നാലാം സർഗ്ഗം

അപരാധികളെത്തുറുങ്കിലി-
ട്ടതിനാൽ രാട്ടു കൃതാർത്ഥനെങ്കിലും
അറിവില്ലൊരു ഹേതു, മാനസേ
പരമസ്വസ്ഥതയേതുനേരവും.
1
സചിവന്റെ സമാഗമത്തിലും
സുഖമില്ലാത്തൊരുമട്ടു പാർത്ഥിവൻ
വിരളം വചനങ്ങൾകൊണ്ടു തീർ-
ത്തിടുമേതുന്നതരാജ്യകാര്യവും.
2
രുചിയില്ലമൃതേത്തിലല്പവും,
പ്രിയദാരങ്ങളടുത്തിടുമ്പോഴും
ഒരു പുഞ്ചിരിയില്ല, മാനസം
കുളിരും ഭാഷണമില്ല പൂർവ്വവൽ.
3
സഹജൻ രുജയാൽ വലഞ്ഞിടു-
ന്നതിനാലീ വ്യഥയെന്ന ചിന്തയും
ചിലരിൽ ക്കുടികൊണ്ടിടുന്നതു-
ണ്ടതിലും കാണുമൊരല്പവാസ്തവം.
4
ഒരുവന്റെയകക്കുരുന്നിലെ
സ്ഥിതി കാണ്മാനപരന്നു സാദ്ധ്യമോ?
പലരും പലതും പറഞ്ഞിടും
കഥയില്ലാത്ത വൃഥാവചസ്സുകൾ.
5
സുഖനിദ്രയുമില്ല രാത്രിയിൽ
വിഷമിച്ചന്നൊരുനാൾ ധരാധിപൻ
മൃദുശയ്യ വെടിഞ്ഞുലാത്തിയാ
വിതതാഗാരമതിന്റെയുള്ളിലായ്.
6
കുളിർകാറ്റു കടന്നു വീശിടു-
ന്നതുമദ്ദേഹമറിഞ്ഞതില്ലപോൽ
ഒരു ശാന്തിയുമെന്നിയേകനാ-
യുഴലുന്നിങ്ങനെ ഭൂപനെന്തിനോ?
7
എരിയും മണിദീപമൊന്നതിൻ
ശിഖയാൽക്കാട്ടുമിളക്കമൊക്കെയും
അധിരാട്ടിനെ ധീരധീരമായ്
കളിയാക്കും കളിയെന്നു തോന്നിടും.
8
പതിവിൽക്കവിയുന്നമട്ടു തൻ
പതിയസ്വസ്ഥതയാർന്നു കാൺകയാൽ
സതി റാണി വിചാരമഗ്നയായ്
നിജമഞ്ചത്തിലെണീറ്റിരിക്കയാം.
9
അളിയൊന്നു വിളക്കിനന്തികേ
കളിയാടുന്നതു കണ്ടിരുന്നവൾ
ഒളി കാഞ്ചനതുല്യമാണതിൻ
കളിയാപൽക്കരമാ ശിഖയ്ക്കുമേൽ.
10
ഒടുവിൽച്ചെറുവണ്ടതിൽ പതി-
ച്ചുടനേതന്നെയണഞ്ഞു ദീപവും
അണിഭൃംഗമതിന്റെ കാര്യമോ?
ചിറകും ചുട്ടതു ചത്തിരിക്കണം.
11
ഒരു മാത്രയിരുട്ടു കൂത്തടി-
ച്ചൊരു സംഭ്രാന്തി വളർത്തി റാണിയിൽ
ഉടനത്ഭുതമേ! പതുക്കെയാ
മണിദീപം തെളിയുന്നു പിന്നെയും.
12
എഴുന്നേറ്റടിവച്ചു നീങ്ങി മാൻ-
മിഴിയഭ്യർണ്ണമണഞ്ഞു നോക്കവേ
ചിറകൊന്നു കുടഞ്ഞു മന്ദമ-
ച്ചെറുവണ്ടങ്ങു പറന്നുയർന്നുപോയ്.
13
നിതരാമിതിലാന്തരാർത്ഥമു-
ണ്ടതു നിസ്സംശയമെന്ന ചിന്തയാൽ
മതിശാലിനി തത്ര നില്പിൽനി-
ന്നിളകാതങ്ങനെ നിന്നരക്ഷണം.
