Marthoma Vijayam 003

മൂന്നാം സർഗ്ഗം


ഗുണ്ടപ്പർഭൂപാലനേ നാടുനീളെ-

ക്കൊണ്ടാടുന്നു കാര്യമായാരുമെങ്ങും. 

ഇന്ദ്രപ്രസ്ഥം താഴെനില്ക്കും വിധത്തിൽ

തീർന്നീടാൻ സംരംഭമായ് രാജധാനി.                                                              

1

വിദ്വാന്മാരും മാന്യരാം കാശുകാരും 

സിദ്ധന്മാരും കൈത്തൊഴിൽക്കാരുമെല്ലാം 

തമ്മിൽക്കണ്ടാലാദ്യമീ വർത്തമാനം 

തന്നെയാരംഭിക്കുമോരോതരത്തിൽ.                                                            

2

“ശില്പിശ്രേഷ്ഠൻ ചില്ലറക്കാരനല്ല 

കപ്പൽക്കാരൻ കൊണ്ടുവന്നെങ്ങുനിന്നോ 

ഒപ്പം നില്ക്കാൻ മറ്റൊരാളില്ല നാട്ടിൽ 

കുപ്പായം ചാർത്തുന്നവൻ, മീശ നീണ്ടോൻ                                                    

3

സ്ഥാനം നോക്കി സ്വന്ത ദണ്ഡാലളന്നു 

മാനം നോക്കിക്കുറ്റിയെല്ലാമടിച്ചു 

കാലം ദീർഘിക്കില്ല, കാര്യങ്ങളേതും 

ചാലെ തീരും ശീഘ്രമക്കൈകൾ തൊട്ടാൽ                                              

4

പക്ഷം രണ്ടില്ലക്ഷിചിമ്മുമ്പോഴേയ്ക്കും 

തക്ഷൻ തീർക്കും രേഖയെല്ലാം കണക്കും 

ഒട്ടുംതന്നെ കാത്തിരിക്കേണ്ട, കല്ലൊ- 

ന്നിട്ടാൽ പിന്നെസ്സത്വരം ജോലി തീരും.                                                      

 

5

എന്തെല്ലാമോ മേന്മകൾ കേട്ടിടുന്നു 

ചിന്തിക്കുമ്പോൾ സ്വപ്നമാണെന്നു തോന്നും

എന്തായാലും ഭാവിയിൽക്കണ്ടുതന്നെ

സന്തോഷിക്കാം, സംശയിക്കേണ്ടതില്ല                                                      

6

പ്രാസാദങ്ങൾ ഭൂതലംവിട്ടു വാനിൽ 

ഭാസ്വത്തായിത്തീർക്കുമത്രേ വിദഗ്ദ്ധൻ 

ധാരാപാതം നിത്യസൗഗന്ധികം നാ- 

മാരും കേട്ടിട്ടില്ല കാണാമതെല്ലാം.                                                               

7

മായാശില്പംതന്നെയെന്നോർത്തിടാനും 

ന്യായം കാണുന്നില്ലയോ? സത്യമെന്തോ! 

ജോലിക്കാരെക്കൂട്ടുവാൻ ശില്പിയെങ്ങോ 

പോയിട്ടുണ്ടെന്നാണു സംസാരമിപ്പോൾ.                                                   

8

സ്വർണ്ണം, രത്നം, രാജതം, ചന്ദ്രകാന്തം, 

വെണ്ണക്കല്ലും മേത്തരം വിദ്രുമങ്ങൾ 

വിണ്ണിൽപ്പോയിക്കല്പകക്കാതപോലും

പുണ്യശ്ലോകൻ കൊണ്ടുവന്നീടുമത്രേ.”                                                    

9

അപ്പോൾ കേൾക്കാം വാർത്ത വേറേതരത്തിൽ: 

“കുപ്പായക്കാരന്റെ തട്ടിപ്പു കൊള്ളാം 

കൊട്ടാരത്തിന്റെ ശില്പവൈശിഷ്ട്യമോതി- 

ക്കഷ്ടം! ശ്രീഭണ്ഡാരമാകെത്തുലച്ചു.                                                          

