രണ്ടാം സർഗ്ഗം

മാനം മനോഹാരിതയാർന്നു, മദ്ധ്യേ-
യാനന്ദദൻ വെണ്മതിയുല്ലസിച്ചു
വിരിച്ച വെൺപട്ടിലിരുന്നു പൊട്ടി-
ച്ചിരിച്ചിടും ഡിംഭനു തുല്യനായി.
1
പാലാഴിയിൽക്കേളികഴിഞ്ഞു തള്ളി
ക്കേറും തരംഗാവലിയെന്നമട്ടിൽ
വെളുത്ത മേഘങ്ങൾ നിരന്നു തിങ്ങി-
പരത്തിടുന്നുണ്ടോളിയംബരത്തിൽ
2
ഇലഞ്ഞി പൂത്തിട്ടു സുമങ്ങൾ കാറ്റിൽ
പറന്നുചുറ്റും വിതറപ്പെടുമ്പോൽ
നിരന്ന താരാവലിയംബരത്തി-
ന്നതുല്യമാം ഭൂഷണമായി ഭവിച്ചു.
3
സരസ്സിലെ സ്ഫാടികമാം ജലത്തിൽ
കളിച്ചിടും ഹംസയുഗങ്ങൾ കണ്ടാൽ
വെളുത്ത മേഘങ്ങളടർന്നു വീണി-
ട്ടിളക്കമാർന്നീടുകയെന്നു തോന്നും.
4
നിലയ്ക്കു നില്ക്കാതെ കുതിച്ചുപാഞ്ഞാ-
കലക്കവെള്ളിത്തികവാൽ മദിച്ച
തരംഗിണിക്കുളത്തെളിവിപ്പൊഴുണ്ടായ്.
ഗതിക്കുമാപ്പാകത കാണുമാറായ്.
5
ആകാശരംഗം തടിനീജലത്തി-
ന്നാഴത്തിലും കണ്ടു കുമാരകന്മാർ
കുതിച്ചുചാടാൻ തുനിയുന്നു, മുങ്ങി
പ്പെറുക്കുവാനച്ചെറുപൂക്കളെല്ലാം
6.
കുട്ടിക്കുരംഗാക്ഷികൾ പെൺകിടാങ്ങൾ-
ക്കൊട്ടല്ല കൗതൂഹലമാ സുമങ്ങൾ
പൊന്നോണനാളേയ്ക്കു പെറുക്കിവച്ചു
മാവേലിതൻ സ്വീകരണം നടത്താൻ.
7
ആമ്പൽപ്രസൂനങ്ങളകംതെളിഞ്ഞു
വിരിഞ്ഞു തിങ്ങുന്ന കുമുദ്വതിക്കും
വിണ്മങ്കമാർക്കൊത്ത വധുക്കൾ തിങ്ങും
വെണ്മാടശില്പത്തിനുമില്ല ഭേദം.
8
തെളിഞ്ഞ നൽ പൗർണ്ണമി; പാർത്ഥിവന്മാർ
ധനാഢ്യരെല്ലാം മണിസൗധമേറി
ആനന്ദമേളങ്ങളിലാണ്ടു മട്ടു-
പ്പാവൊക്കെയും ഭൂഷിതമാക്കിടുന്നു.
9
ഗുണ്ടപ്പർ രാജാവു, ജഗത്തിലെങ്ങും
രണ്ടില്ല പക്ഷം പ്രഥിതൻ പ്രഗത്ഭൻ
തണ്ടാരിൽമാതിൻ ദിനരാതനൃത്തം-
കൊണ്ടുത്സവം തന്നെ പുരത്തിലെന്നും.
10
കലാവിശേഷങ്ങളനേകമട്ടിൽ
സദാപി സമ്മോഹനനൃത്തമാടും
വിദ്യാമഹാവേദിയുമുണ്ടു; തക്ഷ-
ശ്ശിലയ്ക്ക് ചൊല്ലാനുപമാനമുണ്ടോ?
11
സംസ്കാരസർവ്വസ്വവുമൊത്തുചേർന്നു
ദിക്കെട്ടിലും ദീപ്തി പരത്തി നില്ക്കും
അതുല്യമായുള്ളൊരു ശക്തികേന്ദ്ര-
മതെന്നു വിദ്വജ്ജനമോതിടുന്നു.
