ആറാം സർഗ്ഗം

പരമസുഷമയോടെ പുഞ്ചിരി പ്രൗഢിയോടേ
പരിചിലുദയശൈലം കീഴടക്കുന്ന ഭാവം
അരുണകിരണനാകും ഭാസ്കരൻ കാട്ടീടുന്നു.
ധരണി ദിനമണിക്കായ് സ്വാഗതം നേർന്നിടുന്നു.
1
സമരബഹളമെന്യേ സൈനികാർ ഭാടമെന്യേ
ശിഖരിയടിപെടുത്തിപ്പൊങ്ങി ബാലാർക്കനല്‌പം.
അരിയ ജയപതാകയ്ക്കങ്ങു പാറിപ്പറക്കാ-
നിനിയൊരു തടവില്ലെന്നാകിലും ശങ്കയല്പം.
2
“കമല കളിനടത്തും കേരളാഭിഖ്യമാകും
വിപുലമഹിതസാമ്രാജ്യത്തിലെ മൗലി ചാർത്തി
അമലതരയശസ്സോടിന്നു വാഴുന്ന സമ്രാ-
പരനുപരി നില്ക്കാൻ സമ്മതിക്കാത്ത വീരൻ.”
3
ഇതി കരുതുകയാലോ മിത്രനാമാനയജ്ഞൻ
നിജകരനിവഹത്തെ നീട്ടി മുന്നോട്ടയച്ചു
അഹിതമപരനുണ്ടാക്കാതെ കാര്യങ്ങൾ നേടാൻ
കരുതുകിൽ വിജയിക്കും നീതിമാർഗ്ഗത്തിലൂടേ.
4
പുലരി പുതുമയായിട്ടല്ല കോയിക്കലെത്തു-
ന്നതു ദിനസരി,യെന്നാലിന്നതേമട്ടിലല്ല
പതിവിലുപരിയായിട്ടുള്ള ഭക്ത്യാദരങ്ങൾ
പലതു വിഷമമെന്യേ സൂക്ഷ്മദൃക്കിന്നു കാണാം.
5
സുകൃതികളുടെ മൗലിക്കൊത്ത മാണിക്യമാകും
പുരുഷനൊരുവനുണ്ടാ മാളികയ്ക്കുള്ളിലെന്നായ്
പ്രകൃതി പുലരിമാതിൻ കാതിലോതുന്നു മന്ദം
തരുശിഖരമിളക്കിത്തെന്നലാകും കരത്താൽ.
6
ഉടനടി നൃപഹർമ്മ്യം പാടലച്ചാന്തു ചാർത്തി,
പരിസരഭൂവിയൊപ്പം നിഷ്കുടം പട്ടണിഞ്ഞു
എവിടെയുമൊരു ചന്തം, പൂക്കളും പുഞ്ചിരിച്ചു
നവസുഷമയിലാണ്ടാപ്പത്തനം പുത്തനായി.
7
പറവകൾ പലമട്ടിൽ പാട്ടുപാടിത്തുടങ്ങി,
ശലഭകുലവുമോരോ പൂക്കൾ തേടിത്തുടങ്ങി.
അരികിലുരസി നീങ്ങും തെന്നലിൻ രാഗമൊപ്പി-
ച്ചരിയ സുമസമൂഹം നൃത്തമാടിത്തുടങ്ങി.
8
സ്തുതികൾ പലതരത്തിൽ പാടി വൈതാളികന്മാർ
ഗതിവിഗതികൾ മൂലം കൃത്യലോപം വരാതെ
സുമസുരഭിലമഞ്ചം വിട്ടെഴുന്നേറ്റു ഭൂ-
പതി, നിജ പരിപാടിക്കല്പവും ഭേദമെന്യേ.
9
പലർ പലവിധമോരോ വർത്തമാനം പരത്തും
കലിതകുതുകമാവാം തെല്ലു കാര്യത്തിലാവാം
പലതുമൊരു കഴമ്പില്ലാത്തതായും വരാ, മീ-
നിലയിലറിക നാടോടുന്നു സംസാരമെല്ലാം.
10
അതുമിതുമുചിതം പോലങ്ങുമിങ്ങും പറഞ്ഞാ-
രതിഭയചകിതന്മാരായി വർത്തിച്ചിടുന്നു.
സുജനമകുടരത്നം സാർവ്വഭൗമൻ ഭരിക്കു-
ന്നജിതനവിടെയിന്നും മുമ്പിലെപ്പോലെതന്നെ.
11
തിരുവടിയുടെ സൗധം പൂതമാക്കീടുമാറി-
ന്നൊരു മുനിയതിനുള്ളിൽ വൻതപം ചെയ്തിടുന്നു.
ശമഗുണനിധിയെങ്കിൽക്കാടു വേണോ തപസ്സി-
ന്നവനു വിപിനതുല്യംതന്നെ സൗധപ്രകാണ്ഡം.
