Marthoma Vijayam 001

മാർത്തോമ്മാവിജയം

____(1970)____

ഒന്നാം സർഗ്ഗം


ശ്രീയേശുദേവ ഹൃദയക്ഷതമുദ്രയേറ്റ

കൈയേ,പ്രസീദ! തവ സിദ്ധികളെക്കുറിക്കാൻ 

നീയേ സഹായമിഹ ലേഖിനിയെൻ കരത്തി- 

ലായാസമെന്നി ചലനം തുടരാൻ; നമസ്തേ!                                             

1

കൊണ്ടാടിടേണ്ട കവിമുഖ്യർ തപോധനന്മാർ 

പണ്ടേ പവിത്രത വളർത്തിയിരുന്ന നാട്ടിൽ 

രണ്ടായിരം സമകൾ മുമ്പിഹ ഭാരതത്തി- 

ലുണ്ടായിരുന്നൊരു വിദേശി മഹർഷിമുഖ്യൻ.                                         

2

“മാർത്തോമ്മ’യെന്ന പരിപാവനനാമധേ-യ

മത്യന്തഭക്തിജനകം ജനതയ്ക്കുശേഷം 

മുത്തശ്ശിമാർ ചെറുകിടാങ്ങളൊടോതിടുന്നു, 

“മുത്തപ്പ’നെന്നു ചരിതങ്ങളുരച്ചിടുമ്പോൾ.                                               

3

പാരം വിശാലമറബിക്കടൽ പിന്നിലാക്കീ-

ട്ടാരാധ്യനേശുവിനു വത്സലനായതീന്ദ്രൻ

കേരങ്ങൾ തിങ്ങുമൊരു കേരളനാട്ടിലെത്തി-

ച്ചേരുന്ന രംഗമതു നല്ലൊരു കാവ്യമല്ലോ.                                                     

4

പോതങ്ങളൊട്ടധികമാ സലിലപ്പരപ്പിൻ 

മീതേ കിളർന്ന മണിസൗധനിരയ്ക്കു തുല്യം 

സ്‌ഫീതങ്ങളത്തുറമുഖത്തു കിടക്കയാലേ 

ജാതാഭിമാനനിലയാർന്നിതു കോടിലിംഗം.                                                   

5

മുത്തും പ്രവാളവുമനർഘമണിപ്രകാണ്ഡം 

പ്രത്യേകജാതി തുലയറ്റ സുഗന്ധവർഗ്ഗം 

മെത്തും മനോഹരതയാർന്നൊരു ദന്തശില്പ- 

മിത്യാദിയാൽ ചിലതിനുണ്ടതിയായ ഗർവ്വം.                                                  

6

ചുക്കുണ്ടു മറ്റു ചിലതിൽത്തടിയുണ്ടു നല്ല 

തേക്കും വിശിഷ്ടതരചന്ദനമെന്നിതെല്ലാം 

ചൊകൊണ്ട റോമ്മയിലെ നൗകകളൊട്ടനേകം 

നില്ക്കുന്നു നീണ്ട നിരയായഥ ഗ്രീസിലേതും.                                                

7

ഇക്കേരളക്കരയിലേക്കനിമേഷനായ്ത്താൻ 

നോക്കിക്കുളുർത്തു നയനങ്ങൾ മുനീന്ദ്രനേറ്റം 

ഒക്കുന്നതില്ല “ഗലിലായിതിനോടു തെല്ലെ- 

ന്നോർക്കുന്നതായി മുഖഭാവമുരച്ചിടുന്നു.                                                       

8

പത്രങ്ങളാൽ ഹരിതവർണ്ണവിശിഷ്ടമാകും 

ഛത്രങ്ങളേയണിനിരത്തിയ കേരജാലം

ഉത്തുംഗഭക്തിയധികാദരവെന്നിതെല്ലാം 

പൃഥ്വീശനെക്കവിയുമാറു ശമിക്കു നല്കി.                                                        

9

സമ്പൂജ്യനായ ഗുരുവിന്നെതിരേല്പു നല്കാൻ 

വെൺപട്ടു ചാർത്തിയഴകിൽക്കടലോരമാകെ. 

ഇമ്പത്തിനൊത്ത നവസൗരഭസഞ്ചയത്തിൻ 

സമ്പത്തുമായ്ക്കുളിർസമീരനുമോടിയെത്തി.                                                 

10

പ്രത്യൂഷദീപ്തിയിലമർന്ന മണൽപ്പരപ്പിൽ 

പത്തുക്കളാൽ മഹിതമുദ്രകൾ ചാർത്തി ദിവ്യൻ 

നിത്യം ലസിക്കുമൊരു മുദ്രകൾ തന്നെ,യെന്നാൽ 

മർത്ത്യന്റെ ദൃഷ്ടികളിലായവ മാഞ്ഞിരിക്കാം.                                                    

11

മുന്നോട്ടു നീങ്ങി സഹയാത്രികനായ ഹാബാൻ 

ധന്യൻ പതുക്കെ നടകൊണ്ടവനോടുകൂടി 

പിന്നിട്ടു പോന്നൊരലയാഴി, വിളിച്ചു നല്കും. 

