Marthoma Vijayam 005

അഞ്ചാം സർഗ്ഗം


നൃപന്റെയഭ്യർത്ഥനപോലെ തോമ്മയും 

കുറച്ചുനാളേക്കഥ രാജധാനിയിൽ 

വസിക്കുവാൻ തന്നെയുറച്ചു, ശിക്ഷണം 

നടത്തുവാനും പരിശുദ്ധസൂക്തിയിൽ.                                                        

1

തപോധനന്മാർക്കണി മൗലി ദിവ്യനോ- 

ടപാരമായ ഭൂപനു ഭക്തി മാനസേ 

മഹാപുരാണങ്ങളെ ദീപ്തമാക്കിടും 

മഹർഷിമാരത്ര ശമപ്രധാനരോ?                                                                    

2

അനല്പകോപിഷ്ഠനൊരാൾ, മഹേളയേ 

നിനച്ചുപോയാലിളകുന്നവൻ പരൻ. 

ധനത്തില, ല്ലേഷണി ജോലിയിൽ സദാ 

മനസ്സുഖം കാണവനാണു മറ്റൊരാൾ                                                             

3

ഇതൊന്നുമില്ലാത്തൊരു ദിവ്യപുരുഷൻ 

ശമം ദമം തൊട്ടവയാൽ പ്രശോഭിതൻ 

നൃപന്റെയത്യാദരവിന്നു പാത്രമായ് 

ഭവിച്ചതോർത്താലതിലെന്തു വിസ്മയം?                                                       

4

കുലത്തിനാചാര്യതയെന്നുതൊട്ടു മാ- 

മുനിക്കു നൽകിപ്പരമാദരിക്കുവാൻ 

ഉറച്ചു രാജാ,വതു കൈവരിക്കുവാൻ 

മടിച്ചു പക്ഷേ, മതിശാലി മസ്കരി.                                                                  

5

സ്വതന്ത്രനായ് നില്ക്കുകിലേതിടത്തിലും 

ഹിതത്തിനൊക്കുംപടി യാത്ര ചെയ്തിടാം. 

മതപ്രചാരണത്തിനതാണു വേണ്ടതെ- 

ന്നറിഞ്ഞിരിക്കുന്നവധൂതസത്തമൻ.                                                             

6

മനുഷ്യരക്ഷയ്ക്കവതീർണ്ണനായൊരാ-

മനുഷ്യദൈവത്തെ ജഗത്തിലെങ്ങുമേ 

വെളിപ്പെടുത്താൻ പിടയുന്ന മാനസം 

തളച്ചൊരേടത്തു തടഞ്ഞിടാവതോ?                                                               

7

തുടങ്ങി നാട്ടിൽ പല പാഠശാലകൾ 

പടുത്വമോടാ ഗുരുഭൂതനുത്തമൻ. 

നടപ്പുപോൽ രാജകുടുംബശിക്ഷണം 

നടത്തി കൊട്ടാരമതില്ക്കകത്തുതാൻ.                                                          

8

യതിക്കു ശിഷ്യപ്പെടുകെന്ന കാര്യമൊ- 

ട്ടതീവ ഭാഗ്യത്തികവായി ഗണിക്കയാൽ 

മതം നവീനം സകുടുംബമാ നൃപൻ 

പ്രതാപവാനുത്സുകനായ്പ്പഠിക്കയായ്.                                                           

9

അനാദ്യനന്തൻ ജഗദീശനേകനാ- 

യിരിക്കിലും താതസുതാത്മരെന്നതും

മനുഷ്യരക്ഷയ്ക്കഖിലേശനന്ദനൻ 

മനുഷ്യനായിട്ടവതീർണ്ണനായതും.                                                              

