Karmalanathayude Kunjumakkal

കർമ്മലനാഥയുടെ കുഞ്ഞുമക്കൾ


ർമ്മലനാഥയേ, നിർമ്മലനായികേ! 

ശർമ്മം ജഗത്തിന്നുചേർക്കും തായേ! 

കൈരളിമാതാവിന്നോമൽ കിടാങ്ങളേ 

ചാരത്തണച്ചുതഴുകും തായേ!

നിൻ കരുണാമൃതവർഷത്താൽ കേരളം

പങ്കമകന്നിതാ ശോഭിക്കുന്നു.

മാലാഖാമാരെപ്പോൽ നിൻസ്തുതിഗീതങ്ങ-

ളാലപിച്ചാനന്ദം പൂണ്ടിടുന്ന

ബാലികാബാലകന്മാരുടെ ശബ്ദങ്ങൾ 

നാലുദിശിയും മുഴങ്ങിടുന്നു.

10

ചന്തമേറുന്നൊരു പീത്തയിൽ കോർത്തുള്ള 

നിൻ തിരുമുദ്രയാം ഭൂഷണത്തേ 

മാറിലണിഞ്ഞിട്ടു പ്രേഷിതവീരരും 

മാറിനിന്നീടുന്ന പ്രൌഢിയോടേ

കുഞ്ഞുസംഘങ്ങൾ നടത്തിയുമോരോരോ 

കുഞ്ഞുസുകൃതങ്ങളഭ്യസിച്ചും

കുഞ്ഞുപ്രസംഗങ്ങൾ ചെയ്തും നടക്കുന്ന 

കുഞ്ഞുശ്ലീഹന്മാരേ കണ്ടിടുമ്പോൾ 

വിണ്ണിൽ വസിക്കുന്ന ദൈവദൂതന്മാർക്കും 

കണ്ണുകുളുർത്തിടുമില്ല വാദം.

20

സ്വാർത്ഥപരിത്യാഗം മുമ്പിൽ നിറുത്തിക്കൊ- 

ണ്ടെത്രയും ധീരതയോടുകൂടി 

സാദമകന്നിട്ടീ കുഞ്ഞുങ്ങൾ ചെയ്യുന്ന 

വേദപ്രചാരം പരിശ്രമങ്ങൾ

ആനന്ദബാഷ്പത്തേ സജ്ജനത്തിൽ നിന്നും 

താനേ ധരിത്രിയിൽ വീഴിക്കുന്നു.

മിട്ടായി, ബിസ്കറ്റു, പന്തുകൾ, പാവയി- 

ക്കൂട്ടങ്ങളൊക്കെയുപേക്ഷിച്ചിട്ടും 

കൊച്ചുസമ്പാദ്യങ്ങളീവകയ്ക്കായ് നീക്കി 

വച്ചീടുന്നുണ്ടിവർ മാസം തോറും.

30

അമ്മയേ സ്വാധീനമാക്കിപിടിയരി 

ചെമ്മേ സമ്പാദിച്ചിട്ടാവഴിക്കും, 

സാധുക്കളായുള്ള ബാലികാബാലന്മാർ 

സാധിച്ചുപോരുന്നീ “കൊച്ചു കാര്യം” 

മീൻപിടുത്തക്കാരേക്കൊണ്ടീധരിത്രിയിൽ 

വൻപെഴും കാര്യങ്ങൾ നിർവ്വഹിച്ച

കർത്തനിക്കാലത്തിക്കുഞ്ഞുങ്ങളേക്കൊണ്ടു 

ചിത്രം! വൻകാര്യങ്ങൾ നേടിടുന്നു. 

“കർമ്മലനാഥതൻ കുഞ്ഞുപൈതങ്ങളെ”-

ന്നമ്മനോമോഹനമായ നാമം

40

ഇച്ചെറുസംഘത്തിന്റെ പ്രാബല്യം ലോകത്തിൽ 

നിശ്ചയമായിട്ടും കാണിക്കുന്നു.

പ്രൗഢഗംഭീരമായുള്ള പ്രസംഗങ്ങൾ

പ്രൗഢിയേറും മഹദ്സംഘങ്ങളും

സംഖ്യയില്ലാതുള്ള രൂപായുമെന്നല്ല

ലംഘിച്ചുകൂടാത്ത ചട്ടങ്ങളും 

ശക്തന്മാരായുള്ള നേതാക്കന്മാരുമി- 

ന്നൊക്കവേലജ്ജിച്ചീടും വിധത്തിൽ 

അത്ര മഹത്തായ കാര്യങ്ങളൊക്കെയും 

നിത്യം നടത്തുന്നീ “കുഞ്ഞുസംഘം”

50

ഇന്നിവരീ നാട്ടിൽ നീളെ വിതയ്ക്കുന്ന 

സുന്ദരമായുള്ള ബീജമെല്ലാം 

മന്ദം മുളച്ചു തഴച്ചു വളർന്നതു 

മന്ദേതരം ഫലിച്ചീടും നേരം 

കേരളം നല്ലൊരു സ്വർഗ്ഗീയോദ്യാനമായ് 

തീരുമെന്നുള്ളതിനില്ലവാദം,

പോകുക പോകുക മുമ്പോട്ടു തെല്ലുമൊ- 

രാകുലമേശാതെൻ പൈതങ്ങളേ! 

അമ്മയാം കർമ്മലനായിക നിങ്ങളേ

സമ്മോദപൂർവ്വം കടാക്ഷിച്ചിട്ട്

60

പുഞ്ചിരിയാകുന്ന പഞ്ചാമൃതത്തിലി-

ന്നഞ്ചാതെ മുക്കുന്നിക്കേരളത്തേ 

ശത്രുഭയമെന്ന്യേ നിങ്ങളേരക്ഷിപ്പാ-

നെത്രയുമുത്സാഹത്തോടുകൂടി

കൊച്ചുത്രേസ്യാമ്മയും കൊച്ചുഡൊമിനിക്കു- 

മിച്ഛപോൽ രണ്ടു വശത്തുമുണ്ട്.

സന്താപമേശാതെ മാർഗ്ഗം തെളിക്കുവാൻ 

സ്വന്തം കൊച്ചച്ചനുംകൂടെയുണ്ട്.

സോത്സാഹം നിങ്ങൾ ഗമിക്കുവിൻ മുമ്പോട്ടെൻ 

വത്സലരാം ചെറുപൈതങ്ങളേ!

70

“പാപത്തേക്കാളും മരണ”മെന്നെത്രയു- 

മാപത്തൊഴിഞ്ഞൊരു മുദ്രാവാക്യം 

മിന്നും കൊടിക്കൂറമുന്നിൽ പറപ്പിച്ചു 

മുന്നോട്ടു പോകുകവേഗം നിങ്ങൾ. 

സ്വന്തം കൊച്ചച്ചനും കുഞ്ഞുങ്ങളും കൂടി- 

യന്തികേയെത്തുമ്പോൾ സ്വീകരിപ്പാൻ 

സ്വർല്ലോകരാജ്ഞി കരങ്ങൾ രണ്ടും വിടുർ- 

ത്തുല്ലാസമോടങ്ങു നിന്നിടുന്നു.

പോകുക, പോകുക മുമ്പോട്ടു വേഗത്തിൽ 

പോകുക, സംശയം വേണ്ടതെല്ലും.

80

കർമ്മലനാഥയും പുത്രനും നിങ്ങൾക്കു 

മേന്മേലനുഗ്രഹം നല്കിടട്ടെ!

(കർമ്മലകുസുമം പു. 24, ല.10)