12
ചുരുളുജടകളായിട്ടൊട്ടു നീണ്ടുള്ള കേശം,
പരിചൊടു വിരിമാറിൽ ചിന്നിടും ശ്മശ്രുപൂരം
അരുണരുചിരമാസ്യം, ദീപ്തമാം നേത്രയുഗ്മം
കുരിശൊരു കരതാരിൽ, ഗ്രന്ഥമങ്ങേക്കരത്തിൽ.
13
ചലനരഹിതനായിത്തന്നെ നില്ക്കുന്നു ദിവ്യൻ,
നില തറയുടെ മീതേ മുട്ടുകാലൂന്നിയത്രേ.
അവിടെ വിനയഭാവം മൂർത്തിയായ്ത്തീർന്ന ഭൂമി-
ധവനുടെ പദയുഗ്മം ചേർന്നു നിശ്ശബ്ദമായി.
14
ഒരു ചെറിയ സുവർണ്ണ പാനപാത്രം, വിശേഷ-
പ്പണിയിലൊരു സുവർണ്ണത്താലവും, പട്ടിലാക്കി
കരതലയുഗളത്തിൽ പൂജ്യമായ് സംവഹിച്ചാ-
മരുമകനുമണഞ്ഞു മാമുനീന്ദ്രന്റെ ചാരേ.
15
ഋഷിവരനെഴുന്നേറ്റു പൂജ്യപാദൻ ദിദീമൂ-
സവിടെയൊരു ബലിക്കായ് പീഠവും സജ്ജമായി
ചെറുതളികയിലപ്പം സാദരം വച്ചു, മൃദ്വീ-
രസമൊരു ലവമേവം പാനപാത്രത്തിലാക്കി.
16
ഒരു ബലി, യിതിഹാസപ്രോക്തമല്ലാത്തമട്ടിൽ
ഭരതധരയിലേറ്റം നവ്യമായുള്ളമട്ടിൽ
വരമുനിയഥ പുണ്യശ്ലോകനർപ്പിച്ചു തോമ്മാ
നരപതിസദനത്തിൽ പൂതമായ് കോടിലിംഗം.
17
നിലയനമതിലുള്ളോരൊക്കെയെത്തിയന്തഃ-
പുരജനവുമനേകം ഭക്തരാം ദാസർപോലും.
വെളിയിലിതു രഹസ്യം; ക്രിസ്തുവിന്റെ കേന്ദ്രമായി-
ട്ടൊളിവിതറുകയത്രേ രാജകൊട്ടാരമിപ്പോൾ.
18
യതിയഥ ബലിയപ്പം ഭാഗഭാക്കായിരുന്നോർ-
ക്കുടനടി വിഭജിച്ചു, മുന്തിരിച്ചാറുമേവം.
അവ നിജ കരതാരിൽ സാദരം സംവഹിക്കും
സമയമവനിലാർന്നു ദൈവദൂതന്റെ ഭാവം.
19
ഗുരുവരനുടെ വാക്യം ഭക്തിയോടുദ്ധരിച്ചു
പരിസരഭൂവി നിന്നോരൊക്കെയേവം ശ്രവിച്ചു
“ഇതു മമ ജഡമത രക്തമത, വിശുദ്ധി-
ക്കൊരു കുറവറിയാത്തോർക്കുള്ള പാനാശനങ്ങൾ.
20
ഒരുവനിതൊരു പാപത്തോടശിക്കുന്നുവെങ്കിൽ
നരകവിധി-വിനാശംതന്നെ ഭക്ഷിക്കയത്രേ.
പരിചൊടു പരിശോധിക്കേണമാത്മാവിലേ സു-
സ്ഥിതിയിതിനണയും മുമ്പെന്നതോർമ്മിക്ക നിങ്ങൾ.”
21
ബലിയുടെയുപസംഹാരത്തൊടേ രാജസദ്മം
പരമഗുരുവിനായിക്കീഴടക്കിക്കഴിഞ്ഞു.
ഇനി വെളിയിലിറങ്ങിസ്സഞ്ചരിക്കാൻ തിടുക്കം
ബഹുജനഹൃദയങ്ങൾ കീഴടക്കേണ്ടതിന്നായ്.
22
ബലിയ പരിശുദ്ധം, ചേർത്തടച്ചിട്ടു വേറേ-
യരമനമുറിയൊന്നിൽ സ്നാപകാംഗങ്ങളോടേ
വിടതൊഴുവതിനായിട്ടെത്തി ദിവ്യൻ, പഠിപ്പി-
ച്ചവ പുനരപിയേറ്റം ഭദ്രമാക്കേണ്ടതിന്നും.
23
ഗുരുവരനുടെ മുമ്പിൽ കൂപ്പുകൈയോടുകൂടി-
ദ്ധരണിപതി തുടങ്ങിശ്ശിഷ്യരെല്ലാം നിരന്നു.
