Ithalle Kanedath

ഇതല്ലേ കാണേണ്ടത്?


നോക്കെത്താത്തവിധം വിശാലതരമായ് 

          പാരം വിദൂരസ്ഥമായ്

വാക്കാൽ വർണ്ണനയാദിശേഷനുമഹോ!

          സാധിച്ചുകൂടാത്തതായ്

ആർക്കും പാരമഗാധചിന്തയകമേ 

          ചേർക്കുംവിധം ദിവ്യമായ്

പാർക്കുന്നേനൊരു കാഴ്ചയെന്റെ നയനം

          മേല്പോട്ടുയർന്നീടവേ.

നീലപ്പട്ടു വിരിച്ചതിന്റെ നടുവിൽ “ഗ്യാ

          സ്ലൈറ്റും വച്ചെത്രയും

ചേലേറുന്നൊരു രത്നജാലമകമേ 

          ചുറ്റും വിതച്ചിട്ടപോൽ

ചേലഞ്ചുന്നൊരു ചന്ദ്രനേയുമതുപോൽ

          നക്ഷത്രജാലത്തെയും

താലോലിച്ചു വഹിച്ചുകൊണ്ടു വിലസീ-

          ടുന്നൂ നഭോമണ്ഡലം.

ദൃഷ്ടിക്കിത്ര മനോജ്ഞമായ തലമി-

          ക്കാണുന്നതിന്നൊക്കെയും

രാട്ടെന്നുള്ളൊരു ഭാവമോടുനിലകൊ-

          ണ്ടീടുന്നൊരിച്ചന്ദ്രനോ

കോട്ടം വിട്ടൊരു പാൽക്കുഴമ്പിലവനി-

          ത്തട്ടാകവെ മുക്കിടും

മട്ടിൽത്തന്റെ കരങ്ങളാലവനിയെ-

          പ്പേർത്തും തലോടുന്നുതേ. 

നോക്കുന്തോറുമകന്നകന്നു വളരെ-

          ദൂരത്തവൻ നിന്നിടു-

ന്നാർക്കും തൻപരമാർത്ഥമപ്പൊഴധികം

          പ്രസ്പഷ്ടമാക്കുംവിധം

യോഗ്യന്മാരുടെ വാസ്തവങ്ങളറിവാൻ

          ശ്രദ്ധിച്ചിടും തോറുമീ

യോഗ്യൻ ചെയ്‌വതിലുള്ള തത്ത്വമഖിലം 

          നന്നായ് വെളിപ്പെട്ടിടും.

ചുറ്റും ശോഭകലർന്നുയർന്നു വിലസും

          നക്ഷത്രജാലങ്ങളോ

ചെറ്റും തൻസവിധത്തിലല്ലതറിയാം

          സൂക്ഷിച്ചു നോക്കീടുകിൽ

അറ്റം വിട്ടു വിചാരസീമയതിലം- 

          ഘിച്ചുള്ള ദൂരത്തിലീ

മാറേറ്റും മണിജാലമാകെയിതുപോൽ

          പോറ്റുന്നതേതുന്നതൻ

ഒന്നല്ലൊമ്പതുകോടിയല്ല ഗണന-

          യ്ക്കെത്താവതല്ലാത്തപോ-

ലെന്നും ഭംഗമിയന്നിടാതെയിവയെ

          ക്കാണുന്നു നാം ചന്തമായ്

ഇന്നും ദൃഷ്ടിയിലെത്തിടാതെയിതിലും

          പാരിച്ചദൂരത്തിലായ് 

നിന്നീടുന്നിതുപോലസംഖ്യ മിനിയും; 

          നിസ്സീമമത്യത്ഭുതം!

മിന്നും പൊന്നണിമേടകളൾക്കുമുകളിൽ 

          പാറും കൊടിക്കൂറയോ,

മന്നന്മാർകുലമൗലിവർഗ്ഗമണിയും 

          തങ്കക്കിരീടങ്ങളോ,

പിന്നിൽ താങ്ങിനു നില്പതില്ല; മുഴുവൻ 

          നോക്കീടിലോരോന്നിനും

തന്നത്താനവലംബ, മേതുകവിയും

          ധ്യാനിക്കുമിക്കാഴ്ചയെ.

നീലപ്പട്ടിനു തുല്യമായ നിറമി –

          ക്കാണുന്നതെന്തായ് വരാം!

ജാലംതാനതു; നോക്കിടുമ്പോളവിടെ

          ക്കാണുന്നതില്ലൊന്നുമേ

നാലാശാമുഖവും കവിഞ്ഞു വളരെ –

          ദൂരത്തുകണ്ണെത്തിടാൻ 

മേലാതുള്ളവിടംവരെയുമെഴുവോ –

          രിക്കാഴ്ചയെന്തത്ഭുതം!

അങ്ങാക്കാണ്മൊരു ചക്രവാളപരിധി-

          യ്ക്കങ്ങേപ്പുറത്തെത്തിയാ-

ലങ്ങും കാൺമൊരു കാഴ്ചയൊക്കെയിതുതാൻ; 

          വ്യത്യസ്തമല്ലേതുമേ

എങ്ങും നോക്കുകിലൊന്നുപോലെയതിര-

          റ്റാദ്യന്തമില്ലാത്തതായ്

ഭംഗിക്കിപ്പണിചെയ്ത ശില്പവരനോ

          സാമാന്യനല്ലോർക്കുകിൽ.

ഏവം ചന്തമിയന്ന കാഴ്ചയഖിലം

          ശ്രദ്ധിച്ചിടുന്നാകിലോ

ദൈവത്തിൻ മഹിമാവിശേഷമതുലം

          പ്രത്യക്ഷമാമേതിലും

ആ വൻകാട്ടിനകത്തിരുണ്ടഗുഹയിൽ

          പോകേണ്ട; രുദ്രാക്ഷവും

കാവിപ്പട്ടുമണിഞ്ഞിടേണ്ട, പരനെ-

          ദ്ധ്യാനിക്കതിന്നാരുമേ

                                                    (കേരളീയ കത്തോലിക്കൻ, ജൂലൈ 1922)