ഏഴാം സർഗ്ഗം

പരിത്രാണകാര്യം മനുഷ്യാവതാരം
പരിച്ഛേദമായ് സംഭവിച്ചെന്നുതന്നേ
ധരിച്ചു യഹൂദപ്രമാണജ്ഞരെന്നാൽ
വിരുദ്ധാശയന്മാരുമുണ്ടായിരിക്കാം.
1
പണത്തിൽക്കൊതിച്ചിട്ടു വാണിജ്യവൃത്തി-
ക്കിണങ്ങും സ്ഥലം നോക്കിയിക്കേരളത്തിൽ
അണഞ്ഞാട്ടു നൂറ്റാണ്ടുകാലങ്ങളായി-
പ്പിണങ്ങാതെ പാർപ്പാണസംഖ്യം യഹൂദർ.
2
അവർക്കുണ്ടു വാണിജ്യനൗകാദിയെല്ലാ-
മവിശ്വസ്തരല്ലാത്ത കോടീശ്വരന്മാർ,
ധനപ്രൗഢി മൂലം മതാചാരമൊന്നും
മറക്കാതെ നിഷ്ഠയ്ക്കു ജീവിച്ചിടുന്നോർ.
3
വിധിക്കൊത്ത സർവ്വേശ്വരാരാധനയ്ക്കും
ഹിതപ്പെട്ട വാസസ്ഥലങ്ങൾക്കുമേതും
അവർക്കില്ല ലോപം; വിശാലാശയന്മാർ
ഭരിക്കുന്ന രാജ്യം വിശാലം സമൃദ്ധം.
4
ഉദാരൻ മഹാഭക്തനാം റാബിപൗലോസ്
ദിദീമൂസിനാ വീട്ടിലാതിഥ്യമേകി.
കുടുംബത്തിനുണ്ടായ ഭാഗ്യാതിരേകം!
കടന്നെത്തിയാത്യന്തികം ഭവ്യമെല്ലാം.
5
പരക്കെ പ്രസംഗിച്ചഹോരാത്രമെങ്ങും
പഠിപ്പിച്ചുപോരുന്ന സിദ്ധന്റെപേരിൽ
മതിപ്പാണു നാട്ടാർക്കുപാടേ, ജനങ്ങൾ
വിളിക്കുന്നു ‘മുത്തപ്പ’നെന്നാദരത്താൽ.
6
സുഖാസക്തിയെന്യേ തപോജീവിതത്താ-
ലിഹത്തിൽച്ചരിച്ചും പരത്തിൽ സുഖിച്ചും
പരത്തുന്ന സത്യപ്രകാശം മഹാത്മാ;
പരാഭൂതിയുണ്ടോ വിനീതർക്കു പാർത്താൽ?
7
അനാദ്യൻ ജഗദ്ക്കാരണൻ, മാനുഷാത്മാ-
വനന്തം, തപശ്ചര്യയുൽകൃഷ്ടപുണ്യം
ഇതൊക്കെ പ്രകീർത്തിക്കുമീയാർഷഭൂവിൽ
സദാദർശമായ് പ്രേഷിതാഢ്യൻ ലസിച്ചു.
8
പരിത്രാണകം സ്നാനമേറ്റന്തരംഗം
പവിത്രീകരിക്കാൻ മഹത്തായ ഭാഗ്യം
യഹൂദർക്കനേകർക്കു കൈവന്നു; സത്യം
ഗ്രഹിച്ചാലുമുണ്ടാകണം ചിത്തധൈര്യം.
9
“ഭരിക്കുന്ന സമ്രാട്ടിനീ ക്രിസ്തുധർമ്മം
പരിച്ഛേദമിഷ്ടപ്പെടാ” വിപ്രരോർത്തു
“പരത്തീടുമോ പിന്നെ നാട്ടിൽ? വിനാശം
വരുത്തീടുവാനുള്ള പോക്കാണിതെന്നും.”
10
മതംമാറ്റമുണ്ടായ് മഹാചക്രവർത്തി-
ക്കതജ്ഞാതമാണിപ്പൊഴും നാട്ടിലെങ്ങും
വസന്തത്തിലെപ്പൂമണംപോലെ സത്യം
പരക്കും പതുക്കെദ്ദിഗന്തങ്ങളോളം.
11
ധരാകാന്തനും സിദ്ധനും തമ്മിലേറ്റം
നിഗൂഢം നടത്തുന്ന സമ്പർക്കമെല്ലാം.