കരയുഗമവിടുന്നും കൂപ്പി, പാരം പ്രശാന്ത-
സ്വരമൊഴുകുകയായി പൂവിലെത്തേൻകണക്കേ,
24
“ഇഹ ചില ദിവസങ്ങൾ പാർത്തു സന്തുഷ്ടനായ് ഞാൻ
മഹിതപരമസന്ദേശങ്ങൾ നിങ്ങൾക്കു നല്കി
വ്യതിചലനമിടയ്ക്കില്ലാതെയന്ത്യംവരെയും
കരളിലവയിരുന്നാൽ കൈവരും നിത്യഭാഗ്യം.
25
ഇവിടെയിനിയുമെന്നെക്കൂടിയേ തീരുവെന്നി-
ല്ലനവധിജനമാഴുന്നന്ധതാമിസ്രവായ്പിൽ
അവരെയുമിതുമട്ടിൽ സത്യമാം ദീപ്തി ചിന്നും
സരണിയതിൽ നയിക്കാൻ പോകണം പ്രേഷിതൻ ഞാൻ.
26
മമ പ്രതിനിധിയായിട്ടുണ്ണിയെപ്പട്ടമേല്പി-
ച്ചിടുവതു ഹിതമെങ്കിൽ ചെയ്തിടാമപ്രകാരം.
മകളതിനെതിർനിലാ, ബ്രഹ്മചര്യവ്രതത്തിൻ
വിലയവരറിയുന്നുണ്ടൊന്നുപോൽ രണ്ടുപേരും.”
27
അരചനു ഹിതമായി; തന്റെ വാത്സല്യമേറും
ദുഹിതൃപതി ഗുണാഢ്യൻ വൈദികപ്പട്ടമേറ്റാൽ
അതിലുപരി തനിക്കില്ലേതുമൗന്നത്യമെന്നാ-
ക്ഷിതിപതിയുടനോതീ പരമാത്മാർത്ഥമായി.
28
നരകുലപരിരക്ഷയ്ക്കായ് ക്ഷതപ്പെട്ടു മാറിൽ,
തിരുമുറിവതിനുള്ളിൽത്തൊട്ട ഹസ്തം പവിത്രം
ശിരസി ഗുരുവരണച്ച വേണ്ട കർമ്മങ്ങൾ ചെയ്തു
പരിചിനൊടഭിഷിക്തൻ ഭക്തിയാലശ്രുവാർത്തു.
29
“സകലരുമറിയേണം” പ്രേഷിതാഢ്യന്റെ വാക്കാ-
“ണിനിമുതലഭിഷിക്തൻ വൈദികൻ തന്നെ കേപ്പാ”
ഝടിതിയൊരൊളി മേലിൽനിന്നു താഴോട്ടു വിദ്യു-
ല്ലതികയൊടുസമാനം പാഞ്ഞുപെട്ടെന്ന് മാഞ്ഞു.
30
അതിൽ ബത കിടിലംകൊണ്ടമ്പരക്കും ജനത്തേ
യതിവരനുടനേവം സാന്ത്വനം ചെയ്തുരച്ചു
“മതിഭയമിതിൽ വേണ്ട, പാവനാത്മാ ചിലപ്പോൾ
നയനവിഷയമാകും പാവകജ്വാലപോലെ.
31
ഇവിടെയുമവിതർക്കം ദൈവസാന്നിദ്ധ്യമുണ്ട-
ന്നറിയണമതിനായിട്ടീവിധം സംഭവിച്ചു.
ഹിതകരമഭിഷേകത്തിന്നൊരാശിസ്സു നല്കീ-
ട്ടതിനു തെളിവു തന്നെന്നോർക്കിലും തെറ്റുപറ്റാ.”
32
“വരിക പ്രിയപെലാജ്യ,” എന്നൊരാഹ്വാന, മപ്പോ-
ളരചനരുമയായുള്ള കസന്താനവല്ലി
അഴകിലൊഴുകി നീങ്ങും പഞ്ചമിച്ചന്ദ്രനേപ്പോൽ
ഗുരുവിനരികിലെത്തിപ്പാദതാർ സന്നമിച്ചു.
33
“കുലതരുവിനു നീയിന്നേകസൂനം മനോജ്ഞം,
വിലയെഴുമൊരു പൂന്തേൻ നിന്നിലെക്കന്യകാത്വം
മലിനതയുടെ കാറ്റും തട്ടിടാതേശുവിന്നായ്
വലിയൊരു വ്രതമത്രേ, നീയതർപ്പിക്ക വത്സേ! ”
34
അണികുഴലസിതാഭം തോഴിമാർ ചേർത്തുബന്ധി-
ച്ചതിനുപരി നഭസ്സിൻ മണ്ഡലം വിട്ടിറങ്ങും
ധവളവിമലമേഘംപോൽ ശിരോവസ്ത്രമൊന്നാ
വധുവിനെയണിയിച്ചു ക്രിസ്തുവിൻ പാദഭക്തൻ.
