ജൂബിലിമംഗളം

പാറേക്കാട്ടിൽ തിരുമേനി പൂജ്യപാദൻ പുണ്യശ്ലോകൻ
പൗരോഹിത്യപ്പട്ടമേറ്റ ശുഭദിനമേ!
പരിശുദ്ധവാർഷികങ്ങളൊന്നൊന്നായി മെല്ലെക്കട-
ന്നിരുപതുമഞ്ചുമിന്നുതികഞ്ഞുവല്ലോ.
രജതജൂബിലിയല്ലോ പുഞ്ചിരിച്ചു വന്നുനില്പ്പു
വിജയിക്ക വിജയിക്ക മഹോത്സവമേ!
തൊഴുതുള്ള കരങ്ങളും നമിതശീർഷവുമെന്ന-
ല്ലെഴുതുമീതൂലികയും തിരുമേനിക്കായ്
ഒരു നൂറല്ലൊരായിരം വിജയഗീതങ്ങളെ
വിരചിച്ചുപാടീടുന്നു വിരമിക്കാതെ.
ഹൃദയവീണയെമീട്ടിപ്പാടുമെന്നെയങ്ങുന്നേറ്റം
ഹൃദയപൂർവ്വമായനുഗ്രഹിക്കയാലോ
അഹമഹമികയോടെ പിറകിൽനിന്നോരോശബ്ദം
ബഹളം കൂടാതെന്നാലും കേട്ടുതുടങ്ങി.
സത്യദീപത്തിന്റെ സ്വരം “ജൂബിലിയാഘോഷമിതിൽ
സത്യമായും മുൻഗണനയെനിക്കുതന്നെ.
അംഗുലീയംചാർത്തും മുമ്പേയാറുവർഷക്കാലത്തോളം
തുംഗമോദാലക്കരങ്ങൾതാലോലിച്ചെന്നെ.
മുൻനിരയിലാശംസകളാലപിച്ചു വീണമീട്ടി
നിന്നിടുവാനവകാശമെനിക്കല്ലെന്നോ?
തേവരകോളേജിൻ സ്വരംശാന്തമായികേൾക്കാമപ്പോ-
“ളേവനുമില്ലവകാശമെന്നിലുംമേലായ്.
അന്നുഞാനെന്നങ്കമേറ്റിപ്പഠിപ്പിച്ച വിദ്യാർത്ഥിയാ-
ണിന്നുമെത്രാപ്പോലീത്തയായ് ഭരിച്ചീടുന്നു.
എനിക്കല്ലേയഭിമാനമെനിക്കല്ലേ കൃതാർത്ഥത?
നിനയ്ക്കണം യുക്തിപൂർവ്വം ക്ഷോഭം കുടാതെ”
തിരുമേനിയാദ്യകാലം ഭരിച്ചപള്ളികളപ്പോൾ
ചിരിച്ചിട്ടു ചോദിക്കുന്നുമുമ്പന്മാരോടായ്
“കുരിശും മാലയുമൊന്നും ധരിക്കാത്തകാലങ്ങളിൽ
ഭരിച്ചോരു പള്ളികളേ വിസ്മരിക്കാമോ?
തിരക്കൊന്നും കൂട്ടിടേണ്ട, മത്സരങ്ങളൊന്നും വേണ്ട
നിരന്നുനിന്നാശംസകളാലപിച്ചീടാം.
വരികനാമൊത്തുചേർന്നീരജതജൂബിലിനാളി-
ലൊരുമേളനടത്തിടാമുചിതമായി.
‘വിജയിക്ക വിജയിക്ക’ പഞ്ചവാദ്യഘോഷത്തോടേ
വിജയാശംസകളേകസ്വരത്തിൽ പാടാം.
വിജയിക്ക വിജയിക്ക തിരുമേനി പുണ്യശ്ലോകൻ!
വിജയിക്ക വിജയിക്ക ജൂബിലേറിയൻ!!
പരിശുദ്ധ പിതാവിന്റെ കരങ്ങളിൽനിന്നുതന്നെ
പരിപൂതസ്ഥാനവസ്ത്രമണിഞ്ഞ ധന്യൻ
വത്തിക്കാൻസൂനഹദോസിൽ പൗരസ്ത്യസഭാകാര്യത്തിൽ
വർത്തിച്ചുമുന്നേറീടുന്ന പൗരസ്ത്യദീപം
തലചായ്ക്കാൻ സ്ഥലമില്ലാതുള്ള സാധുക്കളിൽ കര-
ളലിയുന്ന ദാനശീലൻ മഹാമനസ്കൻ
അതിമെത്രാസനത്തിന്റെ ഭാഗധേയത്തിടമ്പായി-
ട്ടവതാരമാർന്ന ദൈവപ്രതിപുരുഷൻ
കനകജൂബിലി വജ്രജൂബിലിയുമാഘോഷിപ്പാൻ
കനിയട്ടെ പരാപരൻ കാരുണ്യമൂർത്തി
വിജയിക്ക വിജയിക്ക തിരുമേനി പുണ്യശ്ലോകൻ
വിജയിക്ക വിജയിക്ക ജൂബിലേറിയൻ!
(സത്യദീപം, ആഗസ്റ്റ് 24, 1964)
