ലാസറസ്സ് അഥവാ അഴലിനപ്പുറം ആനന്ദം

അനിതര പരിശുദ്ധരാഗവായ്പാൽ
മനുമകനുള്ളാരു ഹൃത്തടം കവർന്ന്
ചിതമൊടുകൃതകൃത്യയായി വാണാൾ
മതിമുഖിമാർ മണിമേരിമഗ്ദലേനാ.
പിഴ പലതവൾ പണ്ടുചെയ്തതെല്ലാം
മിഴിജലധാരയിലത്തൊഴുക്കിവിട്ട്
കഴലിണപണിയാനടുത്തനാൾ തൊ-
ട്ടൊഴികഴിവെന്നിയെ നാഥനും തെളിഞ്ഞു.
അവനുടെ പാദപങ്കജേയണഞ്ഞാ
നവമധുവിന്നെതിരാംവചോമൃതത്തേ
ശ്രവണയുഗളസീമനി ചേർത്തുകൊൾവാ-
നവിരതമക്കുയിൽ വാണിയാഗ്രഹിച്ചു.
പലതിഹ പറയേണ്ട; മഗ്ദലേനാ-
യ്ക്കുലകിതിലാകെയിതേകരാഗബന്ധം
പകലിരവൊരുപോലെ ദിവ്യനാമ-
ഗ്ഗുരുവിനെമാത്രമഹാ നിനച്ചു സാധ്വി.
അതിലിഹ ചെറുതില്ല വിസ്മയം, സത്-
പ്രണയഗുണാംബുധിയല്ലയോ വിശിഷ്ടൻ!
അടയിണ പണിയുന്നവർക്കു സാക്ഷാൽ
കെടുമതിയറ്റൊരു പാരിജാതമല്ലോ.
ശുഭമശുഭമിവറ്റിലൊന്നുപോലാ
ശുഭമതി സുസ്ഥിരചിത്തവൃത്തിയായി
അകതളിരതിലുറ്റഭക്തിയോടേ-
യജനുടെ തൃപ്പദതാർ ഭജിച്ചുവാണു.
സ്ഥിതിയിതുവിധമങ്ങിരിക്കവേ ദുർ-
വ്വിധിയൊരുദുഃഖമവൾക്കുയാത്രയാക്കി,
വലിയൊരു രുജയാലെ, ലാസറസ്സെ-
ന്നഭിധയെഴും സഹജൻ വലഞ്ഞുപാരം.
സുകൃതികളണിമൗലി, യേശുനാഥ-
ന്നരിയൊരുമിത്രമുടപ്പിറന്നവൾക്കോ
പരമവളുടെ ജീവനാണു സാക്ഷാ-
ലതിലുമവൻ സഹജാതനേകനത്രേ.
അവനുടെരുജലശാംഗിയാളിൽ
കദനഭാരം വലുതായണയ്ക്കയാലേ
കൃപയുടെ നിധിയായൊരാഭിഷക്കി-
ന്നടിമലരായമെന്നുറച്ചു മങ്ക.
ഉടനടിയൊരു ദൂതനേവിളിച്ചി-
ട്ടവൾ നിജസോദരി മർത്തയോടുമൊത്ത്
വിവരമതഖിലം പറഞ്ഞയച്ചാ-
ളൊരുചെറുവാക്യമതിന്നകത്തടക്കി.
“ഗുരുവര! കനിയേണമേ! ഭവാനുൾ-
പ്രിയമെഴുമാളിഹരോഗിയായ് കിടപ്പൂ”
ചെറുതരമൊരുവാക്യമെങ്കിലും സാർ-
സ്ഥകമിതുചെന്നറിയിച്ചുദൂതവര്യൻ.
അവനൊരു മറുവാക്കുരച്ചു നാഥൻ
രുജയിൽ ജീവവിനാശഹേതുവല്ല
അജനുടെ മഹിമാതിരേകമിന്നീ
ജനമറിയേണ്ടതിനുള്ള മാർഗ്ഗമത്രേ.
അകതളിരതിഭക്തിയാൽ നിറഞ്ഞു-
ള്ളവരുടെയർത്ഥനധിക്കരിക്കയാലോ,
ഉപരിഗുണമിയന്നവല്ലലാക്കും
ഗുരുവരത്തിൽ മറഞ്ഞിരിക്കയാലോ
ചെറുതുമൊരനുകമ്പ മിത്രനോടാ
പരമപുമാനുജനിച്ചിടായ്കയാലോ.
