Chirikkunna Mulla

ചിരിക്കുന്ന മുല്ല


          ചിരിക്കുന്നെന്തിനു നീയെന്നെക്കാണുമ്പോൾ?

കുരുക്കുത്തി മുല്ലേ കുഡ്മളാലങ്കൃതേ,

ഒരു കളങ്കമില്ലാതുള്ള പുഞ്ചിരി-

യുറങ്ങും കുഞ്ഞിന്റെ ചുണ്ടിലേ പുഞ്ചിരി. 

പരിമൃദുക്കളാമെത്രയാരോമന-

ച്ചെറു ചിറികളാൽ പുഞ്ചിരിക്കുന്നു നീ!

ഇളകിയാടുന്ന ചില്ലകൾ കൊണ്ടെന്നെ 

വിളിച്ചിടുന്നിതോ? കൊഞ്ചിയാടുന്നിതോ? 

ഇരിക്കുവാൻ ശഷ്പകംബളമന്തികേ 

വിരിച്ചു നീയെന്നെക്കാത്തിരിക്കുന്നിതോ? 

ഇളങ്കുളിർകാറ്റു കൊണ്ടെന്നെ വീശുന്നോ?

വളർന്ന സൗരഭ്യംകൊണ്ടെന്നെച്ചുഴുന്നോ? 

എനിക്കൊരായിരം ചുംബനം നല്കുവാൻ 

മനക്കുരുന്നിലുണ്ടാശയെന്നുള്ളതും 

ചിരിയിൽ കൂടി നീ സൂചിപ്പിച്ചീടുന്നോ?

വരവേനന്തികേ വത്സലേ ഞാനിതാ

നടക്കുവാനുള്ള സാദ്ധ്യതയുണ്ടെങ്കി-

ലടുത്തുനീയെന്നെയാശ്ലേഷിച്ചീടുമെ –

ന്നറിയുന്നുണ്ടു ഞാൻ നിന്റെ സാന്നിദ്ധ്യത്തി-

ലറിയാതെ ഞാനും പുഞ്ചിരിതൂകുന്നു. 

കുളിർപ്പിച്ചീടുന്നു നീയെന്റെ മാനസം 

കുളിരുകോരിയിട്ടീടുന്നു മെയ്യിലും.

 

          ഉദിച്ച ഭാസ്ക്കരനസ്തമിച്ചീടുമ്പോൾ, 

വിരിഞ്ഞ സൂനങ്ങൾ ക്ഷീണിതരാകുമ്പോൾ; 

ഹൃദയാലുക്കളെ കോൾമയിർക്കൊള്ളിക്കാൻ

ചിരിച്ചു മുമ്പോട്ടുവന്നു നില്ക്കുന്നു നീ

നടനസന്നദ്ധയായ് തിരനീക്കിക്കൊ-

ണ്ടിറങ്ങി നില്ക്കുന്ന നർത്തകിയെന്നപോൽ. 

ധവളകോമള നിർമ്മലകാന്തിയും,

സവിനയമായ കൂപ്പുകൈയും, കവി-

ഞ്ഞൊഴുകിടുന്ന സൗരഭ്യവും മൂലമായ് 

കവികൾക്കെന്നുമേ കണ്മണിയല്ലോ നീ.

 

          നമുക്കുതമ്മിലോ പൂർവ്വികബന്ധമൊ-

ന്നിരിപ്പൂ വിസ്മരിക്കാവതല്ലാത്തപോൽ. 

ഒരിക്കലെന്റെയീ കൈവിരൽ പത്തിനാ-

ലിളക്കി മണ്ണു ഞാൻ ഭംഗിയായ് തീർത്തൊരാ 

തടത്തിനുള്ളിലായ് പാരിജാതത്തിൽ നി –

ന്നടർന്നു കിട്ടിയോരങ്കുരമെന്നപോൽ 

അകം കുളിർത്തു നിന്നോമനപ്പിഞ്ചുത-

ണ്ടെടുത്തു നട്ടനാൾ നിന്റെ ജന്മർക്ഷമാം 

വിരൽ വിടുർത്തിയാൽ ചാണളന്നീടുമാ –

റൊരു ചെറുലതയായിരുന്നന്നു നീ. 