10

“ഞാനും കേട്ടു” മറ്റൊരാളോതി,” തച്ചൻ 

ദാനക്കാരൻ നല്ലവൻ തന്നെയെന്നായ് 

ആരാനും നേടുന്ന നേട്ടം കിടച്ചാ- 

ലാരും ലോഭംവിട്ടു ധർമ്മിഷ്ഠരാകും.                                                          

11

ഗ്രാമംതോറും സഞ്ചരിക്കുന്നു വിദ്വാൻ, 

പാവപ്പെട്ടോർ ചുറ്റിലുണ്ടതിടത്തും 

ഏതാണ്ടെല്ലാമോർത്തു ചൊല്ലിക്കൊടുക്കു- 

ന്നേതോ പുത്തൻവേദമാണില്ല തർക്കം.                                                     

12

കാശും കൈയിൽ കിട്ടിടും പിന്നെയെന്താ 

മീശക്കാരൻ നല്ല പേർ നേടുകില്ലേ? 

ദേശം ചുറ്റിസ്സഞ്ചരിക്കുന്ന ഭൂപൻ

ലേശം പോലും കേൾപ്പതില്ലേയിതൊന്നും?”                                               

13

“വേണ്ടാ തർക്കം” മറ്റൊരാൾ തീർത്തുരച്ചു 

“ഗുണ്ടപ്പർ രാട്ടുത്തമൻ നീതിമാനും 

ഉണ്ടാവില്ല നാടുവാഴിക്കു നാശം 

ശുണ്ഠിക്കാരേ, പന്തയംതന്നെയാവാം.                                                        

14

“വാക്കാലൊന്നും തീർച്ചയാക്കേണ്ടതില്ല 

നോക്കാമല്ലോ കണ്ണുരണ്ടാർക്കുമില്ലേ?

ഒക്കുമ്പോലാക്കുറ്റിയെല്ലാമടിച്ചി-

ട്ടിക്കാലത്തും വെൺപറമ്പാണതെല്ലാം.”                                                     

15

“നിൽക്കൂ, ഞാനും രണ്ടുവാക്കോതിടട്ടെ

കേൾക്കൂ, പിന്നെച്ചൊല്ലണം ബാക്കിയെല്ലാം. 

ധിക്കാരംപൂണ്ടുള്ള സംസാരമേവം

കേൾക്കാൻപോലും ഭീതിയുണ്ടെന്റെയുള്ളിൽ.                                       

16

കേട്ടോ നിങ്ങൾ കോടിലിംഗേശ്വരന്റെ

കൊട്ടാരത്തിൽ കമ്പമുണ്ടായ കാര്യം? 

ശിഷ്ഠന്മാരേ ധിക്കരിക്കുന്നതാർക്കും 

കഷ്ടംതന്നെ,യീശ്വരൻ ശിക്ഷ നൽകും.”                                                  

17

“അല്ലേ കൊള്ളാം കാരണോരെന്തുരച്ചു? 

വല്ലേടത്തുംനിന്നു വന്നെത്തിയേവം 

കള്ളംകാട്ടും കശ്മലൻ സിദ്ധനെന്നോ? 

പിള്ളേരോടിത്തന്ത്രമൊന്നും ഫലിക്കാ”                                                   

18

“എന്താ ശില്പിഷ്ഠനോടിത്ര ബന്ധം? 

സ്വന്തക്കാരോ കൂറെഴും കൂട്ടുകാരോ? 

അന്തസ്സാരംവിട്ട സംസാരമായാ-

ലെന്തും കേട്ടീടുന്നവർ ഗണ്യമാക്കാ                                                          

19

“മൂത്തോർവാക്കും മൂത്ത നെല്ലിക്കയെപ്പോ- 

ലാദ്യം കൈയ്ക്കും വീണ്ടിനിക്കായ് രസിക്കും. 

അദ്ദേഹത്തേ നിങ്ങൾ ഭർത്സിക്ക് നന്ന- 

ല്ലോർത്തീടേണം” നല്കി താക്കീതൊരുത്തൻ.                                       

20

മൈതാനപ്രാസംഗികന്മാരോടൊപ്പം

സ്വാതന്ത്ര്യത്തോടാരുമെന്തും പറഞ്ഞു. 

