Chembaruthi

ചെമ്പരുത്തി


ങ്കോചമൊക്കെയൊരുമട്ടിലകന്നുപാരം

കെങ്കേമനെന്നനിലയിങ്കലഹന്തയേന്തി

പൂങ്കാവിലാടി വിലസുന്നൊരു ചെമ്പരുത്തി,

നിൻകാര്യമോർക്കിലതിവിസ്മയമാർക്കുമുണ്ടാം.

 

രാഗത്തിളപ്പു പുറമേ തെളിയിച്ചുകൊണ്ടും

യോഗത്തിലെന്നുമൊരുപോലെ രസിച്ചുകൊണ്ടും

ആഗസ്സകന്നവിധമക്കുടിലത്വമാണ്ടും

യോഗീശ്വരന്റെ നവമാതൃക നീ നിനച്ചാൽ!

 

സൗരഭ്യലേശമിയലാം നിനക്കു പൂവേ! 

പേരെന്തുചൊൽക, “സുരഭീ”ത്വമനർഹമല്ലോ 

പാരം പടുത്വമിയലും കവികുഞ്ജരന്മാ –

രാരും നിനക്കൊരഭിധാനമുരച്ചതില്ലേ?

 

ആകാരഭംഗിയതുലം നിജമെന്നുവച്ചോ 

ഹാ! കഷ്ടമേവമിതളാകെ ഞെളിച്ചിടുന്നു? 

പാകത്തിലെങ്കിലതുഭംഗി; കടന്നുപോയാ-

ലാകാത്ത ഗോഷ്ഠിയതിനാൽ തവ വന്നുചേരും.

 

ഓർത്താൽ നിനക്കു ഞെളിയാനൊരു ബന്ധമില്ല 

താർത്തേൻ നിനക്കു ചെറുതില്ലൊരു ഗന്ധമില്ല 

ചാർത്തീടുകില്ലൊരളിവേണി ശിരസ്സിൽ നിന്നെ –

ച്ചേർത്തീടുകില്ല കുസുമായുധനമ്പിനായി. 

മെല്ലെച്ചുളിഞ്ഞ തൊലി, യൊട്ടു നരച്ച വർണ്ണം,

വല്ലാതെഴുന്ന വടിവറ്റ ഞരമ്പിതെല്ലാം 

അല്ലേ! മറയ്ക്കുവതിനീ ഞെളിവൊട്ടു കൊള്ളാ-

മല്ലോ ശരിക്കു മറയുന്നവ പിന്നിലായി. 

 

കാന്തിപ്പകിട്ടു വിലസും തവ മേനി പുൽകാ-

തെന്തേ പറന്നു വരിവണ്ടുകൾ പോയിടുന്നു? 

പൂന്തേൻ കൊതിച്ചു തിരയുന്നൊരു വണ്ടുകൾക്കി-

ന്നെന്താണുലാഭമിഹ നിന്നരികത്തണഞ്ഞാൽ. 

 

തുമ്പിക്കരത്തിനു സമം തവകീലമേവം 

മുമ്പോട്ടു നീട്ടി നിലകൊൾവതു കണ്ടിടുമ്പോൾ 

മുമ്പിട്ടടുക്കുമവരെപ്പിടികൂടുവാനെ-

ന്നമ്പോ! ഭയന്നു ചെറുപാറ്റകൾ മണ്ടിടുന്നു. 

 

ഏറും വിചിത്ര തരവേലകളാൽ ദളങ്ങൾ-

ക്കേറുന്ന ഭംഗിയതു കാൺകിലതീവഭക്ത്യാ

കീറിപ്പറിഞ്ഞു ചുളിവീണ ചുവന്ന പട്ടും 

മാറിത്തരും വഴി നിനക്കതിനില്ലവാദം

 

പൂവേ! വലിപ്പമതുലം നിജമെന്നഹോ! നിൻ-

ഭാവം നിനയ്ക്കിലതിലർത്ഥമശേഷമില്ല

ഏവം വലിപ്പമിയലുന്നൊരു സൽഫലത്തേ

ദൈവം നിനക്കു തരികിൽ കൃതകൃത്യനാം നീ. 

 

വമ്പത്വവും മിനുസവും കുറവായ പൂക്കൾ –

ക്കിമ്പത്തിനൊത്ത ഫലമെത്ര ലഭിച്ചിടുന്നു! 

ഡംഭേതുമെന്യേ ശരിയായ നിലയ്ക്കു നിന്നാൽ 

സംഭവ്യമാണു കുശലം; ശുഭമാം സമസ്തം!

 

                                                        (കേരളീയ കത്തോലിക്കൻ, ഡിസംബർ 1922)