12
എടുപ്പുകൾക്കെന്തൊരു മേന്മ വാസ്തു-
പ്രദർശനത്തിന്നു തുനിഞ്ഞിടുമ്പോൽ
ഒന്നൊന്നിനേക്കാളഭിമാനപൂർവ്വം
നിന്നിട്ടു മാലോകരെ നോക്കിടുന്നു.
13
ഇതൊന്നുകൊണ്ടും മതിയില്ല, ലോക-
മിന്നേവരെകണ്ടറിയാത്തമട്ടിൽ
മയന്റെ മായാസഭ പിന്നിലാക്കീ-
ട്ടുയർത്തണം നല്ലൊരു രമ്യഹർമ്മ്യം
14
എന്നേരവും ചിന്തയതാണു, കാര്യ-
മന്നും മഹാറാണിയൊടോതി ഭൂപൻ
“വന്നീടുമാ ഭാഗ്യമടുത്തുതന്നേ
യൊന്നല്ലയോ നമ്മുടെ ജാതകങ്ങൾ?
15
ആരാണു ശില്പി വരൻ? ജഗത്തി
ലാരാനുമുണ്ടോ മയനേ ജയിക്കാൻ?
പോരും പെരുന്തച്ചനധീനനായാൽ,
നാരായണാ!’ സാധ്വി ചിരിച്ചു ചൊന്നാൾ.
16
വരട്ടെ നമ്മെക്കളിയാക്കിടാതെ,
വരുത്തിടും ശില്പികുലാഢ്യനേ ഞാൻ
വരും ശരത്തിൽക്കുളിർവെണ്ണിലാവേ
റ്റിരുന്നിടും നാം നവസൗധമൊന്നിൽ.
17
നടന്ന സംഭാഷണമീവിധത്തിൽ
തുടർന്നുപോകും സമയത്തുതന്നെ
അതാ ഹരിക്കാരനൊരുത്തനെത്തീ-
ട്ടടക്കിനില്ക്കുന്നിതു പഞ്ചപുച്ഛം.
18
“ഹാബാൻ യഹൂദൻ…” മുഴുവൻ പറഞ്ഞി-
ല്ലാ നാമധേയത്തിലകം തെളിഞ്ഞോ?
രാജാവു മഞ്ചത്തെ വെടിഞ്ഞെണീറ്റി-
ട്ടാമോദനൃത്തത്തിനൊരുക്കമായി.
19
തുടർന്നു ഭൃത്യൻ, “മുഖമൊന്നു കാണി-
പതിന്നു നേരം തിരുവുള്ളമെല്ലാം.
ആരാഞ്ഞു നില്ക്കുന്നു, പറഞ്ഞിടേണ്ടും
കാര്യങ്ങൾ കല്പിച്ചരുളാൻ തൊഴുന്നേൻ”
20
“ഉഷസ്സിലെത്തട്ടെയവൻ; കുളിച്ചു
ജപിച്ചു മറ്റും പരിപാടിയെല്ലാം
കഴിഞ്ഞു നാമെത്തിടുമപ്പൊഴേക്കും
വരട്ടെ; നീ ചെന്നറിയിക്ക വേഗം.”
21
ലസിച്ചു നില്ക്കുന്നൊരു പാർവ്വണേന്ദു
കരത്തിലായ്ത്തീർന്നൊരുമട്ടിലപ്പോൾ
തെളിഞ്ഞു ഭൂപന്റെ മുഖം; ശരിക്ക-
ന്നുറങ്ങിയോ? സംശയമുണ്ടതിങ്കൽ.
22
ഹാബാനെയാമാത്രയിലാനയിപ്പാൻ
തിടുക്കമാർന്നുള്ളു പിടച്ചിടുന്നു
പക്ഷേയുഷസ്സാണൊരു നല്ലനേരം
നല്ലൊരുകാര്യത്തിനുവേണ്ടിയല്ലേ?
23
നിശീഥിനീദേവിയെയുന്തിനീക്കി-
ക്കടത്തിയങ്ങേപ്പുറമാക്കി വിട്ടു
പ്രഭാതസൂര്യന്റെ സമാഗമത്തിൻ
പ്രഭാവമന്നെന്തു പറഞ്ഞിടേണ്ടൂ!
