Kolilpetta Vanchi

കോളിൽപെട്ട വഞ്ചി


കാശവാണി പോൽ കേൾക്കയായ് ചോദ്യമൊ- 

ന്നാകാശത്തിൽ നിന്നോ ഹൃത്തിൽനിന്നോ!

“പത്രോസേ വഞ്ചി മറിഞ്ഞു മുങ്ങിപ്പോയോ?” 

പത്രോസു പുഞ്ചിരിതൂകിച്ചൊന്നാൻ,

“ഇല്ലില്ല വഞ്ചിയിൽ ഞങ്ങളെല്ലാവരും 

സോല്ലാസം നില്‌പൂ സുരക്ഷിതരായ്. 

നാഥനുറങ്ങുന്ന വഞ്ചി മുങ്ങിടുമോ!

ഭീതിയാൽ ഭോഷരായ് പോയി ഞങ്ങൾ.”

               ദേശികസത്തമൻ വിജ്ഞരിൽ വിജ്ഞനാ-

മേശുമിശിഹാതന്റെ ശിഷ്യരുമായ്

ഭൂലോകസംശുദ്ധി സാദ്ധ്യമാക്കീടുവാൻ 

ചേലോടേ ചുറ്റിനടക്കും കാലം. 

നല്ലൊരു സായാഹ്നം, തങ്കപ്രഭാകരൻ 

ഫുല്ലമനോഹരകാന്തിചിന്നി

ചക്രവാളത്തിൽ നില്ക്കുന്നു; “തോണിയി- 

ലക്കരയെത്തിടാ”മെന്നു നാഥൻ 

ചൊന്നതു കേട്ടുടൻ തോണി തയ്യാറാക്കി 

വന്ദിച്ചുണർത്തിച്ചു ശിഷ്യസംഘം. 

സാമോദം സൽഗുരുനാഥനും ശിഷ്യരും 

ശ്രീമത്താം ഗ്ലീലാക്കടൽ കടപ്പാൻ 

സന്നദ്ധരായിപ്പുറപ്പെട്ടു വഞ്ചിയിൽ 

പിന്നത്തേകാര്യം വിചിത്രമല്ലോ. 

ഒട്ടൊട്ടു വാഹനം മുമ്പോട്ടു നീങ്ങുന്നു 

പെട്ടെന്നു ഭാവം പകർന്നുവാനിൽ. 

കോളിളക്കംകൊണ്ടു ഭീകരമായ കടൽ, 

ഓളങ്ങൾ വഞ്ചിയിലാഞ്ഞടിച്ചു. 

പാളിക്കയറുന്നു വാഹനത്തിൽ വെള്ളം, 

കാളുന്നു യാത്രക്കാർക്കുള്ളിൽ ഭീതി. 

ഊക്കന്തരംഗങ്ങളാചെറു വഞ്ചിയേ 

പൊക്കുന്നു കീഴോട്ടെറിഞ്ഞിടുന്നു. 

“ഇക്കടൽ നമ്മെ വിഴുങ്ങിടു”മെന്നവ 

രോർക്കുന്നുണ്ടവരുമൊന്നുപോലെ 

പേടിച്ചു ദേഹം വിറകൊണ്ടു സാധുക്ക-

ളാടലിലാണ്ടു കുഴങ്ങിടുമ്പോൾ

എന്തു ചൊല്ലേണ്ടു ഞാൻ ലോകമഹാചാര്യൻ 

ചിന്താവിഹീനനായ് നിദ്രയത്രേത്രേ!

ഒന്നുമറിഞ്ഞില്ല, കണ്ണും തുറക്കാതെ

നന്നായ് കിടക്കുന്നൊരേകിടപ്പിൽ.

             എപ്പൊഴും മൂന്നുകാലങ്ങളും കാണുന്നോ-

നിപ്പോഴീ നിദ്രയിലാണ്ടുപോയോ?

നാട്യമല്ലേയിതു… നാഥാ ക്ഷമിക്കണേ!

കുട്ടികൾ തെറ്റുപറഞ്ഞുപോകും.

എന്തുമാകട്ടെ, പരിഭ്രാന്തചിത്തരാ-

യന്തികേ ചെന്നു വിളിച്ചു ശിഷ്യർ.

“നാശം സമീപത്തായ്, നാഥാ രക്ഷിക്കണേ-

യാശ്രയം മറ്റാരും ഞങ്ങൾക്കില്ല. 

ഞങ്ങളീയാഴിയിൽ മുങ്ങിനശിച്ചീടി- 

ലങ്ങേയ്ക്കു ലേശവും ഖേദമില്ലേ?” 

വിണ്ണവർ നാഥനീ രോദനം കേട്ടുടൻ 

കണ്ണുതിരുമ്മിത്തുടച്ചെണീറ്റു.

തെല്ലൊരു ഗൗരവഭാവത്തിൽ ശിഷ്യരേ 

നല്ലതുപോലൊന്നു നോക്കി നാഥൻ. 

“അല്പവിശ്വാസികൾ! ഭീരുക്കൾ! നിങ്ങളി- 

ന്നിപ്രകാരം വരാനെന്തുകാര്യം?”

എന്നുള്ള ശാസന നല്കി തന്റെശിഷ്യർക്ക് 

വന്ദ്യനാം ദേശികൻ സ്നേഹപൂർവ്വം. 

തൽക്ഷണംതന്നെ ശകാരിച്ചു കാറ്റിനേ

പ്രക്ഷോഭിച്ചാർത്തിടുമാഴിയേയും. 

കാറ്റും ശമിച്ചു, കടലും പ്രശാന്തമായ് 

ചുറ്റും ചെറുതിര നൃത്തമാടി. 

ഇപ്പുമാനാരെന്നു വിസ്മയം പൂണ്ടവ- 

രല്‌പവുമങ്ങേയറിഞ്ഞതില്ല.

             ലോകമഹാിതൻ കോളിളക്കം ബഹു-

ഭീകരമാകിലും ഭീതിവേണ്ട.

ചിന്മയൻ നമ്മൊടുകൂടിയുണ്ടെങ്കിലോ

നമ്മുടെ വഞ്ചി മുങ്ങീടുകില്ല.

                                                                                     (കുടുംബദീപം, ജൂലായ് 1956)