10

പശുത്തൊഴുത്തിൽ ശിശുവായി ജനിച്ചതും 

ദരിദ്രനായ്ത്തന്നെ വളർന്നുവന്നതും 

നിരാശ്രയരക്കാശ്രയമായി ജീവിതം 

പരോപകാരാർത്ഥമുഴിഞ്ഞുവച്ചതും                                                       

11

നിരാശ നീക്കിത്തളർവാതരോഗിയെ- 

പ്പിടിച്ചെണീപ്പിച്ചു നടത്തിവിട്ടതും 

വെളിച്ചമെന്തെന്നറിയാത്ത കണ്ണുകൾ 

തെളിച്ചതും തുപ്പി നനച്ച ധൂളിയാൽ.                                                         

12

മറച്ചിടാതോതുകിലാരുമെപ്പൊഴും 

വെറുത്തിടും ദുർഭഗർ കുഷ്ഠരോഗികൾ 

അവർക്കുമത്യന്തസുഖം വപുസ്സിനും 

മനസ്സിനും നല്കിയനുഗ്രഹിച്ചതും.                                                            

13

മരിച്ചവർക്കത്ഭുതമായി ജീവനേ 

ഗുരുപ്രവീരൻ തിരികെക്കൊടുത്തതും 

ഫരീസ്യരിൽ പാരമസൂയയുജ്വലി- 

ച്ചെരിഞ്ഞമർഷാഗ്നി വളർന്നുയർന്നതും                                                   

14

ധനത്തിലത്യാശ പെരുത്ത ശിഷ്യനാ 

രിപുക്കളാം ദുഷ്ടരൊടൊത്തുചേർന്നതും 

കടുത്ത പാപം! ഗുരുദേവനേയവൻ 

ചതിച്ചു നിസ്സാരവിലയ്ക്കു വിറ്റതും.                                                            

15

പിടിച്ചു മർദ്ദിച്ചവർ രാഗമൂർത്തിയേ 

നികൃഷ്ടനെപ്പോൽ കുരിശിൽത്തറച്ചതും 

സഗദ്ഗദം സിദ്ധനുരച്ചു; കണ്ണുനീർ

പൊഴിച്ചു സമാട്ടു തുടങ്ങിയവരും. (കുളകം)                                                

16

ദിനങ്ങൾ മൂന്നങ്ങു കഴിഞ്ഞമാനുഷ- 

പ്രതാപവാനായവിടുന്നുയിർത്തും 

ധരാതലേ നാല്പതുനാൾ വസിച്ചതും 

ശ്രവിക്കവേ ഹർഷജമായി കണ്ണുനീർ.                                                         

17

പറഞ്ഞുടൻ കൊച്ചുകിടാങ്ങളും “ഗുരോ, 

തൊഴുന്നിവർ സാദരമേശുദേവനെ 

സദാപിയങ്ങേ ഹിതമൊത്തു ജീവിതം 

നയിച്ചിടാൻ ഞങ്ങളൊരുക്കമെപ്പൊഴും                                                      

18  

വിശുദ്ധനാമഗ്ഗുരുദേവനെക്കുറി- 

ച്ചറിഞ്ഞിടാനുണ്ടു വിശിഷ്ടകൗതുകം 

തുടർന്നു ചൊന്നാലുമസംശയം വിഭോ 

പഠിച്ചിടാനുത്സുകൾ ശിഷ്യരാമിവർ”                                                              

19

അവശ്യമായ ക്രിസ്തുമതാനുയായികൾ 

ധരിച്ചിടേണ്ടുന്നൊരു തത്ത്വമൊക്കെയും 

സവിസ്തരം പാഠകമാക്കിടാനക- 

ത്തുറച്ചു മേരിസുതഭക്തസത്തമൻ.                                                             

20

മറന്നതില്ലന്നു തടങ്കലിൽക്കിട- 

ന്നിരുന്ന ഹാബാനെയുമാദരിക്കുവാൻ 

ധരാധിപൻ തൻ പ്രിയകാര്യദർശിയായ് 

കഴിഞ്ഞുപോരുന്നവനുറ്റ ഭക്തനായ്.                                                            

