Kochttante Kalivanchi

കൊച്ചേട്ടന്റെ കളിവഞ്ചി


ഞ്ചികളി, വഞ്ചികളി, കുട്ടികൾക്കായുള്ള കളി, 

വഞ്ചനയില്ലാത്തകളി, കൊച്ചേട്ടൻ കീ ജേ! 

കൊച്ചേട്ടന്റെ കളിവഞ്ചി, “കുട്ടിദ്ദീപിക’യാം വഞ്ചി, 

കൊച്ചുപിള്ളേർക്കെല്ലാം കേറാം കൊച്ചേട്ടൻ  കീ ജേ 

ചാക്കോച്ചനും ഗോപാലനും ചാണ്ടിക്കുഞ്ഞും മൈതീൻകുഞ്ഞു- 

മൊക്കെക്കേറാം പെൺപിള്ളേരും മടിച്ചീടേണ്ട. 

കാസർകോടുമുതലങ്ങു പാറശ്ശാലവരെനീണ്ടു 

ഭാസുരമാം കളിവഞ്ചി കിടക്കുന്നല്ലോ. 

കളിക്കുന്നകളികണ്ടോ? വിളിക്കുന്നവിളികേട്ടോ? 

പൊളിയല്ല കൊച്ചേട്ടനാണമരക്കാരൻ. 

പറക്കുന്ന പതാകയിൽ തിളങ്ങുന്ന മുദ്രാവാക്യം 

മറക്കാമോ? “നാമെല്ലാരുമൊരു കുടുംബം’. 

 

ഇളകിക്കൂടുന്നുണ്ടല്ലോ പിള്ളേരെല്ലാം സംഘങ്ങളായ് 

കളരവമുയർത്തിക്കൊണ്ടാഹ്ലാദത്തോടെ.

കളിവഞ്ചി,കളിവഞ്ചി,കലകളെപ്പോറ്റും വഞ്ചി-

യലയടിയേശാതുള്ളൊരത്ഭുതവഞ്ചി 

മുപ്പത്തയ്യായിരത്തോളംബാലികാബാലകന്മാരെ- 

ക്കെല്പോടെ സംവഹിക്കുന്നു, കൊച്ചേട്ടൻ കീ ജേ 

കാണികളെയാകർഷിച്ചു മുന്നേറുന്ന കളിവഞ്ചി, 

വാണിമാതിന്നാഹ്ളാദത്തെ നൽകുന്ന വഞ്ചി, 

ആട്ടംകാണാമൊരേടത്തുപാട്ടുകേൾക്കാമൊരേടത്തു 

കുട്ടിപ്രാസംഗികരുടെ പ്രൗഢിയും കാണാം. 

കൊച്ചുകൊച്ചു പ്രബന്ധങ്ങൾ കഥകളും രചിക്കുന്ന

കൊച്ചുസാഹിത്യലോകത്തിൻ പ്രൗഗല്ഭ്യം കാണാം.

വിമർശനക്കാരിയൊരു തങ്കമ്മച്ചേച്ചി കേങ്കേമി;

ക്ഷമാശീലനമ്മാവനൊരുപദേഷ്ടാവും,

സദാചാരമര്യാദകൾ, സാഹോദര്യം, സമത്വവും 

വിദഗ്ദ്ധമായ് പഠിപ്പിക്കും നല്ല കൊച്ചേട്ടൻ, 

ഭാവിഭാരതത്തിന്നായി ക്ഷേമരാഷ്ട്രസഷ്ടാക്കളെ 

സേവനം ശീലിപ്പിക്കുന്ന നല്ലൊരു വഞ്ചി. 

തികഞ്ഞല്ലോകുട്ടികൾക്കു വേണ്ടതെല്ലാമീവഞ്ചിയി- 

ലകത്തെനിക്കുണരുന്നൊരസൂയാലേശം

എനിക്കെന്റെ ചെറുപ്പത്തിലിതുവിധഭാഗ്യമൊന്നും 

കൊതിച്ചിട്ടും കിട്ടാതെ ഞാൻ കടന്നുപോന്നു. 

അനുമോദിച്ചീടുന്നു ഞാനസൂയവിട്ടാത്മാർത്ഥമാ- 

യനുജത്തിമാരെ, നല്ലൊരനുജന്മാരെ,

നാട്ടുകാരേ, വീട്ടുകാരെ, നിങ്ങളെല്ലാം കാണുന്നുണ്ടോ 

കുട്ടികളെക്കൊച്ചേട്ടന്റെ കളിവഞ്ചിയിൽ. 

‘കുട്ടിദ്ദീപിക’യാം വഞ്ചി വിജയിച്ചുമുന്നേറട്ടെ, 

കുട്ടികളെ, പിന്നെക്കാണാം; കൊച്ചേട്ടൻ കീ ജേ

                                                   (കുട്ടികളുടെ ദീപിക, സെപ്തംബർ, 1965)