35
വിജിതജഡികമോഹത്താൽ പരം ധന്യയായി-
ട്ടവിടെയധിവസിച്ചോരപ്സരസ്സെന്നമട്ടിൽ,
വിലസുമവളെ നോക്കിക്കോഴിയീർഷ്യാലുവായ്ത്തീർ-
ന്നവളുമിതു കൊതിച്ചീടുന്നതാണൊട്ടുനാളായ്.
36
ഝടിതിയധികധൈര്യം പൂണ്ടു തൻസ്വാമിനിപ്പെൺ-
കൊടിയുടെ സവിധത്തിൽ ചെന്നു കൈകൂപ്പി നിന്നു
നയനസലിലമുക്താമാല്യ-മദ്ദിവ്യനാകും
ഗുരുവിനൊരുപഹാരം-കാല്ക്കലർപ്പിച്ചെലീജ്യ.
37
അവളുടെ ഹൃദയത്തിന്നത്യഗാധത്തിലോളം
ഗുരുവരനൊരു നോട്ടം നോക്കി നിശ്ചഷ്ടനായി
അധികമുദിതനായി സ്വീകരിച്ചാവ്രതത്തി-
ന്നവളെയു, മിരുവർക്കും ചാരിതാർത്ഥ്യം വളർന്നു.
38
മുനിവരനരുൾ ചെയ്തു, “മക്കളേ, ഞാൻ കൃതാർത്ഥൻ
ഹൃദയചഷകമിപ്പോൾ പൂരിതം മുത്തിനാലേ
സഭയുടെ മികവല്ലോ വൈദികൻ, നിത്യകന്യാ-
വ്രതലസിതകൾ നാരീയുഗ്മവും; ഭാഗ്യമേറ്റം.
39
അറിയണമിനി ഭാര്യാഭർതൃബന്ധങ്ങളില്ല
സഹജനില പെലാജ്യാ കേപ്പയും തമ്മിലെന്നും
അമലമരിയ കന്യാമൗലി, കാന്തൻ വിരക്തൻ,
പരമവരുടെയാദർശത്തിൽ ജീവിക്ക നിങ്ങൾ.
40
പരമപുരുഷനാശിസ്സേകിയിട്ടുള്ള കേന്ദ്രം,
പരിചിലിവിടമങ്ങേ പ്രീതികേദാരമായി
അനുദിനമഭിവൃദ്ധിപ്പെട്ടിടട്ടേ! മഹാനാം
നരപതി വിജയിക്കും; ഞാനിറങ്ങട്ടെയെന്നാൽ.”
41
ഉടനടി രഥമെത്തിച്ചേർന്നു രാജോചിതം തേ-
രൊരു യതിയുടെ യാത്രയ്ക്കൊത്തതല്ലെന്നു ചൊല്ലി
വിനയമൊഴുകിവീഴും നേത്രയുഗ്മം തിരിച്ചു
ക്ഷിതിപതിയുടെ നേരെ, കൈകളും കൂപ്പി നിന്നു.
42
പ്രതിവചനമുരച്ചു കേരളാധീശ, നങ്ങേ
ഹിതമറിവതിനല്ലോ കാത്തുനില്ക്കുന്നു ശിഷ്യൻ
പദയുഗശതപത്രസ്പർശനം മൂലമങ്ങു-
ന്നിതുമുതൽ കരുതുന്നോ നാടിനേ ശുദ്ധമാക്കാൻ?
43
അതുമൊരുവിധമോർത്താലെത്രയും ഭാഗ്യമല്ലോ
വിപുലവിഷയസീമയ്ക്കുള്ളിലേ ധൂളിപോലും
തവപദയുഗസമ്പർക്കത്തെയെന്നും പ്രതീക്ഷി-
ച്ചതിനു നിമിഷമെണ്ണുന്നേറ്റമക്ഷാന്തിയോടേ.
44
സുകൃതികളണിമൗലേ, വേദവിത്തേ, നമസ്തേ!
മതമിതു മമ സാമ്രാജ്യത്തിലെങ്ങും പരത്താൻ
സകലവിധ സഹായം ചെയ്യുവാൻ ഞാനൊരുക്കം;
സപദി ഹിതമറിഞ്ഞാലങ്ങയോടൊത്തിറങ്ങാം.
45
പലതവണയുമോരോ ബുദ്ധസന്യാസിമാർ വ-
ന്നവരുടെ മതകാര്യം കേട്ടു ഞാൻ ചർച്ചചെയ്തു
വളരെ ഗുണമതിൽക്കണ്ടെങ്കിലും സത്യമോതാ-
മെതിരു പറയുവാനില്ലാത്തതിക്രിസ്തുധർമ്മം.
