Swargaropanam

സ്വർഗ്ഗാരോപണം 


മോസ്തുതേ! പകുലാഭിമാനമേ!

നമോസ്തുതേ! നാഥേ! നിതാന്ത പൂജിതേ!

പ്രഭാതതാരമേ! പ്രഭാനികേതമേ!

പ്രഭാവപൂരിതേ! വരാംബികേ! ജയ!

അഹോ! ജഗത്രയം പദം വണങ്ങുന്ന

മഹാമഹസ്സിനേ നമിക്ക ഭാരതീ !

പ്രഗല്ഭയാം വരവധൂടിക, വാക്കി- 

ന്നഗോചര, സാക്ഷാലകന്മഷമൂർത്തി, 

ധരാതലത്തിലേ തമോഭരം നീക്കി

നിരന്തദീപ്തിയെച്ചൊരിഞ്ഞ ദീപിക,

10

ഭവാബ്ധിയേവിട്ടു പരം കൃതാർത്ഥയായ്

ദിവംഗമിച്ചൊരു മഹോത്സവദിനം!

പ്രമോദകല്ലോലപരമ്പര വാനിൽ

ക്രമാധികം പൊങ്ങിക്കളിച്ചിടും ദിനം!

നവനവഗുണഗണം നിരർഗ്ഗളം

ഭുവിപൊഴിയുന്ന സുമംഗളദിനം!

മരിയഭക്തരാം മഹാജനങ്ങളേ!

പരമഭാഗ്യമേ! നമുക്കു മംഗളം!

പദാശ്രിതന്മാരിലുദാരതയോടേ

സദാപിമംഗളം ചൊരിയുമീ നാഥ

20

പരമതാതന്റെയരുമക്കണ്മണി

തിരുക്കുമാരന്റെയഭിവന്ദ്യമാതാ

പരിശുദ്ധാത്മാവിൻ പ്രിയ, മഹാധന്യ

പരലോകമാകെ ഭരിക്കുന്ന റാണി

സനാതനമഹാനിധികളൊക്കെയു-

മനാരതമിവൾക്കധീനമാം ദൃഢം

കുലാംഗനതന്റെ പദയുഗപീഠം

കലാനിധിയല്ലൊ! പരിശുദ്ധമായ

മനോഹരഗാത്രമലങ്കരിക്കുവാൻ

ദിനകരബിംബം ദുകൂലമായ് നില്പൂ!

30

ശിരോവിഭൂഷയായ് ലസിക്കുന്ന മണി-

ക്കിരീടമോ താരാകുലം മഹത്തരം!

നൃപകുമാരിയായ് ജനിച്ച മേരിത-

ന്നപാരമേന്മകളലൗകികങ്ങളാം

നരകുലത്തിനു പരമ്പരാസിദ്ധ-

ദുരിതമേശാത്ത പവിത്രമാം ജന്മം!

ശരീരമില്ലാത്തോരമർത്യരിൽ പോലും

പരാജയം ചേർക്കും വിശുദ്ധ ജീവിതം!

വരിച്ചശാശ്വതവിശിഷ്ടകന്യാത്വ-

മിരിക്കവേതന്നേ ലഭിച്ച മാതൃത്വം!

40

ദിഗന്തസീമകൾക്കകത്തൊതുങ്ങാത്ത

ജഗന്നിയന്താവാമനാദ്യനന്തനേ

അമന്ദവാത്സല്യപ്രകർഷമോടു തൻ

കുമാരനായ് മാറിലണച്ചുലാളിച്ചു

വളർത്ത വന്ദ്യയാം ജനിത്രി തന്മനം

കുളുർത്ത ഭാഗ്യമോ നിനച്ചുകാണ്ക നാം 

നിജമനോഹരപവിത്രദേഹത്തിൽ

രുജാദിബാധകൾ ഭവിച്ചിടാതെ താൻ

ത്രിലോകപൂജ, തൻ മഹോന്നതാത്മാവിൽ

തുലോം പ്രവൃദ്ധമായ് ജ്വലിച്ച ഭക്തിയാൽ

50

ധരിത്രിയിൽ നിന്നും സമുത്പതിച്ചു തൻ

തിരുക്കുമാരനും പിതാവുമെന്നല്ല

പരിശുദ്ധാത്മാവും പരമദൂതരും

പരമാനന്ദത്താൽ നിറഞ്ഞുവാഴുന്ന

ദിനാന്തഭാസ്കരമരീചിതട്ടാത്ത

സനാതനരാജ്യമണിഞ്ഞു ധന്യയായ്

അഭിവാദ്യാഘോഷമഹാമഹോത്സവ-

മഭിനവം ഭൂതഭവിഷ്യത്കാലങ്ങൾ-

ക്കതു വചസ്സിനു വിധേയമാക്കുവാൻ

പുതിയ ഭാഷയൊന്നുദിക്കിലും പണി.

60

ചുരുക്കമോതുന്നു, കൃതാഭിഷേകയായ്

ധരിച്ചു കന്യകേ കിരീടതല്ലജം,

ഭവിച്ചു നാകത്തിന്നധീശയായ് മേരി

നവജയഗീതം മുഴക്കിവാനവർ.

 

ജയജയനാഥേ! ജയകൃപാലയേ!

ദയാദര ഭക്തിപരവശരായി 

തവകഴലിണ നമിക്കും ദാസരി

ലവിരതമങ്ങേയപാംഗവീക്ഷണം

ചൊരിയണേ! ലോകമഹാർണ്ണവത്തിലേ  

തിരികളിലാണ്ടു നശിച്ചുപോകായ്‌വാൻ!

70

നരകുലമങ്ങേതിരുക്കുമാരന്റെ 

തിരുവടി സേവാനിരതമായ് ലോകേ

അമംഗളമെല്ലാമകലുവാനമ്മേ!

സുമംഗളേ, ഭവ്യമഴ പൊഴിക്കണേ!

74

  (തിരുഹൃദയമാസിക, ആഗസ്റ്റ്, 1939)