Kurthiniyamma

സുകൃതിനിയമ്മ


ന്തൊരു ഭാഗ്യം കൈരളിയമ്മേ

ചിന്തിച്ചാൽ പരമഭിമാനാർഹം 

സന്താനങ്ങളിൽ നന്മ വളർന്നാ- 

ലെന്താനന്ദമൊരമ്മയ്ക്കുണ്ടാം! 

കണ്ടാനമ്മുടെയല്ഫോൻസാമ്മേ- 

ക്കൊണ്ടാടുന്നതുലോകമശേഷം? 

ഒന്നാണെങ്കിലുമുള്ളൊരു സന്തതി 

നന്നാണെങ്കിലതുന്നതഭാഗ്യം! 

ആനക്കല്ലു ഫൊറോനാപ്പള്ളി- 

ക്കാനന്ദത്തികവെന്നിതിലേറെ!

10

മാനംമഹിമകളാശിക്കാത്തൊരു

മാനിനിമണിയാം കാനനകുസുമം 

ആരും കാണാതവിടെച്ചെന്നൊരു

തീരാനിദ്രയ്ക്കാരംഭിച്ചു.

കാര്യം വിസ്മയകരമാണോർത്താൽ 

ധൈര്യം കുറവാണപ്പുറമോതാൻ. 

വിലതീരാത്തൊരുപാവനനിധിയേ 

തുലയറ്റുള്ളൊരുമാണിക്യത്തേ 

ഉൾക്കൊള്ളുന്നൊരു ഭരണങ്ങാനം

വിഖ്യാതിക്കുവിധേയവുമായി

20

എത്തീടുന്നു ജനാവലിയവിടെ-

പുത്തൻപ്രേതകുടീരത്തുങ്കൽ 

ഭക്തന്മാരാമല്മേനികളും 

മെത്രാന്മാരും വൈദികവരരും

അത്യാദരവൊടകത്തോലിക്കരു- 

മത്രയുമല്ല ചുരുക്കിപ്പറയാം, 

പൊട്ടും ഗോപിയുമഴകൊടുനെറ്റിയി- 

ലിട്ടവരും ചില പൂണൂൽക്കാരും 

തൊപ്പിക്കാരും കൂപ്പുകരങ്ങളൊ-

 ടർപ്പിക്കുന്നു നേർച്ചകളവിടെ.

30

കത്തും തിരികൾ നിത്യം രാപക- 

ലെത്തും നേർച്ചയുമെണ്ണുക വിഷമം.

 ക്രിസ്തുമതത്തെ വെറുക്കുന്നവരും 

ഭക്തജനത്തെ ഹസിക്കുന്നവരും 

“അല്ഫോൻസാമ്മ മഹായോഗിനിയാ- 

ണത്ഭുതകൃത്യവിദഗ്ദ്ധയുമാണ” 

ന്നെപ്പൊഴുമെവിടെയുമുൽഘോഷിക്കു- 

ന്നപ്രതിഷേധകസാക്ഷികളോടേ.