14
പതി ഭൂപതി കണ്ടു റാണി തൻ
നില, ചോദിച്ചിതി തപ്തമാനസൻ:
“ഭവതിക്കുമുറക്കമില്ലയോ?
സമയം നോക്കണമർദ്ധരാത്രിയായ്.”
15
“അതുതന്നെയെനിക്കുമങ്ങയോ
ടിഹ ചോദിപ്പതിനുള്ള സംഗതി.
നടുയാമിനി, നിദ്രയും വെടി-
ഞ്ഞവിടുന്നെന്തിനുഴന്നിടുന്നിദം?
16
പ്രിയനെപ്പരിരംഭണത്തോടേ-
യവൾ മഞ്ചത്തിനടുത്തുകൊണ്ടുപോയ്
ഉപശാന്തി വചസ്സുകൾ പറ-
ഞ്ഞകതാരിൽക്കുളിരേകി വേണ്ടപോൽ.
17
സുരസൂന സുഗന്ധവാഹിയെ-
ന്നരുളാവുന്നൊരു പള്ളി മെത്തയെ
തരുണീമണി തൻ കരങ്ങളാൽ
പരിചോടൊന്നു തലോടി മന്ദമായ്.
18
“അവിടുന്നു ശയിച്ചുകൊള്ളണം
സവിധേതന്നെയിരുന്നിടാമിവൾ
സുഖനിദ്ര വരുത്തുവാനെനി-
ക്കറിയാ’’മെന്നവളോതി സസ്മിതം.
19
ഒരു നാളുമവൾക്കനിഷ്ടമാ-
യൊരു കാര്യം ക്ഷിതിഭൃത്തു ചെയ്തിടാ.
ഹിതമാർന്നു ശയിച്ചു ശയ്യയിൽ
തിതൻ മെയ്യാടു തൊട്ടിരുന്നവൾ.
20
രതി മാരനോടെന്നവണ്ണമ-
ല്ലതിവിശ്വസ്തനമാതൃപുംഗവൻ
അധിരാട്ടിനൊടെന്നവണ്ണമാ-
ണവൾ പിന്നീടു തുടർന്ന വർത്തനം.
21
“സഹധർമ്മിണി തന്നെയാണു നീ
ഹൃദയം വേദനയാൽ ദ്രവിച്ചു ഞാൻ
വിഷമിപ്പതറിഞ്ഞു ശീഘ്രമെ-
ന്നരികത്തെത്തിയത്ഭുതം പ്രിയേ.’’
22
പതിയോതിയ വാക്കിനുത്തരം
“ശരിതന്നെ,യതു സമ്മതിച്ചു ഞാൻ
അതിലത്ഭുതമില്ലു” രച്ചവൾ
“സഹധർമ്മം മമ ധർമ്മമല്ലയോ?”
23
ഒരു ശാന്തിയുമറ്റമട്ടില-
ങ്ങുഴലുമ്പോൾ- ഹൃദിഹൃത്തു ലീനമായ്
കഴിയുന്നവർ നാം-പരം തപി-
ച്ചെരിയും മാനസമെന്നിലും വിഭോ!
24
ഇതിലെന്തു രഹസ്യമെന്തിനായ്
തനിയേ ഖേദമകത്തൊതുക്കണം?
ഒരുമിച്ചു സഹിച്ചിടാം നമു-
ക്കതിലാണെന്റെ മഹാ മനസ്സുഖം.
25
പറയായ്കയിലുമുള്ളതൊക്കെയും
മറവില്ലാതെയറിഞ്ഞിരിപ്പു ഞാൻ
അവിടുന്നു തുറങ്കലിട്ടട-
ച്ചവരെപ്പറ്റി വിചാരമല്ലയോ?
26
അവർ നല്ലവരെങ്കിൽ വിട്ടയ-
പ്പതിനും തത്ര ഭവാൻ സ്വതന്ത്രനാം
അതിനിങ്ങനെയാധിയോ? മന-
സ്സുഖമെന്നുള്ളതമൂല്യമല്ലയോ?
27
വ്യഥ വിസ്മൃതിയിൽക്കളഞ്ഞിനി-
സ്സുഖമായൊന്നു കിടന്നുറങ്ങണം
അഥ കാര്യവിചാരമൊക്കെയും
തുടരാം നാളെയുഷസ്സിൽ വേണ്ടപോൽ.