സന്ദേശമെന്നതുകണക്കിനിരമ്പി വീണ്ടും                                                          

12

രണ്ടാളുമെത്തി വലുതാം നഗരത്തിനുള്ളിൽ

കണ്ടാലവർണ്യതരനിലഭൂതിയോടേ

ഉണ്ടായ പുത്തനമരാവതിതന്നെയല്ലോ 

പണ്ടേ പ്രശസ്തി പെരുകുന്നൊരു രാജധാനി.                                           

13

അങ്ങാടിയുണ്ടു സിനഗോഗു’കളുണ്ടു സൈന്യ- 

സങ്കേതമുണ്ടു വഴിയമ്പലമഗ്രഹാരം 

തുംഗങ്ങളാം വിപുല ചൈത്യമനേകമെന്ന- 

ല്ലെങ്ങും വിശിഷ്ടതരബുദ്ധവിഹാരജാലം.                                                   

14

ഉദ്യാനമുണ്ടുപവനങ്ങളുമുണ്ടനേകം

വിദ്യാലയങ്ങൾ ജനഹൃത്തുക്കൾ ദീപ്തമാക്കാൻ 

പ്രത്യേകകോളനികളും ചിരകാലമായി-

ത്തത്രസ്ഥരാകിയ യഹൂദവണിഗ്വരർക്കായ്.                                                 

15

ധാരാധരങ്ങളോടു തൊട്ടുകളിക്കുവാനോ 

താരാകുലങ്ങളൊടു വെല്ലുവിളിക്കുവാനോ 

പോരുന്നമട്ടു നിലയാണു നൃപാപാന്വയത്തി- 

ന്നാരാദ്ധ്യകണ്ണകി വസിച്ചരുളുന്ന കോവിൽ.                                                   

16

“മാതേവർ പട്ടണ’ മതങ്ങു പരന്നുപാരം 

ഖ്യാതി പ്രഭൂതിയോടു നീണ്ടു കിടന്നിരുന്നു 

യാതൊന്നുമില്ല കുറ’വിന്ദപുരീ’തി നാമം 

ശ്രീതാവുമാ നഗരിയർഹതയാർന്നെടുത്തു.                                                  

  17

നീടാർന്ന നാടതു ഹിമാലയസീമയാക്കി- 

ചൂടുന്നു മൗലി ബത സാർത്ഥകനാമമോടേ, 

സാടോപമനിമയവർമ്മ”നതി പ്രഗല്ഭൻ 

നാടാകെയന്നു കവികൾക്കു വിഹാരരംഗം.                                                      

18

കീർത്തിച്ചിരുന്നു കവിപുംഗവരന്നു ചേര

പ്പൃഥ്വീശരെക്കരൾ കവിഞ്ഞിടുമാദരത്താൽ 

കീർത്തിക്കു വെല്ലുവിളിയെന്നവിധം”പതിറ്റി- 

പത്തീ വിധത്തിലുളവായൊരു കാവ്യമല്ലോ.                                                       

19

സാമന്താരാണിമയവർമ്മനു ചോളപാണ്ഡ്യ- 

ക്ഷ്‌മാവല്ലഭപ്രഭൃതികൾ പുകളേറിടുന്നോർ 

ക്ഷേമാഭിവൃദ്ധിയതുലം, പ്രജകൾക്കു നാട്ടി- 

ലാമോദമിത്രയൊരിടത്തറിവില്ല നൂനം.                                                               

20

മാർത്തോമ്മ തന്റെ പദമുദ്രകൾ ചേരനാട്ടിൽ 

ചേർത്തൊരുനാൾ സുഭഗ, മാ നൃപസത്തമന്റെ 

പുതീവിവാഹപരമായ മഹോത്സവത്താ- 

ലാസ്ഥാനമോടി ശതകോടി വളർന്നിരുന്നു.                                                         

21

കല്യാണഭൂഷകൾ ധരിച്ച കുമാരിയേയും 

വെല്ലും പ്രതീതിയുളവാക്കുകയാണു രാജ്യം 

ചൊല്ലേണ്ടതെന്തു? കളിയല്ലനിമേഷരായി 

ട്ടല്ലോ ജനങ്ങൾ നിലകൊള്ളുവതേതിടത്തും.                                                  

22

നോക്കുന്നിടത്തെവിടെയും നവതോരണങ്ങൾ 

നില്ക്കാതെ കാറ്റിലിളകുന്നു തരംഗതുല്യം. 

ദിക്കെട്ടിലും മധുരമേളകൾ വാദ്യഘോഷം 

ചൊകൊണ്ട നാട്യനടനാദികളെന്നിതെല്ലാം.                                                      

23

രാജാവിനേകസുത, നാട്ടിനു രത്നദീപം, 

രാജീവന്റേത് സുകുമാരിയവരണ്യയത്രേ

വ്യാജോക്തിയല്ലഴകിലാണ്ടൊരു യൗവനശ്രീ- 

യാജന്മസുന്ദരമവൾക്കകതാരുമൊപ്പം.                                                             

24

സാമോദമാ സുഭഗയെ പ്രിയനൊത്തു കാണ്മാൻ

കാമിച്ചിരുന്ന ജനനീജനിതാക്കളിപ്പോൾ

ആമഗ്നരാണമിതഹർഷ മഹാർണ്ണവത്തിൽ;

ക്ഷേമോദയപ്രസരമെന്തു പറഞ്ഞിടേണ്ടൂ!                                                     

25

മല്ലാക്ഷിമാർ കുളികഴിഞ്ഞഴകാർന്ന കൂന്തൽ 

മെല്ലെക്കുടഞ്ഞു പിറകോട്ടു തടഞ്ഞുടക്കി 

തെല്ലും മടക്കിനുടവറ്റൊരു ശുഭ്രവസ്ത്ര- 

മല്ലോ ധരിച്ചു നടകൊള്ളുവതേതിടത്തും.                                                 

