വിഡ്ഢികളാകരുതേ!

അങ്കണസീമനി വാലുകുലുക്കി
നടക്കും ചെറുപക്ഷീ,
നിൻകരളിൽത്തല്ലൊരു ഭാവം നീ
ഭൂമി കുലുക്കുവതായ്
എങ്കിൽ കേൾക്കുക, കുട്ടികളീർക്കിൽ
ക്കൂടാൽ കെണിവച്ചാൽ
തങ്കും നീയതിൽ ബന്ധിതനാകും
തീരുമഹങ്കാരം.
കൂസലകന്നിട്ടുത്തരമേറി
യിരിക്കും ഗൗളീ, നീ
പേശുവതെന്തീ മാളിക മുഴുവൻ
താങ്ങുകയാണെന്നോ?
മാർജ്ജനി മേലോട്ട്മുയർന്നാൽ,
നിന്നെ സ്പർശിച്ചാൽ,
മർദ്ദിതനായ് നീ വീഴും തറയിൽ,
ബാക്കിയുരയ്ക്കണമോ?
കൂപമടക്കി ഭരിച്ചതിനുള്ളിൽ
വാഴും ദർദ്ദൂരമേ,
നീ പറയുന്നിതു ഗൗരവമേറും
ദുശ്‌ശ്രവശബ്ദത്താൽ
സാഗരരാജൻ നീയാണെന്നും
ജലധിയതാണെന്നും
കാകൻ നോക്കിയിരിപ്പതു കണ്ടോ
നിന്നെ വിഴുങ്ങീടാൻ!
പത്താഴത്തിലെ നെല്ലു കൊറിക്കും
ചുണ്ടെലിയോതുകയോ?
“വിത്തേശൻ ഞാനെന്റേതാണീ
നെല്ലറ”യെന്നേവം
പക്ഷേ, പൂച്ചക്കുട്ടിയുമൊന്നു
കളിച്ചു കരഞ്ഞെങ്കിൽ
തൽക്ഷണമോടിയൊളിക്കും ധനദൻ
ദ്വാരനികേതത്തിൽ.
പക്ഷിക്കാഷ്ഠം വീണതിൽ നിന്നു
മുളച്ചു പരാചിതനായ്
വൃക്ഷത്തിന്മേലങ്ങനെ നില്ക്കുമൊ
രിത്തിളുരയ്ക്കുന്നു
“മസ്തകമായ് ഞാൻ നില്ക്കുകയാൽ നീ
മരമായ് ശോഭിപ്പൂ
നിത്യമെനിക്കടിമപ്പെടണം നീ,
ചുമലിൽപ്പേറുക മാം”.
ഫലഭാരത്താൽ ചില്ലകൾ താഴ്ത്തിയ
നല്ലൊരു തേന്മാവിൽ
പലനാൾ പാർത്തുവരുന്ന പിപീലിക
യുടമയൊടോതുന്നു
“തരുവിതിനോടു സമീപിച്ചാൽ നീ
ശിക്ഷിതനായ്ത്തീരും
സ്ഥിരമാണെന്നവകാശമിതിന്മേൽ,
നിയമമെനിക്കറിയാം.”
ഇങ്ങനെ പലതും കാണാം നമ്മുടെ
ചുറ്റിലുമെപ്പോഴും
സംഗതിയൊന്നേയുള്ളതിലെല്ലാം
ശരിയായോർത്തീടുകിൽ
തന്നത്താനറിയാതെയഹന്ത
യ്ക്കടിപെട്ടാലാരും
തന്നെത്തന്നേയവമാനിതനും
വിഡ്ഢിയുമാക്കീടും.
(വിശ്വദീപ്തി, ഡിസംബർ 1968)