വീതാശങ്കം പിന്നെയും വാങ്ങി തച്ചൻ 

നീതിക്കൂനംവിട്ടു വേണ്ടുന്ന നാണ്യം                                                          

21

നാട്ടിൽത്തന്നെപ്പറ്റി ദൂഷ്യപ്രവാദം 

പൊട്ടിപ്പൊങ്ങിച്ചുറ്റിടും കാര്യമൊന്നും 

ഒട്ടു കേൾക്കുന്നില്ലയോ ശില്പി തോമ്മാ? 

കേട്ടാലെന്താണേതുമേ ഗണ്യമാക്കാ.                                                         

22

പൊങ്ങിശ്ശോഭിക്കുന്ന ശീതാംശുവൊട്ടും 

മങ്ങിത്താഴാറില്ല നായോളിയിട്ടാൽ; 

വിട്ടിൽ കേറിച്ചാടിയാൽ പാറയുണ്ടോ 

പൊട്ടിക്കമ്പം കൊള്ളുമാറുള്ള തെല്ലും                                                     

23

ദിവ്യാചാര്യൻ ക്രിസ്തു, ശിഷ്യന്റെ ശില്പം 

ഭവ്യം ചേർന്നീ ഭാരതത്തിനു നല്കും. 

സൗധം കാട്ടീട്ടുണ്ടഹോ! ദർശനത്തിൽ

ധൈര്യം പിന്നെത്തോമ്മയിൽക്കഷ്ടിയാമോ?                                           

24

ഇന്നത്തെപ്പോൽ ക്ഷിപ്രമായ് വാർത്തയെങ്ങും 

ചെന്നെത്തീടാൻസാദ്ധ്യമാകാത്ത കാലം 

എന്നാലും ക്ഷ്മാദൃത്തിനെത്തേടിയെത്തീ 

നന്നായ്ക്കാര്യം നീങ്ങുകില്ലെന്ന ദൗത്യം.                                                     

25

എത്തീ നാലഞ്ചാറുപേർ ഭൂമിപാലൻ 

പാർത്തീടും താൽക്കാലികത്താവളത്തിൽ 

പത്തുംകൂപ്പിസ്സാദരം പഞ്ചപുച്ഛം 

പേർത്തും വേണ്ടും പോലടക്കീട്ടു നിന്നു.                                                   

26

“ക്ഷേമം തന്നേയല്ലയോ നാട്ടിലെങ്ങും? 

നാമങ്ങേറെത്താമസിക്കാതെയെത്തും 

ആമോദത്താൽ റാണി സമ്പൂർണ്ണയല്ലേ? 

ശ്രീമാൻ മന്ത്രിക്കല്ലലേതാനുമുണ്ടോ?                                                         

27

കൊട്ടാരത്തിൽ ജോലി മുക്കാലുമായോ? 

ശിഷ്ടൻ ശില്പിഷ്ഠനും ശർമ്മമല്ലേ? 

നാട്ടിൽപ്പോകാനാശയുണ്ടോ?” തുടർന്നീ- 

മട്ടിൽ ചോദ്യം സ്നേഹപൂർവ്വം ക്ഷിതീശൻ.                                               

28

“എല്ലാം നന്നായ്ത്തന്നെ പോകുന്നു കാര്യം, 

കല്യാത്മാവാമങ്ങു വാഴുന്ന നാട്ടിൽ 

കല്യാണത്തിൻ കേളിയാട്ടത്തിനെന്യേ 

വല്ലായ്മയ്ക്കില്ലല്പവും സ്ഥാനമോർത്താൽ.                                            

29

റാണിക്കങ്ങേ വിട്ടകന്നിത്രനാളും 

കാണാൻ സാധിക്കായ്കയാലുള്ളതെന്യേ 

ശോകം വേറെയില്ലമാത്യന്റെ കാര്യം

നേരോതീടുന്നെങ്കിലുണ്ടല്ലലല്പം.”                                                              

30

“എന്താ കാര്യം? ഗാദു*മായിട്ടിടഞ്ഞോ? 