പരസ്യത്തിലായ്ത്തീർന്നു കാലക്രമത്തിൽ
ധരിച്ചു ജനം രാട്ടു ക്രിസ്ത്യാനിയെന്നായ്.
12
മടിച്ചില്ല ഭൂദേവരും പിന്നെയേതും
മനസ്സാക്ഷിയോതും സൃതിക്കൊത്തു പോകാൻ.
പ്രമാദങ്ങളില്ലാത്ത സത്യം ഗ്രഹിക്കാൻ
സമീപിച്ചു മുത്തപ്പനേയൊട്ടനേകർ.
13
പഠിക്കുന്നതോരോന്നു തമ്മിൽപ്പറഞ്ഞും
കിടക്കുന്നനേരം സ്വയം ചർച്ചചെയ്തും
പടുക്കൾക്കു വേദം മഹാക്രിസ്തുധർമ്മം
സ്ഫുടം ബോദ്ധ്യമായ്ത്തീർന്നു സത്യം ജയിച്ചു.
14
സ്വജീവന്നുതുല്യം പരം പൂജ്യമായി
ദ്വിജന്മാർ ധരിക്കുന്ന പൂണൂലു മാറ്റി
മതം ക്രൈസ്തവം കൈവരിക്കാൻ സധൈര്യം
മുതിർന്നൊട്ടഭിജ്ഞാതരാം ഭൂമിദേവർ.
15
അനേകർക്കഭിപ്രായവൈരുദ്ധ്യമുണ്ടാ-
“യനന്തയ്ക്ക് നാം ദേവരാണെന്നിരിക്കെ”
പറഞ്ഞു “നവീനം മതം സ്വീകരിച്ചാൽ
കുറച്ചല്ല പോരായ്മ ജാതിക്കുപോലും.
16
വിദേശീയനദ്ദേഹമെന്തോന്നറിഞ്ഞു?
ചതുർവ്വേദശാസ്ത്രാദി കാണാത്ത മൂഢൻ
മതത്തിന്റെ പേരും പറഞ്ഞെത്തി നമ്മെ
ച്ചതിക്കുന്നു; നിങ്ങൾക്കുമില്ലാത്മബോധം.
17
ശിവക്ഷേത്ര പൂജാരിയല്ലേ ‘പനയ്ക്കൽ?‘
‘തലപ്പള്ളി’ വിദ്വജ്ജനങ്ങൾക്കു മുമ്പൻ,
‘മനക്കോട’മേറ്റം ധനാഢ്യൻ പ്രസിദ്ധൻ,
ഹനിക്കുന്നുവല്ലോ മനശ്ശാന്തി നിങ്ങൾ.
18
സ്ഥലംവിട്ടുപോയാൽ സഹിക്കാം; സ്വമിത്രം
മതംവിട്ടുപോകുന്നതോർത്താലസഹ്യം
സുഹൃത്തുക്കളേ, ദേവകോപം നിനയ്ക്കൂ
മഹത്തായ ജന്മത്തെയോർത്താദരിക്കൂ.”
19
“ക്ഷമിക്കൂ” തലപ്പള്ളിയോതീ നയജ്ഞൻ
“നമുക്കിപ്പൊഴസ്വാസ്ഥ്യമെന്താ ‘മടത്തീ?’
വിലപ്പെട്ട രത്നം വൃഥാ കൈവരുമ്പോൾ
മലർത്തിക്കരം നീട്ടി വാങ്ങേണ്ടതല്ലേ?
20
മരഞ്ചാടിയെപ്പോൽ മണപ്പിച്ചു നക്കീ-
ട്ടെറിഞ്ഞീടുമോ ദിവ്യരത്നത്തെ ധീമാൻ?
മതം ക്രൈസ്തവം തന്നെയുൽക്കൃഷ്ടമേറ്റം
മനസ്സാക്ഷിയുള്ളോൻ മറിച്ചോതുകില്ല.
21
ദിനംതോറുമെട്ടെട്ടുഭാരം സുവർണ്ണം
ലഭിക്കുന്ന രത്നം പുരാണപ്രസിദ്ധം
കിടച്ചീടുമെന്നാകിലെല്ലാം ത്യജിച്ചി-
ട്ടിരച്ചെത്തുകില്ലേയതിന്നായി നിങ്ങൾ?
22
സുവർണ്ണം മഹാമേരുപോൽ കൂട്ടിവച്ചാ-
ലിഹത്തിൽ പ്രതാപം, വൃഥാ ചാരിതാർത്ഥ്യം
വരുത്താ,മതല്ലാതെ സായുജ്യലബ്ധി-
ക്കൊരുത്തന്നു പന്ഥാവതിൽക്കാണ്മതുണ്ടോ?