46
അതിനിഹ ഗുരുദേവൻ വേണ്ട വാചാപ്രസംഗം
ചൊരിയുക, പലെടത്തും തീർക്ക ദേവാലയങ്ങൾ.
ധനപരമൊരു വിഘ്നം ഞാനിരിക്കുന്ന കാലം
മുനിവര, വരികില്ലെന്നോർത്തുകൊണ്ടാലുമുള്ളിൽ.”
47
കനകരജതനാണ്യവ്യൂഹസംഘട്ടനത്താൽ
കലഹരവമകത്തുണ്ടെങ്കിലും വായൊതുക്കി
പരിചൊടു തിരുമുമ്പിൽ സ്സഞ്ചിയൊന്നല്ല വന്നു
ഗുരുവിനു സഹയാത്രാസേവനം ചെയതിന്നായ്.
48
ഉടനടി വിടവാങ്ങിക്കൊണ്ടു തോമ്മായിറങ്ങി
ധരണിപനനുയാനം ചെയ്തു മര്യാദപോലെ.
മരുമകനഭിവന്ദ്യൻ വൈദികൻ കേപ്പയങ്ങേ
ത്തിരുവടികൾ നമിച്ചു വീണ്ടുമാശിസ്സു വാങ്ങി.
49
യതിയഥ നടകൊണ്ടു ചെന്നുചേരേണ്ടതെങ്ങോ?
വിതതഭുവനമല്ലോ താപസന്മാർക്കു ഗേഹം.
അരയടി തലചായ്ക്കാൻ മണ്ണുകിട്ടാതെ ലോകേ
കുരിശിനെയവസാനം രക്ഷകൻ തല്പമാക്കി.
50
കൃതിയവിടെ യഹൂദക്കോളനിക്കന്തികത്തിൽ
സരണിയിൽ ബത റാബിപ്പോളിനെക്കണ്ടുമുട്ടി.
നൃപസുതയുടെ പള്ളിക്കെട്ടുനാൾ കണ്ട യോഗീ-
ശ്വരനെയവനറിഞ്ഞു വീട്ടിലേക്കായ് ക്ഷണിച്ചു.
51
പുലരി പുതുമയോടേതന്നെ വന്നെത്തി വീണ്ടും
ലതകളിൽ നവസൂനം പിന്നെയും വന്നുയർന്നു
തൊഴിലരുതു യഹൂദർക്കന്നു സാബത്തു നാളാ-
ണവരുടെ ‘സിനഗോഗി’ൽക്കൂടിടുന്നു ജനങ്ങൾ.
52
പ്രമുഖനുടനെ റാബിപ്പോൾ, ദിദീ മൂസിനേയാ
ജനതതിയുടെ മദ്ധ്യേകാര്യമായാനയിച്ചു
പതിവിലൊരു വിഘാതം സംഭവിക്കാതെയെന്നും
പഴയനിയമസൂക്തം വായനയ്ക്കായെടുത്തു.
53
അപരിചിതനുമെന്നാൽ വന്ദ്യനും തോമ്മയെന്നാ-
യവരിലുദിതമായോരാദരംമൂലമായി
അവസരമവിടുത്തേക്കാശപോൽവന്നുചേർന്നൂ
മതപരപഠനത്തിനായ് പ്രസംഗം നടത്താൻ.
54
ഒരു ചുരുളെഴുതപ്പെട്ടുള്ള, താരാലണഞ്ഞി-
ട്ടൊരുവനുടനെയങ്ങേക്കൈയിലർപ്പിച്ചു മന്ദം,
അതു ചെറുതു വിടർത്തെന്നാലുമാ നേത്രയുഗ്മം
ജനഹൃദയമഹൽഗ്രന്ഥങ്ങൾ വായിച്ചിരുന്നു.
55
സകലജനവുമങ്ങേ വായ്തുറന്നുച്ചരിക്കു-
ന്നതു ചെവികളിലെത്താൻ പാരമുല്ക്കണ്ഠയോടേ
അവിടെ മരുവിടുമ്പോൾ വിദ്യയില്ലാത്ത വിജ്ഞൻ
വരികൾ ചിലതുവായിച്ചീവിധം സ്പഷ്ടമായി.
56
“സ്തുതി ഗഗനമേ പാടൂ, മേദിനീയുല്ലസിക്കൂ,
ശിഖരികളൊരുമിച്ചൊന്നാർപ്പിടൂ, കാര്യമോതാം
പരമപുരുഷനേറ്റം സാന്ത്വനം ചിന്തിടുന്നു
കരുണയുമവിടുത്തെ പ്രീതരാകും ജനത്തിൽ. “
57
പ്രിയസഹജരെ, കേൾക്കൂ, ശാന്തി നിങ്ങൾക്കു! നേരായ്
പ്രവചനവിധിയെല്ലാം പൂർത്തിയായിക്കഴിഞ്ഞു,
നരകുലപരിരക്ഷാകർമ്മമെല്ലാം നടന്നൂ
വിരളമതറിയുന്നോർ, വിശ്വസിച്ചീടുവോരും.