24
കുളിച്ചു തേവാരമതീവഭക്ത്യാ
കഴിച്ചനേകം വിഭവങ്ങളെല്ലാം
നിരന്ന മേശയ്ക്കൊരു ചാരിതാർത്ഥ്യം
വരുത്തി രാജാവമൃതേത്തിനാലേ.
25
രാജോചിതം വേഷമണിഞ്ഞു വേഗം
മെയ്കാവൽ സൈന്യങ്ങളൊരുങ്ങിനില്ക്കും
വിശാലമാം ശാലയിലെത്തി മന്ദ-
സ്‌മേരപ്രസന്നൻ നൃപമൗലിരത്നം.
26
“ഹാബാൻ വരട്ടേ” തിരുവായ് മൊഴിഞ്ഞു,
യഹൂദനേകൻ തിരുമുമ്പിലെത്തി
വിനീതനായിട്ടു നമിച്ചു നിന്നു
കല്പിച്ചുചോദിച്ചു നരേന്ദ്രനേവം:
27
“എന്താ വിശേഷം? പറയൂ, നമുക്കു
സന്തോഷമോ? വാർത്തകൾ കേട്ടിടട്ടെ
വിദഗ്ദ്ധനാം തക്ഷകനേ ലഭിച്ചോ?
ഹിതത്തിനൊക്കും മണിമേട തീർക്കാൻ.
28
“ഇറാൻ, ഇതാ ശില്പിയുണ്ടു കൂടെ,
വെളിക്കവൻ കല്പന കാത്തു നില്‌പൂ
വിളിച്ചിടാമുത്തരവാകുമെങ്കിൽ
കാണാം ഗ്രഹിക്കാം പരമാർത്ഥമെല്ലാം.”
29
ആനീതനായ തോമ്മയുടൻ, മുഖത്തേ
മാനാധികപ്രാഭവമെന്തു ചൊല്ലാം!
പ്രായത്തിലും മദ്ധ്യവയസ്കനത്രേ
തെളിഞ്ഞു കാഴ്ചയ്ക്കുനൃപന്റെ ചിത്തം.
30
കാര്യങ്ങൾ ചോദിച്ചുതുടങ്ങി, ശില്പി
സാമാന്യനല്ലെന്നു ധരിച്ചു മന്നൻ
മരത്തിലും കല്ലിലുമെന്നുവേണ്ട
ജലത്തിലും ശില്പമറിഞ്ഞ കേമൻ.
31
ചിത്രം വരയ്ക്കും സവിശേഷമായി-
ശ്ശാസ്ത്രങ്ങളിൽ ജ്ഞാനവുമല്പമല്ല
വാചാലതയ്ക്കും കുറവില്ല, പാരം
വിനീതനും കൂടുതലെന്തുവേണം?
32
ആകെത്തെളിഞ്ഞു തിരുവുള്ള,മപ്പോൾ
ഹാബാനു സല്ക്കാരകടാക്ഷമേകി
വിളിച്ചു ചാരത്തു, കനത്തു തിങ്ങും
സുവർണ്ണനാണ്യക്കിഴിയൊന്നു നല്കി.
33
കല്പിച്ചു പാൽപുഞ്ചിരിയോടുകൂടി-
“സമർത്ഥനാത്മാർത്ഥതയുള്ളവൻ നീ
തല്ക്കാലസമ്മാനമിതോർക്ക; നേരം-
നോക്കാതെയെത്താമിഹ മേലിലും തേ”.
34
“പോകാം സ്ഥലം നോക്കുകതന്നെ”യെന്ന-
ങ്ങോതീട്ടു ഭൂപാലനെണീറ്റു ശീഘ്രം
പല്ലക്കിലേറിസ്സസുഖം തിരിച്ചു
തച്ചൻ മുഴക്കോലുമെടുത്തിറങ്ങി.
35
അകമ്പടിക്കാളു കുറച്ചുമാത്ര-
മാർഭാടമില്ലാതെഴുന്നള്ളി ഭൂപൻ
സ്ഥലങ്ങളോരോതരമൊന്നിലേറെ-
ക്കാണിച്ചു, ശില്പിക്കൊരിടം പിടിച്ചു.
36
“ഉയർന്ന മേടാണു, വിശാല,മേറ്റം
സുഖപ്രദം കാറ്റു സദാപി വീശും
വേനല്ക്കു വറ്റാതെ ജലം ലഭിക്കും,
കാഴ്ചയ്ക്കുമീദൃശ്യമതീവരമ്യം.
