Vadathapushpam

വാടാത്ത പുഷ്പം


മാന്നാനം കുന്നിലേ വാടാത്ത പുഷ്പമേ,

വന്ദനം! നീയല്ലോ ദിവ്യസൂനം

മന്ദസമീരണൻ സൗരഭ്യവാഹിയാ-

ണിന്നുമാക്കുന്നിലും ചുറ്റുപാടും

എന്നല്ല ഭൂതലമെങ്ങുമിപ്പൂമണം

നന്നായ് പരത്തുന്നു ഗന്ധവാഹൻ.

ഞാനെന്റെ ബാല്യത്തിൽ കൂട്ടുകാരോടുമൊ-

ത്താനന്ദപൂർണ്ണയായ് കേളിയാടി

മേളം വളർത്തിയ കുന്നിന്റെ പാവന-

കേളിയെപ്പറ്റിയന്നെന്തറിഞ്ഞു?

10

“ചാവറ വല്യച്ചൻ, വല്യപ്രിയോരച്ചൻ”

ഏവമോരോ നാമം കേട്ടിരുന്നു.

ആരിതെന്നാരാഞ്ഞില്ലെത്രയോ വല്യച്ച-

ന്മാരെക്കാണുന്നു ഞാൻ കുട്ടിയല്ലേ?

ആരോ കൊവേന്തയിലുണ്ടായിരിക്കുമി-

പ്പേരുള്ള വ്യക്തിയെന്നോർത്തിരുന്നു.

പണ്ടേദിവംഗതനായിരുന്നാകയാൽ

കണ്ടിട്ടില്ലാ പുണ്യശ്ലോകനേ ഞാൻ

എന്നാലും ചേവടി സ്പർശനം മൂലമാ-

യെന്നേയ്ക്കും പൂതമായ്തീർന്ന മണ്ണിൽ

20

അന്നത്തെ സമ്പർക്കം ചാരിതാർത്ഥ്യപ്രദ-

മെന്നുചൊല്ലുന്നു ഞാൻ നിർവ്വിശങ്കം

ആ ധൂളിയന്നെന്നെയാകർഷിച്ചിട്ടാവാ-

മീ ധന്യജീവിതം ഞാൻ വരിച്ചു.

കല്യരിൽ കല്യനാമാമഹാത്മാവിപ്പോൾ

സ്വർല്ലോകഭാഗ്യത്തിലാണെന്നാലും

കാണുന്നുണ്ടല്ലോയിക്കർമ്മലാരാമത്തിൽ

വീണയും മീട്ടിയിരിക്കുമെന്നെ.

എന്നാലിപ്പൂങ്കാവു കാണുവാനൊന്നിങ്ങു

വന്നാലും, കൂപ്പുകൈ! വന്ദ്യതാതാ,

30

അന്നങ്ങു നട്ടുനനച്ച് ദ്രാക്ഷാവല്ലി

ഇന്നൊന്നു കാണുവാനാശയില്ലേ?

പൊങ്ങി വളർന്നതു പന്തലിച്ചീ നാട്ടി-

ലെങ്ങും തണലിപ്പോളേകിടുന്നു.

എന്തൊരു വാസന്തകാന്തി! കണ്ടാലങ്ങേ-

യ്ക്കന്തരംഗം കുളുർത്തീടുമല്ലൊ

വത്തിക്കാൻ കൗൺസിൽ തുറന്ന വാതായന-

മെത്തിച്ചു തന്ന വെളിച്ചം മൂലം

പ്രത്യഗ്രമേന്മയിൽ പുഷ്പിച്ചു പൂവാടി

ധാത്രിക്കു നൂതന ഭൂഷയായി

40

എല്ലാം മനോഹരം; കാണുന്ന കണ്ണിനു-

മുല്ലാസം ഹൃത്തിനുമേകുമേറ്റം

എന്നാലും നാമ്പിറുത്തീടുന്ന പൂച്ചിക-

ളെന്നുമുണ്ടായേക്കാം വല്ലേടത്തും

തട്ടിക്കളഞ്ഞിട്ടു പൂവാടി രക്ഷിക്കാൻ

തോട്ടക്കാരന്റെ കൈ ശക്തമല്ലൊ.

സ്വർഗ്ഗമനത്തിന്റെ നൂറ്റാണ്ടു ജൂബിലി

മക്കളാം ഞങ്ങളിന്നാഘോഷിച്ചു.

വന്നാലും ഞങ്ങളോടൊത്തു സന്തോഷിക്കാൻ

തന്നാലുമാശിസ്സു പ്രേഷ്ഠതാതാ.

50

(സത്യദീപം, 1971)