പദയുഗപരിശുദ്ധപാംസുജാലം
വസതിയതിന്നകമേയണച്ചിടാതെ
അജനുടെ സുതനാസ്ഥലത്തുതന്നേ
ചില ദിവസങ്ങൾ കഴിച്ചുകൂട്ടി വീണ്ടും.
അഥഗുരു നിജശിഷ്യരോടുമൊത്താ
സ്ഥലമണയേണ്ടതിനുള്ള യാത്രയായി
പരമവനുടെയാപ്തമിത്രമിപ്പോൾ
മരണമതിന്നിരയായ്ക്കഴിഞ്ഞിരുന്നു!
പരിചൊടു പരമാർത്ഥ ഭൂതഭാവി-
സ്ഥിതിഗതിയാകെയറിഞ്ഞ ദേവദേവൻ
വിവരമറിയാതെയല്ല പോകാൻ
കരുതിയിറങ്ങിയതെന്നു നിശ്ചയം താൻ.
ഗുണനിധി ഗുരുദേവനേശു ഭക്ത-
പ്രിയനണയുന്നൊരു വാർത്തകേട്ടു മർത്താ
പരിഭവലവലേശമെന്നിയേത-
ന്നരികിലണഞ്ഞെതിരേറ്റു ഭക്തിപൂർവ്വം
സവിനയമവളോതിനാൾ, “വിഭോ! നിൻ
തിരുവടിയാഗതനായിരുന്നുവെങ്കിൽ
സഹജനുമരണം വരാതെ രോഗം
സുഖകരമായി ഭവിക്കുമായിരുന്നു.
അജനുടെയരുമക്കുമാരനാണ-
ങ്ങതിലൊരു സംശയലേശമില്ലെനിക്കുഹൃത്തിൽ
പ്രിയമെഴുമൊരു താനതോർത്തു കണ്ടാൽ
സുതനുടെ യാചന ധിക്കരിപ്പതുണ്ടോ?”
മറുപടിയുടനേയുരച്ചുനാഥൻ,
“തവസഹജാതനുയിർത്തിടും ഗുണാഢ്യേ!”
അതിനുടനവളോതി “സത്യമത്രേ.
പൊതുവിധിനാളിതുസംഭവിക്കു”മെന്ന്.
മറുപടിഗുരുദേവനോതി, “ധന്യ
സഹജനു ജീവതലബ്ധി വീണ്ടുമുണ്ടാം
ചരണമിതനിശംഭജിച്ചിടുന്നോൻ
മരണമടഞ്ഞിടുകില്ല നിശ്ചയം താൻ.”
അരുളിയവചനത്തിനർത്ഥമപ്പോൾ
തരുണികൾ മൌലിധരിച്ചിരിക്കയില്ല
സഹജവിരഹഖിന്നമേരിയേയും
ജപമവൾ തത്രവിളിച്ചുകൊണ്ടുവന്നു.
സുകൃതിനി, ശുകവാണി, മേരി, ദിവ്യ-
പ്രണയഗുണാംബുധി, ബാഷ്പധാരയോടും
തൊഴുതൊരു കരപല്ലവങ്ങളോടും
പരമപുമാനുടെപാദതാരിൽ വീണാൾ.
കുലവധുഹൃദയം തകർന്നുകേണാൾ
ശിലയുമഴിഞ്ഞിടുമേങ്ങലോടുകൂടി
പ്രിയജനസവിധത്തിലന്തരംഗ-
വ്യഥയണപൊട്ടിയവാഹിനിക്കുതുല്യം.
കളമൊഴിയവളും വചിച്ചു, “ഭോ! നിൻ
തിരുവടി തന്നുടെ സന്നിധാനഭാഗ്യം
മമസഹജനുഹാ! ലഭിച്ചുവെങ്കിൽ
ചരമശിരോവിധി മാറുമായിരുന്നു.”
മതിമുഖി, മൃദുവാണി, ഗദ്ഗദത്താൽ
പതറിയ വാക്കുകൾ പൂർത്തിയാക്കിടാതെ
ഒരു ശിശുവിനു തുല്യമേങ്ങിയേങ്ങി-
ക്കരവതുകണ്ടു സഹിച്ചതില്ലനാഥൻ.