23
ശ്രവിച്ചില്ലയോ നിങ്ങൾ തത്ത്വങ്ങളെല്ലാം
ഗ്രഹിച്ചില്ലയോ ഞങ്ങളെപ്പോലെതന്നെ?
മനസ്സാക്ഷിയെക്കേവലം തട്ടിമാറ്റീ-
ട്ടുറച്ചുള്ളൊരീ നില്‌പു ദുശ്ശാഠ്യമല്ലേ?
24
ജനിച്ചും മരിച്ചും പുനർജ്ജന്മമാർന്നും
ഭവാബ്ധിക്കുമദ്ധ്യേ തുഴഞ്ഞും കുഴഞ്ഞും
കഴിക്കാത്ത സായുജ്യമാർഗ്ഗങ്ങളോതും
മതം ക്രൈസ്തവം പാവനം വിശ്വസിക്കൂ.”
25
വിതർക്കങ്ങളൊട്ടേറെനേരം നടന്നൂ
കുതർക്കങ്ങളും ഭൂരി ഭൂദേവർ തമ്മിൽ.
വൃഥാവാദമായ്ത്തീർന്നു മാനം പുലർത്താൻ
പരാഭൂതിയില്ലാത്തമട്ടിൽപ്പിരിഞ്ഞു.
26
‘ദ്വിജാതീ’തി നാമം വഹിക്കുന്ന കൂട്ടർ
ദ്വിജാതീയരായ്ത്തീർന്നതാവർത്തനം താൻ.
മതഭ്രഷ്ട് കല്പിച്ചു ക്രിസ്തീയമാർഗ്ഗം
മതിച്ചിട്ടതിൽച്ചേർന്നവർക്കന്യരാകെ.
27
അമർഷംജ്വലിച്ചിട്ടു പോകുന്നപോക്കിൽ
തിരിഞ്ഞൊന്നുനോക്കി ‘പുറക്കാട’നാഢ്യൻ
കരംപൊക്കിയും വഡ്‌ഢിതുള്ളിച്ചുമോതീ
മത്രഭഷ്ടരോടാ മഹാമാനശാലി.
28
“ജപിക്കട്ടെ ഗായത്രിമന്ത്രം, തപംചെ-
യ്തിരിക്കട്ടെ ബോധിച്ചുവട്ടിൽസ്സദാപി,
ഭുജിക്കട്ടെയാമണ്ഡലം പഞ്ചഗവ്യം
മതഭ്രഷ്ടു തീരാൻ മഹാവിഡ്ഢിവർഗ്ഗം”.
29
മഹായോഗി തോമ്മായൊടും ശിഷ്യരോടും
മഹീദേവജാതിക്കു വൈരാഗ്യമായി
“ഹരേ, ദേവ, ശംഭോ” ജപിച്ചും കണക്ക-
റ്റഹംബുദ്ധി വീർപ്പിച്ചുമെല്ലാവരും പോയ്.
30
കരൾക്കട്ടിയില്ലാത്തകൂട്ടം ദ്വിജന്മാർ
കരയ്ക്കിട്ട മത്സ്യംകണക്കേ പിടഞ്ഞു.
ഉറപ്പിച്ചു പുത്തൻ മതം നാട്ടിൽനിന്നും
തുരത്തീട്ടു പുണ്യാഹകർമ്മം നടത്താൻ.
31
ഇതൊക്കെ ഗ്രഹിച്ചിട്ടു മുത്തപ്പനേതും
കുലുക്കംവിനാ സഞ്ചരിക്കുന്നു നാട്ടിൽ.
ശരച്ചന്ദ്രനെ ശ്വാവു നോക്കിക്കുരച്ചാ-
ലൊരിമ്മിക്കുമുണ്ടാകുമോ ഭാവഭേദം?
32
തനിച്ചാണൊരിക്കൽ, പ്രഭാതം കഴിഞ്ഞു
ജനത്തിക്കലില്ലാത്ത സഞ്ചാരമാർഗ്ഗം
എതിർപ്പെട്ടുവന്നു യുവാവേക,നേറ്റം
മതിപ്പുള്ള മട്ടാണു നോട്ടം വിനീതം.
33
“മനുഷ്യത്വമുള്ളോരു കൊച്ചൻ” നിനച്ചു
മനപ്രീതിയോടേ സമീപിച്ചു ധന്യൻ
“തനിച്ചെങ്ങു പോകുന്നു?” ചോദിച്ചു “കുഞ്ഞേ,
നിനക്കത്ര ഗേഹം സമീപസ്ഥമാണോ?”
