Bhashpapralayam

ബാഷ്പ്രപ്രളയം


വേനൽക്കാലം പോയി മറഞ്ഞു,

          വർഷം കൊണ്ടുപിടിച്ചു, കാർമ്മുകിൽ

വാനിൽ തിങ്ങി നിരന്നു പോരി-

          നൊരുങ്ങിയ പടയാളികളെപ്പോലെ

ഭേരി മുഴങ്ങി, രവിചന്ദ്രന്മാർ

          നക്ഷത്രങ്ങളുമോടിയൊളിച്ചു

താരാപഥമാകെയിരുണ്ടൊരു

          ഭീകരമാം നിലയവലംബിച്ചു.

“തുള്ളിക്കൊരുകുട’ മെന്ന കണക്കിനു

          പെയ്തുതുടങ്ങി, കർഷകരെല്ലാ- 

മുള്ളിൽ കിടിലം കൊണ്ടു വരമ്പിൽ 

          ചുറ്റിനടന്നു പാടo തോറും 

പൊങ്ങിവരുന്നൊരു സലിലവിതാനം, 

          തിങ്ങും ധാരാധരനിരയെന്നിവ-

യെങ്ങും കാണായ്, ചുണ്ടിലുതിർന്നുട –

          നീശ്വരനാമജപം നാസ്തികനും.

ഒരിടത്തിടയിൽ കേൾക്കാം രോദന-

          “മയ്യോ പോയേ! ബണ്ടുതകർന്നേ!” 

പരിദേവനമതുവേറൊരിടത്തും

          പൊങ്ങി, പിന്നെപ്പലെടത്തായി.

തള്ളിത്തള്ളിക്കയറിയപാഥ-

          സ്സടിയിലമർത്തീ കേദാരങ്ങളെ-

യെല്ലാം ചേർത്തൊരു കായലുതന്നേ

          തീർത്തു രസിച്ചു പ്രകൃതീശ്വരിയാൾ.

നീറിപ്പുകയും ഹൃദയങ്ങൾക്കൊരു

          ശാന്തിയുമെന്യേ കർഷകവൃന്ദം

കേറിയിരുന്നു നികേതനസീമനി 

          പാവകളെപ്പോൽ നിശ്ചലരായി. 

വാക്കുകളുതിരാനധരങ്ങൾക്കി-

          ല്ലാക്കം, സൃഷ്ടിസ്ഥിതികർത്താവിൻ

പക്കൽ ചുടുനെടുവീർപ്പുകളാലവ-

          രറിയിക്കുകയാണാധികളെല്ലാം.

കൊയ്ത്തരിവാളും കാച്ചിയിറമ്പിൽ

          തിരുകിയിരിക്കും തൊഴിലാളിക്കും

മെത്തിവരും ജലനിലവാരത്തോ-

          ടൊത്തുയരുന്നുണ്ടെരി തീയുള്ളിൽ.

പോയാലവനും പോയി; വയറു

          പിഴപ്പിനു വകയിതു കേവലമവനും

സായാഹ്നംവരെ നാളുകളെത്ര-

          യിതിൽ പണി ചെയ്തവനാണാ ഭൃതകൻ!

വേറൊരുരംഗമതേ സമയത്തിതി-

          ലേറെ വിഭിന്നം; ഗിരിനിര തങ്ങൾ-

ക്കേദമുയർച്ചയിലഭിമാനിച്ചും

          സുന്ദരദൃശ്യം മെയ്യിലണിഞ്ഞും

നില്ക്കുമിടങ്ങളെ നാമറിയുന്നു-

          ണ്ടവിടങ്ങളിലീ മാതിരി വെള്ള-

പ്പൊക്കം വരികില്ലെന്ന വിചാര-

          മബദ്ധ,മതപകടതാവളമല്ലൊ.