21

ഒരിക്കലപ്പോസ്തലനായ ദേശികൻ 

ഗിരിപ്രസംഗം വിശദീകരിക്കവേ 

നിരന്നു രാജർഷി തുടങ്ങിയേവരും 

സ്വയം മറന്നങ്ങനെ കേട്ടിരിക്കവേ                                                                  

22

വരുന്നു ഹാബാൻ, മുഖഭാവമല്‌പവും 

പ്രസന്നമല്ലെന്നു ധരിക്കമൂലമോ

തിരിച്ചു കണ്ണൊന്നു ചലിച്ചൊരാജ്ഞയാൽ

വരുത്തി ഭൂപൻ സവിധേ യഹൂദനെ. (യുഗ്മകം)                                       

23

“വിശേഷമെന്താ പറയൂ, കുറച്ചുവി- 

ശ്രമിച്ചിടട്ടേ ഗുരുദേവനിച്ചപോൽ. 

വധുജനങ്ങൾക്കുമകത്തു പോയിടാം

കളിക്കണം കുട്ടികളങ്കണങ്ങളിൽ.                                                              

24

ഗുരോ, ഭവാനും പ്രിയഗാദുമെന്നടു-

ത്തിരിക്ക, ഹാബാൻ നവമായ വാർത്തകൾ 

പറഞ്ഞിടുന്നെങ്കിലതും ശ്രവിക്ക, ഞാൻ 

മറയ്ക്കയോ നിങ്ങളിൽ നിന്നു വല്ലതും?”                                                  

25

കുറച്ചു ശങ്കിച്ചഥ നോക്കി ചുറ്റിലും 

വണിഗ്വരൻ നിന്നുരിയാട്ടമെന്നിയേ 

“ഇതെന്തു സംഭ്രാന്തികലർന്നു നില്പ്പു നീ? 

പറഞ്ഞിടാം നിർഭയമേതുകാര്യവും.”                                                          

26

“പറഞ്ഞുകൊള്ളാം തിരുമേനിയെങ്കിലും 

കുറച്ചു ശങ്കിപ്പതിനുണ്ടു കാരണം 

പറഞ്ഞുകേൾക്കുന്നവയെത്ര സത്യമെ 

ന്നറിഞ്ഞിടാതെങ്ങനെയിങ്ങുണർത്തിടും?                                               

27

ഉയർന്ന പീഠങ്ങളലങ്കരിച്ചിരി-

പ്പവർക്കു നേരേ ഖലവൃന്ദമെപ്പൊഴും 

അസൂയ ജംഭിച്ചു പലതരത്തിലും 

പരത്തുമാറുണ്ടു ദുഷിച്ച വാർത്തകൾ.                                                       

28

പ്രതാപവാനായൊരുകോടിലിംഗഭൂ-

മിപന്റെ പേരിൽക്കഥ നൂറു കേട്ടു ഞാൻ.

ജനങ്ങൾ സംഭ്രാന്തിയിലാണു, നാട്ടിലി-

പ്പരന്നതെല്ലാം കഥയോ ചരിത്രമോ?                                                              

29

രഹസ്യമാണായ രാജധാനിയിൽ 

പരസ്യമങ്ങാടിയിലത്ഭുതം പരം

ചുരുക്കമോതാം, നിജ നാടുവിട്ടുപോ- 

യിരിക്കയാണേതൊരിടത്തിലോ നൃപൻ.                                                     

30

മനുഷ്യരെല്ലാം പലതും പറഞ്ഞിടു- 

ന്നതൊക്കെയിങ്ങോതുവതേതുമട്ടു ഞാൻ?

ഭരിപ്പതിപ്പോൾ സചിവപ്രമാണിയാ- 

ണൊതുക്കിവച്ചീടുകയാണു സംഗതി.”                                                          

31

“ഹരേ, ഹരേ, യെങ്ങനെ വിശ്വസിച്ചു ഞാ-” 

നുരച്ചു ഗുണ്ടപ്പ “റിതെന്തുദന്തമോ! 