26

പ്രേഷ്ഠപ്രജാവലിയെ രാജനശേഷരേയും 

മൃഷ്ടാന്നമായ് വിഭവവിസ്തൃതമാം വിരുന്നിൽ 

ഊട്ടാൻ ക്ഷണി, ച്ചുപരികല്പനതന്നെ വിട്ടു 

നാട്ടിൽ കുബേരനു കുചേലനുമൊന്നുപോലെ.                                      

27

പോരാ, വണിക്കുകൾ തുടങ്ങി വിദേശികൾക്കും 

ചേരുംവിധം ക്ഷണമയച്ചു വിശാലചിത്തൻ 

ആരാനുമൊന്നവഗണിച്ചു വരാതിരുന്നാ- 

ലാ രാജനെത്തുമവനേ നിജവൈരിയായി.                                                

28

ഇക്കാര്യമൊന്നുമറിയാത്തൊരു പാന്ഥരേയും 

നോക്കി ക്ഷണിപ്പതിനു കിങ്കരവർഗ്ഗമെങ്ങും 

നില്ക്കുന്നു; ദാസ്യനിലയല്ലഭിമാനമത്രേ 

വായ്ക്കുന്നതാ യുവമുഖങ്ങളിലൊന്നുപോലെ.                                        

29

ഒട്ടേറെയാളുകളെയങ്ങനെയാ വിരുന്നി- 

ലൂട്ടാൻ ക്ഷണിച്ച പരിചാരകമുഖ്യനേകൻ 

കഷ്ടിച്ചു തെല്ലൊരു വിനാഴിക വിശ്രമിക്കാൻ 

കിട്ടീടുമെന്നു കരുതീട്ടൊരിടത്തിരുന്നു.                                                       

30

അപ്പോളതാ വരികയാണൊരു ദീർഘകായൻ, 

കൂർപ്പാസധാരി, മുടി നീട്ടിയ ശാന്തിരൂപം 

അല്പം കുനിഞ്ഞ വദനം, തടവറ്റു തെല്ലു 

കീഴ്പ്പോട്ടു നീണ്ടു വിരിമാറു മറച്ച മീശ.                                                        

  31

എപ്പോഴുമുണ്ടവിടെ യാത്രികർ ദൂരെനിന്നും 

കപ്പൽവരുംതുറ, വിദേശികൾ വന്നിറങ്ങും 

നിഷ്പന്ദദൃഷ്ടിയവധൂതനിലാർന്നു ഭൃത്യൻ 

കൂപ്പി ക്ഷണിച്ചു, സഹയാത്രികനേയുമൊപ്പം.                                              

32

നാട്ടിൽ കുറച്ചിടമറിഞ്ഞവനെന്ന ഭാവം 

കൂട്ടത്തിലുള്ളവനു തെല്ലു മുഖത്തു കാണാം. 

ത്വിട്ടോലുമക്ഷികൾ തിരിച്ചവനോടു ചോദി- 

ച്ചിഷ്ടം ഗ്രഹിച്ചിരുവരും ക്ഷണമാദരിച്ചു.                                                         

33

ദൂതൻ നയിച്ച വഴിയേ നടകൊണ്ടു; രാജ- 

പാതയ്ക്കലങ്കരണമോടികളെന്തു ചൊല്ലാം! 

ചേതോഹരം പല കമാനവിതാനമെല്ലാ- 

മേതാകിലും സസുഖമങ്ങവർ പിന്നിലാക്കി.                                                    

34

കൊട്ടാരവാതിൽ മഴവില്ലു കടഞ്ഞെടുത്ത 

മട്ടാണതിന്നകമഹോ നവദേവലോകം,

ഒട്ടല്ല വിസ്മയമവർക്കനിമേഷമായ 

നോട്ടം വിളിച്ചുപറയുന്നതു നിർവ്വിശങ്കം.                                                           

35

എങ്ങും മനോഹരതയോളമടിച്ചിടുന്ന 

രംഗം കുളിർത്ത കരളോടവർ നോക്കിനിൽക്കെ 

ഭംഗിക്കു ചേർന്ന വസനങ്ങളണിഞ്ഞൊരുത്ത- 

നങ്ങെത്തി “നിങ്ങളകമേ വരികെ”ന്നുരച്ചു.                                                      

36

 

ആനന്ദവായ്പിലിളകും ജനസഞ്ചയത്താൽ 

മാനം വളർന്ന പല ശാലകൾ മോഹനങ്ങൾ 

ആ നല്ല യോഗി സഹയാത്രികനും കടന്നു

ഗാനാദിമേളങ്ങളുമോളമടിച്ചുയർന്നു.                                                               

37

ചെന്നെത്തി നല്ലൊരു വിശാലനികേതനത്തിൽ 

പിന്നിട്ടതൊന്നുമതിലും വലുതല്ല നൂനം 

ഒന്നിച്ചനേകശതമാളുകൾ പന്തിയായ്- 

ച്ചേർന്നീടുവാനുചിതമായ വിരുന്നുശാല.                                                           

38

പണ്ടായിരുന്നിതു നടന്നതു; കേരളത്തിൽ

കൊണ്ടാടിവന്ന വലുതായ വിരുന്നിലെല്ലാം 

ഉണ്ടായിരുന്ന പതിവന്നു നിലത്തിരുന്നു. 

കൊണ്ടാണു ഭക്ഷണ,മിലയ്ക്കകമേ വിളമ്പും.                                        

39

ചന്തം കലർന്ന വിലയേറിയ കംബളങ്ങ- 

ളന്തസ്സിനൊത്തവിധമങ്ങു വിരിച്ചു നീളെ 

പന്തിപ്രമാണികൾ തുടങ്ങിയിരുന്നനേക 

പന്തിക്കുമാത്രമവിടെ ക്ഷണിതാക്കളപ്പോൾ.                                            

40

തൂശൻ നിരന്നു ശുചിയായ് നെടുനീളെ,യേതു-

മാശയ്ക്കടക്കമിയലാത്തവരാഞ്ഞു നോക്കി. 

