പൈങ്കിളി

ലോകരേ, മാലോകരേ, മാമക ചരിത്രമി-
ന്നാകവേ പറഞ്ഞിടാം, ശ്രദ്ധയാ കേട്ടീടണം.
ഞാനൊരു ചെറുകിളി, കർണ്ണപീയൂഷമായ
ഗാനങ്ങളാലപിപ്പാൻ പാടവമെനിക്കുണ്ട്.
ആകയാൽ പണ്ടേതന്നെ സൽകവികോകിലങ്ങൾ-
ക്കാകെ ഞാൻ ‘ചെല്ല’മെന്ന സംഗതി സുപ്രസിദ്ധം.
പഞ്ചസാരയും തേനും വേണമെന്നില്ലെനിക്കു
നെഞ്ചകം കുളിർത്തുള്ള പാട്ടുകൾ പാടീടുവാൻ.
ഗാനപീയൂഷംകൊണ്ടു ഭൂതലവാസികളേ-
യാനന്ദിപ്പിച്ചീടുവാൻ സൃഷ്ടിച്ചു ദൈവമെന്നെ.
ഞാനൊരു ഗുരുവിന്റെ പാദസേവകൊണ്ടല്ലീ
ഗാനമഭ്യസിച്ചതെന്നറിയാമെല്ലാവർക്കും.
മുട്ടയിൽനിന്നു ചുണ്ടു വെളിയിൽ വന്നപ്പൊഴേ
പാട്ടു ഞാനാരംഭിച്ചു, കേട്ടവരാനന്ദിച്ചു.
ഇമ്പമേറിയ ഗാനമെന്നെയഭ്യസിപ്പിച്ച
വൻപനാം ദേശികന്റെ പരിപാവനനാമം,
അല്ലിലും പകലിലുമെങ്ങുമേ കീർത്തിച്ചു ഞാ-
നുല്ലസിച്ചിടുമതാണെന്നുടെ ജന്മോദ്ദേശം.
വാനത്തിൽ പറന്നെന്റെയിച്ഛപോലെല്ലാടത്തു-
മാനന്ദസംപൂർണ്ണയായ് സഞ്ചരിച്ചീടുന്നു ഞാൻ.
വാട്ടമെന്നിയേ കൈയിൽ കിട്ടുകിൽ പിടിച്ചെന്നെ
കൂട്ടിലാക്കിക്കൊള്ളുവാൻ വാഞ്ഛയുണ്ടനേകർക്കും.
കാന്തിയേറീടും മണിമേടകൾക്കുള്ളിൽ പാരം
ചന്തമായ് തീർത്തുള്ളൊരു പഞ്ജരങ്ങളിൽ പാർപ്പാൻ,
ഇഷ്ടമില്ലെനിക്കേതു; മെന്റെയീ ചെറുകൂട്ടിൽ
പുഷ്ടമോദത്തോടു ഞാൻ താമസിച്ചീടുന്നുതേ.
അത്രയല്ലെന്നിൽനിന്നീ കളസംഗീതധ്വനി
മാത്രമല്ലാതെ ലോകർക്കൊന്നുമാശിപ്പാനില്ല.
ഉന്നതമായുള്ളാരു ശാഖിതൻ മുകളേറി-
ട്ടന്യ ചിന്തകൾക്കുള്ളിലിടമേകീടാതേറ്റം
പരന്നു വിശാലമായി കിടക്കുമാകാശത്തെ
പരമാനന്ദത്തോടെ തിരിഞ്ഞു നോക്കി നോക്കി,
കളമാധുര്യസ്വരമുയർത്തിപ്പാടിപ്പാടി,
തെളിഞ്ഞുവസിക്കുമ്പോളെത്ര ഭാഗ്യശാലി ഞാൻ!
കാമനോ കുബേരനോ ചക്രവർത്തിയോ കണ്ടാൽ,
മാമകസൗഭാഗ്യത്തിലീർഷ്യയന്നേരത്തുണ്ടാം.
എങ്കിലുമൊരിക്കലുമൊരു കാരണത്താലും,
സങ്കടമെനിക്കാരുമേകുമാറില്ല നൂനം.
ആരെയുമുപദ്രവിച്ചീടുകില്ലതുകൊണ്ടു
വൈരികളെനിക്കില്ല പാരിലിന്നൊരേടത്തും.
എന്നുമാത്രമല്ലെന്റെ സാന്നിദ്ധ്യം ലോകർക്കെല്ലാ-
മൊന്നുപോൽ സുഖപ്രദമെന്നു ഞാനറിയുന്നു.
രാജകൊട്ടാരത്തിലുമിച്ഛപോലെനിക്കെത്താം
രാജസേവകന്മാരുമെന്നെയോടിക്കയില്ല.
വാർത്തകളെല്ലാമൊരു പത്രവും വായിക്കാതെ-
യെത്രയും വിശദമായ് നിത്യവും ഗ്രഹിപ്പു ഞാൻ.
പൊങ്ങി ഞാൻ പറക്കുമ്പോൾ ലോകമൊക്കെയുമെനി-
ക്കിംഗിതംപോലെ കാണാം; ദൂരദർശിനി വേണ്ട.
ഇഷ്ടമുള്ളേടത്തെല്ലാം പറന്നെത്തുവാനല്ലോ
സ്രഷ്ടാവിപ്പക്ഷങ്ങളെത്തന്നനുഗ്രഹിച്ചു മേ
ഗാത്രവും പാരം ചെറുതാകയാൽ ഭാരം കൂടാ-
തെത്ര ദൂരത്തും ശീഘ്രം പറന്നുചെന്നെത്തിടാം.
വിശ്രമിച്ചീടാനുമില്ലെനിക്കു പണിയേതു-
മശ്രമം തൃണങ്ങളും താങ്ങുമെൻ ശരീരത്തെ .
ഏതൊരു ദേശത്തു ഞാൻ ചെന്നുചേർന്നാലുമെന്നെ-
യാദരിച്ചീടും മോദാൽ നിയതീ മഹാദേവി.
ക്ഷാമപീഡയും മഹാമാരിയുമൊന്നുംതന്നെ
മാമകസുഖത്തിനു ഭംഗമുണ്ടാക്കാറില്ല.
കമനീയമായുള്ളൊരന്തരീക്ഷമൊന്നാകെ,-
യമിതാനന്ദപ്രദമെനിക്കു പൂപ്പന്തലാം.
മുളച്ചുവളർന്നുള്ള തരുഗുല്മാദിയെല്ലാം,
കളിയല്ലോർത്താലെനിക്കനർഘസിംഹാസനം
ലോകമിന്നാകപ്പാടേയെനിക്കു സ്വദേശമാം,
ലോകരൊക്കെയുമെന്റെയാപ്തമിത്രങ്ങൾ തന്നെ.
എങ്ങു ഞാൻ പോയീടിലുമെന്തു ഞാൻ ചെയ്തീടിലും,
മംഗളമല്ലാതൊന്നുമെനിക്കില്ലൊരേടത്തും.
ഈ വിധം മഹാഭാഗ്യശാലിയായീ ലോകത്തിൽ
ജീവിതമിന്നേവരെ നയിച്ചു പോരുന്നു ഞാൻ.
ദൈവകാരുണ്യംകൊണ്ടു ഭാവിയുമിതേവിധം
ഭാവുകമയമായിത്തീരുമെന്നാശിക്കുന്നു.
(1928)