കുമാരിയും കാന്തനുമില്ലയോ പുറ- 

ത്തിറങ്ങിയത്താതനെയന്വേഷിക്കുവാൻ?                                                    

32

പലേതരം വാർത്തകൾ കേട്ടതൊക്കെ ഞാ- 

നറിഞ്ഞിടട്ടേ, പറയൂ സവിസ്തരം. 

വിപത്തുകാലത്തുണരുന്നു സൗഹൃദം 

വിശേഷമായിട്ടതു നീ ധരിക്കണം.                                                                     

33

“വിരിഞ്ഞു തൂങ്ങും തിരതന്റെ പിന്നിലായ് 

ശരിക്കു നീങ്ങുന്നൊരനിഷ്ട നാടകം 

അതിനകത്തുള്ളൊരു കാര്യമാരറി- 

ഞ്ഞനേകമൂഹങ്ങൾ വിനിർഗ്ഗമിക്കയാം.                                                        

34

ധരാധിപൻ നാടുവെടിഞ്ഞു പോയതായ് 

പരന്നു പെട്ടെന്നൊരു വാർത്തയെങ്ങുമേ 

പരസ്പരം പൗരജനങ്ങൾ ചോദ്യമാ- 

യൊരുത്തനും നിശ്ചയമില്ല സംഗതി.                                                               

35

തപസ്സിനായ് പോയതുതന്നെയെന്നൊരാൾ 

നൃപന്നു ചിത്തഭ്രമമെന്നു മറ്റൊരാൾ 

ഉപാസ്യനാം സിദ്ധനെ ധിക്കരിക്കയാൽ 

ശപിച്ചതാണാ സുകൃതീന്ദ്രനെന്നൊരാൾ.                                                           

36

അമാത്യനും റാണിയുമായി മേല്ക്കുമേ- 

ലടുപ്പമായ്ക്കണ്ടു സഹിച്ചിടായ്കയാൽ 

വെടിഞ്ഞു ദാരങ്ങളെ നാടിനേയുമെ- 

ന്നൊരാഢ്യനാം വിപ്രനുരച്ചു ഖിന്നനായ്.                                                   

37

കുമാരിതൻ കാന്തനുമൊത്തു രാത്രിയിൽ 

പിതാവിനെത്തേടിയിറങ്ങി ധീരയായ്, 

തിരിച്ചു വന്നില്ല, ജനിത്രിയാൾ സദാ 

കിടപ്പിലാണെന്നപരന്റെ വാക്കുകൾ.

38

വടക്കുപോയ് ക്രൈസ്തവരായി, പിന്തിരി-

ഞ്ഞിടുന്ന കാര്യം വിഷമത്തിലെന്നൊരാൾ. 

പരന്നിടും വാർത്തകളൊട്ടനേകമാ-

ണറിഞ്ഞിടുന്നതെങ്ങനെ സത്യസംഭവം?”                                                 

39

നിറുത്തി ഹാബാ,നിതിലേറെ ദീർഘമായ് 

പറഞ്ഞിടുന്നെന്തിനു കാര്യമോതുവാൻ? 

ഇരുന്നു സിദ്ധൻ ചിബുകം സ്വപാണിയിൽ 

കുനിച്ചു താങ്ങീട്ടൊരു പാവയെന്നപോൽ.                                                   

40

“വിനാശകാലേ വിപരീതബുദ്ധി”യെ- 

ന്നുരച്ചുടൻ ഗാദിനെ നോക്കി പാർത്ഥിവൻ. 

തിരിച്ചു നോട്ടത്തിലതിന്റെയുത്തരം 

ധരിച്ചിരിക്കാമുരിയാട്ടമെന്നിയേ.                                                                      

41

കടാക്ഷമപ്പോസ്തലനിൽപ്പതിക്കവേ 

പൊഴിക്കയാണശ്രുകണങ്ങളാ മഹാൻ. 