34
“വരുന്നോ? വിദൂരസ്ഥമല്ലെന്റെയില്ലം
വിരുന്നും തരാമങ്ങു യോഗീന്ദ്രനല്ലേ?
എനിക്കച്ഛനുണ്ടമ്മയും ‘മാളിയേക്കൽ’
കുടുംബം മഹാദേവനാണെന്റെയച്ഛൻ.
35
മതത്തിൽ പരം നിഷ്ഠയുണ്ടമ്പലത്തിൽ
പ്രഭാതാർച്ചനയ്ക്കായ് മുടങ്ങാതെ പോകും
എനിക്കമ്മയൂണും തരാ പോയിടാഞ്ഞാ-
ലതൊക്കെക്കഴിഞ്ഞിങ്ങു വന്നെത്തിയിപ്പോൾ.”
36
“നിനക്കെന്തു തോന്നുന്നു പ്രാർത്ഥിച്ചതെല്ലാം
ശ്രവിച്ചോ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവൻ?
മുദാ മുക്തഹസ്തം വിനാവിഘ്നമെല്ലാം
സദാ നല്കുമോ വത്സ, നിന്നെത്തുണയ്ക്കാൻ?”
37
“ശിലാവിഗ്രഹങ്ങൾ ശ്രവിച്ചീടുമെന്നോ!
ഗ്രഹിച്ചീടുമെന്നോ! തുണച്ചീടുമെന്നോ!
മനസ്സാക്ഷിയെസ്സാക്ഷിയാക്കിപ്പറഞ്ഞാ-
ലെനിക്കർത്ഥമില്ലാത്ത വാക്കാണതെല്ലാം.
38
കുടുംബത്തിലച്ഛന്റെയാജ്ഞാനുസാരം
നടക്കുന്ന ഞാനീ ഹിതം കൈവിടാമോ?
മുടങ്ങാതെയിന്നോളമെൻ പൂർവ്വികന്മാർ
നടക്കും വഴിച്ചാലു ഞാൻ മാറ്റിടാമോ?”
39
മരത്തിന്റെ കീഴിൽ തണൽപ്പറ്റിലായൊ-
ട്ടിരുന്നിട്ടു സംഭാഷണം രണ്ടുപേരും
തുടർന്നുണ്ണി ജിജ്ഞാസുവായിത്തീർന്നു തെല്ലും
മടിക്കാതെ ചോദിച്ചു ചോദ്യങ്ങളേവം;
40
“അറിഞ്ഞീടുവാനാശയങ്ങേചരിത്രം
പറഞ്ഞീടുമോ ജന്മനാടേതു? വീടും?
നിറംകൊണ്ടു തോന്നുന്നു പാശ്ചാത്യനെന്നായ്
പുറപ്പെട്ടു പോന്നെന്തിനാ നാട്ടിൽനിന്നും
41
ഹിമാദ്രിപ്രദേശേ തപം ചെയ്യുവാനോ?
യതിക്കിഷ്ടമോ, കൂടെ ഞാനും വരട്ടെ?
പഠിപ്പിക്കുമോ വേണ്ട കാര്യങ്ങളെല്ലാം?
പദം കൂപ്പിയങ്ങേക്കു ശിഷ്യപ്പെടാം ഞാൻ.”
42
പതുക്കെച്ചിരിച്ചുണ്ണിയേ നോക്കി തോമ്മാ
സ്വതസ്സിദ്ധമാണാച്ചുഴിഞ്ഞുള്ള നോട്ടം
കടന്നങ്ങു ചെന്നെത്തുമുള്ളിന്റെയുള്ളിൽ-
ക്കിടക്കും രഹസ്യങ്ങളെല്ലാം ഗ്രഹിക്കും.
43
പവിത്രാധരങ്ങൾ ചലിച്ചോതി സിദ്ധൻ:
“നവീനം തപസ്സാണു ഞാൻ ചെയ്‌വതുണ്ണീ
നമുക്കൊത്തുചേർന്നാലത് ഭാരതത്തിൽ
നടപ്പാക്കിടാം നീ പഠിക്കാനൊരുങ്ങൂ.
44
അരണ്യങ്ങളാരാഞ്ഞു പോകേണ്ടതില്ല,
മരത്തോലവശ്യം ധരിക്കേണ്ടതില്ല,
തുറസ്സായ ലോകം തപസ്സിന്നു പോരും
മനസ്സാണു നിൽക്കേണ്ടതേകാഗ്രമായി.