58
പിതൃസുത വിമലാത്മാ, മൂവരേകൻ യഹോവാ;
സുതനുരുകൃപയോടേ മർത്ത്യസംരക്ഷണാർത്ഥം
ഒരു ചെറുശിശുവായിക്കന്യാകാസൂനുവായി-
ദ്ധരയിലവതരിച്ചു നീചകാലിത്തൊഴുത്തിൽ.
59
ഉടനടി ഗഗനത്തിൽഗ്ഗീതകാലാപമുണ്ടായ്
ശ്രവണവിഷയമായീ മേഷപാലർക്കു മാത്രം.
ദിവി പുതിയൊരു താരം വന്നുദിച്ചോരു കണ്ടു?
ഋജുമതികളിൽ മുമ്പർ പ്രാച്യരാം ജ്യോത്സ്യരെ.
60
വെറുമൊരു തൊഴിലാളിക്കൊച്ചനായിത്തച്ചനായി-
ട്ടെളിയനിലയിൽ ജീവിച്ചാരി തെന്നാരറിഞ്ഞു?
ഋഷിവരരുടെ മട്ടിൽ ശിഷ്യരെച്ചേർത്തു, മൂന്നാ-
ണ്ടവരൊടുമൊരുമിച്ചാ ദേശികാഢ്യൻ ചരിച്ചു.
61
ജനതയോടനുകമ്പാപൂർണ്ണനായി പ്രസംഗി-
ച്ചനുദിനമഖിലർക്കും വേണ്ടപോൽ നന്മ ചെയ്തു.
അവരെ വഴിപിഴപ്പിക്കുന്ന നേതാക്കളെ വാക്ക്-
ശരചയവിനിയോഗത്താൽ പരിക്ഷീണരാക്കി.
62
അലകടലവിടുത്തേ വാക്കിനാൽ ശാന്തമായി,
പലവിധരുജയോരോ മർത്ത്യരേ വിട്ടുമാറി,
മൃതിവശഗതരായോർ ജീവനോടേയെണീറ്റു,
സകലതുമഖിലാധീശത്വസാക്ഷ്യങ്ങളായി.
63
പരമിവയിലസൂയാലുക്കളായ് പ്രീശരെല്ലാം
തിരുവടിയുടെ നാശം ലക്ഷ്യമാക്കി ശ്രമിച്ചു.
പ്രവചനമെവിടെയും പൂർത്തിയാകേണ്ടതല്ലോ,
കുരിശിലവർ തറച്ചു കാൽ വെരിക്കുന്നിൽ നാട്ടി.
64
“ഇവരുടെയപരാധം നിത്യനാം ദൈവതാതാ!
ചെറുതുമൊരറിവെന്യേ ചെയ്തതാണാകയാലേ
അരുതവരൊടു കോപം, നല്കണേ മാപ്പവർക്കെ-”
ന്നുരുകരുണയൊടർത്ഥിച്ചങ്ങു ജീവൻ വെടിഞ്ഞു.
65
ദിനകരനിരുൾപൂണ്ടു, ഭൂമിയാകെക്കുലുങ്ങി,
ശിലകളിടിനിനാദത്തോടു പൊട്ടിപ്പിളർന്നു,
മൃതകർ വെളിയിൽ വന്നു കല്ലറയ്ക്കുള്ളിൽനിന്നും
ധൃതഗതിയൊടു, കാണപ്പെട്ടു കോപിഷ്ഠരായി.
66
സ്വജനകമധികഭക്ത്യാ സംസ്ക്കരിച്ചാദരിച്ചു
തിരുവുട,ലതു മൂന്നാം നാളിൽ ജീവിച്ചെണീറ്റു.
പലരൊടുമിടപെട്ടു കൂടിഭക്ഷിച്ചു, വീണ്ടും
ധരയിലധിവസിച്ചു നാല്പതാംനാൾവരെയ്ക്കും.
67
ഒരു സുദിനമുദിച്ചു ശിഷ്യരൊട്ടേറെ വന്നൂ
ഗുരുവരനവരോടായന്ത്യസന്ദേശമോതി;
വിടയരുളി, നടന്നു, ഹൃത്തിലൊട്ടമ്പരപ്പോ-
ടവരുമനുഗമിച്ചു വന്ദ്യമാതാവുമുമ്പായ്.