മേശയ്ക്കുമേലണിനിരന്ന സുവർണ്ണതാല- 

രാശിക്കുമില്ലതിനൊടൊത്ത മനോഹരത്വം.                                               

41

തുമ്പപ്രസൂനമടികൂപ്പിടുമോദനം, നൽ 

സാമ്പാറു,വെണ്ണ, ദധി, പപ്പടവും, പരിപ്പും 

അമ്പറ്റ കാള,നവിയൽത്തര,മോല,നേറെ 

വമ്പത്വമാർന്ന പ്രഥമൻ, പുകളാർന്ന വത്സൻ.                                             

42

പാല്പായസം കദളി തൊട്ട പഴങ്ങ,ളെണ്ണാ- 

നല്പം പ്രയാസമതുപോൽ വിഭവങ്ങളെല്ലാം 

ഒപ്പം നിരന്ന സമയത്തിടമില്ല തൂശ-

നപ്പോൾ പരസ്പരമിടഞ്ഞവ തിക്കലായി. (യുഗ്മകം)                                   

43

എല്ലാവരും സസുഖമൂണു തുടങ്ങി; ഭോജ്യ- 

മെല്ലാം വിളമ്പിയവ മുമ്പിലിരുന്നിടുമ്പോൾ 

തെല്ലുംരുചിപ്പതിനുപോലുമൊരാശയുള്ളി- 

ലില്ലാത്ത മട്ടിലവധൂതനുമങ്ങിരുന്നു.                                                              

44

കാനായിലത്ഭുതവിരുന്നിനു പങ്കെടുത്താൻ 

ധ്യാനത്തിലാണ്ടവിധമൊന്നു പകർന്നുഭാവം 

ആനന്ദവായ്പു ഹൃദി തിങ്ങി നിറഞ്ഞിടുമ്പോ- 

ളൂനം പെടാത്ത വിഭവങ്ങളുമാരു നോക്കും?                                                 

45

“ഏതോ വിദേശി, യിവനീ വിഭവങ്ങൾ കണ്ടി- 

ട്ടേതും പിടിച്ചവിധമ”ല്ലൊരുവൻ പറഞ്ഞു.

ചോദിച്ചു മറ്റു ചില “രൊന്നുമശിച്ചിടാത്തോ- 

രീ ദേഹമെന്തിനു വിരുന്നിലിടം കളഞ്ഞു?”                                                     

46

“പേരെന്തു? ദേശമെവിടെ?ത്തനിയേ കൊടുങ്ങ-

ല്ലൂരെന്തിനെത്തിയവിടു”ന്നിതുമട്ടിലെല്ലാം 

ആരാഞ്ഞുകൊണ്ടു പല ചോദ്യമുയർന്നിരുന്നു, 

ചാരത്തിരുന്നവരിൽനിന്നവധൂതനോടായ്.                                                        

47

“ശാന്തൻ, മഹർഷി,യകമേ കപടം നിറഞ്ഞ 

തന്ത്രങ്ങളൊക്കെയുമടക്കിയ ചാര”നേവം 

പന്തിക്കിരുന്നവർ പലതരമോതിയെന്നാ- 

ലന്തർഗ്ഗതങ്ങളവരെങ്ങനെ കണ്ടിടുന്നു?                                                          

48

മിണ്ടാതിരുന്നു ചില മാത്രകൾ കണ്ണു താഴ്ത്തി-

ക്കൊണ്ടാഴമേറുമൊരു ചിന്തയിലാണ്ടമട്ടിൽ 

ഉണ്ടായിരുന്ന സഹയാത്രികനേയടുത്തു 

കണ്ടില്ല, തെല്ലകലെ മാറിയിരുന്നിരിക്കാം.                                                        

49

മന്ദം നിവർന്ന മുഖചന്ദ്രനിൽ നിന്നുമപ്പോ

മന്ദസ്മിതപ്പുതുനിലാവുതിരുന്നമട്ടായ് 

ഒന്നാകെ നോക്കിയവിടുന്നു വിരുന്നുകാരേ 

ചൊന്നാൽ ചുരുങ്ങിയ വചസ്സുകളീ വിധത്തിൽ:                                             

50

“എൻ നാടു ദൂരെ ഗലിലേയ, യഹൂദനി ഞാ- 

നെൻ നാമധേയമതു തോമ്മ, ധരിച്ചിടേണം 

ഇന്നാട്ടിലെത്തി ചില ജോലികൾ ചെയതിന്നാ- 

യെൻ നാഥനേകിയൊരു കല്പനമൂലമായി.                                                     

51

യാദൃശ്ചികം ക്ഷണമെനിക്കു ലഭിക്കമൂല- 

മൗദാര്യബുദ്ധിയരചന്റെ ഹിതാനുസാരം

ജാതാദരവത്തോടു സമാഗതനായി, രാജ- 

പ്രീതിക്കുവേണ്ടിയിഹ, സദ്യയിലൂണിനല്ല.”                                                 

52

വീണ്ടും കുനിച്ചു മുഖ മങ്ങനെ മുമ്പിലെപ്പോൽ 

മിണ്ടാതിരുന്നു വിഭവങ്ങളെ നോക്കിടാതെ. 