28
നൃപനങ്ങനെ ശാന്തനായ്ക്കിട-
ന്നുരിയാടാതെ വിചാരമഗ്നനായ്
ഉരുകും ഹൃദയത്തിൽ നിന്നുയർ-
ന്നൊടുവിൽ ക്ഷീണതയാർന്ന വാക്കുകൾ:
29
“അനുജൻ പ്രിയ ‘ഗാദി’നും പ്രിയേ,
സുഖമില്ലെന്നതറിഞ്ഞിടുന്നു നീ
തരുണൻ ദൃഢഗാത്രനായവൻ
രുജയാൽ പീഡിതനായ് പൊടുന്നനേ.
30
അതുമോർക്കുകിൽ ദേവകോപമെ-
ന്നകമേ ചിന്തയെനിക്കനല്പമാം.
പ്രതികൂലത ചുറ്റിനില്ക്കുകിൽ
വരുമാസ്വസ്ഥതയേതു ധീരനും.”
31
“വഴിപാടുകൾകൊണ്ടു തീർത്തിടാ-
മവയെല്ലാം; വ്യഥകൊണ്ടു കിം ഫലം?
ഒരു ചിന്തയുമെന്നി നിദ്രചെ-
യ്തിടേണം.” ധീമതിയോതി പിന്നെയും.
32
നൃപനുത്തരമോതിയില്ലതി-
ന്നിടയിൽച്ചേർന്നൊരനിഷ്ടസംഭവം
ഒരു ദൂതനതാ വിളക്കുമാ-
യവിടേക്കോടിവരുന്നു സത്വരം.
33
വിരിമാറ്റിയ ജാലകം വഴി-
ക്കവളാരാഞ്ഞു വിശേഷമക്ഷണം
“എഴുന്നള്ളുക രണ്ടുപേരു”മെ-
ന്നവനോതീട്ടു കിതച്ചു നിന്നുപോയ്.
34
“എഴുന്നള്ളുക, കൊച്ചുതമ്പുരാ-
നുടെയാലസ്യമറിഞ്ഞതില്ലയോ?
വിഷമസ്ഥിതി; നമ്രശീർഷരായ്
നിലകൊള്ളുന്നിതു വൈദ്യപുംഗവർ.’’
35
നിജശയ്യയിലഗ്നിബാധയാർ-
ന്നതുപോൽ ചാടിയെണീറ്റു ഭൂധവൻ
സഹജന്റെ സമീപമെത്തുവാൻ
ചിറകില്ലാതെ പറന്നിരിക്കണം.
36
അവിചാരിതദൃശ്യമേ! വെറും
തറയിൽത്തന്നെ വിരിച്ച ദർഭയിൽ
മൃതിദേവതതൻ കരങ്ങളിൽ
സഹജൻ പള്ളിയുറക്കമായിതോ?
37
മതിശാലി, മഹാമനസ്കനാം
യുവരാജാവു പരം പ്രിയംകരൻ
നൃപനും ജനതയ്ക്കുമൊന്നുപോൽ;
മൃതിയും വന്നവനെപ്പുണർന്നുവോ?
38
അനുജന്റെ സമീപമെത്തി നി-
ന്നതിവിഭ്രാന്തിയോടേ ധരാധിപൻ
ചലനം ചെറുതില്ല, ചുണ്ടിലു-
ണ്ടൊരു പാൽപ്പുഞ്ചിരി മാറ്റമെന്നിയേ.
39
“അയി വത്സല സോദരാ!’ വിളി-
ക്കൊരു നിശ്ശബ്ദത മാത്രമുത്തരം
“ഇനിയെന്നോടു മിണ്ടുകില്ല നീ-
യറിയുന്നേനിതു സങ്കടം പരം.
40
ശിവനേ, യിവനിത്ര പാപിയോ?
ഭഗവാനേ,യിനിയെന്തു ചെയ്തു ഞാൻ?
വിധിയേ വിജയിക്ക സാദ്ധ്യമോ?
തുണയും താങ്ങുമെനിക്കു നഷ്ടമായ്.
41
മരണം കനിവറ്റ ദേവിയോ?
കരണീയം നെടുവീർപ്പുതന്നെയോ?