45
സമുദ്രത്തിനങ്ങേക്കരയ്ക്കൊട്ടു ദൂരെ-
ഗ്ഗലീലാഖ്യദേശത്തിലാണെന്റെ ജന്മം.
കുടുംബാദികാര്യങ്ങളാരാഞ്ഞിടേണ്ട
വെറും നിർദ്ധനൻ ഞാൻ തൊഴിൽക്കാരനത്രേ.
46
പഠിപ്പിച്ചൊരാചാര്യനെന്നെക്കുറേനാൾ
പുകൾപ്പെട്ട നസ്സിലെ ക്രിസ്തുദേവൻ
മഹാവിജ്ഞനെന്നല്ല, വിശ്വകവിജ്ഞൻ
വിനാവിശ്രമം നന്മ ലോകർക്കു ചെയ്തോൻ.
47
പഠിച്ചിട്ടു പന്ത്രണ്ടുപേർ ശിഷ്യർ ഞങ്ങൾ
പുറപ്പെട്ടു നാനാദിഗന്തങ്ങൾ നോക്കി
പഠിപ്പിക്കുവാൻ പാവനാദർശമെങ്ങും
പരത്തീടുവാൻ ക്രിസ്തുധർമ്മം വിശിഷ്ടം”.
48
ഇടയ്ക്കുണ്ണി ചോദി”ച്ചെനിക്കൊന്നു കാണാൻ
വരുത്തീടുമോ ദിവ്യനേ ഭാരതത്തിൽ?
കൊടുക്കാം മഹാചാര്യനെന്തും; ഗുരോ ഞാ-
നടുത്തൊന്നു കൂപ്പട്ടെയപ്പൂജ്യപാദം”.
49
കളങ്കം വെടിഞ്ഞുള്ള ചോദ്യത്തിലുള്ളം
കുളിർത്തിട്ടതിന്നുത്തരം നല്കി തോമ്മാ,
“മനുഷ്യാധമന്മാർ വധിച്ചാ മഹാനേ-
യവർക്കീഷ്യ വല്ലാതെ വർദ്ധിക്കമൂലം.”
50
“ഇതെന്താണു ചൂണ്ടോന്നിയിൽശ്ശോണിതത്തിൻ
നിറം കാണ്മ”തെന്നായി പിന്നീടു ചോദ്യം
“മുറിഞ്ഞോ ചതഞ്ഞോ പരുക്കെന്തുപറ്റി?
പറഞ്ഞാത്തരാമൗഷധം വേണ്ടതെല്ലാം”.
51
ചരിത്രം പരം വിസ്തൃതം തന്നെയുണ്ടാ
നിറത്തെക്കുറിച്ചോതിടാനെന്റെ കുഞ്ഞേ,
ചുരുക്കത്തിലോതുന്നു തല്ക്കാല,മല്‌പം
ശമിപ്പിക്കുവാൻ നിന്റെ ജിജ്ഞാസ; കേൾക്കൂ.
52
ഖലന്മാർ പലേമട്ടു മർദ്ദിച്ചു ക്രൂശിൽ-
ത്തറച്ചിട്ടു സംതൃപ്തരാകാതെയങ്ങേ-
യുരസ്സുഗ്രശൂലം കടത്തിപ്പിളർന്നു,
മരിച്ചങ്ങു, സംസ്കാരകർമ്മം നടന്നു.
53
മനുഷ്യാവതാരം വരിച്ചോരു ദൈവം
വെറും മർത്ത്യനല്ലെന്നു ലോകം ഗ്രഹിക്കാൻ
ശവക്കല്ലറയ്ക്കുള്ളിൽ നിന്നങ്ങെണീറ്റു
മരിച്ചിട്ടു മൂന്നാംദിനം വന്നുദിക്കെ.
54
തുറക്കാത്ത മേടയ്ക്കകത്തെത്തി നിന്നി-
ട്ടവൻ ദർശനം നല്കി ശിഷ്യർക്കൊരിക്കൽ
സ്ഥലത്തപ്പോഴില്ലാത്ത ഞാൻ വിശ്വസിക്കാ-
നസന്നദ്ധനാണെന്ന ഭാവത്തിലായി.
55
‘എനിക്കങ്ങയെക്കാണണം, മാറിലേയാ
ക്ഷതത്തിന്നകത്തെന്റെ കൈ തൊട്ടിടേണം
അതല്ലാതെ ഞാൻ വിശ്വസിക്കില്ലിതൊന്നും’
ബലപ്പെട്ട ശാഠ്യം വിടാതേവമോതി.
