Vanchinad

വഞ്ചിനാട്


ഞ്ചിനാടേ! വഞ്ചിനാടേ! വഞ്ചിനാടേ! മേലിൽ

ചഞ്ചലത്വം വേണ്ട നിന്റെ നെഞ്ചകത്തു തെല്ലും.

സേതുലക്ഷ്മീറാണിനിന്നെപ്പോറ്റിടുന്ന കാലം

ഏതുകൊണ്ടും നിനക്കൊരു ഖേദമുണ്ടാകില്ല.

ഗണ്യമായ പുണ്യംകൊണ്ടു വിണ്ണവർക്കും പാരം

കണ്ണിലുണ്ണിയായ് വിളങ്ങും സേതുലക്ഷ്മീറാണി

ചഞ്ചലാക്ഷ്മി മണിമാരിൽമിഞ്ചിമിഞ്ചിമിന്നു-

മഞ്ചിതകളേബരയാം സേതുലക്ഷ്മീറാണി

പാർത്തലത്തിലെങ്ങും പുകൾ ചേർത്തുകൊണ്ടു പാരം

സത്തമയായ് ലാലസിക്കും സേതുലക്ഷ്മീറാണി;

10

ധർമ്മരാജ്യത്തിന്റെ നാമം സാർത്ഥമാക്കി മേന്മേൽ

ശർമ്മമേറ്റം വളർക്കുന്ന സേതുലക്ഷ്മീറാണി:

അമ്മയെപ്പോൽ പ്രജകളെ പാലനം ചെയ്യുന്ന –

നിർമ്മല മാനസയായ സേതുലക്ഷ്മീറാണി;

നീതികൊണ്ടു ജാഗ്രതയേ ഖ്യാതി പൊക്കി രാജ്യം

ഭൂതികൊണ്ടു നിറയ്ക്കുന്ന സേതുലക്ഷ്മീറാണി;

ധന്യമായ വഞ്ചിരാജവംശമൗലി തന്നിൽ

മിന്നിടുന്ന മണിയായ സേതുലക്ഷ്മീറാണി;

ജാതിമതഭേദമെന്യേ സജ്ജനത്തെയെല്ലാ-

മാദരിക്കും മഹാശയ സേതുലക്ഷ്മീറാണി;

20

മൂലകന്റെ പിൻഗാമിയാം ബാലഭൂപാലന്റെ

മാലുമിയായ് നിളങ്ങുന്ന  സേതുലക്ഷ്മീറാണി;

സർവ്വശുഭങ്ങളും തന്റെ കാല്ക്കലണഞ്ഞാലും

ഗർവ്വുലേശമിയലാത്ത  സേതുലക്ഷ്മീറാണി;

അർത്ഥശൂന്യമായിട്ടോരോ മൂലയിൽ മുഴങ്ങും

വ്യർത്ഥമായ കൂജനങ്ങൾ ഗണ്യമാക്കിടാതെ

ക്രിസ്ത്യനായ സചിവനേ നാട്ടിൽ നിയമിച്ച

വിസ്തൃത മാനസയായ   സേതുലക്ഷ്മീറാണി;

വഞ്ചിനാടേ !വഞ്ചിനാടേ! നിന്നെ ബ്ഭരിക്കുമ്പോൾ

ചഞ്ചലത്വം വേണ്ട നിന്റെ നെഞ്ചകത്തു തെല്ലും.

30

സുക്ഷ്മമായിട്ടാലോചിച്ചാലേതൊരുവിധവും

“ലക്ഷമീ” തന്റെ കേളീരംഗം തന്നെയാണീ വഞ്ചി.

കാറ്റുകൊണ്ടും കോളുകൊണ്ടും സംഭവിക്കാറുള്ള

മാറ്റമെന്നുമീ നഞ്ചിക്കു വന്നുതട്ടുകില്ല.