അനർത്ഥവായന്യനു നേരിടുമ്പോഴും 

മഹാശയന്മാർക്കു മനസ്സലിഞ്ഞിടും.                                                             

42

നമിച്ചു ഹാബനത കൂപ്പുകൈയോടെ 

വിളംബമെന്യേ വിടവാങ്ങി സാദരം. 

ഇറങ്ങി സോപാനപരമ്പരയ്ക്കുമേ- 

ലമർന്നിടും കാലുകൾ ഭീതിയാർന്നപോൽ.                                                   

43

നിറഞ്ഞ നിശ്ശബ്ദത നീണ്ടുനിന്നതി- 

ല്ലറിഞ്ഞു രംഗം ശരിയാക്കി ചിന്മയൻ. 

മറഞ്ഞിടും മിന്നലടച്ച കണ്ണുകൾ 

തുറന്നിടും മുമ്പതു കാണ്മതാണു നാം.                                                          

44

അണഞ്ഞുടൻ കഞ്ചുകി താണുകൂപ്പിയി- 

ട്ടുണർത്തിയേവം തിരുമുമ്പിലാദരാൽ: 

“പണിഞ്ഞിടാനായ് ഗുരുദേവപദതാർ 

ഗുണാഢ്യരാം താപസർ വന്നു നില്പ്പുതേ.”                                                    

45

പ്രഗല്ഭനാം ഭൂപനുരച്ചു, “ദൈവമേ- 

യഗണ്യമല്ലാത്തൊരു ഭാവുകോദയം! 

അഗാധമാം ചിന്തയിലാണ്ടുപോകവേ 

ജഗത്പിതാവെന്നെയനുഗ്രഹിച്ചിതോ?                                                            

46

ഗുരോ, ഭവാൻ സത്വരമെത്തിയാദരി- 

ച്ചിരുത്തണം താപസരേ യഥോചിതം 

വരുന്നു ഞാനും പിറകേ,യനുഗ്രഹം 

ശിരസ്സിലേല്ക്കാൻ, പദതാർ നമിക്കുവാൻ.                                                     

47

തുടർച്ചയായ് ത്യാഗികൾ രാജധാനിയിൽ- 

ക്കടന്നു വന്നെന്നെയനുഗ്രഹിക്കയോ? 

മിടുക്കുകൊണ്ടല്ലതു, പൂർവ്വപുണ്യമു- 

ണ്ടിടയ്ക്കു നില്ക്കാനതുകൊണ്ടുതന്നെയാം.                                                

48

” തിടുക്കമാർന്നഴുനേറ്റു മൂവരും 

നടന്നു മുമ്പോട്ടു, ഗുരൂത്തമൻ ശമി 

പൊടുന്നനേ ചിന്തയിലാണ്ടിട്ടു കാ- 

ലടിക്കു നീക്കം ബത സാവധാനമായ്.                                                                 

49

അളന്നിടുന്നോ തറ തൻ പദങ്ങളാൽ

വിലയ്ക്ക് ഗുണ്ടപ്പറിനോടു വാങ്ങുവാൻ? 

ഒളിഞ്ഞിരിക്കും നിധി നോക്കിടുന്നുവോ 

തെളിഞ്ഞു തെല്ലൊന്നു കുനിഞ്ഞ ദൃഷ്ടിയാൽ?                                    