അവിചാരിതദിഷ്ടദോഷമേ,-
യരുതേ ബാക്കിയുരച്ചുകൊള്ളുവാൻ.
42
പ്രിയസോദര, വല്ലതും നിന-
ക്കഹിതം ഞാനറിയാതെ ചെയ്തുവോ?
ഒരു വാക്കുരിയാടിടാതെ വേർ-
പിരിയാൻ കാരണമെന്തിതേവിധം?
43
പൊളിയോതുകയല്ല, തമ്മിൽ നാം
കളിവാക്കെങ്കിലുമപ്രിയംകരം
പറയാനിടയായതോർമ്മയി
ല്ലൊരു കാലത്തുമബോധപൂർവ്വവും.
44
സുഭഗൻ, മതിശാലി, നാടിനി-
ന്നഭിമാനത്തെ വളർത്തിടുന്നവൻ
സഹജൻ യുവരാട്ടിനെപ്പിരി-
ഞ്ഞിനി ഞാനെന്തിനു നാടു വാഴണം?
45
ധനമെന്തിനു രാജ്യമെന്തിനാ-
ണിവയെല്ലാം തരിശാണെനിക്കിനി
പ്രിയമുള്ളവരെപ്പിരിഞ്ഞവൻ
വനവാസത്തിനു പോവതുത്തമം.”
46
സുമസുന്ദരമാം കവിൾത്തടം
മിഴിനീരാൽക്കഴുകുന്നു റാണിയും
അവൾ പെൺകൊടിയല്ലയോ? കുറ-
ച്ചലതല്ലാതെയടങ്ങുമോ വ്യഥ?
47
അതുമല്ലൊരുനോക്കു കാണുവാൻ,
മൃതദേഹത്തിനടുത്തു പോകുവാൻ,
സമുദായതടസ്സ,മാ സുമം-
ഗലിയാൾക്കുണ്ടതുമേറെ ദുസ്സഹം.
48
മണിമാളിക ശോകമൂകമായ്
നിലകൊള്ളുന്നു, വിശാലമങ്കണം
നിറയുന്നു മഹാജനങ്ങളാ-
ലുദിതം വൈദ്യുതി പോൽ പരക്കയാൽ.
49
ഹൃദയങ്ങൾ തപിച്ചു നീറിയും
ചിതകൂട്ടാൻ ചിലർ ജോലി ചെയ്കയാം
മൃതി ദുസ്സഹമാകിലും യഥാ-
വിധി ശേഷക്രിയ ചെയ്തിടേണ്ടയോ?
50
പകലോൻ പ്രഭ വീശിവീശി വ-
ന്നുയരുന്നുണ്ടൊരു കൂസലെന്നിയേ
പരദുഃഖമഗണ്യമാക്കുവോൻ
പരിചോടോർക്കുകിൽ ലോകബന്ധുവോ?
51
മൃതനാം സഹജന്റെ പൗരുഷം
വഴിയും സുന്ദരമായൊരാ മുഖം
മതിയെന്നിയെ നോക്കിനില്ക്കയാ-
ണവനീശൻ പ്രിയമേറുമഗ്രജൻ.
52
പരമത്ഭുതമേ! തെളിഞ്ഞ പു-
ഞ്ചിരിതന്നേയധരങ്ങളിൽ തദാ
വിരിയുന്നു; കിനാവു കാൺകയെ-
ന്നരചൻ തെല്ലൊരു വിഭ്രമത്തിലായ്.
53
നയനങ്ങൾ തുടച്ചുനോക്കി; സു-
സ്മിതമത്രേ,യിളകുന്നു ചുണ്ടുകൾ.
വെളിയിൽ സ്വരമില്ല, വാക്കുകൾ
കളിയാടുന്നധരങ്ങളിൽ സ്ഫുടം.
54
“മണിസൗധമഹോ വിശേഷ’മെ
ന്നൊടുവിൽക്കേട്ടു, തുറന്നു കണ്ണുകൾ
ഒരു ചുറ്റൊരു നോട്ട,മപ്പൊഴേ-
യ്ക്കവിടുന്നാളുകളോടി ഭീതിയാൽ.
55
മൃതനിങ്ങനെ ലോചനം തുറ-
ന്നിടുമോ? വല്ലതുമുച്ചരിക്കുമോ?
