Thoolikayenthikondu

തൂലികയേന്തിക്കൊണ്ട്


പ്പൽ കയറിക്കടലുകടന്നീ-

ക്കേരളനാട്ടിലണഞ്ഞൊരുദിവ്യൻ

തൃപ്പദധൂളികളിന്ത്യയിലെങ്ങും

വീഴ്ത്തി വിശുദ്ധി വരുത്തിയ ദിവ്യൻ

മാമലമുതലാസ്സേതുവരെയ്ക്കും

ക്രൈസ്തവ ബോധനമേകിയനന്ത-

ക്ഷേമത്തിൻ വഴി നമ്മെക്കാട്ടിയ

മാർത്തോമ്മാ മുത്തപ്പനുതൊഴുകൈ!

1

പത്തൊൻപതു നൂറ്റാണ്ടു തികഞ്ഞൊരു

 സംഭവമാണിതു; രാജ്യവ്യാപക

ക്രൈസ്തവജൂബിലിയഹമഹമികയാ

 കൊണ്ടാടുന്നു പള്ളികളെല്ലാം.

അത്യുത്സാഹം കേരളജനത-

യ്ക്കാണതിലത്ഭുതമില്ല നിനച്ചാൽ

മുത്തപ്പൻ സ്ഥാപിച്ചവയല്ലോ

2

പള്ളികളേഴരനമ്മുടെ നാട്ടിൽ

കോട്ടയ്ക്കാവൂ, കൊടുങ്ങല്ലൂരഥ

പാലൂർ, കൊല്ലം, ചായൽ, നിരണം,

നാട്ടാരറിയും കോക്കൈമംഗല,-

മരയെന്നെണ്ണം മലയാറ്റൂരും

ഓരോന്നും നിജപൂർവ്വചരിത്രം

കീർത്തിക്കുകയാണംബരവീഥിയിൽ

നേരേ ശീർഷമുയർത്തിക്കൊണ്ടീ

ജൂബിലി നല്ല മഹാമഹമാക്കാൻ.

3

പാലൂർ* ‘പാലു’ കവിഞ്ഞു പരന്നു ദിഗന്ത-

ങ്ങളിലേയ്ക്കെപ്പോഴുമങ്ങനെ-

യോലുകയാണെന്നുള്ള പ്രതീതി

വളർത്തിടുമൂരാണെന്നറിയേണം

നാലില്ലക്കാരാഢ്യബ്രാഹ്മണ

രവിടെജ്ഞാനസ്നാനപ്പെട്ടു,

നാലുവശത്തേയ്ക്കവയുടെ ശാഖ

പരന്നുപാലുതിളച്ചൊഴുകും പോൽ.

4

‘പകലോമറ്റം’ ‘ശങ്കരപുരിയും’

‘കാളി’യൊടൊന്നൊരു “കാവും’ ‘കള്ളി’യു-

മകലങ്ങളിലും കാണാം പക്ഷേ

ചുവടെല്ലാം പാലൂരിൽത്തന്നെ

പുകളൊളി പലവഴി വീശും വ്യക്തിക-

ളവയിൽ കുറവല്ലവരഭിമാന-

ത്തികവൊടു തറവാട്ടെലുകയിലെത്തും

 ജൂബിലിഘോഷം വിജയിപ്പിക്കാൻ.

5

‘ഇനിയത്തെക്കുളി വെമ്മേനാട്ടെ-‘

ന്നോതിക്കൊണ്ടവിടം വിട്ടോടാൻ

തുനിവുണ്ടായവരും വന്നേക്കും

കാലപുരോഗതിയാവിധമല്ലൊ.

എല്ലാം മംഗളമായി വരട്ടെ!

മാർത്തോമ്മാ മുത്തപ്പനുതൊഴുകൈ-

യെല്ലാവരുമർപ്പിക്കുക; ഞാനെൻ

തൂലികയേന്തിക്കൊണ്ടു തൊഴുന്നേൻ!

6

(പാലയൂർ സെന്റ് തോമസ് ജൂബിലി സുവനീർ, 1972)