അഴകേ, തൊഴുകൈ!

ഒരു സുപ്രതിഭാസമാ വിദൂ-
രതയിൽക്കാണു പരം നവീനമായ്
ഒരു മഞ്ഞണിമാമലയ്ക്കുമേ-
ലരുമപ്പെൺകൊടിയേക നില്ക്കയോ?
ഒരു പുഞ്ചിരികൊണ്ടു പാല്ക്കടൽ-
ത്തിരതീർക്കുന്നിതു ഭൂമുഖത്തവൾ
ഒരു വല്ലകി മീട്ടി നിന്നുകൊ-
ണ്ടുലകം വിണ്ടലമാക്കിടുന്നവൾ.
ഉയരം ചെറുതല്ല മാമല-
യ്ക്കവളല്ലാതൊരു ജീവിയില്ലതിൽ
പരമുച്ചിയിലാണു നില്പതും
കയറിപ്പറ്റിയതേതു മട്ടിലോ?
ഹിമസംഹതികൊണ്ടുടുപ്പുമി-
ട്ടിടയിൽ പൂക്കളണിഞ്ഞ സാനുമാൻ
അവളേ ശിരസ്സാ വഹിക്കുവാൻ
തപമെന്നേമുതൽ ചെയ്തിരിക്കണം!
ഗഗനങ്ങളിൽ നിന്നുതിർന്നിതോ
ഗഗനത്തേയ്ക്കു പറന്നിടുന്നിതോ?
അയി, പെൺകൊടി മോഹനാംഗി നീ-
യൊരു വിശ്രാന്തിയിലങ്ങു നില്ക്കയോ?
ഇരുളിൽ തിരമാലപോൽ കുതി-
ച്ചിളകീടുന്നതു നിന്റെ കൂന്തലോ?
നിറമേറിന നീലമേഘമോ?
നവദൃശ്യം യമുനാപ്രവാഹമോ?
ധവളപ്രഭയാർന്നു പാറിടു-
ന്നതുചേലാഞ്ചലമോ മനോഹരീ ?
ശരദംബുദമോ? വചസ്സിനാ-
ലവതാളം വരുമെങ്കിൽ വേണ്ടയോ.
മണിവീണ തുടർന്നു മീട്ടു നീ
തുടരൂ പാലൊളിയാർന്ന പുഞ്ചിരി
എറിയുന്നു കടാക്ഷമാലകൾ
സുഭഗേ, നിന്നുടെ നേർക്കനേകരും.
പനിനീർപുഴ ചൂഴ്ന്ന ശുഭ്രമാം
ശിഖരത്തിന്നൊരു ഭൂഷ തന്നെ നീ
ഒളിവിൽ പലർ കാത്തിരിപ്പു നി-
ന്നൊളിയേന്തുന്നൊരു വീക്ഷണത്തിനായ്
ഒരു നൂതനമായ രീതിയിൽ
വരണം നിന്റെ മഹാസ്വയംവരം
അതു കാണ്മതിനായി നില്പു ഞാ-
നിവിടെത്തന്നെയിളക്കമെന്നിയേ
ശരി; നിന്റെ കടാക്ഷമേ സ്വയം-
വരമാല്യം ലളിതേ, മനസ്സിലായ്
തുലയറ്റ കലാകലാപസൽ
കണിതത്താൽ കുളിരുന്നു കാതുകൾ
അവിശങ്കമറിഞ്ഞു നിന്നെ ഞാൻ
അയി, നീ കീർത്തിത ദേവി വാങ്മയീ,
കരമിങ്ങു തരൂ, വരട്ടെ ഞാൻ,
തരികില്ലേയൊരു കൊച്ചു വീണയും
ഒരു പൗർണ്ണമിയിൽക്കലാനിധി-
ക്കെതിരേയാ ഹിമശൃംഗസീമനി
ഇതുപോലൊരു വീണമീട്ടി നി-
ന്നിടുമെങ്കിൽ കൃതകൃത്യയായി ഞാൻ
കരമിങ്ങൊരു തെല്ലുകൂടിയെ-
ന്നരികത്തേയ്ക്കു വരട്ടെ ദേവി, ഹാ!
വിരലിൽ പിടികിട്ടി, വീണമീ-
ട്ടിടുമാക്കൈവിരലെന്റെ കൈയിലായ്
പിടിയൊന്നു മുറക്കിടട്ടെ,യീ
പനിനീർ പമ്പകടന്നിടട്ടെ ഞാൻ
ഇഴുകും ഹിമശൃംഗമേറിവ-
ന്നഴകേ, നിന്നെ നമിച്ചിടട്ടെ ഞാൻ.
(പരിഷ്മാസിക, മേയ്-ജൂൺ, 1966)