ബത! കണ്ടവരൊക്കെയോർത്തുപോ-
യിതു പൈശാചികജാലമെന്നുതാൻ.
56
ഉടനേയെഴുനേറ്റിരുന്നവൻ
“മണിസൗധം മമ സൗധ’’മെന്നഹോ!
ഉരുവിട്ടുതുടങ്ങി “ജ്യേഷ്ഠനും
തരികില്ല’’ ന്നിതി ശാഠ്യപൂർവ്വമായ്.
57
“ഒരു മൂർച്ഛ കഴിഞ്ഞു, സന്നിയാ-
ണിനിയും വേണ്ടതു ചെയ്തുനോക്കിടാം”
ഇതി ചൊന്ന ചികിത്സകന്റെ നേർ-
ക്കൊരുനോട്ടം തലതാഴ്ത്തി നിന്നവൻ.
58
“മണിസൗധമതൊന്നു കാണുകിൽ
കവിയും വാക്കുകൾ തപ്പി നിന്നുപോം.
കഴിവില്ലൊരു ചിത്രകാരനും
മിഴിവോടപ്പണി ചിത്രമാക്കുവാൻ.
59
അതു കണ്ടു കുളിർത്ത കണ്ണുകൾ-
ക്കിനി വേറിട്ടൊരു കാഴ്ചകാണുവാൻ
വരികില്ലഭിലാഷ, മഗ്രജ-
ന്നതു ഞാൻ തന്നിടുകില്ല നിശ്ചയം.
60
അതുപോലൊരു സൗധമാരു ക-
ണ്ടിഹ ലോകത്തി,ലതെന്തു ശില്പമോ!
കൃതി തോമ്മയെയിക്ഷണത്തിൽ നാം
ജയിലിൽച്ചെന്നു വിമുക്തനാക്കണം.
61
അവനിപ്പണി ചെയ്തതാരറി-
ഞ്ഞവനെപ്പോലൊരു ശില്പിയാരഹോ!
അതുമല്ലൊരു ദിവ്യനാണവൻ
ക്ഷമ യാചിച്ചു പദങ്ങൾ കൂപ്പണം.”
62
മൃതിയേ വിജയിച്ച സോദരൻ
പറയും കാര്യമവിശ്വസിക്കയോ?
മതിവിഭ്രമമായിരിക്കുമോ?
നൃപനും തെല്ലു കുഴങ്ങിനിന്നുപോയ്.
63
നിജ ശയ്യ വെടിഞ്ഞെണീറ്റവൻ
രുജയേശാത്തവിധം പ്രഗല്ഭനായ്
പ്രസരിപ്പൊടുകൂടിയ ഗ്രജ-
ന്നരികിൽച്ചെന്നു പുണർന്നു സത്വരം.
64
പുണരുന്നു പരസ്പരം, ഭയാ-
ന്നകലെപ്പോയവരെത്തിയന്തികേ.
ഒരു വാക്കുരിയാടുവാൻ പരം
വിഷമിച്ചങ്ങനെ നിന്നു ഭൂധവൻ.
65
അതിരറ്റൊരു വിസ്മയം, മനോ-
വ്യഥ, സർവ്വോപരി ശാന്തി,യൊക്കെയും
ഇടതിങ്ങിയ മാനസത്തിൽ നി-
ന്നൊരു നിശ്വാസമുയർന്നു ശക്തിയായ്.
66
പിറകേ പദസഞ്ചയം, സമം
മിഴിനീർത്തുള്ളികളും വരുന്നിതാ
“മറവെന്നി നടന്ന സംഭവം
പറയൂ സോദര, സത്യമായി നീ.
67
അനുഭൂതി യഥാർത്ഥ മൃത്യുവായ്-
ക്കരുതുന്നോ? പുനരീ ജഡത്തോടേ.
ഇതുപോലെ സജീവനായി നീ-
യെഴുനേല്ക്കാനിടയായതെങ്ങനെ?
68
ഒരു സിദ്ധനുമീദിനംവരേ
മരണത്തെ വിജയിച്ച സംഭവം
അറിവില്ല, ചരിത്രപംക്തികൾ
പറയുന്നില്ലൊരിടത്തുമങ്ങനെ.
69
മടിവിട്ടുരചെയ്യണം, ക്ഷമി-
ച്ചിടുകെന്നുള്ളതു സാദ്ധ്യമല്ലിനി.”