37
കിളർന്നു സൗധം കുറതീർന്നിടുമ്പോ-
ളീഭാരതത്തിന്നിതുതാൻ കിരീടം
സുദീർഘമാം വർണ്ണനയെന്തിനെല്ലാ-
മറിഞ്ഞിടാം ഭാസുരഭാവിയാലേ.”
38
ശില്പിപ്രവീണൻ തിരുമുമ്പിലേവ
മുണർത്തി, രാട്ടിന്നതു ബോദ്ധ്യമായി.
കലാവിദഗ്ദ്ധൻ പറയുന്ന വാക്കിൽ
മനീഷിമാർക്കില്ലെതിരേതിടത്തും.
39
കണക്കു വേഗം ശരിയാക്കി നന്നായ്
വരച്ചുവേണ്ടും പരിലേഖമെല്ലാം
സമർത്ഥനാകും തൊഴിലാളി തന്റെ
വിലപ്പെടും മാത്രകൾ നഷ്ടമാക്കാ.
40
പിറ്റേന്നുഷസ്സിൽ തിരുമുമ്പിലെത്തി-
ത്തൃക്കൺ കുളിർക്കുംപടി രേഖയെല്ലാം
നിരത്തിവച്ചിട്ടു വിനീതനാകും
ശില്പീന്ദ്രനേവം വിശദീകരിച്ചു:
41
“കണ്ടാലു,മങ്ങേ ഹിതമൊന്നറിഞ്ഞു-
കൊണ്ടാലഹോ ഞാൻ കൃതകൃത്യനായി
സൗധപ്രകാണ്ഡങ്ങളസംഖ്യമായി
നിരന്നു രേഖാങ്കിതമായിരിപ്പൂ.
42
ഇതാ മഹാനാം തിരുമേനി,യങ്ങേ-
യാസ്ഥാനഗേഹം, സവിധത്തിലായി
ഡർബാർ മഹാമന്ദിരവും, വിശാല-
മന്തഃപുരം, പിന്നെ വിരുന്നുശാല.
43
ശയ്യാഗൃഹസ്ഥാനമിതാണു, വേനൽ-
ക്കാലത്തു പാർക്കാനിതു ശീതഹർമ്മ്യം
സുരോഗഭാനുക്കളുമങ്ങടുത്താൽ
താനേ കുളിർക്കും വിധുരശ്മിതുല്യം.
44
വിശാലമായ കൃത്രിമമായ നല്ല
ജലാശയത്തിന്നകമേ മനോജ്ഞം
ദ്വീപൊന്നു തീർത്തിട്ടതിലാണു ഹർമ്മ്യം
താനേ മുളച്ചങ്ങു വളർന്നമട്ടിൽ
45
അഭേദ്യമാം ഭിത്തികൾ ചൂഴ്ന്നിടും ശ്രീ-
ഭണ്ഡാരമാണിത്തെളിവുറ്റ രേഖ
അടുത്തു കാവൽപ്പുര,യങ്കണത്തി-
ന്നങ്ങേപ്പുറത്തായുധശാല കേമം.
46
വിദ്വത്സദസ്സിന്നിതുതന്നെ സൗധ-
മതിന്നടുത്തുള്ളതു നാട്യശാല
ഇതാ മഹത്തായൊരു ഗ്രന്ഥശാല-
യ്ക്കിടം. പ്രഭോ! വർണ്ണനയെന്തിനേറെ?
47
വേണ്ടുന്നിടത്തൊക്കെയുമങ്കണങ്ങൾ
മനോഹരോദ്യാനവിശേഷമെല്ലാം
ഉണ്ടെന്നുണർത്തുന്നു ചുരുക്കമായി-
ക്കണ്ടാസ്വദിക്കേണ്ടവതന്നെയല്ലോ.
48
ക്രീഡാതടാകങ്ങളുമൊന്നിലേറെ-
ക്കാണാം യഥാസ്ഥാന,മിതാ ഇതെല്ലാം
സാനീയസദ്മങ്ങൾ, പണിത്തരങ്ങ-
ളാനന്ദവായ്പിന്നുതകുന്നമട്ടിൽ.
49
എന്താണു ചൊല്ലേണ്ടതു? രേഖ കണ്ടാൽ
ചന്തം ഗ്രഹിക്കാനെളുതല്ല, പക്ഷേ,
പണിഞ്ഞുയർന്നാലൊരു കുറ്റമോതാൻ
ജഗത്തിലുണ്ടാകുകയില്ലൊരുത്തൻ.