ബന്ധപ്പെട്ടോരങ്ങലട്ടാനണഞ്ഞോ? 

ചിന്താക്ലേശം മന്ത്രിമുഖ്യന്നു തട്ടാൻ

ബന്ധം നിങ്ങൾക്കെന്തു തോന്നുന്നു ഹൃത്തിൽ?                                    

31

നേരേ ചൊല്ലാം സംശയിക്കേണ്ട തെല്ലും 

കാര്യം കേൾക്കാനുള്ളിലേറ്റം തിടുക്കം 

ആരോടും സമ്പ്രീതിയേറും നയജ്ഞ- 

ന്നാരാണേവം ശല്യമേറ്റുന്നതിപ്പോൾ?”                                                        

32

അപ്പോളേകൻ തെല്ലു മുമ്പോട്ടു നീങ്ങി- 

ട്ടല്പം കൂടിത്താണ് ശബ്ദത്തിലോതി; 

“കല്പിച്ചുള്ളിൽ ശാന്തിയാർന്നാലു,മങ്ങേ- 

യ്ക്കെപ്പോഴും ചിത്പുരുഷൻ സാഹ്യമേകും.                                           

33

തച്ചൻ സൗധം തീർക്കുവാൻ കാശു വാങ്ങീ-

ട്ടിച്ഛയ്ക്കൊക്കും പോൽ വ്യയം ചെയ്കയത്രേ 

മിച്ചം ശ്രീഭണ്ഡാരകാര്യസ്ഥനൊന്നും 

വച്ചിട്ടില്ലാ, തൂത്തുവാരിക്കൊടുത്തു.                                                            

34

വീണ്ടും വീണ്ടും കല്പനച്ചീട്ടു നേരേ 

കൊണ്ടെക്കാണിച്ചാൽ മറിച്ചാവതുണ്ടോ? 

കണ്ടിട്ടില്ലാതുള്ള ശില്പത്തിലങ്ങേ 

യ്ക്കുണ്ടാകും കൊട്ടാരമെന്നോർത്തു നല്കി.                                          

35

ഇന്നും സ്ഥാനം കണ്ട ഭൂഭാഗമെല്ലാ- 

മന്നത്തെപ്പോൽ വെൺപറമ്പായ്ക്കിടപ്പൂ- 

വന്നാലും നാം ദ്രവ്യനഷ്ടം സഹിക്കാ- 

മെന്നാൽ പങ്കും സഹ്യമാകാ യശസ്സിൽ.                                                       

36

കാശും കൈയിൽപ്പേറിയുല്ലാസമായി-

ദ്ദേശം നീളെസ്സഞ്ചരിക്കുന്നു വിദ്വാൻ 

കോശം ശോഷിച്ചാലയാൾക്കെന്തു നഷ്ടം? 

നീചൻ നിസ്വന്മാർക്കു മെയ്യാർന്ന ദേവൻ.                                                    

37

നാട്ടിൽ പണ്ടില്ലാതെയേതോ മതത്തേ- 

യഷ്ടിക്കില്ലാതുള്ളവർക്കോതിടുന്നു 

കഷ്ടം! പാരം സങ്കടം! തമ്പുരാനീ 

ദിഷ്ടക്കേടുണ്ടാകുവാൻ ബന്ധമെന്തോ?”                                                      

38

“ഏതായാലും മറ്റൊരുത്തൻ പറഞ്ഞു. 

“വേഗംതന്നെയങ്ങെഴുന്നള്ളുമെങ്കിൽ 

കാര്യം നേരേയാകു,മാ വഞ്ചകന്റെ 

നേരില്ലായ്മയ്ക്കൊത്തപോൽ ശിക്ഷ നല്കാം.”                                           

39

“ശിക്ഷിച്ചാലും തീരുമോ ദ്രവ്യനഷ്ടം? 

ദാക്ഷിണ്യം ശോഭിക്കുമോ ദുർജ്ജനത്തിൽ? 