ഒരു പുഞ്ചിരിതൂകി വീണ്ടുമാ
യുവരാജാവു തുടർന്നിതേ വിധം:
70
“ജനകന്നു സമാനനങ്ങനി-
ക്കവിടുന്നത്ര നടന്ന സംഭവം
ശരിയായ് വിവരിച്ചു കേൾക്കുവാ-
നതിജിജ്ഞാസുവറിഞ്ഞിടുന്നു ഞാൻ.
71
മമ ദേഹി പറന്നുതന്നെ പോയ്
ജഡബന്ധത്തെ വെടിഞ്ഞു സത്യമായ്
പലമാതിരി കാഴ്ച കണ്ടു ഞാ-
നവ വർണ്ണിപ്പതിനില്ല വാക്കുകൾ.
72
ചിറകുള്ള യുവാക്കൾ രണ്ടുപേ-
രവരേ വർണ്ണന ചെയതെങ്ങനെ?
പനിനീർക്കുസുമങ്ങൾ കൊണ്ടു തീർ-
ത്തതുപോൽ സുന്ദരരൂപമുള്ളവർ.
73
മധുരപ്രിയതാപ്രവാഹമാ-
ണവരെന്നോതുക തീർത്തു സത്യമാം
അവരെന്നെയെടുത്തുകൊണ്ടുപോയ്
ജഡമില്ലാത്ത മദീയ ദേഹിയേ
74
അഴകിന്റെ തിരമാലപോലെയോ
മിഴിവേറും മഴവില്ലുപോലെയോ
ഒരിടത്തൊരു കോട്ട് കണ്ടു ഞാ-
നളവും സീമയുമേതുമെന്നിയേ.
75
അതിനുന്നതഗോപുരങ്ങളു-
ണ്ടവയെല്ലാം നവരത്നനിർമ്മിതം
കനകധ്വജമുണ്ടുയർച്ചയാൽ
ദ്യുമണിക്കത്തലണച്ചിടുംപടി.
76
അകമേ വളരെസ്സരസ്സുകൾ
കളിയാടും നളിനങ്ങളുള്ളതായ്
വിലസുന്നു, വിശുദ്ധമാം ജലം
സ്ഥടികത്തെ വിജയിച്ചിടുന്നതായ്.
77
അടിയോളമിറങ്ങി മുങ്ങിടു-
ന്നവയിൽത്താപസരെണ്ണമെന്നിയേ
പുളകം കവികൾക്കു ചേർത്തിടും
സലിലക്രീഡകളില്ലൊരേടവും.
78
രജത്രപ്രഭയുള്ള കുന്നുകൾ
പലതും പൂർണ്ണവസന്തമോടിയിൽ
നിലകൊള്ളുകയാണു സജ്ജനാ-
വലിയാരോഹണമത്സരത്തിനും.
79
മധുമാസവിലാസപൂർണ്ണമായ്
പല പൂവാടികൾ തത്ര കണ്ടു ഞാൻ
അവയൊക്കെ നനച്ചിടും സരി-
അരികിൽക്കണ്ടതു ‘ജീവനിർഝരി’.
80
തടിനീതടസീമ കല്പകാ-
വലിയാൽ തിങ്ങിനിറഞ്ഞനാരതം
കുളിർകാറ്റിലുതിർത്ത പൂക്കളാൽ
സലിലത്തിന്നരുളുന്നു സൗരഭം.
81
ഇഹ സംഗതി സംഗ്രഹിച്ചു ഞാ-
നുരചെയ്യുന്നിനി വിസ്തരിച്ചിടാം
ഇതിനൊക്കെ നടുക്കു മേന്മയിൽ
നിലകൊള്ളുന്നൊരു സൗധതല്ലജം.
82
അതു സൗധ, മതാണു സൗധ, മെ-
ന്തൊരു സൗധം! കവികോകിലങ്ങളേ
അതിലേക്കു നയിക്കണം, കുതി-
ച്ചൊഴുകീടും കവിതാമതല്ലികാ.
83
ഒരുചുറ്റു നടന്നു ദൂതരോ-
ടൊരുമിച്ചാ മണിമേട കണ്ടു ഞാൻ.