കാമിനീമണി നയിക്കും വഞ്ചിയാണെന്നാലും

“പാമര” സഹായമിതിൽ തെല്ലുമില്ല ചൊല്ലാം.

കോട്ടമെന്യേ “മലർമങ്ക” യാണമരക്കാരി

വാട്സുമോറീസ് തലയ്ക്കലും; പിന്നെയെന്തുവേണം?

ഏതു മഹാകയത്തിലും മുങ്ങിടുമെന്നുള്ള

ഭീതിയേതുമീ വഞ്ചിക്കു വേണ്ട വേണ്ട മേലിൽ.

40

പണ്ടു പണ്ടേ “ശ്രീവാഴുംകോടെ”ന്നിരുന്ന നാമം

ഇണ്ടലെന്യേയിക്കാലത്തു സാർത്ഥകമായ്ത്തീർന്നു.

സേതുലക്ഷ്മീഭായിറാണി തന്റെ കാലത്തല്ലോ

‘മാതൃകാരാജ്യ”മായിത്തീർന്നു വഞ്ചിനാടു സാക്ഷാൽ.

ഈതിബാധയില്ലിവിടെ നീതികേടുമില്ല.

പാതിരായ്ക്കും സഞ്ചരിക്കാം കാതരാക്ഷിമാർക്കും.

പഞ്ഞമില്ല,പടയില്ല,രോഗമില്ല തമ്മിൽ

രഞ്ജനയ്ക്കും കുറവില്ല രാജ്യവാസികളിൽ.

കോഴവാങ്ങുന്നവരില്ല “ധർമ്മരാജ്യ”ത്തെങ്ങും

ഏഴയെന്ന പദംപോലും കേൾപ്പതിന്നുമില്ല.

50

വേലചെയ്താൽ വിളയാത്ത പാഴുഭൂമിയില്ല.

കൂലിവേലക്കാർക്കുമൊരു ക്ഷാമമേതുമില്ല

കാലിമേയ്ക്കും ബാലന്മാർക്കും വിദ്യയില്ലാതില്ല.

ബാലികാപാഠശാലയുമിങ്ങു കുറവല്ല.

“വൃത്തഭംഗം” ചന്ദ്രബിംബം തന്നിലല്ലാതില്ല. 

വിത്തനാശമൊരുത്തർക്കും സംഭവിക്കാറില്ല.

നീലവേണിമാർ മുടിയിലെന്നിയേ മറ്റെങ്ങും

മാലകന്നു കുടിലത കേളിയാടുന്നില്ല.

വാണിയോടു പൂമകൾക്കു കോപമേതുമില്ല,

ക്ഷീണരായിസ്സൂരികളേക്കണ്ടിടുമാറില്ല.

60

എന്തിനേറെ, വഞ്ചീ! നിന്റെ ഭാഗധേയവൃക്ഷം

ചന്തമോടെ പൂത്തു ഫലം വച്ചതാണീക്കാലം

അന്തരം കുടാതെയേവം “താരിൽമങ്ക” നിന്റെ

സന്തതികാലത്തുമാശ്ലേഷിച്ചിടട്ടെ നിന്നെ!

ഉത്തമ സചിവനായ വാട്സുമോറീസ് വേഗം

അസ്തിവാരമിടട്ടെ നിൻ ഭാവി ശ്രേയസ്സിന്നും.

നാരീമൗലീമണിയായ ലക്ഷ്മീറാണിതന്റെ 

പേരിയന്ന രാജ്യഭാരം കണ്ടിടട്ടെ ലോകം!

അസ്തുതേ കുശലം! വഞ്ചീ! വേണ്ടപോലെ നിന്റെ

സ്തുത്യമായ നില മേലാൽ കണ്ടിടട്ടെ ലോകം!

70

ധന്യയായ വഞ്ചീ! നിന്നിലീർഷ്യയെന്യേ നിന്റെ

മാന്യമായ നില മേലാൽ കണ്ടിടട്ടെ ലോകം!

(1924)