Oru Sarathkalavristi

ഒരു ശരത്കാലവൃഷ്ടി


കാളിമകലർന്ന വേഷം തന്റെ പൂവൽമെയ്യിൽ 

ആളിടുന്നൊരഴകിന്നു ഭംഗിയല്ലെന്നോർത്ത്, 

കേളികേട്ട സുന്ദരിയാമംബരവധൂടി, 

കാളമേഘവസ്ത്രമെല്ലാം മന്ദമങ്ങു മാറ്റി. 

നായകന്റെ വരവിന്നു നേരമാകയാലോ, 

ന്യായമായി തനിക്കിതു വേണ്ടതാണെന്നോർത്തോ, 

കായമെല്ലാം നീലനിറം ചേർന്ന മഞ്ജുളാംഗി, 

മെയ്യിലാകെ വെള്ളമേഘവസ്ത്രമങ്ങു ചാർത്തി. 

കോമളാംഗി “മതിമുഖി’ തന്മുഖത്തു നല്ല

ശ്യാമളനിറത്തിലൊരുപൊട്ടുമങ്ങു തൊട്ടു

 

“ചന്ദ്രികയാം’ പുഞ്ചിരിയും നാടുനീളെത്തൂകി, 

സാന്ദ്രശോഭം മിനുമിനെ മിന്നി വിളങ്ങുന്ന, 

താരകാഗണത്താലതിഭംഗിയായിത്തീർത്ത, 

ഹാരവും നിരത്തി തന്റെ മാറിലങ്ങണിഞ്ഞു.

ശോഭയേറും കാലിണയിൽ ചക്രവാളമാകും 

നൂപുരവുമിട്ടു നേരേ നിന്നിടുന്നു ദൂരെ. 

ആരിവളെന്നമ്പരന്നീ നാരിമാർമണിയെ, 

മാരദേവൻപോലും വന്നു കുമ്പിടുന്നു മോദാൽ. 

 

താലവൃന്തമെടുത്താരോ വീശിടുന്നപോലെ, 

ലോലമായിങ്ങണയുന്ന ശീതളമാം തെന്നൽ,

നീലവേണി തന്റെ മെയ്യിൽ മന്ദമായ് തലോടി, 

മാലു തെല്ലുമിയലാതെ ലീലയാടീടുന്നു.

മംഗളാംഗിമണിതന്റെ മെയ്യിലണിഞ്ഞുള്ള, 

ഭംഗിയേറും പാവാടതൻ ചുറ്റിലും നിരന്ന്, 

ഒന്നിനൊന്നടുത്തടുത്തു ചന്തമായി നീളെ 

നിന്നിടുന്ന ഞെറികളാം ശുഭമേഘപംക്തി,

തെന്നലേറ്റിളകിടുന്ന കാഴ്ച കണ്ടു മോദാൽ, 

തന്നിലുള്ള കല്ലോലങ്ങളാണിവയെന്നോർത്ത്, 

ക്ഷീരവാരാന്നിധി വൃഥാ പൊങ്ങിമറിയുന്നു; 

നീരദനിരയിക്കളി കണ്ടു ചിരിക്കുന്നു. 

 

താഴ്ന്നിരുന്ന മുഖാംബുജം മെല്ലവേയുയർത്തി, 

സുന്ദരാംഗി നോക്കി മന്ദം നാലുദിക്കിലേക്കും. 

ഒട്ടധികനേരമേവം നോക്കിനിന്നശേഷം, 

കഷ്ടമിപ്പണികളെല്ലാം നിഷ്ഫലമെന്നോർത്ത് 

പട്ടുമെത്ത, വിരിപ്പിവയൊന്നുമേയില്ലാതാ 

കുട്ടിമാൻമിഴിയാൾ ശയിച്ചാ നിലത്തുതന്നെ 

മങ്കതന്റെ മൃദുലമാം ചങ്കിനുള്ളിൽ നിന്നും,

സങ്കടത്താൽ പുറപ്പെട്ടു ദീർഘനിശ്വാസങ്ങൾ.

ഇണ്ടലേറ്റമകത്തുള്ളതങ്ങൊതുങ്ങീടാഞ്ഞാ

കണ്ടിവാർകുഴലിയാൾ നിലത്തുരുണ്ടു കേണു; 

 

ശുഭ്രമായോരംബര’വുമാകവേ മുഷിഞ്ഞു

സുഭുവവൾ താനേ നെഞ്ചില’ങ്ങിടി’ തുടങ്ങി. 

കെട്ടഴിഞ്ഞു കചഭാരം നാലുപാടും ചിന്നി, 

പുഷ്ടശോഭാന്വിതമായോരാനനവും മൂടി. 

തേഞ്ചൊരിയുമധരത്തിൽ കേളിയാടിക്കണ്ട

പുഞ്ചിരിയാം “ചന്ദ്രിക’യും ദൃശ്യമല്ലാതായി. 

എന്തിനേറെത്താമസിയാതാ മനോഹരാംഗി 

ചിന്തിയോരു കണ്ണുനീരാൽ പാരിടം നനഞ്ഞു.

ആശയെന്തെന്നാരറിഞ്ഞു? സീമയില്ലാതിന്നീ

പേശലാംഗി കരയുന്നതെന്തിനായിരിക്കാം!

സുന്ദരിമാരുടെ കണ്ണീരെന്തുമാത്രമേവം 

മന്നിടത്തെ നനയ്ക്കുന്നെന്നാരു കണ്ടീടുന്നു

                                                                               (1927)