Kalyanam Subham

കല്യാണം ശുഭം


ല്ലേ, സോദരിപാർവതിയമ്മേ, 

കൊള്ളാം ഷഷ്ടിയിലെത്തിച്ചേർന്നോ? 

ഭവികാശംസകൾ പൂമഴപോലെ

കവിതയിലാക്കിയയച്ചീടുന്നേൻ 

മഞ്ജുളബകുളപ്പൂക്കളുമുണ്ടിഹ 

മഞ്ജരിവേണോ മാല്യം വേണോ? 

എല്ലാംതരുവേ,നിംഗിതമാരാ- 

ഞ്ഞല്ലോനിമിഷം പോക്കുന്നതുഞാൻ. 

ഒരുകാലത്തു സതീർത്ഥ്യകളായി 

ചിരകാലത്തേയ്ക്കുള്ളൊരുബന്ധം 

സ്ഥാപിച്ചവരാണല്ലോ നാം സഖി, 

വേർപെട്ടാലും വേർപെടുകില്ല.* 

അന്നു പിരിഞ്ഞിട്ടിന്നോളം നാം 

തമ്മിൽക്കണ്ടിട്ടില്ലെന്നാലും 

വിദ്യാലയജീവിതകാലത്തേ 

ഹൃദ്യാനന്ദദപൂർവ്വസ്മരണകൾ

എത്രമനോഹര കവിതകളെഴുതാൻ- 

മെത്തും കൗതുകമരുളീടുന്നു

ഇന്നും നാമൊരു സുന്ദരസരണിയി-** 

ലൊന്നിച്ചല്ലോയാത്ര; ചിലപ്പോൾ

തമ്മിൽ തമ്മിൽ ശബ്ദം കേൾക്കാം

തമ്മിൽക്കാണാനല്പ തടസ്സം. 

പാവനമായൊരുയവനികയത്രേ 

ഈവിധമെന്നെ മറച്ചീടുന്നു.

ഞാനിതിനുള്ളിലിരിക്കുകമൂലം

വാനവരോടും സംസാരിക്കാം 

കാറ്റും കടലും ക്ഷോഭിച്ചാലൊരു 

ചെറ്റുമെനിക്കു പരിഭ്രമമില്ല. 

ആഗമമൊന്നു പഠിച്ചാലറിയാം 

ത്യാഗംതന്നേ നേട്ടം സുദൃഢം

കൊട്ടും ഘോഷവുമുണ്ടായില്ല 

ഷഷ്ടിയെനിക്കും സ്വാഭാവികമായ് 

വന്നുകടന്നഥപോയീ, പിറകെ 

നിന്നുവിളിച്ചസുഹൃത്തുക്കളെയും 

കണ്ടില്ലവരുടെയാശംസകൾ ഞാൻ 

കണ്ടു പലപലപത്രങ്ങളിലായ്. 

സംഗതിയൊന്നും പക്ഷേ സോദരി, 

നിങ്ങളറിഞ്ഞില്ലെന്നൊരു ശങ്ക 

ഷഷ്ടിമഹോത്സവമാഘോഷിക്കും

പ്രേഷ്ഠസുഹൃത്തേ പാർവ്വതിയമ്മേ, 

മുതുകുളമതിലെത്താമരയായി- 

ട്ടതിനേനല്ലൊരുപൊയ്കയുമാക്കി 

ശോഭിച്ചീടുകദീർഘായുസ്സൊടു 

സേവിച്ചീടുക കൈരളിയേയും.

(മുതുകുളം പാർവതിയമ്മ ഷഷ്ടിപൂർത്തിസ്മരണിക, 1994)