56
മനുഷ്യന്റെയന്തർഗ്ഗതം നിഷ്പ്രയാസം
ഗ്രഹിക്കുന്നൊരാചാര്യനെട്ടാം ദിനത്തിൽ
അതേ മട്ടു സാന്നിദ്ധ്യസൗഭാഗ്യമേകി-
ത്തിരിഞ്ഞെന്നെ നോക്കീട്ടു കല്പിച്ചു നാഥൻ:
57
‘വരൂ തോമ്മ, നീയെൻ ക്ഷതം തൊട്ടുനോക്കീ-
ട്ടവിശ്വാസിയാകാതെ വിശ്വാസിയാകൂ’,
എനിക്കുത്തരം ‘ദൈവമേ, എന്റെ നാഥ’
ഇതല്ലാതെ വാക്കില്ല, ദേഹം തളർന്നു.
58
അഹോ! ശാസിതൻ ഞാനടുത്തെത്തിയെന്നാ
ക്ഷതം തൊട്ടതാണിക്കരം ശോണിതാഭം
നിറുത്തട്ടെ കുഞ്ഞേ,യിനിത്താമസിച്ചാൽ
തിരക്കീടുമില്ലത്തു നീയെത്തിടാഞ്ഞാൽ”.
59
ദിദീമൂസിനക്കൊച്ചു നമ്പൂരിയേറ്റം
പ്രിയപ്പെട്ട ശിഷ്യൻ, പരം ബുദ്ധിമാനും
പിരിഞ്ഞീടുവാൻ നേരമായ്, കൂപ്പികൈകൾ
“വരും നാളെയും ഞാൻ” പറഞ്ഞുണ്ണി പോയി.
60
തുടർന്നുള്ള സമ്പർക്കമില്ലത്തറിഞ്ഞു
തടസ്സങ്ങളുണ്ടായ് ഫലപ്പെട്ടതില്ല.
കുറുക്കെക്കിടന്നിട്ടു വൈക്കോൽ തടഞ്ഞാൽ
പുറപ്പെട്ടിടത്തേക്കു പൂഞ്ചോല പോകാ.
61
പരിത്രാണകം സ്നാനമേറ്റിട്ടുവീട്ടിൽ
തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിച്ച മട്ടിൽ
പടിക്കൽക്കവാടം തിടുക്കെന്നടഞ്ഞു
മതഭ്രഷ്ടനായ്പ്പുത്രനെത്തള്ളിയച്ഛൻ.
62
കരഞ്ഞില്ല നിഷ്കന്മഷൻ കൊച്ചുതോമ്മാ
തിരിച്ചെത്തിയാ പ്രേഷിതാഢ്യന്റെ പക്കൽ
ധരിപ്പിച്ചു കാര്യങ്ങ,ളാചാര്യനപ്പോൾ
പരിഷ്വംഗപൂർവ്വം സമാശ്വാസമേകി.
63
“ഇനി ക്രിസ്തുവത്രേ നിനക്കച്ഛനുണ്ണീ-
യെനിക്കുണ്ണി പിൻഗാമി ശിഷ്യപ്രധാനൻ
മനഃപൂർവ്വമായ്ത്തന്നതാണെന്റെ പേരും
നിനക്കെന്നു ചിന്തിക്ക് ദൈവേച്ഛയാലേ.
64
നമുക്കൊത്തു ജീവിച്ചു വേദപ്രചാരം
നടത്താം; ശിരസ്സൊന്നു ചായ്ക്കാനൊരേടം
ലഭിക്കാത്തൊരാ താണകൻ മർത്യദൈവം
തുണയ്ക്കട്ടെ നമ്മെസ്സദാ പോറ്റിടട്ടെ.”
65
ഗുരുപ്പട്ടമേറ്റിട്ടു റമ്പാനുമായി-
പരക്കെപ്രസിദ്ധിക്കു സൽപാത്രമായി
ചരിത്രം പ്രകീർത്തിപ്പതീ മാളിയേയ്ക്കൽ
പരം പുണ്യവാനായ തോമ്മായെയത്രെ.
66
പഠിപ്പും കുലീനത്വവും ബുദ്ധിവായ്പും
മിടുക്കും നിമിത്തം സ്വജാതിക്കശേഷം
നടുത്തൂണിവൻതന്നെയെന്നോർത്ത കൊച്ചൻ
കടന്നോ മതം വിട്ടു? ഭൂദേവർ ഞെട്ടി.