നനച്ചനുദിനം പച്ചിലക്കൊമ്പുക-

ളൊടിച്ചു ചുറ്റിലും ചൂടലായ് കുത്തിയും

കളകൾ നാമ്പെടുത്തീടുമ്പോളൊക്കെയും 

പറിച്ചുനീക്കുവാൻ പാടവം കാട്ടിയും

വളം സമൃദ്ധിയായ് നല്കിയും നിന്നെ ഞാൻ 

വളർത്തിയൗരസപുത്രിയെയെന്നപോൽ

ഇളങ്കുരുന്നുകൾ നിന്നിലുണ്ടാകുമ്പോൾ 

കുളിരുകാറ്റെന്റെയുള്ളിലും വീശീടും. 

തളിരിലകളെൻ താലോലമേല്ക്കാതെ

വളർന്നിരുന്നുവോ നിന്നിലൊന്നെങ്കിലും?

ഒരിക്കലുമൊരു ക്ഷുദ്രകീടം നിന്റെ-

യരുമപ്പൂവൽ മെയ് തൊട്ടതില്ലിന്നോളം

അരികിലെപ്പൊഴും സൂക്ഷ്മദൃക്കായി ഞാൻ 

ചരിച്ചിരുന്നതുമൂലമെന്നോമനേ.

ഇളകിയാട്ടത്താൽ സമ്മതമേതിനും 

തരുന്നുവല്ലോ നീ സംഗ്രഹിക്കുന്നു ഞാൻ. 

പരം കൃതജ്ഞതാനിർഭരമാണു നിൻ 

ചിരിയുമായതിൽ സംശയമില്ല മേ.

 

          നയനമോഹനേ, നിന്റെയീ ചിത്രമൊ

ന്നെനിക്കു രേഖയാക്കീടുവാനോർക്കുകിൽ

ഒരു ലിപിയില്ല ഭാഷയുമില്ല ഞാൻ

കരളിൽ മുദ്രയായ് വച്ചു സൂക്ഷിച്ചിടാം.

മരതകപ്പച്ചപ്പട്ടുടയാടയിൽ 

നിരത്തി വെണ്മത്തുതൈച്ചുറപ്പിച്ചപോൽ

പരന്ന പച്ചിലച്ചാർത്തിനുമേലഹോ

നിരന്ന പൂക്കളുമായ് ലസിക്കുന്നു നീ. 

ഇറുത്തെടുക്കയോ പൂക്കളേ? വേദന

വരും നിനക്കു ഞാനായതു ചെയ്യുകിൽ. 

മുടിയിൽ ചൂടേണ്ടും മുത്തുകൾ പാഴില-

ങ്ങടർന്നു പൂഴിയിൽ വീണുപോകെന്നതും 

സഹിപ്പതോ? ധർമ്മസങ്കടാവസ്ഥയിൽ

കുഴങ്ങിടുന്ന ഞാൻ സത്യമോതീടുകിൽ.

 

          വരട്ടെ, ഞാനൊന്നു ചിന്തിക്കാം കാര്യമായ് 

തരുന്നതാർ നിനക്കീ മനോഹാരിത? 

നടുന്ന സാധുവാം കർഷകൻ ശക്തനോ

കൊടുത്തുകൊള്ളുവാൻ സൽഫലമേതിനും ? 

ജഗന്നിയന്താവുതന്നെയാണീ വിധ-

മലങ്കരിപ്പതു നിന്നെ നിസ്സംശയം. 

നവപരിമള സുന്ദരസൂനങ്ങ-

ളവിടേയ്ക്കായി ഞാനർച്ചന ചെയ്തിടാം. 

വരിക പൂക്കളേ നിങ്ങളെൻ കൈകളിൽ 

പരൻപുമാനുടെയർച്യവസ്തുക്കളായ്. 

നിനക്കു വാസന്തീ, ജന്മസാഫല്യമായ് 

നിനയ്ക്കിൽ ഞാൻ കൃതകൃത്യയുമായ് ശുഭം!

(മനോരമ വാർഷികപ്പതിപ്പ്, 1959)