68
ഒലിവുമലയിലെത്തിച്ചേർന്നു നാഥൻ കൃതാർത്ഥൻ
സവിധഭൂമി കടാക്ഷത്തുമയൂഖങ്ങൾ തൂകി,
ഇരുകരവുമുയർത്തീട്ടന്ത്യമായുള്ളൊരാശി-
സ്സരുളി, ധരണിയേ വിട്ടുപതിച്ചങ്ങു മന്ദം.
69
ധവളവിമലമായുള്ളോരു ധരാധരത്താൽ
ഗുരുവലയിതനായി, വീണ്ടുകണ്ടില്ല ഞങ്ങൾ.
വിരഹകദനഭാരക്ഷീണരായ് നിന്നനേര-
ത്തൊരു സുരപുരദുതൻ സാന്ത്വനം നല്കിവിട്ടു.
70
ചരിതമിതൊരു കാവ്യം, നീണ്ട നിസ്സീമവാനിൽ
സകല കവികളും ചേർന്നന്തമില്ലാത്ത കാലം
എഴുതുകിലവസാനിക്കാത്തതാണെങ്കിലും ഞാൻ
കഴിവതുവിധമേറ്റം സംഗ്രഹിച്ചോതിയേവം.
71
വിമലമതുലമങ്ങേ ബോധനം കേട്ടു നിന്നാൽ
വിമതരുമെതിരായിച്ചുണ്ടനക്കീടുകില്ല.
ചിലതു പറയുവാൻ ഞാൻ ദേശീകാഢ്യന്റെ വാക്കിൽ
സ്ഖലനരഹിതമായി, കേൾക്കണം നിങ്ങളെല്ലാം.
72
“നിയമവിധികളൊന്നും ധിക്കരിക്കുന്നതല്ലെൻ
നയ, മവ സവിശേഷം പൂർത്തിയാക്കുന്നതത്രെ.
കൊലയുമരുതേ, കള്ളസ്സാക്ഷി ശത്രുത്വഭാവം
വ്യഭിചരണ,മിതെല്ലാം കേട്ടിരിക്കുന്നു നിങ്ങൾ.
73
അവയൊരുപടികൂടിക്കൂട്ടി ഞാനോതിടുന്നു,
പരനൊടു ലവലേശം ദ്വേഷവും ഹൃത്തിലാകാ.
ഒരുവളെയകമേ കാമാർത്തനായ് നോക്കിടുന്നോ-
നവളൊടു ഹൃദയത്തിൽ ദുഷ്കൃതം ചെയ്കയത്രെ.
74
ശപഥമരുതു നാകം ഭൂമിയും സാക്ഷിയായി-
ട്ടവനവനുടെ ശീർഷം സാക്ഷിയായിട്ടുമാകാ.
ഒരു തലമുടിപോലും വെള്ളയാക്കാൻ, മറിച്ചും
നരനു കഴിവതല്ലെന്നോർക്കണം സോദരാ, നീ
75
തുനിയരുതൊരുനാളും തിന്മയെത്തിന്മയാലേ-
യെതിരിടുവതിനാരും, വൈരി കന്നത്തടിച്ചാൽ
ഉടനെ മറുവശത്തെക്കനവും കാട്ടണം നീ,
ജഗദധിപതിയോടർത്ഥിക്കണം പീഡകർക്കായ്.
76
അരികളൊടകതാരിൽ പ്രീതനാകേണമെന്ന-
ല്ലവരുടെയഭിവൃദ്ധിക്കായ് പ്രയത്നിക്ക മോദാൽ.
ഇതി ദിനസരിയെങ്കിൽ സ്വർഗ്ഗലോകസ്ഥനാകും
ജനകനു തനയന്മാർ ഭൂതലേ മർത്യരെല്ലാം.
77
കരുതൽ മുതലൊരാൾക്കും ഭേദമല്ലിങ്ങു; കള്ള-
പ്പരിഷകൾ ചിതലൊന്നും കാലുവയ്ക്കാത്തലോകം
ത്രിദിവ,മവിടെ നിങ്ങൾ നേട്ടമാർജ്ജിക്ക മേന്മേൽ
സതതമതു സുഭദ്രം, സുസ്ഥിരം, വർദ്ധമാനം
78
അരുതധികവിചാരം ഭക്ഷണം വസ്ത്രമെന്നീ
വകയിൽ; വിഹഗജാലം തിന്നു ജീവിപ്പതില്ലേ?
തൃണതതി വയൽതോറും രാജവസ്ത്രങ്ങളേക്കാ-
ളുപരി സുഷമയല്ലോ ചാർത്തിനിൽക്കുന്നതെങ്ങും.
79
പലതുമിതുവിധത്തിൽജ്ജീവിതാവശ്യമുണ്ട-
ന്നറിയുമൊരു പിതാവു,ണ്ടങ്ങു വേണ്ടുന്നതെല്ലാം
കരുണയോടഖിലർക്കു നല്കുമെന്നോർത്തു നിങ്ങൾ
വിരയണമവിടത്തേയാധിപത്യം പരത്താൻ.