കാലുമുടന്തർ, കണ്ണറിയാത്തോർ, 

കാലക്കേടാൽ പുഞ്ച തുലഞ്ഞോർ,

40

കാറു മറിഞ്ഞു പരുക്കുകളേറ്റോർ, 

മാറാവ്യാധിക്കടിപെട്ടവരും, 

സന്തതിയില്ലാതധികം നാളായ് 

സന്താപത്താലുഴലുന്നവരും, 

ചിട്ടി കുഴഞ്ഞൊരുമാനേജരുമാ- 

പെട്ടികളഞ്ഞൊരുയാത്രക്കാരനു- 

മഷ്ടിക്കുരിയരിയില്ലാത്തവരും 

നഷ്ടം നേരിട്ടൊരുവർത്തകരും 

വൃദ്ധന്മാരും വിജയാർത്ഥികളും

അദ്ധ്യോതാക്കളുമദ്ധ്യാപകരും

50

എന്നല്ലീശ്വരകരുണാവൃഷ്ടിയി- 

രന്നുഴലും ജനസഞ്ചയമവിടെ 

ഒന്നിനുമേലായൊന്നിനുമേലാ- 

യെന്നും തിങ്ങിക്കൂടി പ്രാർത്ഥി- 

ച്ചദ്ഭുതകരമായർത്ഥിതസംഗതി- 

യല്ഫോൻസാമ്മവഴിക്കു ലഭിച്ചി- 

ട്ടതിരറ്റുള്ളകൃതാർത്ഥതയോടേ 

സ്തുതികൾ പാടിപ്പിൻതിരിയുന്നു 

കീർത്തിപ്പെരുമ ലഭിച്ചിട്ടുള്ളൊരു 

ശാസ്ത്രജ്ഞന്മാർ ധീമാന്മാരും

60

തള്ളി വിധിച്ചൊരുകേസുകൾ പലതി- 

പ്പള്ളിയിൽ വിജയം നേടീടുന്നു 

ആനക്കല്ലുഫൊറോനാപ്പള്ളി- 

ക്കാനന്ദത്തികവെന്തിതിലേറെ?

ഭരണങ്ങാനം കണ്ട ജനത്തിനു

വരണം ജ്ഞാനം പരമോന്നതമായ് 

ഭരണം, ജ്ഞാനംവഴിയായ് നന്മകൾ

തരണം നാട്ടിനു ഭാവിയിലെന്നും. 

കരുണാലയനാമഖിലേശ്വരനുടെ 

ചരണാന്തികബലിയായ്ത്തീരുന്നവർ

70

മരണാനന്തരമങ്ങേതിരുമുഖ- 

കിരണാവലിയുടെ ദീപ്തിയിൽ മുങ്ങി 

പരലോകത്തിൽ പരമാനന്ദ- 

ത്തിരകളിലെന്നും കളിയാടീടും. 

ശാശ്വതഭാഗ്യം! നിസ്തുലഭാഗ്യം! 

വിശ്വം കാണാതുള്ളൊരു ഭാഗ്യം! 

“നേതദ്വയമിതുകണ്ടിട്ടില്ല, 

ശ്രോത്രദ്വയമിതുകേട്ടിട്ടില്ല,

സത്യം പറയാം മാനുഷബുദ്ധിയിൽ 

നിത്യാനന്ദമിതെത്തീട്ടില്ല”.

80

നശ്വരജീവിതരംഗത്തിതിനേ 

വിശ്വാസത്താലറിയേണം നാം.

അന്യാദൃശതരമത്ഭുതശക്തികൾ 

കന്യാകുലമണിയല്ഫോൻസാമ്മയി- 

ലെങ്ങനെയുണ്ടായെന്ന മഹത്തര- 

സംഗതിയറിയുന്നുണ്ടോ ലോകം? 

എന്നും ശയ്യാലംബിനിയായി- 

ട്ടൊന്നും ചെയ്യാതവൾ ജീവിച്ചു. 

എന്നാൽ നിലധീരതയോടേ 

യൊന്നവൾ ചെയ്തതിലെല്ലാമായി.

90

പീഡനിറഞ്ഞൊരു പാവനജീവിത- 

നാടകരംഗം വേണ്ടവിധത്തിൽ 

ദൈവസ്നേഹബലിക്കിരയാക്കി- 

ചെയ്യാൻ പാടവമബലയ്ക്കുണ്ടായ്. 

താണുകിടന്നൊരുതിരകൾക്കുള്ളിൽ 

കാണികളാരുമറിഞ്ഞീടാതെ 

അങ്ങനെവലിയൊരുനാടകമേറ്റം 

ഭംഗിയിലങ്ങുസമാപിതമായി

നാടുകളൊക്കെ ജയിക്കുന്നതിലും

പാടവമിതിലുണ്ടാർത്തീടുമ്പോൾ 

തന്നെത്താൻ വിജയിപ്പതുതന്നേ-

100

യുന്നതവിജയം മർത്യനുപാർത്താൽ.

(സത്യദീപം, ആഗസ്റ്റ് 22, 1947)