67
സഹിച്ചില്ല കഷ്ടം! ജ്വലിക്കുന്നമർഷം!!
വധിച്ചെങ്കിലോ യോഗിയേ, യെന്നമട്ടായ്
ഒളിച്ചൊട്ടുപേർ നിന്നു കല്ലും പെറുക്കി-
ത്തലയ്ക്കിട്ടെറിഞ്ഞു കടന്നുള്ള പോക്കിൽ.
68
പരം നിസ്സഹായൻ മറിഞ്ഞങ്ങു വീണു
നിരത്തിൽക്കിടന്നൂ ലവം പ്രജ്ഞയെന്യേ
മരിച്ചെന്നു ചിന്തിച്ചു ശീഘ്രം മറഞ്ഞു
രദ്രോഹകർത്താക്കൾ സാമർത്ഥ്യപൂർവ്വം.
69
വിശുദ്ധന്റെ രക്തം സ്രവിക്കും ക്ഷതങ്ങൾ
വിശുദ്ധിക്കു ദാഹിക്കുമീ ഭാരതത്തെ
നനയ്ക്കുന്നു; നന്മയ്ക്കു കേദാരമാകാൻ
തണുക്കേണമീ ഭൂമിയാ തീർത്ഥപാതാൽ.
70
മൃതപ്രായനായിപ്പരം ദീനനായി-
ക്കിടക്കുന്ന മുത്തപ്പനെക്കണ്ടനേരം
വഴിക്കാർക്കു സംഭ്രാന്തിയെങ്കിൽ സ്വശിഷ്യ-
പ്രവീണർക്കഹോ പിന്നെയെന്തോതിടേണം?
71
തിടുക്കത്തിലെത്തിത്തുടച്ചും പിടിച്ചും
സ്രവിക്കുന്ന ബാഷ്പം തളിച്ചും വിളിച്ചും
എടുത്തുത്തരീയം മടക്കീട്ടു വീശി-
ക്കൊടുത്തും സമാശ്വാസമേകുന്നു ശിഷ്യർ.
72
പതുക്കെത്തുറക്കുന്നൊരാ നേത്രയുഗ്മം
പൊഴിക്കുന്നു നാലഞ്ചു കണ്ണീർക്കണങ്ങൾ.
വിതയ്ക്കുന്ന വിത്തോ നനച്ചിട്ട മണ്ണിൽ?
പതിക്കുന്ന മുത്തോ സ്വയം മൗലിതന്നിൽ?
73
പറഞ്ഞും ശ്രവിച്ചും പറന്നെത്തി വീണ്ടും
നിറഞ്ഞുള്ള ഖേദത്തോടെ ശിഷ്യവൃന്ദം
അറിഞ്ഞില്ല സംഭൂതകാര്യങ്ങളാരും
പരിഭ്രാന്തരായ് നിന്നു നോക്കുന്നു തമ്മിൽ.
74
വിളംബംവിനാ ബോധവാനായി, ചുണ്ടൊ-
ന്നിളക്കീട്ടൊരവ്യക്തവാക്കോതി ദിവ്യൻ,
തെളിഞ്ഞു മുഖം പ്രേഷ്ഠശിഷ്യർക്കുമപ്പോൾ
കുളിർത്തു മനസ്സാകെ; ദൈവം തുണച്ചു.
75
പരസ്നേഹമൂർത്തിക്കു ശുശ്രൂഷചെയ്‌വാൻ
തിരക്കിട്ടു നില്ക്കുന്ന ശിഷ്യർക്കു മദ്ധ്യേ
മരിച്ചെന്നു ചിന്തിച്ചൊരപ്പോസ്തലൻ പു-
ഞ്ചിരിക്കാൻ ശ്രമിക്കുന്നെണീല്ക്കുന്നു മന്ദം.
76
“ഗുരുശ്രേഷ്ഠ, ചൊന്നാലുമാരങ്ങയോടി-
ത്തരം ദ്രോഹകൃത്യങ്ങൾ ചെയ്യാൻ തുനിഞ്ഞു?
പരദ്രോഹിയെക്കണ്ടു ചോദിച്ചിടാനു-
ണ്ടൊരത്യാശ’ യെന്നോതി കൂട്ടത്തിലേകൻ.
77
“നിഷിദ്ധം പ്രതികാരമെന്നോർക്ക നിങ്ങൾ
ദ്വിഷത്തുക്കളിൽ സ്നേഹമർപ്പിക്ക മേൻമേൽ.
