രജതജൂബിലി മംഗളം

ലോകൈകതാതൻ, മഹാൻ, ഭുവനസാമ്രാജ്യത്തി-
ന്നേകരാജനാം പാപ്പാ ജയിക്ക! സുമംഗളം!
ക്രിസ്തുവിൻ വികാരിയായ് ശൈഹിക പീഠം തന്നിൽ
സ്തുത്യനായ് ഭരിക്കുന്ന പീയൂസു പന്ത്രണ്ടാമൻ
പച്ചെല്ലി തിരുമേനി മെത്രാന്മാർക്കുത്തംസമായ്
വാഴ്ചയേറ്റിട്ടു കൊല്ലമിരുപത്തഞ്ചായിതാ!
മോദഹേതുകം സാക്ഷാൽ ജൂബിലിസംവത്സരം!
സാദരം കൊണ്ടാടീടുന്നിതിനേമഹത്തുക്കൾ.
കളങ്കലേശംവിനാ ഹൃദയാന്തർഭാഗത്തു
തുളുമ്പും ഭക്തിപൂരത്തള്ളലാൽ സംഭ്രാന്തരായ്
കൂപ്പുകൈകളോടിതാ നാല്പതുകോടി ജനം
തൃപ്പദപത്മങ്ങളിൽ മംഗളം പാടീടുന്നു.
അത്രയല്ലങ്ങേയ്ക്കേറ്റം ഹൃദ്യമാമാശംസകൾ
വിസ്തൃതമഹാലോകം മുഴക്കിഘോഷിക്കുന്നു.
വിവിധഭാഷാജ്ഞാനി, പണ്ഡിതാഗ്രണി, വാഗ്മി
ഭുവനം സഞ്ചാരത്താൽ കണ്ടറിഞ്ഞൊരു സൂരി
രാഷ്ട്രീയ കാര്യങ്ങളേക്കൊണ്ടു ചിന്തിച്ചിടുമ്പോൾ
വിഷ്ടപേശന്മാരേയും പിന്നിലാക്കീടും ധന്യൻ
ഈവിധം നിനയ്ക്കുമ്പോൾ പീയൂസുതിരുമേനി
ഭൂവിലിന്നുള്ള സാക്ഷാൽ സജ്ജനാവലിക്കെല്ലാം
ജാതിഭേദവും മതഭേദവുമൊന്നും വിനാ
വീതസംശയം ചൊല്ലാം: നിതരാം സമ്പൂജ്യനാം.
ആയുരാരോഗ്യമഹാ ഭാഗ്യമാകവേ ചേർന്ന്
പീയൂസുപന്ത്രണ്ടാമൻ ജയിക്കപോപ്പുരാജൻ!
ശിരസ്സാമീശോനാഥൻ നയിക്കുമീപള്ളിയി-
ലിരുനൂറ്ററുപതു പേരുടെ പിൻഗാമിയായ്
“പാറയാം പത്രോസി”ന്റെ പാവനപ്പീഠത്തിന്മേ-
ലേറിയദിനത്തിന്റെ ജൂബിലി മഹോത്സവം
മോടിയായ് കൊണ്ടാടുവാൻ സഭയ്ക്കു ഭാഗ്യം വന്നു-
കൂടുവാൻ പ്രാർത്ഥിക്കുന്നേൻ ഭാവുകം! ഭവ്യം!! ശുഭം!!!
(മധ്യസ്ഥൻ, മേയ്, 1942)
