കവികളിലാശാൻ

കുമാരനാശാൻ കവികുല ഗോഷ്ഠിയി-
ലെപ്പൊഴുമാരാധ്യൻ
‘കുമാര’നെങ്കിലു’മാശാ’നെന്നു വി-
ളിക്കുന്നെല്ലാരും.
കവിത്രയത്തിൻ കാലം കേരള
ഭാഷാചരിത്രത്തിൽ
സുവർണ്ണസുന്ദരലിപികളിലെന്നും
കാണാം മായാതെ.
1
ഉള്ളൂരാശാൻ വള്ളത്തോളെ-
ന്നുള്ളൊരു നാമങ്ങൾ
കൊള്ളാം, കവിതകണക്കവ പാര-
മിണങ്ങിച്ചേരുന്നു.
ഉള്ളതുശരിയായ് ചൊല്ലുകിലാശാ-
നാശയസമ്പന്നൻ
വള്ളത്തോൾ പദസുന്ദരനുള്ളൂ-
രുജ്ജ്വല ശബ്ദാഢ്യൻ
2
നിലത്തുവീണൊരു പൂവിനെ നോക്കീ
ട്ടാശാൻ പാടിയതോ
നലം തികഞ്ഞൊരു കാവ്യം, ഭാഷാ-
യോഷയ്ക്കതുമാല്യം
നിലച്ചിടാത്തൊരു പരിമളധോരണി
വീശിവിഹായസ്സിൽ
ചലിച്ചു നില്ക്കുമതെന്നും തെല്ലൊരു
വാട്ടം കൂടാതെ.
3
പ്രിയംകരങ്ങൾ, കവിയാചാര്യൻ
പാടിയതോരോന്നും
പ്രിയപ്പെടുന്നു സഹൃദയരെല്ലാം
‘നളിനീലീല’കളേ.
സ്വയംപൊഴിഞ്ഞിടുമാർക്കും ബാഷ്പം
‘സീത’യെനോക്കുമ്പോൾ
ലയിക്കുമാദ്ധ്യാത്മികചിന്തയിലാ
‘രോദന’മുരുവിട്ടാൽ.
4
ആശാൻ കവിതകളെല്ലാം തന്നേ
ചിന്താബന്ധുരമാ-
ണീശ്വരഭക്തിമനുഷ്യസ്നേഹവു-
മവയുടെ മൂല്യങ്ങൾ
നേരേസമരംചെയ്തവകാശം
നേടിയെടുക്കാനും
ധൈര്യത്തോടേ വെല്ലുവിളിക്കും
ധ്വനികളുമുണ്ടവയിൽ.
5
‘കരുണ’യിലെല്ലാമവസാനിച്ചു;
ദീർഘായുഷ്മാനായ്
ധരയുടെയുത്സംഗത്തിൽ കേളികൾ
തുടരാനൊത്തില്ല.
‘പല്ലന’യാറ്റിൽ തീർത്ഥസ്നാനം
ചെയ്തുദിവംഗതനായ്
‘നല്ലവരൂഴിയിൽ നീണ്ടു വസിക്കി’
ല്ലെന്നെഴുതിയ ധന്യൻ.
6
‘അറ’മെന്നുണ്ടൊരനിഷ്ടകരൻ,
കവിപുംഗവരുടെനേരേ
നിറമൊടുപായും വെള്ളിടി പോലൊരു
സന്ദർഭം വന്നാൽ,
പറയാമിവിടെയഭിജ്ഞമതം, കവി-
ചിന്തയിലാഴുമ്പോൾ
കുറവില്ലാത്ത സമാധിയിലാണ്ട
മഹായോഗിക്കുസമൻ.
7
ഒന്നുപറഞ്ഞാൽ- ഉത്തമപുരുഷനി-
ലായിപ്പോയെങ്കിൽ
വന്നുഫലിക്കും നെഞ്ചിനുനേരേ
കാഞ്ചിവലിച്ചതുപോൽ
എന്നാലിതുപോൽ നന്മകളേതു
മഹാകവികുഞ്ജരനും
വന്നറിവില്ലതു ചിന്താവിഷയം
വിജ്ഞന്മാർക്കെല്ലാം.
8
കവിയാശാൻ പരഗതി ചേർന്നെങ്കിലു-
മെന്നും ജീവിക്കും
കവിതാകാമിനിയദ്ദേഹത്തെ
കീർത്തിച്ചിടുമെന്നും
ധവളയശസ്സു പരത്തിവളർത്തും
ഭൂതലസീമവരേ
രവിചന്ദ്രന്മാരുള്ളൊരുനാൾ വരെ
യാശാൻവിജയിക്കും.
9
(അപ്രകാശിതം, 1972)