ഉണ്ടിട്ടെണ്ണീറ്റവർ കരം കഴുകിത്തുടച്ചു-

കൊണ്ടാണിരിപ്പു തുടരുന്നതു കംബളത്തിൽ.                                         

53

ശ്രീലപ്രഭാലസിതമായ സുവർണ്ണവെള്ളി- 

ത്താലങ്ങളിൽ, വിതരണത്തിനുവേണ്ടിയപ്പോൾ 

ഓലും സുഗന്ധമെഴുമക്കളഭാദിയെല്ലാം 

ചാലേ വഹിച്ചു യുവകേസരിമാരണഞ്ഞു.                                                   

54

മാനത്തു നിന്നു കളിയാടി നിലത്തു വീണ 

മേനിപ്പകിട്ടു വഴിയും കലകൾക്കു തുല്യം

മീനാക്ഷിമാരണിനിരന്നവരാലപിക്കും 

ഗാനാമൃതത്തിൽ വിലയിച്ചു മഹാസമൂഹം.                                                  

55

ഏണാക്ഷിയേക മതിബിംബമുരുക്കി വാർത്ത- 

താണെന്നു തോന്നുമുട,ലഭ്രസകാശകേശം 

വീണയ്ക്കു നാണമരുളും സ്വരവും, കുമാരീ-

മാണിക്യമെങ്ങുമടിവച്ചുനടന്നു പാടി.                                                              

56

താളത്തിനൊത്തു സരസം ചിലർ കൈയടിച്ചു 

മേളത്തിനൊത്തു പലരും തല മന്ദമാട്ടി 

തോളിൽപ്പിടിച്ചു ചിലർ മറ്റവരെക്കുലുക്കി 

നാളീകതയവൾ നോക്കിയതില്ലിതൊന്നും                                                      

57

ഉണ്ണാതിരിക്കുമൊരു യോഗിവരന്റെ മുമ്പിൽ 

പെണ്ണായ് പിറന്നൊരഴകങ്ങനെ ചെന്നുനിന്നു 

കർണ്ണാമൃതം പുതിയ ഗീതകമാലപിച്ചു,

കണ്ണൊന്നുയർത്തിയവളെശ്ശമിയുറ്റുനോക്കി.                                            

58

അക്ഷാന്തിയാൽ ക്ഷുഭിതനായൊരു ഭൃത്യനപ്പോ- 

ളക്ഷോഭ്യനാം പുരുഷനോടു കയർത്തടുത്തു. 

ശിക്ഷാർഹനോ പരമസാത്വികനെന്തറിഞ്ഞു? 

പക്ഷേ, കനത്തൊരടിയക്കരണത്തുവീണു.                                                 

59

ശാന്തംപരം വിനയവും ക്ഷമയും കലർന്ന

ശാന്തസ്വരത്തിലതിനുത്തരമെന്നമട്ടിൽ 

എന്തോ പറഞ്ഞിതരഭാഷയിലാകമൂല- 

മെന്തെന്നു കേട്ടവർ ധരിച്ചതുമില്ല തെല്ലും.                                                   

60

ആ ഗായികാമണി യഹൂദയവൾക്കുമാത്രം 

വേഗത്തിലായതു ശരിക്കു മനസ്സിലായി

യോഗീന്ദ്രനിൽ ചടുലദൃഷ്ടികൾ ചേർത്തു, വന്നോ-

രാഗസ്സനല്പതരമെന്നകതാരിലോർത്തു.                                                       

61

നിശ്ചഷ്ടയായി നിലകൊണ്ടവളാ ജളന്റെ 

ദുയേഷ്ടിതത്തിനൊരു ഭീകരശിക്ഷ കഷ്ടം! 

ഉച്ചിക്കുനേർക്കു നിലകൊള്ളുകയാണതോർത്തു

പശ്ചാത്തപിച്ചവളതിൽപ്പരമെന്തു ചെയ്യാം!                                                     

62

സിദ്ധന്റെയാനനമതീന്ദ്രിയകാന്തിപൂണ്ടു 

മുഗ്ദ്ധയ്ക്ക് ഭക്തിയവിടുത്തോടനമായി 

അദ്ദേഹവും പുതിയ കീർത്തനമൊന്നു പാടി 

കൽദ്ദായഭാഷയതിൽ, നല്ലൊരു ഭക്തഗാനം.                                                 

63

നോക്കിക്കരങ്ങൾ തൊഴുതേറ്റമടുത്തുചെന്നു

തൃക്കാൽ നമിപ്പതിനു പെൺകൊടി നീങ്ങിടുമ്പോൾ 

കേൾക്കാം മഹാബഹളമൊന്നുടനമ്പരന്നു

മൈക്കണ്ണിയാൾ വിറയലോടു തിരിഞ്ഞുനോക്കി.                                       

64

ഓടുന്നതുണ്ടു ചിലർ നാലുവഴിക്കുമേറ്റം

കൂടുന്ന ഭീതിയൊടു ബാലകർ നാരിമാരും.