80
പുരുഗുണനിധി,യങ്ങേ വാതിലിൽത്തട്ടിടുന്നോർ-
ക്കുടനെയതു തുറക്കും, തന്നെയാരാഞ്ഞുഴന്നാൽ.
അവനു സപദി നല്കും ദർശനം, വേണ്ടതെല്ലാം
തരുമൊരു മടിയെന്യേ ചെന്നു ചോദിക്കുമെങ്കിൽ.
81
പരമപുരുഷനേയും കൂടെ വിത്തേശനേയും
കരളിനകമിരുത്തിപ്പൂജ സാധിക്കയില്ല.
ഒരുവനു തെളിയുമ്പോൾ മറ്റവൻ ക്രുദ്ധനായി-
പ്പിരിയു,മവിടമേകൻ പൂർണ്ണമായ് കൈയടക്കും.
82
വഴി വളരെ ഞെരുക്കം സ്വർഗ്ഗലോകത്തിലെത്താൻ;
പിഴ പഥികനുപറ്റും; നാശമാർഗ്ഗം വിശാലം
അറിയണമൊരുകാര്യം, ദുഃഖിതന്മാർക്കു ഭാഗ്യം
കരഗത,മവർ വേണ്ടുംമട്ടിലാശ്വസ്തരാകും.
83
ധനരഹിതനു ഭാഗ്യം, ഭൂതിഭൂയിഷ്ഠമായി-
ട്ടനിശമുടമയായി സ്വർഗ്ഗലോകം ലഭിക്കും.
വിനയഗുണവിശേഷം ഭൂഷയായുള്ളവർക്കീ
വസുധയുമവകാശപ്പെട്ട സമ്മാനമാകും.
84
കരുണ കരളിലുള്ളോർ ഭാഗ്യവാന്മാ,രവർക്കാ-
ക്കരുണയനുഭവപ്പെട്ടീടുമെല്ലാസ്ഥലത്തും.
കലുഷരഹിതചിത്തർക്കുന്നതൻ ദൈവമതേ
സകലമഹിമയോടേ ദർശനം നല്കുമെന്നും.
85
വ്യഥയൊരുവനു നീതിക്കായ് സഹിക്കേണ്ടിവന്നാൽ
വിജയമവനു, നാകം സന്തതം സ്വന്തമാകും.
അവിരതമഖിലാണ്ഡം വാണിരിക്കുന്ന സച്ചി-
ന്മയനു തനയരത ശാന്തിസംദായകന്മാർ.
86
മമ വചനമിതെല്ലാം കേട്ടുവർത്തിച്ചിടുന്നോൻ
ദൃഢശിലയുടെ മീതേ വീടു വയ്ക്കുന്ന വിജ്ഞൻ
ഇതിനെയവഗണിച്ചീടുന്നവൻ ബുദ്ധിഹീനൻ
മണലിനുപരി സൗധം തീർത്തിടും ശില്പിതന്നേ.
87
അയി സഹജരെ, യേശുക്രിസ്തു സത്യസ്വരൂപൻ
പ്രിയഗുരുവരനേവം മൂന്നു സംവത്സരങ്ങൾ
ജനതയൊടരുളിച്ചെയ്തുള്ള കാര്യങ്ങളെല്ലാം
പറയുക പണിയല്പനേരത്തിനുള്ളിൽ.
88
ശ്രവണസുഖദമെങ്കിൽ,ത്തക്ക സന്ദർഭമോരോ-
ന്നിനിയുമിതുവിധത്തിൽക്കിട്ടുകിൽച്ചൊന്നിടാം ഞാൻ
പലതുമറിയുവാനുണ്ടേശുവിൻ ബോധനങ്ങൾ;
സകലരുമറിയേണം രക്ഷകൻ വന്ന കാര്യം
89
പതിവിലേറെ ജനം സിനഗോഗിലും-
ണ്ടതിലതീവ കൃതാർത്ഥതയാർന്നുടൻ
അഭിവദിച്ചു വിനീതമനസ്കനാ-
യവിടെനിന്നു മടങ്ങി മഹാശയൻ.
90
പലവഴിക്കു പിരിഞ്ഞു യഹൂദരും
ജരുശലേമിൽ നടന്നൊരനീതികൾ
ചിലതു കേട്ടവരാണു വണിക്കുകൾ;
പുതിയ വാർത്ത ചിലർക്കിവയൊക്കെയും
91
പണ്ടത്തെ പ്രവചനമിപ്രസംഗവും ചേർ-
ന്നുണ്ടാക്കീ ഹൃദിചലനം പലർക്കുമന്നാൾ.
കൊണ്ടാടിപ്പലർ പറയാൻ തുനിഞ്ഞു “പക്ഷം
രണ്ടില്ലീ പ്രബലനേശുരക്ഷകൻതാൻ.”
92
