കാശില്ലാതൊരു കാര്യം കാണാ-
നാശിച്ചാലതു സാദ്ധ്യവുമല്ല.
ദക്ഷിണവയ്ക്കാൻ കാശില്ലാഞ്ഞാൽ
ശിക്ഷണമൊന്നും ശുഭമാവില്ല.
കാശില്ലാതൊരു വിദ്യയുമില്ല
കാശില്ലാതൊരു സദ്യയുമില്ല
കാശില്ലാതൊരു കടയിൽ ചെന്നാൽ-
തോശ ലഭിയ്ക്കാ, ചായലഭിയ്ക്കാ.
കാശില്ലാഞ്ഞാൽ തയ്യൽക്കാരനു-
തൂശിയുമില്ല തുന്നലുമില്ല.
കാശില്ലാഞ്ഞാൽ കവിതക്കാരനു-
കടലാസില്ല തൂലികയില്ല
മാടമ്പിക്കു മനോഹരമാം മണി-
മേടകളില്ല മോടികളില്ല.
മണിവളമാലകൾ പട്ടാടകളും
മണവാട്ടിക്കു ധരിപ്പാനില്ല.
ചെല്ലക്കുഞ്ഞിനു കേളികളാടാൻ
നല്ലകളിപ്പാട്ടങ്ങളുമില്ല.
മുദ്രണമില്ല പുസ്തകമില്ല
മുദ്രപ്പത്രക്കാര്യവുമില്ല
വൈദ്യുതമോഹനദീപ്തികളില്ല
വാർത്താവിതരണജോലികളില്ല
‘ദീപിക’യില്ല ‘മനോരമ’യില്ല
‘ദിനമണി’യില്ല ‘കൗമുദി’യില്ല.
ഉത്സവമില്ല വെടിക്കെട്ടില്ല.
മത്സരമൊന്നും കലകളിലില്ല.
സമ്മാനങ്ങളുമില്ലതുവാങ്ങാൻ
ദുർമ്മോഹംകൊണ്ടുരസലുമില്ല.
കാശില്ലാഞ്ഞാൽ കേമന്മാരുടെ
ദേശാടനപരിപാടികളില്ല
കപ്പലുമില്ല വണ്ടിയുമില്ല
ക്ഷിപ്രതയുള്ള വിമാനവുമില്ല.
കാശില്ലാത്തവനേതൊരിടത്തും
മോശക്കാരൻ നാശക്കാരൻ.
കശുള്ളവനെത്തൊഴുനമിക്കും
കാശുള്ളവനൊടു മൈത്രി പിടിക്കും
കാശും കൈയിലൊതുക്കിച്ചെന്നാ-
ലാശിക്കുന്നവ ശുഭതരസാദ്ധ്യം.
കാശുംകൊണ്ടണയുന്നൊരു ശിഷ്യനി-
ലാശാൻ മധുരപ്പുഞ്ചിരിതൂകും.
കാശുണ്ടെങ്കിൽ ‘ഷെവലിയ’റാകാം
‘കുശല’നുമാകാം ‘തിലകനു’മാവാം
കേസുജയിക്കാം. പക്ഷേ, തെല്ലൊരു
കൂസലുവേണം കാശുണ്ടായാൽ,
കള്ളൻ വീട്ടിനകത്തുകടക്കും
കൊള്ള നടക്കും കൊലപാതകവും.
സ്വന്തക്കാരനുമീർഷ്യ ജനിക്കും
ബന്ധക്കാരും വൈരികളാകും
താനേതന്നേ- ധനികന്മാരേ
കോപിക്കല്ലേ-വഷളനുമാകും.
കാശുപെരുത്താൽ, വേണ്ടതിലധികം
കീശനിറഞ്ഞാൽ, മിത്രങ്ങളെയും
കണ്ടാലറിയാതാകും;ചിലരിൽ
കണ്ടില്ലെന്നും വരുമീദൂഷ്യം
കാശേ, നീയൊരു സൂത്രക്കാരൻ
കൗശലവേഷവിധാനക്കാരൻ.
രൂപം കണ്ടാലൊരു ഗുണമില്ല
‘രൂപാ’യെന്നൊരു പേരും നേടി
സുന്ദരനല്ല ‘ശുദ്ധ’നുമല്ല
സുന്ദരിമാർക്കും ‘ശുദ്ധ’ന്മാർക്കും
നിന്നെക്കണ്ടാലെന്തൊരു കാര്യം!
ധന്യം താവക ജാതകമോർത്താൽ.
കൊട്ടാരങ്ങളിലൊക്കെക്കാണാം
കോവിലകത്തും നിന്നെക്കാണാം
പൂട്ടിയപെട്ടിക്കകമേ, യാചകർ
നീട്ടിയ ഭിക്ഷാപാത്രങ്ങളിലും
നിന്നെക്കാണാം; നിന്റെ ചരിത്രം
വർണ്ണിച്ചെഴുതാൻ ലിപികൾ പോരാ.
എന്തൊരു വിദ്വാ,നെന്തൊരു സമ്രാ-
ട്ടെന്തൊരുമായിക,നെന്തൊരു കേമൻ!
(ദീപിക, 1 ഫെബ്രുവരി 1957)