കാടെങ്ങുമില്ല; “കടുവാ കടുവാ വരുന്നെ”

ന്നോടും ജനാവലി വിളിച്ചുപറഞ്ഞിരുന്നു.                                                 

65

എന്താണു ചൊല്ലുക? കറുത്തൊരു പട്ടിയപ്പോ-

ളന്തംമറന്നവിധമോടിവരുന്നു ശീഘ്രം 

എന്തോ കനത്തൊരു പദാർത്ഥമിഴച്ചുതൂക്കി- 

പ്പന്താടിയാണു വരവില്ലൊരു കൂസലേതും.                                                

66

ദുഷ്ടന്റെയാ വലതുകൈ! ജനസഞ്ചയത്തേ 

ഞെട്ടിച്ച കാഴ്ച; യൊരുപോലവർ മൂകരായി 

ശിഷ്ടന്റെ മുമ്പിലതു വച്ചു മൃഗം നമിച്ചു 

പിട്ടല്ലൊരത്ഭുതമിതിൽപ്പരമെന്തു വേണം?                                                

67

ധിക്കാരിയക്കഠിനധിതി ചെയ്തശേഷം 

സല്ക്കാരശാലയുടെ വാതിൽകടന്നിറങ്ങി 

ചിക്കെന്നെടുത്തു കുടമൊന്നു കരത്തിൽ വെള്ളം 

മുക്കേണ്ടതിന്നൊരു കുളത്തിനടുക്കലെത്തി.                                          

68

സിദ്ധന്റെ ശാപമുടൽ പൂണ്ടണയും വിധത്തിൽ 

ശാർദ്ദൂലമൊന്നവിടെയൂക്കൊടു ചാടിവീണു

ക്രുദ്ധിച്ചു ചീന്തി ഖലനേ, യൊരു സാരമേയം 

മർദ്ദിച്ചൊരക്കരമെടുത്തിഹ പാഞ്ഞണഞ്ഞു.                                            

69

കൊണ്ടാടിടേണ്ടുമൊരു വന്ദ്യനെ നിന്ദ്യനാക്കി- 

ക്കണ്ടാൽ ക്ഷമിച്ചിടുകയില്ലഖിലേശനെന്നായ് 

മിണ്ടാത്ത ജീവികൾ നമുക്കു തരുന്നു പാഠം, 

രണ്ടില്ല പക്ഷമതുതന്നെ നടന്നതിപ്പോൾ.                                                       

70

കല്യാണനാൾ! സകലഭൂതിയുമാർത്തിരമ്പി- 

ക്കല്ലോലമേളകളെ നാട്ടിൽ നിരത്തിടുമ്പോൾ

ചൊല്ലേണ്ടതെന്തശുഭമൊന്നിടയിൽക്കടന്നി- 

ട്ടെല്ലാം കലക്കി, ജനമാകെ വിഷണ്ണരായി.                                                       

71

“താഡിച്ച ഹസ്തമൊരു പട്ടി കടിച്ചുതൂക്കി-

യോടിക്കിതച്ചിവിടെയെത്തിടുമെന്റെ മുമ്പിൽ”

കോപം വെടിഞ്ഞു ശമിയേവമുരച്ചിരുന്ന 

ശാപോക്തി ഗായികയിൽനിന്നു ജനം ഗ്രഹിച്ചു.                                            

72

“പക്ഷേ, വിദേശിയവനുന്നതസിദ്ധിയെല്ലാ- 

മാക്ഷേപമറ്റവിധമാർന്ന മഹർഷിവര്യൻ 

രാഷ്ട്രത്തിനും വിന വരാമിതിനാലെ,ശാപ- 

മോക്ഷം ലഭിക്കണമുടൻ” പലരേവമോതി.                                                    

73

സമ്രാട്ടുമിക്കഥകൾ കേട്ടു പരിഭ്രമിച്ചു 

നിർമ്മായസത്യമറിയേണ്ടതിനായുഴന്നു 

സമ്പൂജ്യനെങ്കിലവധൂതനെയാദരിക്കാ- 

നമ്പോടു തന്റെ മണിമാളികവിട്ടിറങ്ങി.                                                             

74

മെയ്കാവലി,ല്ലൊരുവനില്ലൊരകമ്പടിക്കും

ഭൂകാന്തനൊത്ത വസനാദിവിശേഷമില്ല

സാകൂതമെത്തി ജനദൃഷ്ടികളിൽപ്പെടാതെ-

യേകാകിയായ് സുകൃതി വാണൊരിടത്തു ഭൂപൻ.                                         

75

കൊട്ടാരഗായിക യഹൂദ തിരിച്ചറിഞ്ഞു 

പെട്ടെന്നു പൊന്നുതിരുമേനിയെ, ഭക്തിപൂർവ്വം 

കുട്ടിക്കുരംഗമിഴി കൂപ്പി നമിച്ചു പാദം 

രാട്ടിന്റെയാഗമനമേവരുമാദരിച്ചു                                                                       

76

ദുഷ്ടന്റെ കൈ രുധിരമൂറിയുറഞ്ഞു പാരം 

ദൃഷ്ടിക്കു ഭീകരത ചേർത്തു കിടന്നിരുന്നു 

കൂട്ടാക്കാമെന്നി രണഭൂമി തകർത്തിടുന്നോൻ 

ഞെട്ടിപ്പറഞ്ഞു “ജഗദീശ്വര, പാഹി,പാഹി!                                                        

77

കേൾക്കുന്നു തെല്ലകലെ രോദനമൊന്നിതപ്പോൾ 

വായ്ക്കുന്നു ഭീതി ജനഹൃത്തുകളിൽ പ്രഭൂതം 

ആർക്കോ വിപത്തിനിയുമെന്നവരോർത്തിരിക്കാം 

ദുഷ്കർമ്മകൃത്തുകൾ ഭ്രമിച്ചു വിറച്ചിരിക്കാം.                                               

78

താങ്ങിപ്പിടിച്ചു ചിലർ ശപ്തജഡത്തെയല്ലോ 

രംഗത്തു കൊണ്ടിഹ വരുന്നതു, വിസ്മയം താൻ. 