പക്ഷേ… എന്താ ചെയ്ക?” മൂന്നാമനോതി, 

“രക്ഷിക്കട്ടേ ദൈവ’മെന്നായ് വിരാമം.                                                             

40

ഭൂപൻ ചിന്താവിഷ്ടനായ്ത്തീർന്നു, പിന്നീ- 

ടാരും സംസാരിച്ചതില്ലല്പനേരം

പാരുഷ്യത്തെപ്പൗരുഷം കീഴടക്കി-

ക്കാര്യം നേരേകൊണ്ടുപോകുന്ന രംഗം.                                                          

41

പ്രാഗല്ഭ്യം മുന്നേറിനില്ക്കും മുഖാബ്‌ജം, 

സാകൂതം നിശ്ചഷ്ടമായുള്ള നോട്ടം, 

ആകെക്കണ്ടാലബ്ധിയെ സ്തബ്ധമായി-

ക്കാണുംമട്ടാണാരുമൊന്നമ്പരക്കും.                                                                  

42

എന്നാൽ ക്ഷോഭം പിന്തുടർന്നെത്തിയില്ല 

മേന്മേലേറ്റം പാർത്ഥിപൻ ശാന്തനായി 

ഒന്നുംതന്നെ സംഭവിക്കാത്തമട്ടിൽ 

ചൊന്നാനേവം ദൂതരാം പൗരരോടായ്.                                                               

43

“അസ്വാസ്ഥ്യം വേണ്ടതുമെന്നെന്റെ പേർക്കായ് 

നിസ്സന്ദേഹം മന്ത്രിയോടോതിടേണം 

ഉന്നംനോക്കീട്ടമ്പയച്ചാലുമല്പം 

തെന്നിപ്പോകാമേതു വില്ലാളികൾക്കും.                                                          

44

മൂന്നോ നാലോ നാളുകൾക്കുള്ളിലായ് നാം 

വന്നെത്തീടും തത് സന്ദേഹമില്ല. 

നന്നായ്ത്തീർക്കാമിക്കുഴപ്പങ്ങളെല്ലാം 

മുന്നേക്കാളും ഭൂതി വിഖ്യാതിയോടേ.”                                                        

45

പൗരഷ്ഠന്മാരെ ഗുണ്ടപ്പർ രാജൻ 

ചേരുംമട്ടിൽ സൽക്കരിച്ചാദരിച്ചും 

നേരേതന്നേ നാട്ടിലേക്കങ്ങയച്ചു 

പാരം ധീമാൻ, ധീരനാകും നയജ്ഞൻ.                                                        

46

രാജ്യം ചുറ്റിസ്സഞ്ചരിച്ചെത്തിടുമ്പോൾ 

പ്രാജ്യപ്രൗഢിക്കൊത്ത സന്നാഹപൂർവ്വം 

എത്തിത്തന്നെ സ്വീകരിക്കായതിന്നും 

പ്രത്യേകം ഭൂജാനിയേർപ്പാടുചെയ്തു.                                                        

47

വീണ്ടും വന്നു ശർവ്വരീവാസരങ്ങൾ 

പണ്ടേതൊട്ടീ ലോകമാം പമ്പരത്തിൽ 

രണ്ടേ വർണ്ണം, ഖേദമോദങ്ങളെന്നായ് 

കൊണ്ടാടിബ്ഭൂപാലനോടോതിടാനോ?                                                       

48

മുന്നിൽക്കാണും, മായപോൽ പാഞ്ഞു ശീഘ്രം 

പിന്നിൽപ്പോകും, രണ്ടുമേവം ചരിപ്പു 

വന്നും പോയും ശോകഹർഷങ്ങളേവം 

നിന്നീടുംമട്ടൊന്നു കാണിക്കയാവാം.                                                               

49

രാജശ്രേഷ്ഠന്നന്തരംഗം ചലിച്ചി- 

ല്ലാജന്മപ്രാഗല്ഭ്യമാട്ടു നിന്നു

കമ്പം ശൈലങ്ങൾക്കു തട്ടാം ചിലപ്പോൾ 

വമ്പന്മാർക്കുൾക്കമ്പമുണ്ടാകയില്ല.                                                                 

