Muthiyamma

മുത്തിയമ്മ


മ്പിളിയിൽ പാദമൂന്നിയരുണനെയാടയാക്കി 

ഇമ്പമേറും താരകാളി കിരീടമാക്കി

ഉന്നതത്തിൽ വാഴും റാണീ, കന്യകാമാതാവേയങ്ങേ 

പൊന്നടികൾ കൂപ്പുന്നു ഞാൻ; കടാക്ഷിച്ചാലും 

കുറവില്ലാ നാടായ്ത്തീർന്നു കുറവിലങ്ങാടു മർത്ത- 

മറിയത്തിൻ പുരാതന ദേവാലയത്താൽ. 

ഭക്തലോകമാസ്ഥലത്തു വിളിക്കുന്നു മറിയത്തെ 

‘മുത്തിയമ്മ’യെന്നു മധുരസവിക്കും വാക്കായ്. 

ചരിത്രമൊന്നതിലുണ്ടു പലശതാബ്ദങ്ങൾ കട- 

ന്നിരിക്കിലും തേഞ്ഞുമാഞ്ഞുപഴകിടാതെ.

10

മറിക്കേണം പ്രശാന്തരായ് ചരിത്രത്തിൻ താളുകളെ 

പുറകിലേയ്ക്കപ്പോൾ കാണാമുദ്ദിഷ്ടഭാഗം. 

‘കൊലകണ്ടം നിര’*പ്പെന്നാക്കരയിലുണ്ടൊരു നല്ല 

സ്ഥലമതു പ്രകൃതിയാലനുഗൃഹീതം.

കളരിവിട്ടൊരു സംഘം ബാലകന്മാരാസ്ഥലത്തു 

കളിയാടിക്കഴിയുന്ന ദിനാന്തവേള.

പശിയുണ്ടു ദാഹവുമുണ്ടെങ്കിലും കുട്ടികളല്ലേ? 

അശനത്തെക്കാളവർക്കു കളിയാണിഷ്ടം. 

കല്ലുകളി പന്തു കളിയോടക്കുഴലൂത്തും നല്ല

20

പുല്ലിന്മീതേയൊലറ്റക്കാലിൽ മത്സരച്ചാട്ടം 

ഇത്ഥമോരോകേളികളിലൊട്ടുനേരം കഴിഞ്ഞപ്പോ- 

ളസ്തമിക്കാനൊരുങ്ങുന്ന സൂര്യനെക്കണ്ടു.

കുട്ടികളും ക്ഷീണിതരായ്, കളികൾക്കു വിരാമമായ്

വീട്ടിലെത്തിച്ചേരാനുള്ള തിടുക്കമായി.

മണലിട്ട കുടുക്കകൾ താളിയോലകളും വൃക്ഷ-

ത്തണലിൽ നിന്നോരോരുത്തരെടുക്കുകയായ്.

ഒരു വിളി കേൾക്കാമപ്പോൾ’പിള്ളേരേ പിള്ളേരേ’യെന്നു

തിരിഞ്ഞുടനവർ നോക്കി നാലു ഭാഗത്തും.

ഒരു വൃദ്ധകണ്ടാലാർക്കും പ്രിയംകരമുഖഭാവം

പരിചിതയെന്നമട്ടിലവരെ നോക്കി

30

അടുത്തുചെന്നപ്പോൾ മെല്ലെക്കുനിഞ്ഞിട്ടാ നിലത്തുനി- 

ന്നെടുത്ത കല്ലുകൾ വൃദ്ധയവർക്കു നല്കി.

മധുവോലും പുഞ്ചിരിയോടോതി’നിങ്ങൾ ഭക്ഷിച്ചാലും. 

മധുരമുണ്ടപ്പമാണു സംശയിക്കേണ്ട’

ശരി തന്നെ; കരങ്ങളിലപ്പക്കഷണങ്ങൾ നിറ- 

ഞ്ഞിരിക്കുന്നതായിരിക്കണ്ടാ ബാലകരപ്പോൾ.

പരസ്പരം നോക്കിക്കൊണ്ടു തെരുതെരെപ്പെറുക്കിത്തി-

ന്നൊരിക്കലുമറിയാത്ത രുചിയും തോന്നി.

കുതിച്ചുപാഞ്ഞവരെല്ലാം വീടുതോറുമെത്തിക്കൊണ്ടി-

പുതുമയേറുന്ന വാർത്തയൊരുപോലോതി.

40

നിഷ്ക്കളങ്കമാനസരാം ബാലകരിൽ നിന്നുകേട്ടോ- 

രിക്കഥയിലവിശ്വാസം തോന്നിയില്ലാർക്കും.

ഒരു മഹാജനതതിയോടി ശീഘ്രം കൊലകണ്ടം

നിരപ്പിലേയ്ക്കവിടെയാ വൃദ്ധയെക്കണ്ടു.

കാണിക്കകൾ സമർപ്പിച്ചു കൈകൾ കൂപ്പിയങ്ങേയ്ക്കെന്തു 

വേണമെന്നു ചോദിച്ചവർ വിനീതരായി.

‘എനിക്കൊരു പള്ളിവേണമിവിടെ’യെന്നിത്രയുമാ

ജനതയോടവളോതി മറഞ്ഞു ശീഘ്രം!

ഉറവയൊന്നതിനടുത്തവൾ ചൂണ്ടിക്കാണിച്ചതും

കുറവെന്യേ കാണാമിന്നുമത്ഭുത തീർത്ഥം!

50

പരിശുദ്ധ മറിയത്തിന്റെ തിരുനാമത്തിലാസ്ഥല- 

ത്തൊരു പള്ളി സ്ഥാപിതമായ് വിളംബമെന്യെ. 

‘മുത്തിയമ്മ’യെന്നു ജനം വിളിക്കുന്നു മറിയത്തെ 

ഭക്ത്യാദരപൂർവ്വം കൊച്ചുമക്കളെപ്പോലെ. 

കുറവില്ലാനാടായ്ത്തീർന്നു കുറവിലങ്ങാടു, മർത്ത- 

മറിയത്തിൻ പുരാതന ദേവാലയത്താൽ.

56

(ആകാശവാണിക്കുവേണ്ടി എഴുതിയത്)