എങ്ങാനുമപ്പിശിതഭുക്കൊരു മർത്യദേഹം 

തിന്നാതെ വിട്ട കഥയിങ്ങനെ കേൾവിയുണ്ടോ?                                       

79

കിട്ടുന്ന ജീവികളെ നിർദ്ദയമായി ഹിംസി- 

ചഷ്ടിക്കു വേണ്ട വകയാക്കിയഹങ്കരിക്കും, 

കാട്ടിൽ പ്രതാപി കടുവായ്ക്ക് രുചിച്ചതില്ല 

ദുഷ്ടന്റെ കല്മഷമലീമസമാം ശരീരം.                                                           

80

സ്തംഭിച്ചു നിന്നിതു ജനാവലിയാകമാനം 

വമ്പത്വമാർന്ന നൃപനും ബത മൂകനായി 

മുമ്പിലക്കിടത്തിയപരാധിയെ വാഹകന്മാർ 

കുമ്പിട്ടു സിദ്ധനെ വണങ്ങിയകന്നു നിന്നു.                                                 

81

അപ്പോളുണർന്നഥ സമാധിയിൽനിന്നു ദിവ്യ- 

നപ്പാപിയിൽക്കരുണയാൽ ഹൃദയം കവിഞ്ഞു. 

ഉൽബാഹുവായുടനെണീറ്റു വിയത്തിൽ നോട്ട- 

മർപ്പിച്ചുകൊണ്ടു ചില മാത്രകൾ നിന്നിരുന്നു.                                             

82

മെല്ലെക്കുനിഞ്ഞവിടെ വീണുകിടന്ന ഹസ്തം 

ചൊല്ലുന്ന പ്രാർത്ഥനകളോടു കരത്തിലേന്തി 

ചെല്ലേണ്ടിടത്തു ശരിക്കു പിടിച്ചു ചേർത്തു 

കല്യന്റെ കൈകളവനേ മൃദുവായ്ത്തലോടി.                                                 

83

“കൊള്ളാം സഹോദര, നിനക്കു വരട്ടെ ശാന്തി-

യെല്ലാം ക്ഷമിച്ചു ജഗദീശ, നെണീറ്റുപോകാം.” 

വല്ലായ്മയെന്നിയവധൂതവചോമൃതത്താൽ 

സോല്ലാസമാ നരനെണീറ്റു പദങ്ങൾ കൂപ്പി.                                                     

84

തൃപ്പാദതാരിണയിൽ വീണു മഹീമണാളൻ 

കല്പിച്ചകത്തു വരുവാൻ യതിയെ ക്ഷണിച്ചു. 

അല്‌പേതരാദരവു ഭാരതഭൂമിപന്മാർ- 

ക്കെപ്പോഴുമീനിലയിലുണ്ടു മഹർഷിമാരിൽ.                                                 

85

ആനീതനായ് മണവറയ്ക്കകമേ പരിവ്രാ-

ട്ടാശിസ്സു ദമ്പതികളിൽ ചൊരിയേണ്ടതിന്നായ് 

ആനന്ദമൂർത്തികളെയുള്ളു തെളിഞ്ഞു നോക്കി- 

ട്ടാ നിന്ന നില്പിലൊരു പുഞ്ചിരിതൂകി ധന്യൻ.                                                 

86

ആരാണു ദിവ്യനിവനെന്നറിയാതെ,യെന്നാ- 

ലാരാഞ്ഞിടുന്നതിനു മാത്രകൾ പോക്കിടാതെ 

ആ രാജദമ്പതികൾ ചേവടികൂപ്പി, മന്ദ 

സ്മേരം പവിത്രമകതാരു കവർന്നിരിക്കാം.                                                       

87

എന്തോ ജപിച്ചു പരിപാവന നവ്യമായ 

മന്ത്രങ്ങളർത്ഥമറിയാതവർ കേട്ടുനിന്നു 

എന്താകിലും സുധ കടഞ്ഞു ചെവിക്കകത്തു 

ചിന്തും പ്രതീതിയതിനാലിരുവർക്കുമുണ്ടായ്.                                                 

88

ദിവ്യപ്രഭാജടിലമായി മുഖ, മന്തമറ്റ

ഭവ്യങ്ങൾ ദമ്പതികളിൽ ചൊരിയേണ്ടതിന്നോ 

കൈയൊന്നുയർന്നു കുരിശാകൃതിയിൽ ചലിച്ചു; 

ചെയ്യുന്ന കൃത്യമതിലെക്കഥയാരറിഞ്ഞു?                                                        

89

ശ്രീയേശുദേവനുടെ പൂജിതനാമധേയം 

മായാത്ത മുദ്ര ഹൃദി ദമ്പതിമാർക്കു ചേർത്തു 

മായാമയം ഭുവനമാകെ വെടിഞ്ഞു ശീഘ്ര- 

മാ യോഗിയേയനുഗമിപ്പതിനായുറച്ചു.                                                              

90

ആരാണു കാണ്മതകമേ പരിവർത്തനങ്ങൾ 

ചേരുന്ന, താ സുദിനമങ്ങനെയസ്തമിച്ചു. 

ആ രാവിലാദ്യമവർ തമ്മിലടുത്തിരുന്നു 

നേരേ തുറന്നു ഹൃദയങ്ങൾ വെളിപ്പെടുത്താൻ.                                             

91

കല്യാണമാർന്ന നവദമ്പതിമാർക്കടുത്ത

സല്ലാപമല്ലവർ തുടങ്ങിയതെന്തുകൊണ്ടോ? 