50

കുറച്ചു ദീർഘിച്ചൊരു യാത്ര നിർവ്വഹി- 

ച്ചൊരന്യദേശത്തു കടന്നമാതിരി 

വിചാരശീലൻ, സവിധത്തിലുള്ളാരാ 

വിശാലമാം ശാലയിലെത്തി സാത്വികൻ.                                                   

51

വിനീതരാം താപസരുണ്ടു നാലുപേ- 

രടുത്തു പാദം പ്രണമിച്ചുകൊള്ളുവാൻ 

തടഞ്ഞുകൊണ്ടങ്ങവരേ നമിക്കവേ 

നടന്നഹങ്കാരവിരുദ്ധമത്സരം.                                                                       

52

വിശുദ്ധനപ്പോസ്തലനൊന്നു നോക്കിയാ- 

വിശിഷ്ടകാഷായമണിഞ്ഞ ധന്യരെ 

തപസ്വിനീമൗലികളാണു രണ്ടുപേർ 

തപസ്വിമാർ മറ്റവർ ഭസ്മഭൂഷിതർ.                                                            

53

പരന്നിടുന്നുണ്ടൊരു പുഞ്ചിരിപ്രഭാ 

മരന്ദമോഷ്ഠങ്ങളിലെന്തു കാര്യമോ! 

മറച്ചിടാൻ ശ്മശ്രുകുലത്തിനും കഴി- 

ഞ്ഞിടുന്നതില്ലപ്പരിപാവനസ്മിതം.                                                              

54

വരേണ്യരാഗന്തുകരാദരത്തോടേ

കരങ്ങൾ കൂപ്പിത്തലതാഴ്ത്തിനില്ക്കവേ 

ചൊരിഞ്ഞിടും പുഞ്ചിരിയിൽ കലർന്ന വാ- 

ക്കുരച്ചുകൊണ്ടാൻ ഗുരുദേവനീവിധം:                                                    

55

“മനസ്സിലായ് നിങ്ങളെ നാലുപേരെയും 

വനത്തിലോ വാസ,മറിഞ്ഞതില്ല ഞാൻ. 

എനിക്കു സന്ദർശനമിങ്ങു നല്കുവാൻ 

കനിഞ്ഞതിൽ കൈതവമറ്റ് നന്ദിയും.”                                                      

56

കുനിഞ്ഞ ശീർഷങ്ങൾ കുനിഞ്ഞു പിന്നെയും 

നനഞ്ഞു തെല്ലത്തറയശുധാരയാൽ

സമൂഹനേതാവിനെയാദരിച്ചു കൈ-

പിടിച്ചു പീഠത്തിലിരുത്തി ദേശികൻ.                                                           

57

ഇരിപ്പുറയ്ക്കാതെഴുനേറ്റു വീണ്ടുമ- 

പ്പദങ്ങളിൽത്താണു നമസ്കരിക്കയായ്.

“ക്ഷമിക്കണേയെന്നെയനുഗ്രഹിക്കണേ!” 

സഗൽഗദം വാക്കുകളോതിയിത്രയും.                                                       

58

പിടിച്ചെണീപ്പിച്ചു, പുണർന്നു യോഗിമാർ 

പരസ്പരം, മറ്റവർ നോക്കിനിൽക്കവേ 

അടുത്തു ചെന്നിട്ടവരും നമിച്ചു തൽ- 

ക്ഷണം മഹാപുരുഷതൃപ്പദങ്ങളിൽ.                                                            

59

പരിഭ്രമിച്ചില്ലവർ പുഞ്ചിരിച്ചു മി- 

ല്ലനല്പമായുള്ള കൃതാർത്ഥതാഭരം 

യുവപ്രതാപത്തോടിടഞ്ഞു നില്പതായ് 

മുഖത്തു കാണുന്നിതു മൂന്നുപേരിലും.                                                     

60

ത്രികാലവിത്താം ഗുരുവിന്റെ ശിഷ്യനാ 

പ്രവാചകൻ ദേശികനോതി ശാന്തനായ്: 

“മുരിക്കിലക്കുമ്പിളിൽ വച്ചിരിക്കലും 

വിരിഞ്ഞ വാസന്തി തിരിച്ചറിഞ്ഞിടാം.”                                                        

61

അണഞ്ഞുടൻ കഞ്ചുകി താണു ധന്യരേ 

വണങ്ങിയേറ്റം വിനയത്തോടോതിനാൻ: 

