കട്ടക്കയം

“കട്ടക്കയം, ക്രൈസ്തവകാളിദാസ”-
പ്പട്ടം ധരിക്കും കവിസാർവഭൗമൻ
മട്ടോലുമീ വഞ്ചിനതാംഗി നെറ്റി-
ക്കിട്ടുള്ളാരോമൽ തിലകം ജയിപ്പൂ!
1
ശിഷ്ടൻ സദാശാന്തതയെന്ന മട്ടിൽ
കാട്ടുന്നൊരീ നിശ്ചലഭാവമോർത്താൽ
വിട്ടല്ലതിന്നർത്ഥമനേകമുണ്ട്
“കട്ടക്കയ”ത്തിന്നടിയാരു കണ്ടു?
2
തിമിംഗലം നക്രമിതൊന്നുമല്ല
രമിപ്പതിനല്ല കയത്തിനുള്ളിൽ
അമൂല്യരത്നങ്ങളനന്തഭാസ്സോ-
ടമർന്നിടുന്നുണ്ടതിനുള്ളിലെന്നും.
3
മുത്തും പ്രവാളങ്ങളുമൊത്തു ഭംഗ്യാ
കോർത്തുള്ള മാല്യങ്ങളനേകമായി
ചാർത്തീട്ടുഭാഷാസുകുമാരിയേതാൻ
നിത്യം രമിപ്പിപ്പതുകാണ്മതില്ലേ?
4
“കട്ടക്കയ”ത്തിൽ ചെറുതില്ല പങ്കം
തട്ടുന്നതില്ലുള്ളിലിരുട്ടുമേതും.
നാട്ടാർ രസത്താൽ പരിപൂർണ്ണനെന്നാൽ
നിഷ്ഠയ്ക്കു താൻ വേലവിടാതെ നില്പൂ.
5
കയത്തിലെത്തുന്നൊരു വഞ്ചിയെല്ലാം
ഭയപ്പെടും നാശമടഞ്ഞുപോകും
നയത്തിലീ “വഞ്ചി”യെയിന്നു “കട്ട-
ക്കയം” രമിപ്പിപ്പതു ചിത്രമോർത്താൽ.
6
അടുത്തിടുന്നോരെയകത്തമർത്തി-
ക്കെടുത്തിടും ക്രൂരതരസ്വഭാവം
എടുക്കുകില്ലിക്കയമാരൊടും ത-
ന്നടുത്തണഞ്ഞാൽ ശുഭമേതവനും.
7
കട്ടക്കയത്തിന്റെയകം നിറഞ്ഞു-
പൊട്ടിത്തുളുമ്പുന്നതു വെള്ളമല്ല –
ദുഷ്ടറ്റസത്കാവ്യസുധാവിശേഷം
സ്രഷ്ടാവിതിൽ ചേർത്തു നിറച്ചിരിപ്പൂ.
8
ആയാസമെ ചിലവേളയിങ്കൽ
പറയുന്ന സത്കാവ്യസുധാപ്രവാഹം
മായേതരം ചേർന്നൊരുമിച്ചിടുമ്പോൾ
“ശ്രീയേശുകാവ്യാ”ദികളായ് ഭവിപ്പൂ
9
ഉത്തുംഗപാണ്ഡിത്യമിയന്നതല്ല
സത്തുക്കളാകും കവികുഞ്ജരന്മാർ
അത്യത്ഭുതപ്പെട്ടു “ബലേ” പറഞ്ഞു
നിത്യം നമിക്കുന്നതിനേ വിശേഷാൽ.
10
ശ്രീമാൻ വയോവൃദ്ധമിതേ തരത്തിൽ
ശ്രീമത്തരം കാവ്യമണിപ്രകാണ്ഡം
ക്ഷേമത്തോടേ മേലുമനേകമായ് തീർ-
ന്നാമോദമേകട്ടെ ജനത്തിനെല്ലാം.
11
കിട്ടട്ടെ മേന്മേലനുമോദനങ്ങൾ
കിട്ടട്ടെമേലും മെഡലൊട്ടനേകം
തട്ടട്ടെ കീർത്തിപ്രഭഭൂവിലെല്ലാം
“കട്ടക്കയം ക്രൈസ്തവകാളിദാസൻ.”
12
(ദീപിക ജൂൺ 3, 1926)