50

ആശാഭംഗം സ്വപ്രജാസഞ്ചയത്തെ

ക്ലേശിപ്പിക്കും കാര്യമോർത്തിട്ടുമേതും 

ആർഭാടങ്ങൾ സ്വീകരിക്കാതെതന്നെ-

യബ്ഭൂഭൃത്താസ്ഥാനമെത്തിക്കഴിഞ്ഞു.                                                         

51

ധീരാത്മാവിന്നാഗമം നാടുനീളെ-

ച്ചേരും താപം തീർത്തിളങ്കാറ്റു വീശി 

ആരുംതന്നെ സമ്മതിക്കും ജനത്തി- 

ന്നാരാട്ടോർത്താൽ ജന്മമേകാത്ത താതൻ.                                                      

52

ഹാബാനേയും തച്ചനേയും വരുത്താൻ 

ഭൂപൻ മന്ത്രിക്കാജ്ഞനല്കിക്കഴിഞ്ഞു 

“നാട്ടാർ കൂട്ടം** തൽക്ഷണം തന്നെ ചേർന്നാ- 

ലൊട്ടും വൈകീടാതെ കാര്യം നടക്കും.”                                                             

53

“കല്പിക്കുന്നു വന്നീടേണം സ്ഥലത്തെ”- 

ന്നൊപ്പം വിട്ടു നീട്ടു രണ്ടാളുകൾക്കും 

ശില്പിഷ്ഠൻ നീട്ടു കൈപ്പറ്റിടുംമു- 

മ്പപ്പോൾത്തന്നേ വന്നു ചേർന്നെങ്ങുനിന്നോ!                                                 

54

മായക്കാരൻതന്നെയീ മർത്ത്യനെന്നു- 

ണ്ടായി സ്വല്പം സംശയം രണ്ടുപേർക്കും 

രാജാവേതാണ്ടർത്ഥവത്തായ നോട്ടം 

പ്രായംകൂടും മന്ത്രിതൻ നേർക്കു നോക്കി.                                                      

55

“എന്താ തച്ചൻ, ജോലിയെല്ലാം കഴിഞ്ഞോ? 

ചന്തം ചിന്തും ശില്പമോ നവ്യഹർമ്മ്യം? 

അന്തർമ്മോദം നല്കുമാക്കാഴ്ച കാണ്മാൻ 

പൊന്തീടുന്നു വാഞ്ഛ പൃഥ്വീശനോതി.                                                                

56

“എല്ലാ തീർന്നിട്ടില്ല, മേൽത്തട്ടു വജ്ര

ക്കല്ലാലത്രേ തീർക്കുവാനോർത്തിടുന്നു 

ചൊല്ലേറും സോപാനശില്പത്തിനായി-

ട്ടെല്ലാ രത്നഘത്തെയും ചേർത്തിണക്കാം.                                                 

57 

“കാണട്ടേ ഞാൻ നിന്റെ വേലത്തരങ്ങൾ, 

വീണപ്രഖ്യാപനം ചെയ്തിടുന്നോ? 

ആണത്തം കൂടാതെയല്ലെന്റെ ജന്മം 

കാണിക്കേണം സൗധ,മിപ്പോളിറങ്ങാം.”                                                      

58

“കോപിക്കല്ലേയൊന്നുണർത്തട്ടെയോ ഞാൻ? 

കാപട്യത്തിൽ സ്പർശമില്ലാത്ത സത്യം 

ആ മട്ടുപ്പാവൊന്നു തീർന്നിട്ടു കാണാം 

രോമാഞ്ചം പൂണ്ടങ്ങു നിന്നീടുമപ്പോൾ                                                       

59

“രോമാഞ്ചംകൂടാതെ കാണട്ടെയിപ്പോൾ 

നീ മായാവേഷത്തിനേറ്റം വിദഗ്ദ്ധൻ 

ഗുണ്ടപ്പർ ഭൂപന്റെ രാജ്യത്തിലോ നീ- 

കണ്ടുരംഗം നിന്റെ തട്ടിപ്പിനെല്ലാം?”                                                              