ഹൃദയത്തിലലിഞ്ഞുചേരുമാ-
റകമേ കേട്ടിതു ഗാനമേളകൾ.
84
മണിവീണകൾ മീട്ടി നിന്നുകൊ-
ണ്ടിതി പാടുന്നൊരുകൂട്ടരെപ്പോഴും:
‘പരിശുദ്ധനഹോ വിശുദ്ധന-
ങ്ങെതിരില്ലാത്ത വിശുദ്ധനുന്നതൻ.’
85
അധിരാട്ടിനെ വാഴ്ത്തിയാലപി-
ക്കുകയാണായവരെന്നറിഞ്ഞു ഞാൻ.
തിരുമേനിയെയൊന്നു കാണുവാൻ
ഹൃദി ജിജ്ഞാസ വളർന്നു ശക്തിയായ്.
86
ഉടനേ തിരുമുമ്പിലെന്നെയാ
പ്രിയരാം ദൂതർ നിറുത്തി ഭാഗ്യമേ!
നവരത്നനൃപാസനങ്ങളിൽ
ബത! ഞാൻ കണ്ടൊരുപോലെ മൂവരേ
87
യുവസുന്ദരർ, രാജലക്ഷണ-
ത്തികവുള്ളോർ, മണിമൗലി ചാർത്തിയോർ,
വിലയേറിയ പട്ടുടുപ്പുകൾ
ചിതമായ് മെയ്യിലണിഞ്ഞിരിപ്പവർ (യുഗ്മകം)
88
‘ഒരു മർത്ത്യനെ* മൂന്നു വേദിമേ-
ലൊരുനേരത്തൊരുപോലെ കാൺകയോ?’
പരമത്ഭുതചിന്തയേവമാർ-
ന്നുടനേ വേറൊരിടത്തിലായി ഞാൻ.
89
ഗണിതത്തിനു കീഴ്പ്പെടാത്തപോ-
ലവിടെക്കണ്ടു വിശാലശാലകൾ,
രജതത്തറ, രുക്മഭിത്തികൾ,
നവരത്നപ്പണിവാതി,ലിങ്ങനെ.
90
പരകോടിമണിപ്രകാണ്ഡമൊ-
ത്തവിടെച്ചിന്നി വരുന്ന ദീപ്തിയാൽ
പകൽ തന്നെ സദാപി, സൂര്യനി-
ല്ലൊരു താരാവലിയില്ല ചന്ദ്രനും.
91
“ഇതു നൂതനരാജധാനിയാ-
ണിതു തോമ്മായുടെ ശില്പവേലതാൻ.
ധനമെത്ര കൊടുക്കിലും പണി-
ത്തരമീരീതിയിലാരു ചെയ്തിടും.”
92
അവരോതി തുടർന്നു ‘കാൺക നീ
യൊരു സിംഹാസന,മെത്ര മേത്തരം!
ധരണീപതിമാരിലാരുമി-
ല്ലിതുപോലൊന്നിലിരുന്നിടുന്നവൻ.
93
അതിനർഹതയുള്ള പൂരുഷൻ
ക്ഷിതിഭൃത്തല്ലവധൂതസത്തമൻ
തടവിൽക്കഴിയുന്ന തോമ്മയാ-
ണറിയേണം’ പരമമ്പരന്നു ഞാൻ.
94
ഉടനേയൊരു കാഹളം, സ്ഥലം
വിടുവാനാജ്ഞയുമങ്ങു കേട്ടു ഞാൻ.
‘സമയം വളരെക്കഴിഞ്ഞിനി-
ത്തിരിയെപ്പോവുക ഭൂവിലേക്കു നീ’.
95
ത്വരിതം മമ ദേഹദേഹികൾ
പുനരൊന്നിച്ചെഴുന്നേറ്റതാണു ഞാൻ
ഒരു മായയുമല്ല, വിശ്വസി-
ച്ചിടണം ഞാൻ പറയുന്ന വാക്കുകൾ.
96
സുകൃതീന്ദ്രനെയിക്ഷണത്തിൽ നാ-
മവിടെച്ചെന്നു വിമുക്തനാക്കണം
ബഹുമാനിതനാക്കണം “നമു-
ക്കിരുവർക്കും ത്വരിതം പുറപ്പെടാം.”
