Nammude Jubilee

നമ്മുടെ ജൂബിലി


ഭാരതമാതാവേ, മംഗളാശംസകൾ 

പൂരിതമോദമായ് പാടുന്നു ഞാൻ 

മാമലതൊട്ടങ്ങുസേതുവോളം നാലു 

സീമയും വീണകൾ മീട്ടിടട്ടെ! 

നിസ്തുലരാഗത്തിൽ മംഗളഗാനങ്ങ- 

ളൊത്തു പാടീടട്ടെ ഭാരതീയർ!! 

ആരാധ്യപൂരുഷൻ, തോമായെന്നുള്ളൊരു 

പേരിനാൽ കീർത്തിതനായ ദിവ്യൻ 

ക്രിസ്തുവിൻ ശിഷ്യനിക്കേരളതീരത്തി-

ലെത്തിയോരാമഹാസുപ്രഭാതം

10

ഓർമ്മയിൽ ശോഭിച്ചു നിന്നുകൊണ്ടപ്പൊഴും 

കോൾമയിർക്കൊള്ളിച്ചീടുന്നു നമ്മേ, 

പ്രേഷിതമുഖ്യന്റെ പാദപാംസുക്കളാൽ 

ഭൂഷിതയായൊരു നാൾ തുടങ്ങി

പുണ്യപ്രഭാവമേ! ഭാരതാംബയ്ക്കിപ്പോ- 

ളെണ്ണുമാറായ് ശതവത്സരങ്ങൾ

പത്തിനോടൊൻപതും ചാരിതാർത്ഥ്യം നിറ- 

ഞ്ഞൊന്നൊരു ജൂബിലിവത്സരമേ!*

മംഗളം! മംഗളം!! ജൂബിലി മംഗളം!!! 

മംഗളാംഗീമണീ ഭാരതാംബേ,

രക്ഷകനേശുതൻ വക്ഷസ്സിലേറ്റുള്ളോ- 

രക്ഷതമായതിന്നന്തർഭാഗം

അക്ഷയസ്നേഹമാം വൈദ്യുതശക്തിതൻ 

നിക്ഷേപസർവ്വസ്വകേന്ദ്രസ്ഥാനം 

അംഗുലികൊണ്ടങ്ങു സ്പർശിച്ചുകണ്ടുത- 

ന്നിംഗിതം സാധിച്ച പുണ്യധീരൻ 

സ്വന്തമായ് തീർന്നൊരു ഭാരതമാതാവേ 

സന്തതം സാക്ഷാൽ നീ ധന്യതന്നേ. 

ഭക്തന്റെ മാനസം തിക്കിപ്പുറപ്പെട്ടോ- 

രുക്തികൾ സ്വർഗ്ഗീയഗാനംപോലെ,

30

ബ്രഹ്മാണ്ഡയോഗിതൻ ദീർഘസമാധിയിൽ

മേന്മയിൽ പൊങ്ങും നിശ്വാസംപോലെ,

ഹാ! “എന്റെ കർത്താവേ, ദൈവമേ” എന്നേവം 

മായമേശാത്ത സങ്കീർത്തനമായ്

നാനാദിഗന്തം മുഴക്കിയെന്നേരവും

വാനിലും മാറ്റൊലിക്കൊണ്ടിടുന്നു.

“കർത്താവാ” മേശുവേ, “ദൈവമാം ക്രിസ്തുവേ,

വിസ്തൃതലോകത്തിൽ പ്രഖ്യാപിപ്പാൻ

മാത്രമായ് ജീവിതം നേർന്നു സന്നദ്ധനായ്

സ്വാർത്ഥത്തേപൂജിച്ചോരാ മഹാത്മാ

40

ആഭിജാത്യം കൂടും ബ്രാഹ്മണവംശക്കാർ,

പ്രാഭവമേറുന്ന ഭൂപതിമാർ,

ഇത്തരമൊട്ടേറെയാളുകളേയെല്ലാം

ക്രിസ്തുവിൻ തൃപ്പാദഭക്തരാക്കി.

നാട്ടിൽ പലേടത്തും പള്ളികൾ സ്ഥാപിച്ചു

ശ്രേഷ്ഠരാം വൈദികരേയുമാക്കി.