എല്ലാം ത്യജിച്ച ശമികൾക്കു സമാനരായി- 

ക്കല്യാണിയും വരനുമത്ഭുതമങ്ങിരുന്നു.                                                 

92

രണ്ടാളുകൾക്കുമൊരുപോൽ പറയേണ്ട കാര്യ- 

മുണ്ടായിരുന്നു; ചില മാത്രകൾ കണ്ണു താഴ്ത്തി 

മിണ്ടാതിരുന്നു നെടുവീർപ്പുകളിട്ടു; പിന്നീ- 

ടുണ്ടായ കാര്യമുരചെയ്യുവതേതു വാക്കിൽ?                                           

93

ആശങ്കയെന്നിയൊരു പുരുഷനങ്ങു നില്ക്ക- 

ന്നാശിസ്സു നല്കിയൊരു ദിവ്യനു തുല്യനായി 

വീശും മഹസ്സവനു ചുറ്റിലുമുണ്ടു, പണ്ടു 

മോശയ്ക്കു ചേർന്ന മുഖരശ്മികളിത്രയില്ല.                                             

94

“നിങ്ങൾക്കു ശാന്തി”യവനോതി “യഭിന്നവാഞ്ഛ 

തിങ്ങുന്ന നിങ്ങളതു തമ്മിലറിഞ്ഞിടാതെ 

മംഗല്യരാത്രിയിതിലോ നെടുവീർപ്പിടുന്നു? 

ഭംഗംവിനാ ഹൃദയശാന്തി വരട്ടെ മേന്മേൽ.                                                  

95

വന്ദിച്ചു നിന്നു പരമാദരവോടുകൂടി- 

സ്സന്ദേഹമാർന്നവർ പരസ്പരമൊന്നു നോക്കി 

എന്നാലുമേതുമറിയാത്തവിധം കുഴങ്ങി 

നിന്നോരു നേരമവരോടരുൾ ചെയ്തു ദിവ്യൻ.                                         

96

“ഞാനാണു മർത്ത്യകുലരക്ഷകനേശുദേവൻ 

ഞാനാണു യോഗിയുടെ പൂജിതദേശികാഢ്യൻ” 

താനേ കുനിഞ്ഞൊരു ശിരസ്സുകൾ രണ്ടിലേക്കു- 

മാനന്ദരൂപനുടെ കൈകളമർന്നു പിന്നെ.                                                   

97 

എണ്ണാവതോ ഹൃദയയുഗ്മവികാരമപ്പോൾ 

വിണ്ണോർ നമിപ്പൊരു പദങ്ങളിൽ രണ്ടുപേരും 

കണ്ണീർക്കണങ്ങൾ കുസുമങ്ങൾ കണക്കുതീർത്തു 

പെണ്ണും പുമാനുമതിലന്നു സമാനരായി.                                                     

98

ക്ഷണപ്രഭാസമാനനായ് മറഞ്ഞു ദേവനെങ്കിലും 

തണുത്തിടാത്ത ചൂടു തട്ടി മാനസങ്ങൾ രണ്ടിലും

അണഞ്ഞിടാത്ത ദീപയുഗ്മമായതെളിഞ്ഞുമേലിലേ-

ക്കുണർച്ചയോടെരിഞ്ഞു ദീപ്തി ചുറ്റിലും പരത്തുവാൻ.                       

99

 

അന്നത്തെ രാത്രി, യോരോ നിമിഷവുമരചൻ 

             തള്ളിനീക്കീട്ടുഷസ്സിൽ-

ച്ചെന്നെത്തിക്കണ്ടു ചാരത്തരുമകളെയും

             പ്രീതനാം കാന്തനേയും

ഒന്നിച്ചപ്പോൾ ജപിക്കുന്നിരുവരുമൊരു പോ-

              ലേശുനാമം പവിത്രം

നന്നായ് ശ്രദ്ധിച്ചു രാട്ടിന്നതു നിശിതശരം- 

             പോലെ കാതിൽക്കടന്നു.                                                                    

100

കോപം ദുസ്സഹമായി ഭൂപ, നകമേ 

             ചാടിക്കടന്നു” വൃഥാ

ലാപം മ്ലേച്ഛത,യെന്തു നിങ്ങളുരുവി- 

              ട്ടീടുന്നു” വെന്ന് വിധ,

ക്ഷോഭത്തോടു പുലമ്പിയെങ്കിലുമഹോ- 

              ഭീരുക്കളാകാതെ നി

സ്തോഭം പാവനമേശുനാമമതുപോൽ-

ത്തന്നേ ജപിച്ചീടിനാർ.                                                                                     

101

“ദുഷ്ടൻ മായികനാ ജളന്റെ വലുതാം

          ക്ഷുദ്രപ്രയോഗം മഹാ-

കഷ്ടം! വത്സലപുത്രരേ വഴിപിഴ

           പ്പിച്ചു സഹിക്കില്ല ഞാൻ

കെട്ടിക്കൊണ്ടു വരട്ടെ ശീഘ്രമവനെ- 

           പാറാവിലിട്ടീടുവാൻ

കൊട്ടാരത്തിലെനിക്കു സേവകരതി-

            ന്നാണുങ്ങളിന്നില്ലയോ?”                                                                    

102

കേരളപ്പെരുമാളൊരംഗുലി ചൂണ്ടിയാലിളകീടുമീ-

കേരളം തമിഴ്നാടശേഷവുമെങ്കിലും യതിവര്യനെ 

വീരകേസരിമാർക്കുമത്തിരുമുമ്പിലൊന്നു നയിക്കുവാൻ 

തീരെയെത്തുപെടാതെ വന്ന പരാജയം പരമത്ഭുതം!