 

നട്ടുച്ചയ്ക്കോ നടുരാത്രിയിലോ

          പെട്ടെന്നോരോ ശൈലവുമലറി 

പ്പൊട്ടുന്നവിചാരിതനിമിഷത്തിൽ

          കെട്ടിനിറഞ്ഞ ജലം തള്ളുമ്പോൾ

കുത്തിപ്പായുകയായി വെള്ളം

          സപ്തമഹാ പാരാവാരങ്ങളു-

മൊത്തൊഴുകുമ്പോലനിയന്ത്രിതമായ്

          പൃഥ്വിയിലാരു തടുത്തിടുമതിനെ?

മലയെത്തള്ളി മറിച്ചിട്ടടിയേ

          പാറക്കെട്ടുകൾ കുത്തിയൊഴുക്കി

പലഗംഭീരതരുക്കളെയും പിഴു-

          തടിമേലാക്കി മറിച്ചുകളിച്ചും 

തോടും പാടവുമൊക്കെ നികത്തി

          ത്തോട്ടങ്ങൾ തരിശാക്കിക്കുടിലുകൾ 

മേടകൾ പോലുമെടുത്തുംകൊണ്ടാ

          സലിലപ്രസവമങ്ങനെ പാഞ്ഞു.

എങ്ങോട്ടെന്നില്ലാതെ ജനാവലി-

          യോടിയുഴന്നുമറിഞ്ഞും വീണും

പൊങ്ങിയിരമ്പിവരും വെള്ളത്തി-

          ന്നടിയിൽപെട്ടു മറഞ്ഞു പലരും

പ്രാണൻ നേടിയെടുത്തവരുടെ കഥ –

          യോർത്താലധികം പരിതാപകരം; 

നീണാൾ ജീവിക്കണമെന്നാശ-

          യവർക്കുണ്ടാകാനിടയില്ലേതും.

അന്തിയുറങ്ങാൻ വീടില്ലാതായി,

          ആഹാരത്തിനു വഴിയില്ലാതായ്, 

അന്തികസീമനിപോറ്റിയ വത്സല

          സന്താനങ്ങളുമില്ലാതായി,

അഥവാ ദുർഭഗസന്താനങ്ങൾ

          ക്കച്‌ഛനുമ്മയുമില്ലാതെയുമായ്;

വിധവകളായവരെത്ര മഹേളകൾ! 

          ദാരങ്ങളെവിട്ടെത്ര പുമാന്മാർ!

മാടുകൾ കൈയാലകളും പോയി,

          സർവ്വേക്കല്ലുകളും പോയ്, പലരുടെ 

പാടത്തിന്റെ വരമ്പുകൾ പോയ്,

          വീടുകളും പോയെല്ലാം തരിശായി. 

കണ്ടം കരയായ് കര പാടവുമായ്,

          നീണ്ട നിരത്തുകളൊക്കെ മുറിഞ്ഞു,

വണ്ടികളോടാതായി, പാലം-

          പലതും പോയ്, വഴിയാത്ര നിലച്ചു.

നേടിയതൊക്കെ നശിച്ചവരുടെയക-

          താരിലെ വേദനയാരാണറിയുവ-

താടലകറ്റാൻ ബാഷ്പപ്രളയം.

          ചുടുനെടുവീർപ്പുമവർക്കവലംബം

കണ്ടിട്ടഴലിന്നിരയായവരെ

          കഴിയുംപോലെ സഹായിപ്പാനോ

മിണ്ടാനോ തരമില്ല, തകർന്നു

          ദൂരശ്രാവികൾ പോലുമശേഷം.

ചത്തതിനൊപ്പം ജീവിക്കും നില

          മർത്യനുപാരം ദുസ്സഹമല്ലൊ

സത്യാഗ്രഹമിതിനെവിടെ നടത്തും?

          മുദ്രാവാക്യവുമെന്തുവിളിക്കും?

നിത്യനിതാന്തമഹാനന്മകളുടെ

          മൂർത്തിയദൃശ്യൻ തിരുവടി സാക്ഷാൽ

ഭക്തപ്രിയനവിടുന്നേശരണം!

          മുക്തിപ്രദനവിടുന്നേ ശരണം!

                                                      (കുടുംബദീപം, സെപ്റ്റംബർ, 1974)