60

“എന്നാലെന്തോന്നാണു ഞാൻ ചെയ്ക? വാനിൽ

നിന്നീടുന്നു സൗധമേറ്റം വിശേഷം

ചെന്നെത്തീടാൻ കോണിയിന്നേവരേയ്ക്കും

തീർന്നിട്ടില്ലാ, പിന്നെയെന്താണു മാർഗ്ഗം?”                                                    

61

“മാർഗ്ഗം ചൊല്ലാം, തന്ന നാണ്യങ്ങളെല്ലാം 

രൊക്കംതന്നീ നാടുവിട്ടീടണം നീ 

വാക്കാലൊന്നും കാര്യമില്ലെന്റെ നാട്ടിൽ 

നില്ക്കാൻതന്നേയർഹനല്ലാത്ത ദുഷ്ടൻ!”                                                    

62

“ദ്രവ്യം വേലക്കൂലിയായ്ത്തീർന്നുപോയി 

കൈവന്നീടാ മേലിലെൻ തമ്പുരാനേ, 

ആലോചിച്ചാൽ രമ്യഹർമ്യപ്രകാണ്ഡം 

ശ്രീലയസ്സങ്ങയിൽ ചേർക്കുമെന്നും.”                                                            

63

“വാനിൽ സൗധം കേമമായ് തീർക്കുവാനോ 

സ്ഥാനം കണ്ടു ഭൂമിയിൽ? ശില്പിയോ നീ? 

ഹീനൻ ക്ഷുദ്രക്കാരനേയിട്ടടയ്ക്കൂ 

കാരാഗാരത്തിന്നകത്തിക്ഷണത്തിൽ”                                                           

64

പേർത്തും ക്ഷോഭത്തോടമാത്യൻ പറഞ്ഞു 

“പൃഥ്വീശൻ തൻ മുമ്പിലോ കൂസലന്യേ 

പൊട്ടന്മാരോടെന്നപോൽ പേശിടുന്നു? 

കെട്ടട്ടേ ധിക്കാരിതൻ കൈകൾ രണ്ടും”                                                        

65

അപ്പോളെത്തിച്ചേർന്ന ഹാബാന്റെ നേരേ 

ശില്പിശ്രേഷ്ഠൻ ശാന്തമായൊന്നു നോക്കി 

എന്തോ കാര്യം പന്തിയല്ലെന്നു മാത്രം 

സന്താപാർത്തൻ വാണിജാഢ്യൻ ധരിച്ചു.                                                        

66

കോപത്താലേ നേത്രയുഗ്മം കലങ്ങി 

ക്ഷോഭത്തോടെ രാജപീഠത്തിലേറി 

ആകപ്പാടേയുഗ്രനായ്ത്തന്നെ നോക്കും 

ഭൂപാലന്നായ് വന്ദനം നല്കി ഹാബാൻ.                                                            

67

“ദുഷ്ടൻ! രാജദ്രോഹി! വാരാശി താണ്ടി- 

ക്കഷ്ടം! കാശിന്നാശയാ വന്ന യൂദൻ 

ഒട്ടും ശങ്കിക്കാതെ വഞ്ചിച്ചു നമ്മെ- 

കെട്ടട്ടേ കൈ, പൂട്ടിടട്ടേ തുറുങ്കിൽ.”                                                                  

68

തിരുമൊഴിക്കെതിരായ് മൊഴിയില്ല; വ- 

ന്നൊരു വിധിക്കടിപ്പെട്ടു യഹൂദനും 

വരുമിതിൽപരവും നൃപസേവയിൽ 

നിരതരാകുകിലെന്നു ധരിക്കണം.                                                                    

69

അമളി വന്നു മഹാധരണീപതി-

യ്ക്കതിനു കാരണഭൂതരെയീവിധം 

തടവിലാക്കിയതീവകൃതാർത്ഥരായ്

നൃപതിയും നിജ മന്ത്രിയുമൊന്നു പോൽ.                                                 

70

ചെറുതുറുങ്കൊരിടുക്കറ,യൂനമ- 

റ്റതിനകത്തിരുൾതന്നെയർഹന്നിശം 

അവിടെയില്ലുദയാസ്തമയങ്ങളും

ദിവസമെണ്ണുക സാദ്ധ്യവുമല്ലതിൽ.                                                            

