Oru Kochupandithan

ഒരു കൊച്ചു പണ്ഡിതൻ


കാമിനിമൌലി തന്നോമനക്കുട്ടനേ

സാമോദം മാറോടു ചേർത്തണച്ചു

ഗാഢമായാശ്ലേഷിച്ചുച്ചിയിൽ ചുംബിച്ചു 

ക്രീഡയാലുണ്ടായ ക്ഷീണം തീർത്തു 

താലോലം പാടിക്കളിപ്പിച്ചു പുഞ്ചിരി- 

യോലും മുഖത്തിലുമുമ്മവച്ചു. 

ഉത്സംഗസീമനിചേർത്തു പലതരം 

വാത്സല്യചേഷ്ടകളാവർത്തിച്ചു 

കൊഞ്ചിക്കുഴഞ്ഞവനമ്മയ്ക്കും ധാരാളം 

“പഞ്ചാരയുമ്മകൾ സമ്മാനിച്ചു

പാലഞ്ചും വാണിയാൾ ബാലന്റെ മഞ്ജുള 

നീലനേത്രങ്ങളിൽ തന്നേനോക്കി

തെല്ലൊന്നു മൌനമായ് പുഞ്ചിരി തൂകീട്ടു 

മല്ലവിലോചന ചോദിച്ചേവം

“കണ്മണി നീയെന്നെ സ്നേഹിക്കുമാഹ-

മെമ്മാത്രമെന്നൊന്നു ചൊന്നീടാമോ?”

ഉണ്ണിക്കിശോരകൻ നാലുഭാഗത്തേയ്ക്കും 

കണ്ണുകൾ മന്ദം തിരിച്ചു നോക്കി.

“ഇക്കാണും നമ്മുടെ വീടിനോളം ഞാനെ-

ന്നുൾക്കാമ്പിലമ്മയെ സ്നേഹിക്കുന്നേൻ.”

ഇത്ഥമുരച്ചവൻ; ബാലകനോതിയോ-

രുത്തരം കേട്ടവൾ തൃപ്തയായി.

“താതനേയോ കുഞ്ഞേ?” എന്നു വീണ്ടും ബഹു-

പ്രീതയായ് ചോദിച്ചാളാനതാംഗി.

“ദൂരെ നാം കാണുമാപർവ്വതത്തോള”മെ-

ന്നാരോമൽ കുട്ടനുരച്ചു വീണ്ടും. 

ഉത്തമയായൊരു മാതാവു തൽക്ഷണം 

വ്യർത്ഥമല്ലാതൊരു ചോദ്യം കൂടി 

പുത്രനോടായിട്ടു ചോദിച്ചാൾ, “ദൈവത്തേ- 

യെത്രമാത്രം സ്നേഹിച്ചീടു”ന്നെന്നായ്.

പെട്ടെന്നു മാനസം ക്ഷോഭിച്ചു, വാക്കുകൾ 

കിട്ടാതെ ബാലകൻ മൗനമാർന്നു. 

അക്ഷികൾ വാനിലേക്കൊന്നുയർത്തിക്കൊണ്ടു

കാൽക്ഷണം ചിന്തയിലാണ്ടശേഷം

അമ്മ തന്നങ്കത്തെ വിട്ടെഴുന്നേറ്റവൻ 

ചെമ്മേനിവർന്നൊന്നു നിന്നുമോദാൽ. 

അഞ്ചിതഗാത്രനാമക്കുഞ്ഞു തന്നുടെ 

പിഞ്ചുകൈത്തണ്ടുകൾ പൊക്കികൊണ്ട് 

ഏവമോതീടിനാൽ “നല്ല ദൈവത്തേ ഞാൻ 

ദൈവത്തോളം തന്നെ സ്നേഹിക്കുന്നു.”

 

ആനന്ദ രോമാഞ്ചക്കുപ്പായം ചാർത്തിയ 

മാനിനിമാർ മണിനന്ദനനേ

അന്തരാത്മാവിൽ നിന്നോലും സ്നേഹാശ്രുക്കൾ

ചിന്തുന്ന നേത്രങ്ങളോടുകൂടി

കെട്ടിപ്പുണർന്നൊട്ടുമിക്കവാറും ശ്വാസം

മുട്ടുവാൻ തക്കപോലെന്നേ വേണ്ടൂ

“എന്തിനു മേൽത്തരം ഡിഗ്രികൾ? കുഞ്ഞേ! നി-

ന്നന്തരംഗത്തിലീജ്ഞാനബീജം

ഭദ്രദീപംപോലെ നിത്യം ശോഭിക്കട്ടെ! 

ഭദ്രമായ് വന്നിടും കാര്യമെല്ലാം.

എന്നുമാത്രം പറഞ്ഞറ്റും കൃതാർത്ഥയാ- 

യൊന്നവൾ ദീർഘമായ് നിശ്വസിച്ചു!

                                                                   (സൊഡാലിസ്റ്റ്, ഏപ്രിൽ, 1938)