97
പരിപൂർണ്ണസുബോധമുള്ളവൻ,
മരണത്തേ വിജയിച്ചെണീറ്റവൻ,
പരമത്ഭുതപൂരുഷൻ, സഹോ-
ദരനെന്നാ ക്ഷിതിപന്നു ബോദ്ധ്യമായ്.
98
അവനോതിയതൊക്കെ വിശ്വസി-
ച്ചവിടംവിട്ടൊരു ഘോഷയാത്രയായ്
അരചൻ, യുവരാട്ട, മാത്യനും
പരിവാരങ്ങളുമൊട്ടനേകരും.
99
പരമുത്സവമെന്നു തോന്നുമാ-
റൊരുപാടാളുകളെത്തി പിന്നെയും
മൃതനായ് നവജന്മമാർന്നൊരാ-
യുവരാജാവൊരു കാഴ്ചയല്ലയോ?
100
കാരാഗാരം തുറന്നൂ, ചലനരഹിതനായ്
സൽസ്സമാധിസ്ഥനായി-
ക്കാരുണ്യം കൈവെടിഞ്ഞുള്ളൊരു തറയുടെമേൽ
ജാനുയുഗ്മത്തെയൂന്നി
നേരേ കൂപ്പിക്കരങ്ങൾ പരിചൊടു നിജ വ-
ക്ഷസ്സിലായ് ചേർത്തു സാരാ-
സാരജ്ഞൻ ബന്ദി നില്ക്കുന്നിതു നയനയുഗം
ഭംഗിയായ് ചേർത്തടച്ചും.
101
ഹാബാൻ കണ്ടതുപോലെ ദിവ്യപരിവേ-
ഷത്തോടെയദ്ധന്യനേ
ഭൂപൻ കണ്ടധികം ഭ്രമിച്ചു നിതരാം
പശ്ചാത്തപിച്ചന്തരാ.
താനേയേവരുമച്ചടക്കമവിടെ-
പാലിച്ചു സമ്പൂർണ്ണമായ്,
വാനോർനാഥനദൃശ്യനായവിടെയു-
ണ്ടെന്നോർക്കയാലാകണം.
102
വെളിക്കു ശബ്ദമെന്നിയേ ചലിച്ചിരുന്ന ചുണ്ടുകൾ-
ക്കിടയ്ക്കുനിന്നുതിർന്നൊരീ സുഭാഷിതം ശ്രവിച്ചവർ.
“അതേ ഗുരോ, ഭവാന്റെയിഷ്ടമെന്റെയിഷ്ട”മക്ഷണം
തുറന്നു ലോചനങ്ങൾ തോമ്മ കണ്ടു മേദിനീശനെ.
103
“രാജാവല്ലോയിങ്ങെഴുന്നള്ളി നില്പ്പൂ”
തോമ്മായേറ്റം സംഭ്രമം പൂണ്ടെടുത്തു
പാദം കൂപ്പാനായ് സമീപിക്കുവോനെ-
പാരം മാനിച്ചാ നൃപൻ തേരിലേറ്റി.
104
നിർവിഘ്നമായ് ബന്ധനമുക്തനായീ
ഹാബാനുമാമോദമോടേയിറങ്ങി
സ്വാതന്ത്ര്യലാഭം വലുതാണവന്നും
മാനം ധനത്തെ വിജയിച്ച നേട്ടം.
105
നടന്നുടൻ രഥ്യകളിൽ പ്രദക്ഷിണം
മടങ്ങിയെത്തീ ബത രാജധാനിയിൽ
നിഷിദ്ധനെന്നെണ്ണിയ തോമ്മയെപ്പുണർ-
ന്നിരുത്തിയർദ്ധാസനസീമ്നി പാർത്ഥിവൻ.
106
അത്രയല്ല നൃപസത്തമൻ, സഹജ-
നൊത്തു തോമ്മയുടെ പാവനം
ക്രിസ്തുധർമ്മമതി സത്യമെന്നു ഹൃദ-
യത്തിലോർത്തതു വരിച്ചുടൻ.
പേർത്തുമാ ജനപദത്തിലേയധിക-
മർത്ത്യരും പരമവിസ്മയം.
പാർത്തിരുന്നതു നിമിത്തമായവരു-
മെത്തിയാ വഴിയിലാസ്ഥയാ.
107
*പരിശുദ്ധ ത്രിത്വം