50
അഹന്തയാലോതുകയല്ലിതൊന്നും
വിനീതനായ് സത്യമുരയ്ക്കുമാത്രം
മണിവജ്രത്തെ മണലെന്നു ചൊന്നാൽ
നുണയ്ക്ക് ചേരും വിനയത്തിനല്ല.”
51
ഇരുന്നുപോയ് കണ്ണുകൾ ചിമ്മിടാതെ
സ്വയം മറന്നോരനുഭൂതിയോടേ,
അത്യത്ഭുതസ്തബ്ധനഹോ നൃപാലൻ
ശില്പിപ്രവീണന്റെ മുഖത്തു നോക്കി.
52
“ആരാണിവൻ മായികനോ? മനുഷ്യ-
നാരാകിലും യാമിനിയൊന്നിനുള്ളിൽ
കൃത്യം പരം ഗൗരവമിത്ര നന്നായ്
തീർത്തീടുവാനെങ്ങനെ സാദ്ധ്യമാകും?”
53
മനസ്സിലീ ചിന്തകൾ ഗൂഢമായി
ട്ടുദിച്ചതല്ലാതുരിയാടിയില്ല.
അനാദ്യനന്തൻ ഗുരുവിന്റെ ശിഷ്യൻ
മനോഗതം കണ്ടവനേവമോതി:
54
“മഹാനുഭാവൻ തിരുമേനി, യങ്ങേ
യ്ക്കിതിങ്കൽ വേണ്ടത്ഭുതമേതുമോർത്താൽ
എന്നെപ്പഠിപ്പിച്ചൊരു ദേശികാഢ്യൻ
വിചക്ഷണന്മാർക്കുമധ്യേഷ്യനത്രേ.
55
മനുഷ്യഹൃത്തിൽ പണിയും മഹത്താം
കൊട്ടാരമദ്ദേഹമൊരൊറ്റ വാക്കാൽ
തകർന്ന ഹർമ്മ്യങ്ങളെ നിഷ്പ്രയാസം
സമുദ്ധരിക്കും നിമിഷത്തിനുള്ളിൽ.
56
ഭൂഗർഭഗർത്തങ്ങളിലാണ്ട സൗധം
വേഗത്തിലെത്തിച്ചുപരിസ്ഥലത്തിൽ
പൂർവ്വാധികം ശോഭയോടെ നിറുത്തും
മായങ്ങളില്ലാത്ത മഹാമനുഷ്യൻ.
57
ഇതൊക്കെ ഞാൻ കണ്ടതുതന്നെയെന്റെ
സതീർത്ഥ്യരോടൊത്തു മഹീശമൗലേ,
ആ നാളിലൊന്നിച്ചു പഠിച്ചു ഞങ്ങൾ
പന്ത്രണ്ടുപേരാ ഗുരുവിന്റെ കീഴിൽ.
58
ത്രൈലോക്യശില്പിപ്രവരന്നു ശിഷ്യ-
പ്പെടാൻ ലഭിച്ചുള്ളൊരു ഭാഗധേയം
അവാച്യമെന്നേ പറയേണ്ടൂ, മറ്റൊ
ന്നിഹത്തിലില്ലായതിനൊപ്പമോതാൻ.”
59
പറഞ്ഞു നില്ക്കുന്നതിനുള്ളിൽ ഭാവം
പകർന്നുപെട്ടെന്നതുകണ്ടു ഭൂപൻ
മുഖത്തു ദിവ്യപ്രഭയുജ്ജ്വലിച്ചി-
ട്ടുയർന്നൊരീ പ്രാർത്ഥനയും ശ്രവിച്ചു:
60
“തുടങ്ങിടുന്നോരു പണിക്കു മേന്മേൽ
തുടർച്ചയായ സദ്വിജയങ്ങൾ ചേരാൻ
ആരാദ്ധ്യനാമെൻ ഗുരുഭൂതരേ, തൃ-
പ്പദങ്ങളിൽ ഞാൻ പ്രണമിച്ചിടുന്നേൻ.”