71

ഒരുവനതിലകപ്പെട്ടെ ങ്കിലോ ഭാരതീയൻ 

കരുതീടുമതുതന്നെയന്ധതാമിസമെന്നായ്

അഹിതമധികമേറ്റും ക്ഷുദ്രജന്തുക്കളൊട്ട- 

ല്ലവിടമധിവസിച്ചീടുന്നതും കൂരിരുട്ടിൽ.                                                    

72

തറയിലധികശൈത്യം, മാറിനില്‌പൂ ശുചിത്വം, 

ഗുഹകളുമിതിലേറ്റം ഭേദമാണ് നാറ്റം, 

ഒരു ചെറിയ തടുക്കും ലഭ്യമല്ലെന്തെടുക്കും?

കഴലിണ മരവിക്കും നില്ക്കുകിൽ, മെയ് വിറയ്ക്കും.                           

73

തോമ്മാ തൻ നാഥനേയോർത്തധികസഹന സ-

ന്നദ്ധനായ്ത്തീർന്നു,വെന്നാൽ

തന്മിത്രത്തിന്റെ കഷ്ടസ്ഥിതിയിലുപരി സ-

            ന്തപ്തപ്തനാണെന്തുചെയ്യാം?

തന്മാറിൽച്ചേർത്തൊരാലിംഗന,മഥ നിജ മേ-

            ലങ്കിയും സ്നേഹിതന്നായ്

ധർമ്മിഷ്ഠൻ നല്കി ശീതത്തറയിലതു വിരി- 

            ച്ചിട്ടിരുന്നാശ്വസിപ്പാൻ.                                                                         

74

സിദ്ധൻ പ്രാർത്ഥിച്ചനേരത്തവിടെയൊരു മഹാ- 

             ദീപ്തി കാണായി, ഹാബാ-

നത്യന്തം വിസ്മയത്താൽ ചലനരഹിതനായ്- 

               ക്കണ്ണിമയ്ക്കാതിരുന്നു 

മാർത്തോമ്മായൊടൊരാളപ്പരമസുഷമ ത- 

                ന്നുള്ളിൽ നിന്നൊട്ടുനേരം 

മിത്രത്തോടെന്നവണ്ണം പലതു പറവതും 

                 വ്യക്തമല്ലാതെ കേട്ടു.                                                                   

75

ശില്പീന്ദ്രനെന്നോർത്തവനാം പുമാനി-

ലല്പേതരം ദൈവവിലാസമെല്ലാം 

കെല്പോടിരിക്കുന്നു നിഗൂഢമായി- 

ട്ടിപ്പോൾ യഹൂദന്നതു ബോദ്ധ്യമായി.                                                         

76

ഉടനടിയിണകൂപ്പിശ്ശിഷ്യനായ്ത്തീർന്നു ഹാബാൻ 

തടവൊരു ചെറുതെന്യേക്രിസ്തുവേദം പവിത്രം 

തടവുമുറിയിൽ വച്ചാത്തോമ്മയിൽനിന്നുതന്നേ 

പടുതയോടു പഠിക്കാൻ ക്ഷിപ്രമാരംഭമിട്ടു.                                               

77

ഉണ്ടോ തെല്ലറിയുന്നു സംഭവമിദം

             ഭൂപാലനും മന്ത്രിയും? 

കണ്ടില്ലന്യനൊരാളടുത്തു വിവരം

             ചെന്നൊന്നുണർത്തീടുവാൻ.

“രണ്ടാൾക്കും വധശിക്ഷയോ തടവുതാ- 

              നൊട്ടേറെ ദീർഘിക്കയോ

വേണ്ടും കാര്യ”മതാണു രാജസഭയിൽ 

               പ്രശ്നം പരം ഗൗരവം.                                                                      

78

*ഗാദ് – ഇളയരാജാവ്      ** അന്ന് നീതിന്യായക്കോടതിയുടെ അധികാരം നടത്തിയിരുന്ന രാജസഭ