Irumayathinu Marupady

ഇരുമ്പയത്തിനു മറുപടി


രുമ്പയം’ സഹോദരാ, പിണങ്ങിടൊല്ല, നിങ്ങളോ-

ടുരച്ചിടട്ടെരണ്ടുവാക്കുഞാ,നതൊന്നു കേൾക്കണേ.

പൊരുത്തമറ്റവാക്കുകൾ നിരത്തിഭംഗി നോക്കുവാ-

നൊരിക്കലും തുനിഞ്ഞിടൊല്ല സൂരിയാം നിരൂപകൻ 

 

കവിക്കുചുറ്റുമൊട്ടനേകസംഭവങ്ങളെപ്പൊഴും 

നവംനവം നടന്നിടുന്നു നാടകങ്ങളെന്നപോൽ 

അവന്നു സദ്പ്രചോദനങ്ങൾ ശക്തിയായി നൽകുവാ-

 നവയ്ക്കു നൂറിലൊന്നു രണ്ടിനെങ്കിലും കഴിഞ്ഞിടും. 

 

അനിഷ്ടഹേതുകങ്ങളും പ്രിയംകരങ്ങളും തഥാ

മനക്കരുത്തിനെക്കവിഞ്ഞുയർന്നിടും വികാരവും

നിനയ്ക്കണം രസങ്ങളൊൻപതാണവയ്ക്കധീനമാ –

യനേകസംഭവങ്ങളും വരാമിതിൽപ്പെടുന്നതായ്. 

 

സതീർത്ഥ്യനാണു ജീവിതത്തിലാദ്യമിത്ര, മത്രയ-

ല്ലതിൽക്കവിഞ്ഞ നിഷ്കളങ്കമൈത്രിയെന്തുഭൂമിയിൽ

ചതിക്കുടുക്കുകണ്‌ഠസീമ്നി വീണു തൻ സതീർത്ഥ്യനെ

മൃതിപ്പെടുത്തുകിൽക്കരഞ്ഞിടാത്തവൻ മനുഷ്യനോ?

 

നടന്ന സംഭവം- പ്രഭാവതിക്കുവന്നനാശ,മോർ-

ത്തടങ്ങിടാതെ കേണുഞാൻ, കരച്ചിൽ കാവ്യരൂപമായ് 

അടുത്തിരുന്നു പാഠശാലയിൽത്തലേദിനംവരെ 

പഠിച്ചിരുന്നതാണു ഞങ്ങളോർക്കണം സഹോദരാ. 

 

കവിത്വമുള്ളഹൃത്തിതിൽ തപിച്ചിടാതെ നില്ക്കുമോ?

കവിഞ്ഞിടാതടങ്ങുമോ പവിത്രമായ മൈത്രിയും?

അവിജ്ഞനല്ല നിങ്ങളെന്നറിഞ്ഞിടുന്നു ഞാനിദം 

സവിസ്തരം പറഞ്ഞിടാതെ സംഗ്രഹിപ്പതുത്തമം. 

 

എനിക്കുമന്നുയൗവ്വനം; വൃഥാപവാദമോർത്തുഞാൻ

നിനച്ചതില്ലരേഖയേ ദിനേശരശ്മികാട്ടുവാൻ 

കനത്ത കൈയെഴുത്തുപുസ്തകത്തിലെ,ന്റെയുള്ളിലും

വനപ്രസൂനമെന്നമട്ടിരുന്നുപോയതൊട്ടുനാൾ. 

 

ഉദിച്ചു സുപ്രഭാതമൊന്നതിന്നു ദീപ്തി വീശുവാൻ

 വദിച്ചിടേണ്ടതിൽപരം; വിരാമമത ശോഭനം. 

“മതത്തിനുള്ള കോട്ടഞാൻ തകർത്തതില്ലസോദരാ,

 മതില്ക്കകത്തുറച്ച ഭിത്തി മൂന്നിനുള്ളിലാണിവൾ.

 

                                                                                               (അപ്രകാശിതം)