അതിൽ ക്രിസ്തുശിഷ്യൻ ജയിക്കുന്നു, ധർമ്മം
പുലർത്തുന്നു”വെന്നാ മഹാത്മാവുരച്ചു.
78
നടത്തുന്നു താങ്ങിപ്പിടിച്ചിട്ടു മുമ്പോ-
ട്ടടുത്തുള്ളവീട്ടിൽ കിടത്തേണ്ടതിന്നായ്.
കുറച്ചങ്ങു പോയിക്കുഴപ്പങ്ങളെന്യേ
സുഭദ്രസ്ഥലത്തെത്തിയെന്നാശ്വസിക്കാം.
79
പരസ്യസ്ഥലത്തേക്കു പിറ്റേന്നുതന്നേ
പരുക്കൊന്നുമേതും ഗണിക്കാതിറങ്ങി
പരത്തിൽ സുഖം ശാശ്വതം കൈവരുത്താൻ
പരിത്യാഗമല്ലോ പിഴയ്ക്കാത്ത മാർഗ്ഗം.
80
ദിനംതോറുമോരോ സ്ഥലം മാറി മാറി
പ്രസംഗിച്ചു ക്രിസ്തീയമാർഗ്ഗം തെളിക്കാൻ
അവിശ്രാന്തമായ് സഞ്ചരിച്ചു മഹാത്മാ;
വിശുദ്ധർക്കു വിശ്രാന്തിയിൽക്കാംക്ഷയില്ല.
81
ഒളിക്കും വിവസ്വാൻ പടിഞ്ഞാറുപോയി-
ക്കുളിക്കും സമുദ്രത്തിനാഴത്തിൽ മുങ്ങും
ഒളിപ്രാഭവത്തോടു തങ്കക്കുടംപോൽ
കളിത്തട്ടിലാപ്പൂർവ്വശൈലത്തിലെത്തും.
82
ചൊടിപ്പോടു സഞ്ചാരയജ്ഞം തുടങ്ങും
മടുപ്പില്ല വീണ്ടും സമുദ്രത്തിലാഴും
മുടങ്ങാതെയേവം ദിനപ്പട്ടുചേല-
യ്ക്കിടും പാവു, നെയ്യും, വിരിച്ചിട്ടു തേയ്ക്കും.
83
സുകൃത്തുക്കൾ ചെയ്യുന്ന കൃത്യങ്ങളാലാ
വിലപ്പെട്ട പൂഞ്ചേല ചിത്രീകരിക്കും.
കറങ്ങുന്നൊരക്കാലചക്രം പതുക്കെ-
ത്തറുത്തങ്ങു സൂക്ഷിച്ചുവയ്ക്കുന്നിതെല്ലാം.
84
ഇതി ദിനസരിയത്രേയിപ്രപഞ്ചത്തിനെങ്കിൽ
സമയമൊരുവനുണ്ടോ സ്വേച്ഛപോൽ വിശ്രമിക്കാൻ?
മടിയനതു നിനയ്ക്കുന്നില്ല; സത്തുക്കളെല്ലാം
കടമകൾ നിറവേറ്റിക്കാലചക്രം തിരിപ്പൂ.
85
ശിഷ്ടന്മാർക്കഗ്രഗണ്യൻ ഗുരുവരനു വിപ-
ത്തീവിധം സംഭവിച്ചെ-
ന്നൊട്ടല്ലാതുള്ളൊരന്തഃകിടിലമൊടനുഗൻ
വൈദികൻ കേട്ടു കേപ്പാ.
കോട്ടം കൂടാതെ വേണ്ടും പരിചരണവിധി-
യ്ക്കായൊരുങ്ങിത്തിരിച്ചൂ;
കഷ്ടം! കണ്ടെത്തിടുംമുൻപകലെയെവിടെയോ
പോയ്ക്കഴിഞ്ഞു മഹാത്മാ.
86
എന്നാലും പിന്തിരിഞ്ഞില്ലെവിടെയുമവിടു-
ന്നെത്തിവാഴും സ്ഥലത്തിൽ
ചെന്നീടാൻ തന്നെയുള്ളിൽകരുതിയൊരു വെറും
പാന്ഥനായേകനായി
വന്ദ്യൻ കേപ്പാ തുടർന്നു പദചരണ,മതിൻ
ത്യാഗമെല്ലാം സഹിച്ചൂ,
നന്നായ് പ്രാർത്ഥിച്ചു,സർവ്വേശ്വരനിരുവരെയും
ചേർത്തു കാരുണ്യമൂർത്തി.
87
