വിജയാശംസകൾ

വൈദിക വിദ്യാലയമാതാവേ,
ആയിരമായിരമായ്
സാദരമങ്ങേയ്ക്കനുമോദനവും
വിജയാശംസകളും!
ശ്രീദമനോഹരമീയുദ്ഘാടന
സുദിനം വന്നല്ലോ
മേദിനിയങ്ങേയുച്ഛ്വാസത്താൽ
പാവനമാകട്ടെ!
1
ഉദ്ഘാടനമത്യുന്നത കാർഡിനൽ
ഫ്യൂസ്റ്റൻ ബർഗ്ഗിന്റെ
തൃക്കൈയാൽ സാധിക്കുന്നതുമഭി-
മാനകരം തന്നെ
ഒക്കും വേണ്ടവയെല്ലാം ഭാസുര-
ഭാവിവരേണ്ടതിനായ്,
ഉൽക്കടഭൂതികളങ്ങേപ്പുണരാൻ
നോക്കിയിരിക്കുന്നു.
2
ക്രൈസ്തവസഭയെപ്പഠനത്താലും
കൂദാശകളാലും
സുസ്ഥിതിയിൽ പരിപാലിക്കേണ്ടതി-
നാചാര്യന്മാരേ
ഉത്തമസാത്വിക ചേതനയോടു
ജനിപ്പിക്കും സുഭഗേ,
നിത്യം തരുണിമ നവമായങ്ങിൽ
നിലനിന്നീടട്ടെ!
3
കൊണ്ടാടേണ്ടും സന്തതിയനവധി
സച്ചരിതന്മാരായ്
ഉണ്ടാകട്ടേയങ്ങേയ്ക്കമ്മേ
വൈദികസത്തമരായ്
വേണ്ടുമ്പോലവരീലോകത്തെ-
പ്പാവനമാക്കുവതും
കണ്ടവിടുത്തെക്കണ്ണും കരളും
കുളിരട്ടേ മേന്മേൽ.
(ദീപിക, ഫെബ്രുവരി 25, 1968)