ഉടനടി ഹൃദയം കലങ്ങി, ബാഷ്പം
വടിവെഴുമാനയനങ്ങളിൽ കവിഞ്ഞു.
പരവശയബലാമണിക്കു തുല്യം
പരമപുമാനുമഹോ കരഞ്ഞുപോയാൻ!
അതിശയകരരംഗ, മീവിലാപ-
സ്ഥിതിയിതുകണ്ടവരാകവേ കരഞ്ഞാർ
പരനുടെ ഹൃദയം തകർന്നുകണ്ടാൽ
പരിസരവാസികൾകേണുപോകുമാരും.
അവനുടെയുടലെങ്ങുസംസ്കരിച്ചെ-
ന്നവരൊടു ദീനദയാലുവായനാഥൻ
കനിവൊടുമഥചോദ്യമൊന്നുചെയ്തി-
ട്ടനുപമശീഘ്രതയോടു താൻ നടന്നാൻ.
അഖിലഭുവനസേവ്യനാം ഭിഷക്കാ
മൃതനുടെ “ശാന്തിനികേതന”ത്തിലെത്തി
വലിയൊരു പുരുഷാരവും ക്ഷണത്തിൽ
കലിതകുതൂഹലമാസ്ഥലത്തണഞ്ഞു.
കവറിടമുടനേതുറപ്പതിന്നായ്
കനിവൊടുമാജ്ഞ കൊടുത്തു ദിവ്യനാഥൻ
സഹജകളതു നിർവ്വഹിച്ചശേഷം
ശുഭകരഭാവിയിലാശ പൂണ്ടുനിന്നാർ.
കരയുഗമുടനംബരത്തിലേയ്ക്കാ-
പരമപുമാനുടെ പുത്രനങ്ങുയർത്തി,
പരിചൊടുനിജതാതനോടുവേണ്ടും
പരമിദമർത്ഥനചെയ്തു ഭക്തിപൂർവ്വം
“കനിയുക കരുണാഗുണാംബു രാശ്ശേ
ജനക! മഹോന്നത! നിൻമഹത്വമിപ്പോൾ
ജനതതിയിഹകണ്ടുവിശ്വസിപ്പാൻ
മനുജനിവന്നുയിർവീണ്ടുമേകണേ നീ
അഥ ഗുരുനിശബ്ദമൊന്നുയർത്തി-
ച്ചിതമൊടു തന്റെ സുഹൃത്തിനേ വിളിച്ചാൻ
ഉടനവിടെ നടന്നൊരത്ഭുതത്തെ-
പ്പടുതയൊടോതുക വാക്കിനാലസാധ്യം.
കുഴിയതിലൊരു നാലുനാൾ കിടന്നൊ-
ട്ടഴുകിയ ദേഹമനശോഭയോടേ
കഴലിണകരയുബന്ധനങ്ങൾ-
ക്കഴിവുവരാതെഴുനേറ്റുനിന്നുശീഘ്രം.
മുഖമതിനുടെ മൂടുശീലമാറ്റി
ക്കരചരണങ്ങളഴിച്ചു വിട്ടനേരം
പരപുരുഷപദാംബുജം നമിച്ചാൻ
പെരിയകൃതജ്ഞതയോടു ലാസറസ്സും.
ബഹുജനമിതുകണ്ടു വിശ്വസിച്ചാ-
പ്പരമപുമാനുടെ ഭക്തരായ് ചമഞ്ഞാർ
പരിചൊടുപരിതോഷസാഗരത്തിൻ
തിരയടിസോദരിമാരുമേറെയേറ്റാർ.
കേണീടുന്നവരാശ്വസിക്കുമൊരു നാ,-
ളീലോകശോകാബ്ധിയിൽ
താണീടും ജനതയ്ക്കുശാശ്വത സുഖം
സ്വർഗ്ഗത്തിലുണ്ടായിടും
ചേണാർന്നുള്ളൊരു ഭാവിമംഗളമതിൻ
മാർഗ്ഗം തെളിച്ചീടുവാ-
നാണീമട്ടിനണഞ്ഞിടുന്നു ദുരിതം
തെറ്റാത്ത മുന്നോടിയായ്.