“കനിഞ്ഞു കല്പിച്ചരുളുന്നു യോഗിമാ- 

രകത്തു ചെല്ലാൻ തിരുമുമ്പിലെത്തിടാൻ.”                                                 

62

ഗുരൂത്തമൻ പുഞ്ചിരിതൂകി പിന്നെയും 

പരസ്പരം നോക്കി തപസ്വിമാരുടൻ

പരിഭ്രമം മുഖ്യനിലാർന്നു ലജ്ജയും 

ചലിച്ചതില്ലാ യുവയോഗിയല്പവും.                                                              

63

“എനിക്കഹോ ഭാഗ്യമിതേവിധത്തിലീ-

ത്തപോധനന്മാരെ നയിപ്പതോർക്കുകിൽ 

സുഗന്ധസൂനങ്ങളൊടുള്ള വേഴ്ചയാൽ 

സുഗന്ധിയായ്ക്കണ്ടുവരുന്നു തെന്നലും.”                                                

64 

അവിദ്യനക്കഞ്ചുകി നിഷ്കളങ്കനീ- 

വിധം നിനച്ചിട്ടവരോടു സാദരം 

വദിച്ചു, “നിങ്ങൾക്കിതിലേ വരാമിതാ 

പദങ്ങളാലിത്ത ശുദ്ധമാക്കിടാം.”                                                                  

65

നടന്നുപോകും സമയത്തു പത്തുകൾ- 

ക്കടിക്കുചേർന്നുള്ളൊരു ധൂളി വൃന്ദവും

കൃതാർത്ഥതാനിർഭരമായിരിക്കുമോ?

കൃതജ്ഞതാഗാനമുതിർത്തിരിക്കുമോ?                                                    

66

മഹീശ്വരൻ വാണരുളുന്ന മണ്ഡപം 

മഹാവിശാലം നിതരാം മനോഹരം.

മനീഷിതൻ മാനസതുല്യമെന്നു താൻ

നിനച്ചിടും കാണികൾ കാവ്യകൃത്തുകൾ                                                     

67

അതിന്റെ കവാടത്തിലണഞ്ഞു ധന്യരാം 

തപോധനന്മാർ ഗുരുദേവനും ദ്രുതം. 

പ്രതാപവാൻ വന്നെതിരേറ്റു പാർത്ഥിവൻ 

പ്രതീക്ഷയിൽ കൂടുതലാദരത്തോടേ.                                                           

68

കനിഷ്ഠനാകും യുവരാജനോടുമൊ- 

ത്തനപഭക്ത്യാദരവാർന്നു ഭൂമിപൻ 

മുനിപ്രവീരർക്കു സപര്യചെയ്യുവാൻ 

തുനിഞ്ഞടുത്താനധികം വിനീതനായ്.                                                        

69

തടഞ്ഞുമൂപ്പൻമുനി, ലോചനങ്ങളൊ- 

ന്നിടഞ്ഞു തമ്മിൽ, കഥയെന്തു ചൊല്ലുവാൻ? 

വിടർന്ന നേത്രങ്ങളിമച്ചിടാതഹോ 

തുടർന്ന നോട്ടം ചിലമാത്ര നിന്നുപോയ്                                                        

70

“നടൻ മഹാനാണൊരു നാടകത്തിലേ-

പ്പെടുന്നുവെങ്കിൽ വിജയിച്ചിടും ദൃഢം. 