61
സമാധിയാർന്നുള്ളൊരു യോഗിയെപ്പോ-
ലമാനുഷത്വം വിലസുന്ന വക്‌ത്രം
ഭൂപന്റെ കണ്ണും കരളും കവർന്നി-
ട്ടേവം വചിച്ചാദരവോടുകൂടി:
62
“തുടങ്ങിടേണം പണിയിന്നുതന്നേ
വരച്ചു കാണിച്ചതുപോലെയെല്ലാം
പടച്ചവൻ വിട്ടൊരു ശില്പിയാൽ ഞാ-
നനുഗൃഹിതൻ; ഭഗവന്നമസ്തേ!
63
ഭണ്ഡാരകാര്യസ്ഥനു ചീട്ടിതാ, പോയ്
കൊടുക്കണം, വേണ്ട പണം ലഭിക്കും.
എന്തെന്നു ചോദിക്കുകയില്ലൊരുത്തൻ
സ്വന്തം പണംപോൽ ചെലവിട്ടുകൊള്ളാം.
64
അടുത്തുതന്നെ പരിപാടി ദേശാ-
ടനത്തിനാണായതു തീർന്നുവന്നാൽ
ഏതാനുമെല്ലാം പണിതീർന്നമട്ടിൽ
കാണാൻ പ്രതീക്ഷിച്ചു നവീനഹർമ്മ്യം”
65
‘സൗധപ്രകാണ്ഡം പണിതീർന്നുകൊണ്ടാൽ
സർവ്വം ശുഭം പിന്നെ ഭവാനു നൂനം
ആനന്ദസർവ്വസ്വമതെന്നുതന്നെ
കാണാം പ്രതീക്ഷയ്ക്കുമതീതമായി.
66
കല്പാന്തകാലപ്രളയം വരട്ടെ-
യല്പം ഭയപ്പാടവിടേയ്ക്കു വേണ്ട
ഉറച്ചുനില്ക്കും മണിമേട; ഞാനി-
പ്പറഞ്ഞിടും വാക്കുകൾ സത്യമത്രെ.
67
ഭയങ്കരം വെള്ളിടി പാഞ്ഞുവന്നാ-
ലകന്നുപോകും ബഹുമാനപൂർവ്വം
ശത്രുക്കളോ പിന്നെയടുത്തിടുന്നു?
മാർത്താണ്ഡനും ശാന്തമയൂഖനാകും.
68
എന്നും വസന്തർത്തുവിലാസമോടേ
നിന്നീടുമുദ്യാനവിശേഷമെല്ലാം
വർഷാതിപാതം, വലുതായ വേനൽ
മറ്റീതിബാധാദികൾ സംഭവിക്കാ.
69
സ്ഥാനം ശരിക്കൊത്ത നികേതനങ്ങൾ-
ക്കീ നന്മയെല്ലാമവകാശമത്രേ
പലർക്കുമിക്കാര്യമവേദ്യമാം, സൽ-
ഗ്ഗുരുക്കളില്ലാത്തതുകൊണ്ടുതന്നെ.
70
തിരിച്ചെഴുന്നള്ളുവതിന്നു മുമ്പേ
ശ്രമിച്ചുകൊള്ളാം പണി പൂർത്തിയാക്കാൻ
നാളെത്തുടങ്ങിപ്പലദിക്കിൽനിന്നായ്
ജോലിക്കു വേണ്ടുന്നവരേ വരുത്താം.”
71
തച്ചന്റെ ഭാഷയിലെയാന്തരികാർത്ഥമേറ്റം
മെച്ചം കലർന്നതിഹ രാട്ടിനു കിട്ടിയില്ല.
പ്രച്ഛന്നവേഷമണിയും നടനെച്ചിലപ്പോ-
ളുച്ചപകൽപ്രഭയിലും തിരിയാതെ പോകും.
72
കൊട്ടാരം! ഭൂതലത്തിൽ പുതുമയൊടുയരും
ദേവലോകം! നിവാസം
പുഷ്ടശ്രീചേർന്നു രാജ്ഞീസഹിതമതിൽ! നൃപൻ
സ്വപ്നലോകത്തിലായി.
ഇഷ്ടംപോൽ ഭാരതത്തിൽ സുരുചിരതരമാം
ദിവ്യസൗധം ചമയ്ക്കാൻ
കിട്ടിപ്പോയ് വേണ്ടുവോളം ധന,മതിൽ വലുതായ്
തച്ചനും ചാരിതാർത്ഥ്യം.
73
