Vanaranmarakalle

വാനരന്മാരാകല്ലേ


ചീപ്പു കണ്ണാടി സോപ്പുമാലകൾ വളകളും 

തൊപ്പികൾ റിബൺ പൗഡറെന്നിവകെട്ടിപ്പേറി 

നടന്നുനാടുനീളെ വില്പന നടത്തുന്ന 

മിടുക്കൻ വീരാപ്പിള്ളയുന്നവ്യാപാരത്തിൻ 

തിടുക്കം മൂലം പകൽപോയതുമറിഞ്ഞില്ല 

കടന്നുവന്നു രാത്രി കണ്ണിലെത്തീടുംവരെ 

കിടക്കാൻ സ്ഥലം നോക്കി, ഗ്രാമസീമയിൽ കൂറ്റൻ 

വിടപി കണ്ടു കീഴിൽ താവളമുറപ്പിച്ചു.

കൂറ്റനാം വൃക്ഷത്തിന്റെ ശാഖകൾ തോറും നല്ല

കുറ്റന്മാർ കുരങ്ങന്മാരിരുന്നതറിഞ്ഞില്ല.

എടുത്തുതൊപ്പിയൊന്നു ഭാണ്ഡത്തിൽ നിന്നു, ശൈത്യം

തടുക്കാൻ തരംപോലെ തലയിൽ ചേർത്തിണക്കി. 

അടുക്കിവച്ചു ബാക്കിയുള്ളവ ഭംഗിയായി, 

കിടന്നു വിരിപ്പൊന്നു വിരിച്ചിട്ടതിൻ മീതേ. 

കണ്ടിരുന്നിതൊക്കയും കപികൾ മരക്കൊമ്പിൽ 

നീണ്ടയാമിനി നീങ്ങിത്തുടങ്ങി മന്ദം മന്ദം.

വ്യാപാരിവീരാപ്പിള്ള സുഖനിദ്രയിലാണ്ടു, 

വ്യാപിച്ചു പൂഞ്ചന്ദ്രിക, തിമിരം മാറിപ്പോയി,

ഇറങ്ങി വാനരന്മാർ ശാഖിയിൽ നിന്നു താഴേ-

യ്ക്കുറങ്ങും വണിക്കിന്റെ ഭാണ്ഡത്തിനടുത്തെത്തി.

തുറന്നുനോക്കി ഭാണ്ഡം, കണ്ടതൊക്കെയുമെടു-

 ത്തെറിഞ്ഞുനാലുപാടും, തൊപ്പികൾ കളഞ്ഞില്ല. 

എടുത്തോരോന്നു കൈയിൽ, ശിരസ്സിൽ വച്ചു ഭംഗി-

പ്പെടുത്തി, പാദപത്തിൻ മുകളിലെത്തീ വീണ്ടും.

അവിടെത്തൊപ്പിയും വച്ചവരുമുറക്കമായ് 

‌രവിതൻ രശ്മി വീശിത്തുടങ്ങും നേരം വരെ. 

ഉണർന്നു വീരാപ്പിള്ളക്കണ്ണുകൾ തുറന്നപ്പോൾ 

കണികണ്ടതു സർവ്വം മിശ്രിതമെന്നേവേണ്ടൂ. 

അഴലും വിദ്വേഷവുമകമേയലതല്ലി 

കഴിവില്ലൊന്നും, ചെയ്യാനാരോടു പറയേണ്ടൂ! 

ആരിതുചെയ്ത ദുഷ്ടൻ! വല്ലഭാന്തനുമാവാം.

ചോരനുമാവാം, ചിന്തിച്ചങ്ങനെ നിന്നു പാവം 

ഇലച്ചാർത്തുകൾ നന്നായിളകും ശബ്ദം കേട്ടു

തലയൊന്നുയർത്തിയാശാഖിയിലവൻ നോക്കി

തൊപ്പിയും ധരിച്ചൊട്ടുകപികളിരിക്കുന്നു.

ക്ഷിപ്രകോപത്താലവൻ ഭ്രാന്തനെപ്പോലയായി

തൊപ്പിതൻ ശിരസ്സിലേതെടുത്തു നിലത്തെറി-

ഞ്ഞാപ്പമാകപികളുമതുപോലത്തന്നേ ചെയ്തു.

തറയിൽ വീഴും മുമ്പേയോടിയും നടന്നുമായ

പെറുക്കിയെടുത്തവയൊക്കെയാവണിഗ്വരൻ.

ഓർത്തുനോക്കണം നിങ്ങൾ ബാലികാ ബാലന്മാരേ,

തീർത്തുമീശീലം നിങ്ങൾക്കുള്ളതല്ലെന്നോതാമോ? 

വേണ്ടതോ വേണ്ടാത്തതോ മറ്റൊരാൾ ചെയ്യുന്നതായ് 

കണ്ടുപോയെങ്കിൽ ചെയ്യും ലക്ഷ്യമെന്താരറിഞ്ഞു?

വാനരസ്വഭാവമാണായതു, മനീഷികൾ

മാനുഷർ വേണ്ടുംവിധം ചിന്തിച്ചേ പ്രവർത്തിക്കൂ,

ശ്രീധരനൊന്നു കൂവി, കേട്ടവരൊക്കെ കൂവി,

ശ്രീധരൻ മതിൽ ചാടി, കണ്ടവരൊക്കെച്ചാടി.

ഭാസ്കരൻ മാവിൽ കേറി, കണ്ടവരൊക്കെ കേറി

ഭാസ്കരൻ താഴെ വീണു. വീണില്ലകൂട്ടരാരും

വണ്ടിക്കുനേരേയൊരാൾ കല്ലെറിഞ്ഞുടൻ തന്നെ

 കണ്ടുനിന്നവരെല്ലാമെടുത്തു കല്ലു കൈയിൽ. 

മാനുഷക്കുഞ്ഞുങ്ങളേ നിങ്ങളീ മട്ടിലായാൽ

വാനരക്കുഞ്ഞുങ്ങളായ്ത്തീരുമെന്നോർത്തിടേണം.

                                          (കുട്ടികളുടെ ദീപിക, ജൂലായ്, 1979)