കടന്നുപോയിക്കളിയല്ല, മാകയാൽ 

തടങ്കൽശിക്ഷ വിധിച്ചിടുന്നു ഞാൻ.”                                                             

71

“തടങ്കലോ? നല്ലതുതന്നെ, യിപ്പൊഴേ 

തുടങ്ങിടാം കല്പനപോലെ നാൽവരും 

തുറുങ്കിലല്ലത്ഭുതസൗധതല്ലജം 

തുറന്നതിൽക്കേറ്റിയടച്ചുകൊള്ളണം.                                                           

72

അനശ്വരം ശില്പമതേവിധത്തിലൊ-

ന്നെനിക്കുമുണ്ടാക്കണമെന്ന വാഞ്ഛയാൽ

തുനിഞ്ഞിറങ്ങിപ്പദയാത്രചെയ്തു ഞാൻ 

വരുന്നതാണെന്നറിയുന്നുവോ ഭവാൻ?                                                         

73

മനക്കരുത്തോടിവൻ പെൺകിടാങ്ങളും 

മനീഷിയാമുണ്ണിയുമെന്റെയാശയം 

അറിഞ്ഞു കൂട്ടത്തിലിറങ്ങി, നാട്ടിലേ 

ജനത്തിനജ്ഞാതമിതൊക്കെയും വിഭോ!”                                                   

74

ചിരിച്ചു ഗുണ്ടപ്പറുരച്ചു, “നാട്ടിലേ- 

ക്കിറങ്ങിയാലി,ക്കഥ തന്നെയെങ്ങുമേ 

പറഞ്ഞുകേൾക്കാം പലമട്ടി,ലെങ്കിലും 

രഹസ്യമെന്നോ കരുതുന്നതിപ്പോഴും?                                                            

75

അറിഞ്ഞു ഞാനും ചിലമാത്രകൾക്കു മു- 

മ്പകം തപിച്ചൊട്ടു വിഷാദമഗ്നനായ് 

കഴിഞ്ഞിടുമ്പോളിഹ വന്നുചേർന്നതിൽ 

കൃതജ്ഞതാനിർഭരമെന്റെ മാനസം.                                                                

76

ഒരു നാടകം സരസമെന്നതെന്നിയേ 

പറയേണ്ടതെന്തു പലതിങ്ങു ദീർഘമായ്? 

മറയാകെ നീങ്ങി, മറയത്തുതന്നെയായ് 

വരവേല്‌പു വീണ്ടുമഥ രാജകീയമായ്.                                                       

77

കോടിലിംഗനരപാലനും പ്രിയ-

              കുമാരിയും ധവനുമാളിയും 

ഗൂഢമായവിടെവാസമാർന്നതിഥി-  

              മന്ദിരത്തിനഭിമാനമായ്.

ആതിഥേയനുമവർക്കു സൗഹൃദ- 

              സപര്യചെയ്തു പരിതുഷ്ടനായ്. 

പാഴിലല്ല നിമിഷങ്ങൾ, ദേശിക-

              വരൻ നടത്തി മതബോധനം.                                                        

78

ഏതാനും ദിവസങ്ങളങ്ങനെ കഴി-

              ഞ്ഞാശിച്ചപോൽക്രിസ്തുവി- 

നാദർശങ്ങൾ പഠിച്ചു സത്യമതവും 

              ഭക്ത്യാ വരിച്ചേവരും.

നാമം ഭൂധവനന്തയോസ്,മരുമകൻ 

              കേപ്പാ, പെലാജ്യാ മകൾ 

തോഴിക്കെന്നു മെലീജിയാമതി, യഹു- 

              ദപ്പേരതാണാകയാൽ.                                                                      

79

ഹൃദി കൃതാർത്ഥത കേരളഭൂപതി- 

ക്കതുലമായ്; നിജ നാട്ടിനു സത്വരം 

ഗുരുവിനോടൊരുമിച്ചു മടങ്ങുവാൻ 

പെരുകുമാശയിലാഴുകയാണവൻ.                                                            

80

അടിപണിഞ്ഞറിയിച്ചു വിനീതനായ് 

ഗുരുവിനേയഭിവാഞ്ഛ; മഹാശയൻ 

ഒരു തടസ്സവുമോതിയതില്ല; സ- 

ജ്ജനമനസ്സു പരേങ്ഗിതവശ്യമാം.                                                               

81