സത്യമായുള്ള മതത്തിന്നടിസ്ഥാന-

മിത്ഥമുറപ്പിച്ച പ്രേഷിതനിൽ,

ക്രിസ്തുവിൻ പാവനമായ സുവിശേഷ- 

വിത്തുവിതച്ചൊരു കർഷകനിൽ,

50

ഭൂദേവി പോലും കൃതജ്ഞതാപൂർണ്ണയായ് 

സാദരം ദിവ്യന്റെ പാദസ്പർശം 

പാറമേൽ മുദ്രിതമാക്കിപ്പലേടത്തും 

കൂറോടേ സൂക്ഷിച്ചു കാണുന്നല്ലൊ. 

പൂജ്യമായുള്ള സുവിശേഷവാണിക-

ളാർജ്ജിച്ചുമായാത്ത മുദ്രയാക്കി

മാനവഹൃത്തിലും സൂക്ഷിച്ചുകൊണ്ടാൽ നി- 

ത്യാനന്ദം നല്കുന്ന കാവ്യമാകും.

ഭാരതരാജ്യത്തിൻ സീമകൾക്കുള്ളിലീ

പൂരുഷാഗ്രേസരൻ ത്യാഗിവീരൻ

60

പാരം തികഞ്ഞ സഹിഷ്ണുവായെത്രയോ

ദൂരദേശങ്ങളിൽ സഞ്ചരിച്ചു!

ആശയഗാംഭീര്യമേറും പ്രസംഗവു-

മാശാസ്യമായുള്ള ജീവിതവും

നന്മനസ്സുള്ളോരേ പാരമാകർഷിച്ചു

ദുർമ്മതികൾക്കവനിന്ദ്യവുമായ്. 

സത്യത്തിൽ ശത്രുവായ് നീചനായുള്ളോരു 

ധൂർത്തന്റെ നിഷ്ഠൂര ശൂലത്താലേ 

വക്ഷസ്സിൽ കുത്തേറ്റു സദ്ഗുരുപാദരേ 

മോക്ഷത്തിൽ ചെന്നുകണ്ടൊന്നിപ്പാനായ് 

സ്വന്തമായ് കൈപ്പണി ചെയ്തൊരു കൽക്കുരി-          

70

ശന്ത്യനേരത്തു തൻകൈയിലേന്തി 

ആറാത്തരക്തത്തിൽ ക്ഷാളിതമാക്കിത്തൻ 

മാറോടുചേർത്തണച്ചാശ്ലേഷിച്ച്

ശാന്തനായ് സന്തുഷ്ടചിത്തനായ് സന്തത-

ശാന്തിയിലങ്ങുവിലീനനായി!

ദേഹിയേ കൈവിട്ട ത്യാഗസമ്പൂതമാം 

ദേഹത്തിൻ നിത്യസമാധിസ്ഥാനം 

ഇന്നും കാണുന്നു നാം ഭക്തജനങ്ങളാൽ 

വന്ദിതമായിട്ടു മൈലാപ്പൂരിൽ

80

ഭദ്രാസനപ്പള്ളിമദ്ധ്യത്തിലെത്രയും 

ഭദ്രമായ് വച്ചൊരു നിക്ഷേപം പോൽ. 

സിദ്ധന്റെ മാറിലേ പാവനരക്തത്തിൽ

മുദ്രകൾ മായാതെ സൂക്ഷിക്കുന്ന

കല്ലിൻ കുരിശൊരു സമ്പൂജ്യവസ്തുവായ്

ചൊല്ലേറും സത്യത്തിന് സാക്ഷിയായി

“സെന്റ് തോമസ് മൗണ്ടി”ലേ പള്ളിയിൽ ശോഭിച്ചു

 സന്തോഷം സത്തുക്കൾക്കേകിടുന്നു.

ഇൻഡ്യാമഹാരാജ്യപ്രേഷിതനോടെനി- 

ക്കുണ്ടൊന്നു യാചിപ്പാൻ കൈകൾ കൂപ്പി.

90

ഹൃത്തിലേ ശോണിതം ചിന്തിവിതച്ചൊരു 

വിത്തുകൾ നാമാവശേഷമാക്കാൻ 

മേല്ക്കുമേൽ പൊങ്ങുന്ന ഭീകരമുൾച്ചെടി- 

യൊക്കെയും വേരോടേ തീയിലാക്കി 

ഒന്നിനു നൂറായിട്ടീ കൃഷി കൊയ്യുവാ- 

നെന്നും തുണയ്ക്കണേ ഭാരതത്ത

96

(ദീപിക, ജൂബിലി വത്സര വിശേഷാൽ പ്രതി, 1952)